കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
പച്ച മലയാള പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (ജീവിതകാലം: 18 സെപ്റ്റംബർ 1864 - 22 ജനുവരി 1913). കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര്[1]. വ്യാസമഹാഭാരതം പദാനുപദം, വൃത്താനുവൃത്തം പദ്യാഖ്യാനം ചെയ്തത് ഇദ്ദേഹമാണ് .
കേരളവ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ | |
---|---|
ജനനം | |
മരണം | |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | രാമവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ |
തൊഴിൽ | മലയാള കവി |
ജീവിതപങ്കാളി(കൾ) | കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിയമ്മ കുട്ടിപ്പാറുവമ്മ ശ്രീദേവിത്തമ്പുരാട്ടി |
കേരളവ്യാസൻ എന്ന പദവി
തിരുത്തുകവ്യാസമുനി 1095 ദിനങ്ങൾ കൊണ്ട് വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരതമഹാകാവ്യത്തെ അതേപടി മലയാളത്തിൽ പദാനുപദ വിവർത്തനം ചെയ്തു വൃത്തമൊപ്പിച്ചു ഭാഷാഭാരതം എന്ന പേരിൽ ശ്രീ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിൽ പദ്യവൽക്കരിച്ചു .മഹാഭാരതത്തെ ഗദ്യ വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം , താൻ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദ്യവിവർത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട് . തമ്പുരാന്റെ പദ്യവിവർത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്കൃതകാവ്യത്തിന്റെ മലയാള തത്തുല്യമാകുന്നു . പദ്യത്തെ ഗദ്യമാക്കുവാൻ ഭാഷാവിദ്വാന്മാർക്കു പ്രയാസമില്ലാതെ സാധിച്ചേക്കും . എന്നാൽ കഥയെ പദ്യമാക്കുക പ്രയാസം . അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതൽ ദുഷ്‌കരമാണ് . എന്നാലിടിവിടെ തമ്പുരാൻ ചെയ്തത് , സംസ്കൃതത്തിൽ 1095 ദിനങ്ങൾകൊണ്ട് സാക്ഷാൽ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തിയ മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവർത്തനം ചെയ്തു , അതേ വൃത്തത്തിൽ , അതേ വാക്യാർത്ഥത്തിൽ, അതേ പദാർത്ഥത്തിൽ മലയാളീകരിച്ച കാവ്യമാക്കിയെടുക്കുകയാണ് . ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാൻ തമ്പുരാന് വേണ്ടിവന്നത് വെറും 874 ദിവസങ്ങൾ മാത്രവും .പദാനുപദം വിവർത്തനം , വൃത്താനുവൃത്തം പദ്യവൽക്കരണം എന്നിവ വ്യാസനേക്കാൾ വേഗത്തിൽ , വ്യാസരചനയ്ക്കു മലയാള തത്തുല്യമായി തമ്പുരാൻ നിർവ്വഹിച്ചു . അതുകൊണ്ടാണ് കുഞ്ഞിക്കുട്ടൻ തമ്പുരാനെ അമാനുഷിക പ്രഭാവനെന്നും കേരളവ്യാസൻ എന്നും വിളിക്കുന്നത്.
പിറവി
തിരുത്തുകകൊടുങ്ങല്ലൂർ രാജകുടുംബത്തിൽ കൊല്ലവർഷം 1040 കന്നി മാസം നാലാം തിയതി അശ്വതി നാളിലാണു് (അതായത് 1864 സെപ്റ്റംബർ 18) കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചത് [1]. പിതാവ് കവിയും പച്ചമലയാളപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ വെണ്മണി പരമേശ്വരൻ (അച്ഛൻ) നമ്പൂതിരിയും മാതാവ് കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുമായിരുന്നു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് കുഞ്ഞിപ്പിള്ള തമ്പുരാട്ടിക്ക് കുഞ്ഞുണ്ടായത്. അതുകൊണ്ട് വളരെ ലാളനയോടെയാണ് രാമവർമ്മ വളർന്നത്. ലാളന അധികമായതിനാൽ കുഞ്ഞിക്കുട്ടൻ എന്നും കുഞ്ഞൻ എന്നുമുള്ള ചെല്ലപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പിതാവിലൂടെ അർദ്ധസഹോദരനായിരുന്നു കദംബൻ എന്ന വെണ്മണി മഹൻ നമ്പൂതിരി[1].
