ദ്രോണർ

(ദ്രോണാചാര്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ പാണ്ഡവരുടെയും കൌരവരുടെയും ഗുരുനാഥനായ ദ്രോണർ(द्रोण). ഭരദ്വാജ മഹർഷിയുടെ പുത്രനാണ് ഇദ്ദേഹം. ദ്രോണത്തിൽനിന്ന്(കുടം) ജനിച്ചവനാകയാലാണ് ദ്രോണർ എന്നു പേര് ലഭിച്ചത്. ഭരദ്വാജൻ ഒരിക്കൽ കുളിക്കുന്നതിനായി ഗംഗയിലിറങ്ങുമ്പോൾ ഘൃതാചി എന്ന അപ്സരസ്സിനെ കാണുന്നു. മുനിയെ കണ്ടമാത്രയിൽ ഘൃതാചി ഓടിയകന്നെങ്കിലും അവളുടെ വസ്ത്രം ഒരു പുല്ലിലുടക്കി ഊർന്നുവീണുപോയി. പൂർണരൂപത്തിൽ ആ കോമളരൂപം കണ്ട മഹർഷിക്ക് ഇന്ദ്രിയസ്ഖലനമുണ്ടായി. സ്ഖലിച്ച ദ്രവം ഒരു ദ്രോണത്തിൽ സൂക്ഷിച്ചു. അതിൽനിന്ന് ജനിച്ച ശിശുവാണ് ഇദ്ദേഹം.

അഗ്നിവേശമുനിയിൽനിന്നാണ് ദ്രോണർ ആയുധവിദ്യ അഭ്യസിച്ചത്. ശരദ്വാന്റെ പുത്രിയായ കൃപിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണ് അശ്വത്ഥാമാവ്. തന്റെ പ്രിയ ശിഷ്യനായ അർജുനനെക്കാൾ കേമനായ ഒരു വില്ലാളി ഉണ്ടാകരുതെന്ന് ആഗ്രഹിച്ച ദ്രോണർ വേടകുമാരനായ ഏകലവ്യനോട് പെരുവിരൽ ദക്ഷിണയായി തരണമെന്ന് ആവശ്യപ്പെട്ടത് ദ്രോണാചാര്യരുടെ മഹത്ത്വത്തിന് കളങ്കമായി നിലനില്ക്കുന്നു. ഭാരതയുദ്ധത്തിനു തൊട്ടുമുമ്പ് ആശീർവാദം വാങ്ങാനെത്തിയ ധർമപുത്രരെ ദ്രോണർ അനുഗ്രഹിക്കുകയും തനിക്ക് കൗരവപക്ഷത്ത് നില്ക്കേണ്ടിവന്നതെന്തെന്നു വിശദീകരിക്കുകയും ചെയ്തു. കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹൻ നിലംപതിച്ചപ്പോൾ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധർമപുത്രരുടെ വാക്കുകൾ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി.

