ഏറ്റുമാനൂർ കണ്ണൻ
പ്രശസ്തനായ ഒരു യുവ കഥകളിനടനാണ് ഏറ്റുമാനൂർ കണ്ണൻ. വേറിട്ട അഭിനയചാരുതയാണ് ഏറ്റുമാനൂർ കണ്ണനെ വ്യത്യസ്തനാക്കുന്നത്.കഥകളിയിലെ നൂതന സങ്കേതങ്ങൾക്ക് തന്റേതായ ഒരു ഭാഷ്യം രചിക്കാൻ കണ്ണന് കഴിഞ്ഞിട്ടുണ്ട്[അവലംബം ആവശ്യമാണ്]. പച്ച വേഷങ്ങളാണ് (ധർമപുത്രർ, ഭീമൻ, അർജുനൻ, നളൻ, രുഗ്മാംഗദൻ, കൃഷ്ണൻ) കൂടുതലായി ചെയ്യാറുള്ളതെങ്കിലും കത്തി വേഷങ്ങളായ രാവണൻ, ദുര്യോധനൻ, കീചകൻ, നരകാസുരൻ എന്നീ വേഷങ്ങളിലും കണ്ണൻ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. ഏറ്റുമാനൂർ കണ്ണന്റെ രുഗ്മാംഗദൻ പ്രസിദ്ധമാണ്. ഒരു കഥകളി നടൻ എന്ന നിലയിൽ മാത്രമല്ല, കഥകളിക്കു മുൻപായി ആടാൻ പോകുന്ന കഥ വിവരിച്ചു കൊടുക്കുന്നതിലും കണ്ണനുള്ള പ്രാഗല്ഭ്യം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്[അവലംബം ആവശ്യമാണ്]. കഥകളിയിലെ കല്ലുവഴി സമ്പ്രദായം പിന്തുടരുന്ന കണ്ണൻ, ഇരുപത്തിരണ്ട് വർഷം കഥകളി അഭ്യസിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].
ജീവചരിത്രം
തിരുത്തുക1968 മാർച്ചു മാസം 25 ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ പരമേശ്വരൻ മൂത്തതിന്റെയും, അമ്മിണിയുടെയും മകനായി കണ്ണൻ ജനിച്ചു. തന്റെ ഒൻപതാം വയസ്സ് മുതൽ കഥകളി സപര്യ ആരംഭിച്ച കണ്ണൻ, ഏറ്റുമാനൂർ ക്ഷേത്രത്തിലും പരിസര ക്ഷേത്രങ്ങളിലും കഥകളി നടക്കുമ്പോൾ കാണാൻ പോവുക പതിവായിരുന്നു. പ്രസിദ്ധ സിനിമാ നടനായിരുന്ന എസ്. പി. പിള്ള ഏറ്റുമാനൂരിൽ ഒരു കഥകളി വിദ്യാലയം ആരംഭിച്ചപ്പോൾ കണ്ണൻ അവിടെ ചേർന്നു. കലാനിലയം മോഹൻ കുമാർ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. കണ്ണന്റെ കഥകളിയോടുള്ള അഭിനിവേശം അടുത്തറിഞ്ഞ കെ.പി.സി. നമ്പൂതിരിപ്പാട് കണ്ണനെ മുഖാഭിനയം പഠിക്കാനായി പദ്മശ്രീ മാണി മാധവ ചാക്യാരുടെ അടുത്തേക്കയച്ചു. പിന്നീട് കലാമണ്ഡലത്തിൽ ചേർന്ന കണ്ണൻ കാലമണ്ഡലം വാസു പിഷാരടിയുടെ ശിഷ്യത്വത്തിൽ കഥകളി അഭ്യസിച്ചു. ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ക്ഷണ പ്രകാരം ഏഷ്യ പസഫിക് പെർഫോർമൻസ് എക്സ്ചേഞ്ച് 2000 ഇൽ ഭാരതത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും അവിടെ വച്ച് ആധുനിക നാടക സങ്കേതങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്].
