കുടശ്ശനാട് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രം

(കുടശ്ശനാട് മഹാദേവർ ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ ഗ്രാമപഞ്ചായത്തിൽ കുടശ്ശനാട് ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമണിമംഗലം ശ്രീമഹാദേവക്ഷേത്രം. കിരാതമൂർത്തീഭാവത്തിലുള്ള പരമശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, തുല്യപ്രാധാന്യത്തോടെ പാർവ്വതീദേവിയുടെയും ലക്ഷ്മീദേവീ-ഭൂമീദേവീസമേതനായ മഹാവിഷ്ണുവിന്റെയും പ്രതിഷ്ഠകളുമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ഭദ്രകാളി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നു എന്നതിനൊപ്പം ഇരുവരും പത്നീസമേതരാണെന്നതും ഈ ക്ഷേത്രത്തിന്റെ വലിയ പ്രത്യേകതകളിലൊന്നാണ്. കുടശ്ശനാട് ഗ്രാമത്തിലെ കരിങ്ങാലി പുഞ്ചപ്പാടങ്ങളുടെയും അവയ്ക്കരികിലൂടെ ഒഴുകുന്ന തോടുകളുടെയും നടുക്കാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുംഭമാസത്തിൽ ഉത്രം നാളിൽ ആറാട്ടായി എട്ടുദിവസം നീണ്ടുനിൽക്കുന്ന കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഈ അവസരത്തിൽ ഇരു ഭഗവാന്മാർക്കുമൊപ്പം ദേവിയ്ക്കും എഴുന്നള്ളിപ്പുണ്ടാകും. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, നവരാത്രി, തൃക്കാർത്തിക, കർക്കടകവാവ് തുടങ്ങിയവയും പ്രധാന ആണ്ടുവിശേഷങ്ങളിൽ പെടും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.