കുട്ടിക്കാലം
തിരുത്തുകകുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ബാല്യകാലത്തു് കൊടുങ്ങല്ലൂർ രാജകൊട്ടാരം പാണ്ഡിത്യത്തിന്റെ കലവറയായിരുന്നു. ഉത്തമമായ ഒരു ഗുരുകുലം എന്ന സ്ഥാനമായിരുന്നു കോവിലകം അക്കാലത്തു പുലർത്തിയിരുന്നതു്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും അനേകം വിദ്യാർത്ഥികൾ കാവ്യശാസ്ത്രാദികളിൽ പാണ്ഡിത്യം നേടുന്നതിനു് അവിടെ എത്തിച്ചേർന്നിരുന്നു. താൻ പഠിച്ചിരുന്ന കാലത്തു് വിവിധവിഷയങ്ങളിലായി മുന്നൂറോളം വിദ്യാർത്ഥികൾ അവിടെ താമസിച്ചുപഠിച്ചിരുന്നുവെന്നു് ആറ്റൂർ കൃഷ്ണപ്പിഷാരടി "കൊടുങ്ങല്ലൂർ ഗുരുകുലം" എന്ന ഉപന്യാസത്തിൽ പരാമർശിച്ചിട്ടുണ്ടു്.[1]
കുടുംബഗുരുവായിരുന്ന വിളപ്പിൽ ഉണ്ണിയാശാൻ ആയിരുന്നു കുഞ്ഞന്റെ ആദ്യഗുരു. പ്രാഥമികമായ ബാലപാഠങ്ങൾക്കു ശേഷം മൂന്നാംകൂർ ഗോദവർമ്മതമ്പുരാൻ അദ്ദേഹത്തെ കാവ്യം പഠിപ്പിച്ചു. എന്നാൽ മൂന്നാംകൂർ തമ്പുരാൻ ഏറെത്താമസിയാതെ അന്തരിച്ചു. തുടർന്നു് സ്വന്തം അമ്മാവനായ വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ പക്കൽനിന്നായി വിദ്യാഭ്യാസം. മുഖ്യമായും വ്യാകരണം ആയിരുന്നു ഇക്കാലത്തു പഠിച്ചെടുത്തതു്. പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം തുടങ്ങിയവയെല്ലാം അമ്മാവനിൽനിന്നാണു് അദ്ദേഹം പഠിച്ചെടുത്തതു്. മഹാകവിയ്ക്കു് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം വ്യാകരണം തന്നെയായിരുന്നു. പിൽക്കാലത്തു് അദ്ദേഹം തന്റെ കൃതികളിൽ പലപ്പോഴും "അമ്മാവനും ഗുരുവുമാകിയ കുഞ്ഞിരാമവർമ്മാവിനെ" ഭക്തിപൂർവ്വം സ്മരിച്ചിട്ടുണ്ടു്.[1]
തർക്കം പഠിപ്പിച്ചത് ഒരു കുഞ്ഞൻ തമ്പുരാൻ ആയിരുന്നു. വലിയ കൊച്ചുണ്ണിത്തമ്പുരാൻ ജ്യോതിഷവുംപഠിപ്പിച്ചു.