ദ്രുപദനും ദ്രോണരും ഒരേ ഗുരുവിന്റെ സമീപത്തായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. അന്ന് ഉറ്റസുഹൃത്തുക്കളായിരുന്നു ഇവർ. രാജാവാകുമ്പോൾ തന്റെ പകുതിരാജ്യം ദ്രോണർക്കു നല്കുമെന്ന് ദ്രുപദരാജകുമാരൻ പറഞ്ഞിരുന്നു. കാലം കടന്നുപോയി. ദ്രോണാചാര്യർ ദാരിദ്ര്യദുഃഖത്തിലായി. പഴയ സുഹൃത്തിനെക്കണ്ട് സഹായം അഭ്യർഥിക്കാമെന്നു കരുതി രാജധാനിയിലെത്തിയ ദ്രോണരെ ദ്രുപദരാജാവ് പരിഹസിച്ച് അയയ്ക്കുകയാണുണ്ടായത്. വ്രണിതഹൃദയനായി ദ്രോണർ ദേശാടനം നടത്തവെ ഹസ്തിനപുരിയിലെത്തിയ സമയത്ത് പാണ്ഡവ-കൗരവ കുമാരന്മാരുടെ അസ്ത്രാഭ്യാസത്തിന് ഭീഷ്മർ ദ്രോണരോട് അഭ്യർഥിച്ചു. അങ്ങനെയാണ് ദ്രോണാചാര്യർ ആ കർത്തവ്യം ഏറ്റെടുത്തത്. വിദ്യാഭ്യാസം പൂർത്തിയായപ്പോൾ എന്താണ് ഗുരുദക്ഷിണയായി വേണ്ടതെന്ന് ശിഷ്യന്മാർ ആചാര്യനോടു ചോദിക്കുകയും ദ്രുപദരാജനെ പിടിച്ചുകെട്ടി തന്റെ മുന്നിൽ കൊണ്ടുവരണമെന്ന് ആചാര്യൻ മറുപടി പറയുകയും ചെയ്തു. ആദ്യം ദുര്യോധനൻ അനുയായികളോടൊപ്പം എത്തി ദ്രുപദനെ എതിരിട്ടെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. അർജ്ജുനൻ ദ്രുപദനോടെതിരിട്ട് അയാളെ ബന്ധനസ്ഥനാക്കി ആചാര്യന്റെ മുമ്പിലെത്തിച്ചു. ദ്രുപദനെ വധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. പകരം പാഞ്ചാലരാജ്യം രണ്ടായി വിഭജിച്ച് ദക്ഷിണപാഞ്ചാലം ദ്രോണരെടുക്കുകയും ഉത്തരപാഞ്ചാലം ദ്രുപദന് നല്കി തിരിച്ചയയ്ക്കുകയും ചെയ്തു. വ്രണിതഹൃദയനായ ദ്രുപദൻ ദ്രോണാചാര്യരെ വധിക്കുവാൻ പ്രാപ്തിയുള്ള സന്താനത്തിനുവേണ്ടി യജ്ഞം നടത്തുകയും യാഗാഗ്നിയിൽനിന്ന് ഒരു ആൺകുട്ടിയും പെൺകുട്ടിയും പ്രത്യക്ഷരാവുകയും ചെയ്തു. ഇവരാണ് ധൃഷ്ടദ്യുമ്നനും പാഞ്ചാലിയും. യുദ്ധസമയത്തിൽ, ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ട് ഭീമൻ അതിനെ കൊല്ലുകയും അശ്വത്ഥാമാവ് മരിച്ചുവെന്ന് പറയുകയും ചെയ്തു. എപ്പോഴും സത്യം മാത്രം പറയുന്ന യുധിഷ്ഠിരനോട്‍ ഇതു ശരിയാണോ എന്ന് അന്വേഷിച്ചപ്പോൾ, അശ്വത്ഥാമാ ഹത കുഞ്ജര എന്ന് യുധിഷ്ഠിരൻ പറഞ്ഞു. അപ്പോൾ മുഴക്കിയ കാഹളങ്ങളുടെ ശബ്ദത്തിൽ കുഞ്ജര(ആന) എന്ന് കേൾക്കാതിരുന്ന ദ്രോണർ ആയുധം താഴെ വയ്ക്കുകയും പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു.