അവാർഡുകൾ
തിരുത്തുകചെറുപ്പം മുതൽ ധാരാളം അവാർഡുകൾ വാരികൂട്ടിയ[അവലംബം ആവശ്യമാണ്] ഏറ്റുമാനൂർ കണ്ണന് പി എസ് വി നാട്യ സംഘത്തിന്റെ കോട്ടക്കൽ കൃഷ്ണൻകുട്ടി നായർ എൻഡോവ്മെന്റ്റ് അവാർഡ്, കോട്ടയം കഥകളി ക്ലബ്ബിന്റെ മങ്കണം രാമപിഷാരടി അവാർഡ്, ആലപ്പുഴ കഥകളി ക്ലബ്ബിന്റെ ഗുരു ചെങ്ങന്നൂർ അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ സുധീർ യുവ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, തീയേറ്റർ ആർട്സിൽ എം ഫിൽ ബിരുദവുമുള്ള കണ്ണന് കേരള സർവകലാശാലയിൽ നിന്നും കഥകളിയിൽ ഡോക്റ്റരേറ്റ് ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം, എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ കോ ഓർഡിനേറ്റർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഥകളിയെ കൂടുതൽ ജനകീയമാക്കുവാനും സാധാരണ ജനങ്ങൾക്ക് കഥകളിയെ കൂടുതൽ അടുത്തറിയാനും മുദ്രകളും മറ്റു അംഗ വിക്ഷേപങ്ങളും മനസ്സിലാക്കുവാനും ഉതകുന്ന സൂര്യാ ടിവിയിലെ " മുദ്രാവാങ്മയം" എന്ന പരിപാടി ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. കൂടാതെ അമൃത ടിവിയിൽ ഭഗവത് ഗീതയിലെ ഓരോ ശ്ലോകവും കഥകളി മുദ്രകളുപയോഗിച്ച് അരങ്ങിലവതരിപ്പിക്കപ്പെട്ട പരിപാടിയിൽ ഏറ്റുമാനൂർ കണ്ണൻ അഭിനയിച്ചിട്ടുണ്ട്. ഇവ രണ്ടും സാധാരണക്കാരായ ജനങ്ങൾക്കും കഥകളിയുടെ സങ്കേതങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലായിരുന്നു. ഇവ കൂടാതെ ദൂരദർശനിലെ "ആട്ടപെരുമ" എന്ന ഡോക്യുമെന്ററിയുടെ പിന്നിലും ശ്രീ ഏറ്റുമാനൂർ കണ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ വില്യം ഷേക്സ്‌പിയരുടെ ഇംഗ്ലീഷ് നാടകങ്ങൾ കഥകളി രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്[1].
ഇപ്പോൾ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കഥകളി ഇൻസ്റ്റിട്യൂഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ സ്കൂൾ ഓഫ് തീയറ്റർ എക്സ്പ്രഷൻസിന്റെ ആർട്ടിസ്റ്റിക് ഡയരക്ടർ ആണ് ഏറ്റുമാനൂർ കണ്ണൻ. കൂടാതെ ന്യൂ ദൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ്ങ് ഫാക്വൽട്ടി മെമ്പർ കൂടിയാണു കണ്ണൻ[അവലംബം ആവശ്യമാണ്].
ശ്രീ ശ്രീ രവിശങ്കർ കേരളത്തിൽ എത്തിയപ്പോൾ നൂറ്റമ്പത് കഥകളി കലാകാരന്മാർ ഒരേ വേദിയിൽ ഒന്നിച്ചവതരിപ്പിച്ച നാട്യ വിസ്മയം എന്ന പരിപാടിയുടെ സംവിധാനം നിർവഹിച്ചതും ഏറ്റുമാനൂർ കണ്ണൻ ആയിരുന്നു[അവലംബം ആവശ്യമാണ്].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-10. Retrieved 2011-03-21.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- ഏറ്റുമാനൂർ കണ്ണനെക്കുറിച്ച് ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം: Archived 2012-11-10 at the Wayback Machine.
- കണ്ണനുമൊത്ത് ഒരു വൈകുന്നേരം ഭാഗം ഒന്ന് (കഥകളി .ഇൻഫോയിൽ വന്ന ലേഖനം): Archived 2011-12-30 at the Wayback Machine.
- കണ്ണനുമൊത്ത് ഒരു വൈകുന്നേരം ഭാഗം രണ്ട് (കഥകളി .ഇൻഫോയിൽ വന്ന ലേഖനം): Archived 2011-12-30 at the Wayback Machine.
- കണ്ണനുമൊത്ത് ഒരു വൈകുന്നേരം ഭാഗം മൂന്ന് (കഥകളി .ഇൻഫോയിൽ വന്ന ലേഖനം): Archived 2012-06-10 at the Wayback Machine.
- കണ്ണനുമൊത്ത് ഒരു വൈകുന്നേരം ഭാഗം നാല (കഥകളി .ഇൻഫോയിൽ വന്ന ലേഖനം): Archived 2012-07-03 at the Wayback Machine.
- കണ്ണനുമൊത്ത് ഒരു വൈകുന്നേരം ഭാഗം അഞ്ച് (കഥകളി .ഇൻഫോയിൽ വന്ന ലേഖനം): Archived 2012-07-04 at the Wayback Machine.