ഏഴാമത്തെ വയസ്സിൽ തന്നെ കുഞ്ഞിക്കുട്ടൻ കവിതകൾ എഴുതാൻ തുടങ്ങി. അക്കാലത്തു് കൊടുങ്ങല്ലൂർ താലപ്പൊലിയുടെ എഴുന്നള്ളിപ്പുസമയത്തു് വെണ്മണിയുടെ കവിസംഘം ഭഗവതിയെക്കുറിച്ചും മറ്റും നിമിഷശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലുക പതിവുണ്ടായിരുന്നു. "ഒരു ദിവസം താലപ്പൊലിയ്ക്കു് വെണ്മണി അച്ഛൻ നമ്പൂതിരിപ്പാട് മകനെ കൂട്ടിക്കൊണ്ടുപോയി. അന്നു് കുഞ്ഞിക്കുട്ടനെക്കൊണ്ടും ഒരു ശ്ലോകമുണ്ടാക്കിച്ചതായി എനിക്കറിവുണ്ട്" - അമ്മാവൻ തമ്പുരാൻ എഴുതിയിട്ടുള്ള "കുഞ്ഞിക്കുട്ടൻതമ്പുരാൻ സ്മരണകൾ" എന്ന പുസ്തകത്തിൽ പരാമർശിക്കുന്നു.[1]
ഏറേത്താമസിയാതെ, കവിതയെഴുത്തു് തമ്പുരാന്റെ ഹരമായിത്തീർന്നു. സംസ്കൃതത്തിലായിരുന്നു ആദ്യകാലത്തെപദ്യനിർമ്മാണം. രാജകുടുംബത്തിലെ കുട്ടികൾ മറ്റു കൂട്ടുകാരോടൊപ്പം അക്ഷരശ്ലോകം ചൊല്ലി മത്സരിക്കൽ അന്നത്തെ പതിവായിരുന്നു. ഇടയ്ക്കു് പദ്യനിർമ്മാണമത്സരവും ഉണ്ടായിരിക്കും. പഠിപ്പിന്റെ ഇടയിൽ തന്നെയാവും ഈ വിനോദവും. ഏകദേശം പതിനാറുവയസ്സുകഴിഞ്ഞതോടെ കുഞ്ഞിക്കുട്ടനു് കവിത മാത്രമാണു ജീവിതം എന്ന നിലയായി. മറ്റു വിഷയങ്ങളിലെ പഠിപ്പിനു ശ്രദ്ധ കുറഞ്ഞു.[1]
സംസ്കൃതകാവ്യരചനയിൽ മുഴുകിക്കഴിഞ്ഞ അദ്ദേഹത്തെ പച്ചമലയാളത്തിന്റെ വഴിയിലേക്കു് തിരിച്ചുവിട്ടതു് പിതാവ് വെണ്മണി അച്ഛനും വൈമാത്രേയസഹോദരനായ (അച്ഛനു് മറ്റൊരു ഭാര്യയിൽ ജനിച്ച സഹോദരൻ)വെണ്മണി മഹനുമാണു്[1].
യൗവനം
തിരുത്തുകഇരുപത്തിയൊന്നാം വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു. പാപ്പിയമ്മ പതിനെട്ടു വർഷത്തിനുശേഷം മരിച്ചപ്പോൾ അദ്ദേഹം തൃശ്ശൂർ കിഴക്കേ സ്രാമ്പിൽ കുട്ടിപ്പാറുവമ്മയെ വിവാഹം ചെയ്തു. എന്നാൽ താമസിയാതെ അവരും മരണം വരിച്ചു. സാമൂതിരി കുടുംബത്തിലെ ശ്രീദേവിത്തമ്പുരാട്ടിയേയും വിവാഹം ചെയ്തിട്ടുണ്ട്. അവരാണ് ധർമ്മപത്നിയായി അറിയപ്പെടുന്നത്.