ദ്രോണവധം

തിരുത്തുക

കുരുക്ഷേത്രയുദ്ധത്തിന്റെ പതിനഞ്ചാം ദിവസം വാസ്തവത്തിൽ പതിനാലാം നാൾ നടന്ന യുദ്ധത്തിന്റെ തുടർച്ചയായിരുന്നു . പതിനാലാം നാൾ രാത്രിയിലും യുദ്ധം നടന്നു . ആ യുദ്ധമാണ് പതിനഞ്ചാം ദിവസവും തുടർന്നത് . അന്നത്തെ യുദ്ധത്തിൽ ദ്രോണരുടെ പോരാട്ടത്തിന്റെ പരമകാഷ്ഠയാണ് കാണുവാൻ കഴിഞ്ഞത് . എന്തോ ചിന്തിച്ചുറപ്പിച്ചതു പോലെ ആചാര്യനായ ദ്രോണൻ പോരാടി . കർണ്ണൻ ഭീമനെ രണ്ടു പ്രാവശ്യം വിരഥനാക്കി വിട്ടു തോൽപ്പിച്ചു . സാത്യകിയേയും ധൃഷ്ടദ്യുമ്നനേയും ദ്രോണാചാര്യർ തോൽപ്പിച്ചു . അതിനെല്ലാം ഉപരിയായി പാണ്ഡവരുടെ പത്നിയായ പാഞ്ചാലിയുടെ പിതാവായ ദ്രുപദനേയും , പാണ്ഡവരുടെ ഏറ്റവും വലിയ ബന്ധുവായ വിരാടരാജാവിനേയും ദ്രോണാചാര്യർ ഒറ്റ അസ്ത്രം കൊണ്ട് കൊന്നു കളഞ്ഞു . ഇതിൽ ചൊടിച്ച് ധൃഷ്ടദ്യുമ്നനും പാഞ്ചാലൻമാരും പകയോടും കഠിനദുഃഖത്തോടും ദ്രോണരുടെ മേല് പാഞ്ഞുകേറി യുദ്ധം ചെയ്തു . ധൃഷ്ടദ്യുമ്നൻ; ദ്രോണരെ അന്ന് താൻ കൊല്ലുമെന്ന് ശപഥവും ചെയ്തു . അതിഭീകരമായി ദ്രോണർ യുദ്ധം തുടർന്നു . ദിവ്യാസ്ത്രമന്ത്രങ്ങൾ ജപിച്ചുകൊണ്ട് ദ്രോണാചാര്യൻ നടത്തിയ യുദ്ധത്തിൽ അവനെടുക്കുന്ന അസ്ത്രങ്ങളെല്ലാം ദിവ്യാസ്ത്രങ്ങളായി മാറിക്കൊണ്ടിരുന്നു . പാണ്ഡവപ്പടയിലെ വീരന്മാർ അസംഖ്യമായി ചത്തുവീണുകൊണ്ടിരുന്നു . പാണ്ഡവപ്പട വിഷമിക്കുന്നത് കണ്ടപ്പോൾ അർജ്ജുനൻ ആചാര്യനുമായി പൊരുതി . ആ സമയം അർജ്ജുനൻ ദ്രോണരെ എതിർത്തില്ലായിരുന്നെങ്കിൽ സാത്യകിയും പാണ്ഡവരും വലിയ കഷ്ടത്തിൽ അകപ്പെടുമായിരുന്നു .

അർജ്ജുനനും ദ്രോണരും തമ്മിൽ നടന്ന യുദ്ധം തുല്യനിലയിൽ തുടരവേ ദുശ്ശാസ്സനനെ തോൽപ്പിച്ചിട്ട് ധൃഷ്ടദ്യുമ്നൻ ദ്രോണരോടുള്ള യുദ്ധത്തിനൊരുങ്ങി . അർജ്ജുനൻ ദ്രോണരെ കുറേയേറെ തടുത്തു നിറുത്തിയത് കൊണ്ടാണ് പാണ്ഡവപ്പടയ്ക്ക് ആചാര്യന്റെ അടുത്തെത്താനെങ്കിലും സാധിച്ചത് . അർജ്ജുനൻ തെളിച്ച ആ പാതയെ പിന്തുടർന്ന് ധൃഷ്ടദ്യുമ്നൻ ആചാര്യന്റെ അടുത്തെത്തി, പൊരിഞ്ഞ പോരാട്ടം തുടങ്ങി . ധൃഷ്ടദ്യുമ്നന്റെ ശപഥത്തെക്കുറിച്ചോർത്ത് അർജ്ജുനൻ അവനെ തടഞ്ഞതുമില്ല . എന്നാൽ ധൃഷ്ടദ്യുമ്നൻ ദ്രോണരോട് തോൽക്കുകയാണുണ്ടായത് . ആചാര്യന്റെ ഏഴയലത്തെത്താൻ ധൃഷ്ടദ്യുമ്നനു സാധിച്ചില്ല . ദ്രോണരാകട്ടെ പാണ്ഡവപ്പടയെ ഒടുക്കിക്കൊണ്ടിരുന്നു . ദ്രോണന്റെ നേരെ പാഞ്ഞു കയറിയ പതിനായിരക്കണക്കിന് പാഞ്ചാലരെ ക്ഷണനേരം കൊണ്ട് ദിവ്യാസ്ത്രത്താൽ ദ്രോണർ കൊന്നൊടുക്കി . അവന്റെ മേൽ ചെന്നു കയറുന്ന പടയെയെല്ലാം അവൻ കൊന്നു വീഴ്ത്തിക്കൊണ്ടിരുന്നപ്പോൾ കൃഷ്ണൻ അർജ്ജുനനോട് ഇപ്രകാരം പറഞ്ഞു .

