കുഴൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

മധ്യകേരളത്തിൽ, തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കുഴൂർ എന്ന ഗ്രാമത്തിലെ പ്രധാനക്ഷേത്രമാണ് കുഴൂർ സുബ്രമണ്യസ്വാമിക്ഷേത്രം. ബാലഭാവത്തിലുള്ള സുബ്രമണ്യനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഐതിഹ്യമനുസരിച്ച് ഇവിടെ പ്രതിഷ്ഠ നടത്തിയത് ചേരമാൻ പെരുമാളാണ്. ഗണപതിയും അയ്യപ്പനും ശിവനും ഭദ്രകാളിയും നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും ഉപപ്രതിഷ്ഠകളാണ്. വൃശ്ചികമാസത്തിൽ തൃക്കാർത്തിക ആറാട്ടായി പത്തുദിവസത്തെ ഉത്സവവും മകരമാസത്തിലെ തൈപ്പൂയവുമാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

കുഴൂർ_ശ്രീ_സുബ്രമണ്യ_സ്വാമി_ക്ഷേത്രം-ഗോപുര വാതിൽ
കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം
കൊടിമരം-കുഴൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം

ഐതിഹ്യം

തിരുത്തുക

ക്ഷേത്രനിർമ്മിതി

തിരുത്തുക

കുഴൂർ ഗ്രാമത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് മുന്നിലൂടെ ബസ് റൂട്ട് കടന്നുപോകുന്നു. പ്രധാന വഴിയിൽ നിന്നു നോക്കിയാൽത്തന്നെ ക്ഷേത്രപരിസരം മുഴുവൻ കാണാവുന്നതാണ്. കുഴൂർ പോസ്റ്റ് ഓഫീസ്, പെട്രോൾ പമ്പ്, അക്ഷയ സെന്റർ, ഹോട്ടലുകൾ, കടകംബോളങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി കാണാം. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും മറ്റും ദർശനത്തിനെത്തുന്നത്. ഇവിടെത്തന്നെയാണ് ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ടും. ക്ഷേത്രത്തിൽ ഒരുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടില്ല. അവ പണിയാൻ ആലോചനയുണ്ട്. കിഴക്കുവശം ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം ഇപ്പോഴും ഗ്രാമീണത്തനിമ പോകാതെ നിൽക്കുന്നു. കിഴക്കേ നടയിലെ പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് ആനകളുടെ രൂപങ്ങൾ കാണാം. ഇവയെ കണ്ടുകൊണ്ടാണ് ക്ഷേത്രദർശനത്തിന് പോകുന്നത്.

കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ വലിയ ആനക്കൊട്ടിലിലേയ്ക്കാണ് എത്തുന്നത്. അസാമാന്യവലുപ്പവും നീളവുമുള്ള ഈ ആനക്കൊട്ടിലിന് പതിനാറ് തൂണുകളാണുള്ളത്. അവയിലെല്ലാം വിവിധ ദേവീദേവരൂപങ്ങൾ കാണാം. അവയ്ക്കപ്പുറമാണ് ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരം കാണുന്നത്. തേക്കിൻതടിയിൽ തീർത്ത്, എട്ടോളം ചെമ്പുപറകൾ ഇറക്കിവച്ച ഈ കൊടിമരത്തിന് ഏകദേശം നൂറടി ഉയരം കാണും. ഇതിനപ്പുറം ബലിക്കൽപ്പുര കാണാം. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. അസാമാന്യ വലുപ്പമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. തന്മൂലം പുറത്തുനിന്നുനോക്കിയാൽ ഇവിടെ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ഭഗവാന്റെ മുഖ്യസൈന്യാധിപനായ ധൂർത്തസേനനെയാണ് ഇവിടെ വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. ഇതിന്റെ ചുവട്ടിലായി അപ്പം പോലെ വേറെയും എട്ട് ചെറിയ ബലിക്കല്ലുകൾ കാണാം. അവ ഭഗവാന്റെ ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്നു. ദേവസേനാപതി, അഗ്നിലോചനൻ, ദണ്ഡഹസ്തൻ, അസിധാരിണി, പാശപാലൻ, ധ്വജശേഖരൻ, ഗതി, ശൂലവാസി എന്നിവരാണ് ഈ ഉപസൈന്യാധിപന്മാർ. എന്നാൽ ഇവർക്ക് ഇവിടങ്ങളിൽ ബലിതൂകാറില്ല. പകരം, ക്ഷേത്രത്തിന്റെ പുറത്തെ ബലിവട്ടത്തിൽ അതാത് സ്ഥാനത്ത് ഇവർക്ക് സ്ഥാനം അനുവദിച്ചിട്ടുണ്ട്. അവിടങ്ങളിലാണ് ബലിതൂകാറുള്ളത്. ബലിക്കൽപ്പുരയുടെ മച്ചിൽ പതിവുപോലെ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കൂടാതെ നിരവധി പുരാണകഥകളും മൃഗമാല, പക്ഷിമാല, ഭൂതമാല തുടങ്ങിയവയും ഇവിടെ കാണാം. ഇവയെല്ലാം ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളാണ്.

ഏകദേശം നാലേക്കർ വിസ്തീർണ്ണം വരുന്ന മതിലകമാണ് കുഴൂർ ക്ഷേത്രത്തിലേത്. ഇതിനകത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്നുണ്ട്. തെക്കുകിഴക്കേമൂലയിൽ, മേൽക്കൂരയില്ലാത്ത ഒരു തറയിലാണ് ഭദ്രകാളിയുടെ പ്രതിഷ്ഠ. ഏകദേശം ഒരടി ഉയരം വരുന്ന, വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള ഒരു ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. മഞ്ഞൾ-കുങ്കുമ അഭിഷേകങ്ങൾ, ചെത്തിമാല ചാർത്തൽ, കടുംപായസം തുടങ്ങിയവയാണ് ഇവിടെ ദേവിയ്ക്ക് പ്രധാന വഴിപാടുകൾ. ഇതിന് സമീപമുള്ള ഒരു തറയിലാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. ഏകദേശം ഒരടി ഉയരം വരുന്ന, ശിവലിംഗരൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെയും ബ്രഹ്മരക്ഷസ്സിന്. പാൽപ്പായസമാണ് ഇവിടെയും പ്രധാന വഴിപാട്.

അനുബന്ധക്ഷേത്രങ്ങൾ

തിരുത്തുക
 
കുഴൂർ നാരായണൻ‌കുളങ്ങര ക്ഷേത്രം.

അടുത്ത ക്ഷേത്രങ്ങളായ നാരായണംകുളങ്ങര ക്ഷേത്രം, കാവിൽകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ ഇതിന്റെ അനുബന്ധ ക്ഷേത്രങ്ങളാണ്. വർഷം തോറും നടക്കുന്ന ഷഷ്ഠി - പൂയ്യ ഉത്സവങ്ങളിൽ ഈ ക്ഷേത്രങ്ങൾക്ക് സുപ്രധാനമായ പങ്കുണ്ട്.

എത്തിച്ചേരാനുള്ള വഴി

തിരുത്തുക