അറിയപ്പെട്ടിടത്തോളം, അദ്ദേഹത്തിന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണു് (കൊല്ലം 1062) ആദ്യമായി ഒരു കൃതി (കവി ഭാരതം) പ്രകാശിപ്പിക്കപ്പെടുന്നതു്.[1][2]. ഇക്കാലത്തു് മലയാളകവിതാരംഗത്തു് അഷ്ടകരൂപത്തിലും ദശകരൂപത്തിലുമുള്ള ദ്രുതകവനസംസ്കാരം കൊടുമ്പിരി കൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഈ മണ്ഡലത്തിൽ ഏറ്റവും ചാതുര്യമുള്ള ഒന്നാമനായിത്തന്നെ തുടർന്നു. 1065-ൽ രചിച്ച "ലക്ഷണാസംഗം" എന്ന കൃതിയിൽ അദ്ദേഹം സ്വയം തന്നെപ്പറ്റിത്തന്നെ അഭിമാനപൂർവ്വം പറഞ്ഞിരിക്കുന്നു:"നരപതി കുഞ്ഞിക്കുട്ടൻ സരസദ്രുതകവി കിരീടമണിയല്ലോ".[1]
കോട്ടയത്തെ കവിസമാജം സംഘടിപ്പിച്ച ദ്രുതകവിതാപരീക്ഷയിൽ ഗംഗാവതരണം എന്ന അഞ്ചങ്കങ്ങളുള്ള ഒരു നാടകം അദ്ദേഹം അഞ്ചുമണിക്കൂറിനുള്ളിൽ എഴുതിത്തീർത്തു് ഒന്നാം സമ്മാനം നേടി. ഇതോടെ, തെക്കൻ നാട്ടിലും അദ്ദേഹത്തിന്റെ പ്രശസ്തി പരന്നു. ഗംഗാവതരണാത്തിനു മുമ്പും പിൻപുമായി അദ്ദേഹം അക്കാലത്തു് അഞ്ചെട്ടു ദ്രുതകവിതാനാടകങ്ങൾ രചിച്ചിട്ടുണ്ടു്. 1066 തുലാം 18നു് വെറും പന്ത്രണ്ടുമണിക്കൂർ സമയമെടുത്തു് രചിച്ച, പത്തങ്കങ്ങളും മുന്നൂറു ശ്ലോകങ്ങളുമടങ്ങിയ "നളചരിതം"ആണിതിൽ പ്രധാനം.[1]
സംഭാവനകൾ
തിരുത്തുകസ്വതന്ത്രനാടകപ്രസ്ഥാനവും പച്ചമലയാളവും
തിരുത്തുകപത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടി മലയാളസാഹിത്യം പുതിയൊരു പാതയിലേക്കു് പ്രവേശിക്കുകയായിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ചുവടുപറ്റി കേരളവർമ്മ പ്രസ്ഥാനം ഒരു വശത്തും കൊടുങ്ങല്ലൂർ കോവിലകത്തിന്റെ സാഹിത്യപരിസരങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന വെണ്മണി പ്രസ്ഥാനം മറുവശത്തും കാവ്യനാടകരചനകളിൽ ഏർപ്പെട്ടു. ഇവർക്കുപുറമേ, മലയാളമനോരമ തുടങ്ങിയ പത്രമാസികാസ്ഥാപനങ്ങൾ അവതരിപ്പിച്ച പുതിയ പ്രസിദ്ധീകരണസംസ്കാരം കവിതയിൽ കൂടുതൽ ജനകീയമായ ഇടപെടലുകൾ നടക്കാനും കവികൾക്കു് പരസ്പരം രസ-നിർമ്മാണ-നിരൂപണസംവാദങ്ങളിൽ ഏർപ്പെടാനും അവസരം നൽകി. അച്ചടി, ആധുനികശൈലിയിലുള്ള പാഠപുസ്തകനിർമ്മാണം തുടങ്ങിയ ഘടകങ്ങൾകൂടി ഈ സക്രിയമായ പരിണാമങ്ങൾക്കു സഹായകമായി.[3]