" ഇവനെ പോരിൽ കൊല്ലാൻ നിങ്ങൾക്കു പറ്റുകയില്ല. ഈ ദ്രോണാചാര്യൻ വില്ലുമെടുത്തു പോരാടുമ്പോൾ ദേവരാജാവായ ഇന്ദ്രനുപോലും ഇവനെ തോൽപ്പിക്കുവാൻ പറ്റുകയില്ല . ഇവൻ വില്ലുപേഷിച്ചാൽ മാത്രമേ മനുഷ്യന് ആചാര്യനെ വധിക്കുവാൻ സാധിക്കൂ . ഈ പോക്ക് പോവുകയാണെങ്കിൽ ദ്രോണർ നമ്മെയൊക്കെ കൊന്നുകളയും . അതിനാൽ ഇദ്ദേഹം നമ്മെ മുഴുവൻ കൊല്ലാതിരിക്കത്തക്ക രീതിയിൽ കൗശലം പ്രയോഗിക്കണം . ഇപ്പോൾ ന്യായമോ അന്യായമോ സത്യമോ അസത്യമോ ധർമ്മമോ ഒന്നും ചിന്തിക്കണ്ട . ഇവന്റെ പുത്രനായ അശ്വത്ഥാമാവ് മരിച്ചെന്നു കേട്ടാൽ ഇവൻ വില്ലുപേഷിക്കും . അപ്പോൾ മാത്രമേ ഇവനെ വധിക്കാനാകൂ . അതിനാൽ ആരെങ്കിലും ചെന്ന് ഇവനോട് അശ്വത്ഥാമാവ് മരിച്ചു എന്ന് നുണ പറയണം ."

അർജ്ജുനന് അതിനെക്കുറിച്ചു ചിന്തിക്കുവാൻ പോലും സാധിച്ചില്ല . അദ്ദേഹം ഇത് അംഗീകരിച്ചില്ല . എന്നാൽ ഭീമൻ ഇതുകേട്ട് ഉത്സാഹം പൂണ്ടു . അവൻ പാണ്ഡവപക്ഷത്തുള്ള മാളവരാജാവിന്റെ ആനയായ അശ്വത്ഥാമാവിനെ ചെന്ന് അടിച്ചുകൊന്നിട്ടു ദ്രോണരുടെ അടുക്കൽ പോയി അശ്വത്ഥാമാവിനെ കൊന്നു എന്ന് പച്ചക്കള്ളം വിളിച്ചു പറഞ്ഞു . ദ്രോണർ ഇത് വിശ്വസിച്ചില്ല . കാരണം ശത്രുക്കൾക്കു പൊറുക്കാനാകാത്ത വീര്യമുള്ളവനും മരണമറ്റവനുമാണ് തന്റെ പുത്രനായ അശ്വത്ഥാമാവെന്നു ദ്രോണനറിയാമായിരുന്നു . തുടർന്ന് ദ്രോണർ യുദ്ധം തുടർന്നു . ബ്രഹ്‌മാസ്‌ത്രമെടുത്ത് തൊടുത്തു വിട്ടു പതിനായിരവും , ഇരുപതിനായിരവും , ലക്ഷവും രഥികളെ ദ്രോണൻ കൊന്നു വീഴ്ത്തിക്കൊണ്ടിരുന്നു . പാണ്ഡവപ്പട മുടിഞ്ഞു .

