വെണ്മണി പ്രസ്ഥാനം
പത്തൊമ്പതാം നൂറ്റാണ്ടോടുകൂടി ആവിർഭവിച്ച ഒരു കവിതാ പ്രസ്ഥാനം. 1850 മുതൽ 1900 വരെയായിരുന്നു ഇതിന്റെ പുഷ്കല കാലം. കൊടുങ്ങല്ലൂർക്കോവിലകം കേന്ദ്രീകരിച്ച് വളർച്ച. പൂന്തോട്ടത്ത് അച്ഛൻ, വെണ്മണി അച്ഛൻ എന്നിവരുടെ നേതൃത്വത്തിൽ വളർന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും മറ്റു കവികളും ഈ പ്രസ്ഥാനത്തിനു സംഭാവനകൾ നൽകിയിട്ടുണ്ട്.[1] 1908ൽ കുമാരനാശാന്റെ വീണപൂവ്‍ പ്രസിദ്ധീകരിക്കുംവരെ മലയാള കവിതയിലെ മുഖ്യധാരയായി വർത്തിച്ചു[അവലംബം ആവശ്യമാണ്] ഏറെക്കുറെ മണിപ്രവാള രീതി തന്നെ ഇവർ സ്വീകരിച്ചു. മലയാള കാവ്യങ്ങൾക്ക് സംസ്കൃത ഭിന്നമായ ശൈലി സൃഷ്ടിച്ചത് വെണ്മണി പ്രസ്ഥാനമാണ്[2]
പ്രധാന കവികൾ
തിരുത്തുക- വെണ്മണി അച്ഛൻ നമ്പൂതിരിപ്പാട് (1817-1891)
- പൂന്തോട്ടത്ത് അച്ഛൻ നമ്പൂതിരിപ്പാട് (1821-1865)
- വെണ്മണി മഹൻ നമ്പൂതിരി (1844-1893)
- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1865-1913)
- കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ (1858-1920)
- നടുവത്ത് അച്ചൻ നമ്പൂതിരി (1841-1913)
- ശീവൊള്ളി നാരായണൻ നമ്പൂതിരി (1869-1906)
- നടുവത്ത് മഹൻ നമ്പുതിരി (1868-1944)
- ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ (1870-1916)
- ഒറവങ്കര നീലകണ്ടൻ നമ്പൂതിരി (1857-1917)
- കുണ്ടൂർ നാരായണമേനോൻ (1861-1930)
സവിശേഷതകൾ
തിരുത്തുകസാമാന്യ ജനങ്ങളെ കവിതയോടടുപ്പിച്ച കവിതാ രീതിയാണു വെണ്മണി പ്രസ്ഥാനം. സംസ്കൃത സ്വാധീനത്തിൽ നിന്നും മലയാളകവിതയെ സ്വതന്ത്രമാക്കുന്നതിൽ വെണ്മണിപ്രസ്ഥാനം വലിയ പങ്കുവഹിച്ചു. എന്നാൽ കവിതയിലെ ശൃംഗാരാവിഷ്കരണത്തിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങളുമുണ്ടായി.[3]
ഏറെക്കുറെ മണിപ്രവാളരീതി തന്നെയാണ് ഇവർ സ്വീകരിച്ചതെങ്കിലും സംസ്കൃത വിഭക്ത്യന്ത പദങ്ങൾ ആവുന്നത്ര കുറച്ചു. ആർജ്ജവ സാരള്യ പ്രസാദ ശ്ലേഷ ഗുണങ്ങൾ ഇവരുടെ കവിതകളിൽ കാണാം.
സംസ്കൃത വിഭക്ത്യന്തങ്ങളുടെ വർജ്ജനം
തിരുത്തുകകവിതയിൽ ഉപയോഗിക്കുന്ന ഭാഷ അങ്ങേയറ്റം ലളിതവും സ്വാഭാവികവും സജീവവും ആക്കാനാണ് ഈ കവികൾ ശ്രമിച്ചത്. ഇതിനുള്ള മുഖ്യ ഉപാധി ആയിരുന്നു സംസ്കൃത വിഭക്ത്യന്തവർജ്ജനം വും ഭാഷയുടെ ഈ ജനാധിപത്യവത്കരണവും. ഇവ കവിതയുടെ ജനപ്രീതി വർദ്ധിപ്പിച്ചു.
ശ്ലേഷം, മാധുര്യം, പ്രസാദം, സൗകുമാര്യം മുതലായ ഗുണങ്ങൾ
തിരുത്തുകഈ പ്രസ്ഥാനത്തിന് മുൻപുള്ള കവികളുടെ സൃഷ്ടികളുമായിത്തട്ടിച്ചു നോക്കിയാലേ ഈ സവിശേഷത മനസ്സിലാവുകയുള്ളൂ. ആട്ടക്കഥകളേയും ചമ്പുക്കളേയും അപേക്ഷിച്ച് നൈസർഗ്ഗിക സൗന്ദര്യവും ഓജസ്സും ലാളിത്യവും ഈ കവിതകളിൽ കാണാം.
“ | കണ്ടം കണ്ടതെടുത്തിടും, വില തരാനാരെങ്കിലും ചൊല്ലിയാൽ ശണ്ഠയ്ക്കെത്തിടു, മെന്തുപദ്രവ, മിതാർക്കാനും സഹിക്കാവതോ? ഉണ്ടീടാൻ വഴിയില്ല, കഷ്ടമിവരീവണ്ണം തുടർന്നാൽ വിശ- പ്പുണ്ടായാലതടങ്ങുവാൻ കവിമണേ തീവണ്ടി തിന്നാവതോ? |
” |
എന്ന നടുവത്ത് മഹന്റെ ശ്ലോകം സവിശേഷതകൾക്ക് ഉത്തമോദാഹരണമാണ്.
പ്രാസങ്ങളുടെ ഉപയോഗം
തിരുത്തുകശബ്ദാലങ്കാരങ്ങൾ നിയമമെന്ന നിലയ്ക്കും ഭംഗിയായും ഉപയോഗിച്ചത് വെണ്മണിക്കവികളുടെ സവിശേഷതയാണ്.
“ | ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം പരമിഹ പരദേശം പാർക്കിലത്യന്ത മോശം പറകിൽ നഹി കലാശം പാരിലിങ്ങേകദേശം സുമുഖി നരകദേശം തന്നെയാണപ്രദേശം |
” |
എന്ന വെണ്മണി അച്ഛന്റെ ശ്ലോകം ഇതിന്നുദാഹരണമാണ്.