സംസ്കൃതനാടകകാവ്യരീതികളോട് അതിരറ്റ മതിപ്പുണ്ടായിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാൻ തന്റെ ശൈലിയുടെ ഗാംഭീര്യവും പ്രൗഢിയും പ്രത്യേകതയും തന്നെയാണു് മലയാളകവിത തുടർന്നുപോകേണ്ടതെന്നു വിശ്വസിച്ചു. മലയാളത്തിലെ ആദ്യത്തെ നാടകസാഹിത്യകൃതി എന്നുപറയാവുന്ന ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ രചനയായിരുന്നു. ഇതേ വഴി പിന്തുടർന്നു് വിവർത്തനങ്ങളിലൂടെ സംസ്കൃതത്തിൽനിന്നും കടംപറ്റിത്തന്നെ ഒരു പറ്റം നാടകങ്ങൾ രചിക്കപ്പെടുകയുണ്ടായി. എന്നാൽ ആ വഴിയേ പിന്തുടരാൻ ഏറെയൊന്നും അനുയായികൾ ഉണ്ടായിരുന്നില്ല. അതേ സമയത്തു്, സംസ്കൃതത്തിന്റെ അതിപ്രസരത്തിനിപ്പുറത്തു്, ഭാഷാസാഹിത്യനിർമ്മിതിയിൽ ശുദ്ധമലയാളത്തിനു് അർഹമായ ഇടമുണ്ടെന്നു വെണ്മണിപ്രസ്ഥാനം തെളിയിച്ചുതുടങ്ങി. അതിലെ മുഖ്യസാരഥികളായിരുന്നു അച്ഛനും മകനുമായിരുന്ന വെണ്മണി പരമേശ്വരനും കദംബനും. ഇവർക്കൊപ്പമോ ഇവരുടെ പിൻപറ്റിയോ ധാരാളം കവികളും നാടാകകൃത്തുക്കളും ഉണ്ടായി. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, കാത്തുള്ളിൽ അച്യുതമേനോൻ, നടുവത്തച്ഛൻ നമ്പൂതിരി, ശീവൊള്ളി നമ്പൂതിരി തുടങ്ങിയ ഈ കൂട്ടത്തിലെ ഏറ്റവും തിളങ്ങിനിന്ന താരമായിരുന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ. സ്വയം മികച്ച സംസ്കൃതപണ്ഡിതന്മാരായിരുന്നിട്ടുപോലും ഇവരെല്ലാം പച്ചമലയാളത്തിൽ എഴുതാൻ കൂടുതൽ ശ്രദ്ധ വെച്ചു. കുഞ്ഞിക്കുട്ടൻ തമ്പുരാനാവട്ടെ, മലയാളത്തിന്റെ ലാളിത്യം ഏറ്റെടുത്തുകൊണ്ടാടാനുള്ള ശ്രമത്തിൽ പലപ്പോഴും പരമ്പരാഗതമായ കാവ്യലക്ഷണങ്ങളിൽ ഉപേക്ഷ പ്രകടിപ്പിക്കാൻ പോലും ധൈര്യം കാണിച്ചു.[3]
മലയാളസാഹിത്യത്തിലേക്കു് ലഭിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സംഭാവനകളെ ഈ പശ്ചാത്തലത്തിൽനിന്നുവേണം നോക്കിക്കാണാൻ. കൊച്ചുണ്ണിത്തമ്പുരാൻ തുടങ്ങിവെച്ച സ്വതന്ത്രനാടകപ്രസ്ഥാനവും വെൺമണി നമ്പൂതിരിമാർ പ്രോത്സാഹിപ്പിച്ച പച്ചമലയാളശൈലിയും ഏറ്റെടുത്തു് ആ മാതൃക പിൻപറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ അനേകം കൃതികൾ അദ്ദേഹം രചിച്ചു. അടുത്ത ദശകങ്ങളിൽ മലയാളത്തിലെ ഗദ്യ-പദ്യസാഹിത്യം കൂടുതൽ സ്വാതന്ത്ര്യമാർജ്ജിക്കാനും ജനകീയമാവാനും ഇതു വഴിവെച്ചു. മഹാകാവ്യങ്ങളിൽ നിന്നും ഖണ്ഡകാവ്യങ്ങളിലേക്കും തനതുനാടകപ്രസ്ഥാനങ്ങളിലേക്കും ഇതു വഴിവെച്ചു.[3]