ഈ സമയം വസിഷ്ഠൻ , വിശ്വാമിത്രൻ , അത്രി , കാശ്യപൻ , ഭരദ്വാജൻ , ജമദഗ്നി , ഗൗതമൻ തുടങ്ങിയ മുനിമാർ ആകാശത്തിൽ ദ്രോണർക്കു പ്രത്യക്ഷനായി യുദ്ധം നിറുത്തിവയ്ക്കാനും ഇനിയും പാപം ചെയ്യരുതെന്നും ഭൂമിയിൽ ദ്രോണന് വസിക്കുവാനുള്ള കാലം കഴിഞ്ഞെന്നും ഉണർത്തിച്ചു . ദ്രോണരുടെ മനസ്സിൽ യുദ്ധവിരക്തി ജനിച്ചു . അദ്ദേഹത്തിൻറെ ഇടതു കയ്യും ഇടതു കണ്ണും അതിവേഗതയിൽ തുടിച്ചു . അപ്പോഴും ഭീമൻ പോയി അശ്വത്ഥാമാവ് മരിച്ചുവെന്ന് ദ്രോണരോട് ഉണർത്തിച്ച് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരുന്നു . ഭീമന്റെ വാക്കു കേട്ട് അദ്ദേഹം യുധിഷ്ഠിരനോട് കാര്യത്തിന്റെ നിജാവസ്ഥ തിരക്കി . യുധിഷ്ഠിരൻ ജീവിതത്തിൽ ഒരിക്കലും കള്ളം പറയില്ലെന്ന് ആചാര്യനറിയാമായിരുന്നു .

എന്നാൽ ഭഗവാൻ കൃഷ്ണൻ ഇതിനകം തന്നെ യുധിഷ്ഠിരനെ പാട്ടിലാക്കിക്കഴിഞ്ഞിരുന്നു . അദ്ദേഹം യുധിഷ്ഠിരനോട് പറഞ്ഞു . " യുധിഷ്ഠിരാ , നീ കേൾക്കുക . ഈ ദ്രോണർ ; ഇനി പകുതി ദിവസം കൂടി പോരാടിയാൽ നിന്റെ പടയെല്ലാം മുടിഞ്ഞു പോകും . തീർച്ചയാണത് . അതുകൊണ്ടു രാജാവേ ദ്രോണരിൽ നിന്നും നീ ഞങ്ങളെ രക്ഷിക്കുക . ജീവരക്ഷയ്ക്കായി പറയുന്ന അസത്യം ജീവഹാനിപ്രദമാകുന്ന സത്യത്തേക്കാൾ ശ്രേഷ്ഠമാണ്. സത്യത്തേക്കാൾ നന്മ വരുത്തുന്ന അസത്യങ്ങളുണ്ട് . ജീവനെ രക്ഷിക്കാനായി കള്ളം പറയുന്നതിൽ പാപമില്ല രാജാവേ ".

യുധിഷ്ഠിരനോട് കൃഷ്ണൻ ഇങ്ങനെ പറയുമ്പോൾ ഭീമസേനൻ ഓടിച്ചെന്നു രാജാവിനോട് ഇങ്ങനെ പറഞ്ഞു . "രാജാവേ , മാളവ രാജാവായ ഇന്ദ്രവർമ്മന്റെ അശ്വത്ഥാമാവ് എന്ന ആനയെ ഞാൻ കൊന്നിട്ടുണ്ട് . അങ്ങ് പോയി ദ്രോണരോട് അശ്വത്ഥാമാവ് മരിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി . അത് സത്യമായിക്കൊള്ളും . "

ഇതൊക്കെയും യുധിഷ്ഠിരന്റെ മനസ്സിലുണ്ടായിരുന്നു . ദ്രോണർ യുധിഷ്ഠിരനോട് നിജസ്ഥിതി ആരാഞ്ഞപ്പോൾ , ഒരു യുക്തി വച്ച് അശ്വത്ഥാമാവ് മരിച്ചു . പക്ഷെ ആന- എന്ന് യുധിഷ്ഠിരൻ പറഞ്ഞു നിർത്തി .ആന എന്ന വാക്കു സ്വരം താഴ്ത്തി പറഞ്ഞതിനാൽ ദ്രോണർക്കു അത് കേൾക്കുവാൻ സാധിച്ചില്ല . അശ്വത്ഥാമാവ് മരിച്ചു -എന്നേ ദ്രോണർ കേട്ടുള്ളൂ . അതോടെ മനസ്സു മങ്ങിയ ദ്രോണൻ വീണ്ടും യുദ്ധം തുടർന്നു . യോദ്ധാക്കൾ ആയിരക്കണക്കിന് ചത്തുവീണു .അപ്പോഴാകട്ടെ ഭീമൻ വീണ്ടും ചെന്ന് അശ്വത്ഥാമാവിന്റെ മരണമെന്ന വ്യാജവാർത്ത ദ്രോണരെ ഒന്നുകൂടി ഉണർത്തിച്ചു . ദ്രോണർ മനഃസ്സിടിഞ്ഞു ദുഃഖാർത്തനായി . അദ്ദേഹം അശ്വത്ഥാമാവിനെ വിളിച്ചു കരഞ്ഞു .തുടർന്ന് ദ്രോണർ ആയുധം വെടിഞ്ഞു യോഗധ്യാനനിരതനായി തേർത്തട്ടിലിരുന്നു .

ഈ സമയം മതിയായിരുന്നു ധൃഷ്ടദ്യുമ്നന് . മിന്നൽപ്പിണരിന്റെ വേഗതയിൽ ഉറയിൽ നിന്നും വാളൂരിയെടുത്തുകൊണ്ട് ധൃഷ്ടദ്യുമ്നൻ ദ്രോണരുടെ തേർത്തട്ടിൽ ചാടിക്കയറി . ധ്യാനനിരതനായിരിക്കുന്ന ദ്രോണരുടെ തലമുടിക്ക് ചുറ്റിപ്പിടിച്ചു കൊണ്ട് ദ്രോണരുടെ തലവെട്ടാനായി വാളോങ്ങി . ആചാര്യനെ കൊല്ലരുതേ , ആചാര്യനെ കൊല്ലരുതേ എന്ന് മുറവിളി കൂട്ടിക്കൊണ്ട് അർജ്ജുനൻ കുതിച്ചു പാഞ്ഞു . എന്നാൽ അർജ്ജുനൻ അടുത്തെത്തുമ്പോഴേക്കും ധൃഷ്ടദ്യുമ്നൻ ദ്രോണാചാര്യരുടെ അഭിവന്ദ്യ ശിരസ്സിനെ വെട്ടി ശരീരത്തിൽ നിന്നും വേർപെടുത്തിക്കഴിഞ്ഞിരുന്നു .[1] [2] [3]

NB:ദ്രോണർക്കു ഭൂമിയിൽ ജീവിക്കുവാനുള്ള കാലം കഴിഞ്ഞിരുന്നു . ഋഷിമാരുടെ വാക്യങ്ങളും അതാണ് സൂചിപ്പിക്കുന്നത് . കാലമായാൽ ജീവികൾ മരിക്കുക തന്നെ ചെയ്യും . ദ്രോണരാകട്ടെ അസ്ത്രാഭ്യാസമില്ലാത്ത അനേകരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നു കൂട്ടിക്കൊണ്ടിരുന്നു . ബ്രഹ്‌മാസ്‌ത്രം സാധാരണക്കാരിൽ പ്രയോഗിച്ച് അസംഖ്യരെ കൊന്നൊടുക്കി . ഒരു ബ്രാഹ്മണനായ അദ്ദേഹത്തിന് ഇത് ചേർന്നതായിരുന്നില്ല . ആചാര്യനെ വധിക്കുവാൻ അദ്ദേഹം ആയുധം വച്ചേ മതിയാകൂ . അതുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ ഇങ്ങനെയൊരു യുക്തി ഉപദേശിച്ചത് .

  1. [1]മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായങ്ങൾ 187 to 192
  2. [2]മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായങ്ങൾ 187 to 192
  3. [3]മഹാഭാരതം , ദ്രോണപർവ്വം , അദ്ധ്യായങ്ങൾ 187 to 192
"https://ml.wikipedia.org/w/index.php?title=ദ്രോണർ&oldid=4103174" എന്ന താളിൽനിന്ന് ശേഖരിച്ചത്