കേരളത്തിനു പരിചിതമായ ചരിത്രകഥകളേയും ഐതിഹ്യങ്ങളേയും പ്രതിപാദ്യമാക്കിക്കൊണ്ടു് കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിതകളെഴുതി. വെണ്മണിശൈലിയേക്കാൾ കുറച്ചുകൂടി പച്ചമലയാളമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു്. സംസ്ക്ർതപദങ്ങൾ എത്ര കുറയ്ക്കാമോ അത്രയ്ക്കും കവിത മെച്ചമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദർശം. എന്നാൽ, അതൊരു നിർബന്ധം പോലെയായപ്പോൾ കവിതയ്ക്കു് കൃത്രിമത തോന്നിത്തുടങ്ങി. ഒപ്പം തന്നെ, സംസ്കൃതപണ്ഡിതന്മാരുടെ അളവറ്റ ഗൈർവ്വാണീഭ്രമത്തിനു് അതൊരു കടിഞ്ഞാണുമായിത്തീർന്നു. 'കൂടൽമാണിക്യം', 'പാലുള്ളിചരിതം' തുടങ്ങിയ കൃതികളൊക്കെ ഈ തരത്തിൽ പെട്ടവയാണു്.[3]
ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവർത്തിച്ചു. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാൻ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു.[അവലംബം ആവശ്യമാണ്]
ശ്രീമഹാഭാരതം (ഭാഷാഭാരതം)
തിരുത്തുകഒരുലക്ഷത്തി ഇരുപത്തിഅയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം അദ്ദേഹം എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്തു[4][5] . ശ്രീമഹാഭാരതം എന്ന പേരിൽ അദ്ദേഹം രചിച്ച ഈ ഗ്രന്ഥം ഭാഷാഭാരതം എന്ന പേരിലും അറിയപ്പെടുന്നു.
സംസ്കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും മഹത്സംഭാവനയായി കണക്കാക്കപ്പെടുന്നത്. ഇത്ര ബൃഹത്തായ ഒരു കൃതി വൃത്താനുവൃത്തം-പദാനുപദം ഒരാൾ തന്നെ തർജ്ജമ ചെയ്തതിനു വേറെ ഉദാഹരണം ഇല്ല. പച്ചമലയാളത്തിലേക്ക് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ തർജ്ജമ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ തർജ്ജമ ഇതിനുദാഹരണമാണ്. അത് ഇങ്ങനെ ആയിരുന്നു:-
സംസ്കൃതം | പരിഭാഷ | |
---|---|---|
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ |
ധർമ്മക്ഷേത്രം കുരുക്ഷേത്രം, |
മറ്റു കൃതികൾ
തിരുത്തുക- കവിഭാരതം
- അംബോപദേശം
- ദക്ഷയാഗ ശതകം
- നല്ല ഭാഷ
- തുപ്പൽകോളാമ്പി
- പാലുള്ളി ചരിതം
- മദിരാശി യാത്ര
- കൃതിരത്ന പഞ്ചകം
- കംസൻ
- കേരളം ഒന്നാം ഭാഗം
- ദ്രോണാചാര്യർ ( അപൂർണ്ണം)
- ണാസംഗം
- നളചരിതം
- ചന്ദ്രിക
- സന്താനഗോപാലം
- സീതാസ്വയംവരം
- ഗംഗാവിതരണം
- ശ്രീമനവിക്രമ ജയം ( സാമൂതിരി) യെപ്പറ്റി)
- മാർത്താണ്ഡ വിജയം (അപൂർണ്ണം)
- മദുസൂദന വിജയം
- ഘോഷയാത്ര
കവിതകൾ
തിരുത്തുക- അയോദ്ധ്യാകാണ്ഡം
- ആത്മബോധം പാന
- ചാന പഞ്ചകം
- പട്ടാഭിഷേകം പാന
- ദോഷവിചാരം കിളിപ്പാട്ട്
- രാധാമാധവയോഗം വഞ്ചിപ്പാട്ട്
- കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ട്
- മയൂരധ്യജ ചരിതം
- പലവകപ്പാട്ടുകൾ
- ഖണ്ഡകൃതികൾ
വിവർത്തനം
തിരുത്തുക- മഹാഭാരതം-ശ്രീമഹാഭാരതം (ഭാഷ) എന്ന പേരിൽ
- ഭഗവദ് ഗീത - ഭാഷാ ഭഗവദ് ഗീത എന്ന പേരിൽ
- കാദംബരി കഥാസാരം
- വിക്രമോർവ്വശീയം
- ശുകസന്ദേശം
അന്ത്യം
തിരുത്തുകകൊ.വ. 1088 മകരം 10നു് (ക്രി.വ. 1913 ജനുവരി 22) തന്റെ നാല്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം മരിച്ചത്. മഹാഭാരതം പോലെത്തന്നെ, മറ്റു പുരാണങ്ങൾകൂടി മലയാളത്തിലേക്കു് പരിഭാഷ ചെയ്യണമെന്നു് അദ്ദേഹത്തിനു് അത്യന്തം ആഗ്രഹമുണ്ടായിരുന്നു.
“ | കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി പൊഴിഞ്ഞൂറും രസാൽ വേറെച്ചുഴിഞ്ഞൂക്കിൽപ്പിടിക്കണം. |
” |
എന്നാണു് ഭാരതതർജ്ജമയ്ക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോടു് പറഞ്ഞിരുന്നതു്. എന്നാൽ ആകസ്മികമായി വന്ന അസുഖവും ദേഹവിയോഗവും അദ്ദേഹത്തിന്റെ ആ മോഹം സാധിച്ചുകൊടുത്തില്ല.[1]
സ്മാരകങ്ങൾ
തിരുത്തുകകൊടുങ്ങല്ലൂരിൽ അദ്ദേഹത്തിന്റെ സ്മാരകമായി ഒരു കലാശാല സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1965 (പ്രഥമ SPCS പതിപ്പ്)). വടക്കുംകൂർ രാജരാജവർമ്മ രാജാ, എ.ഡി. ഹരിശർമ്മ, വെണ്ണിക്കുളം ഗോപാലക്കുറുപ്പു് (ed.). ശ്രീമഹാഭാരതം - ഭാഗം ഒന്നു്. സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം. p. 937 (ഭാഗം ഒന്നിനു മാത്രം),17 മുതൽ 26 വരെ, ചേർത്തത് - 21 മെയ് 2013.
{{cite book}}
: Check date values in:|year=
,|date=
, and|year=
/|date=
mismatch (help); Unknown parameter|month=
ignored (help)CS1 maint: multiple names: editors list (link) CS1 maint: year (link) - ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.
- ↑ 3.0 3.1 3.2 3.3 മലയാളസാഹിത്യചരിത്രം:പി.കെ. പരമേശ്വരൻ നായർ 1958 കേന്ദ്രസാഹിത്യ അക്കാദമി ISBN:81-7201-267-7
- ↑ മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, എട് 34
- ↑ "രചനാവൈഭവത്തിന്റെ തമ്പുരാന്റെ 150-ാം ജന്മദിനം നാളെ ജി. വേണുഗോപാൽ". മാതൃഭൂമി. 18 സെപ്റ്റംബർ 2014. Archived from the original (പത്രലേഖനം) on 2014-09-18. Retrieved 18 സെപ്റ്റംബർ 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കുഞ്ഞിക്കുട്ടൻ തമ്പുരാൻ - വിവരങ്ങൾ Archived 2010-05-27 at the Wayback Machine.
- കൊടുങ്ങല്ലൂരിലെ സ്മാരക കലാശാലയുടെ വെബ്സൈറ്റ് Archived 2013-09-24 at the Wayback Machine.
- മറ്റൊന്നു കൂടി Archived 2005-02-08 at the Wayback Machine.