ഭാരതീയ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു അസുരനാണ് നരകാസുരൻ. ഹിരണ്യാക്ഷന് ഭൂമീദേവിയിൽ ജനിച്ച പുത്രനാണ് നരകാസുരനെന്ന് ഭാഗവതത്തിലും കശ്യപപ്രജാപതിക്ക് കാളിക എന്ന പത്നിയിൽ ജനിച്ചവനാണെന്ന് വാല്മീകി രാമായണത്തിലും പ്രസ്താവമുണ്ട്. ഭൂമീദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നല്കുകയും അത് കൈയിലുള്ളപ്പോൾ തനിക്കല്ലാതെ മറ്റാർക്കും അവനെ വധിക്കുവാൻ സാധിക്കുകയില്ല എന്ന് അനുഗ്രഹിക്കുകയും ചെയ്തുവെന്ന് ഭാഗവതപുരാണത്തിലെ ദശമസ്കന്ധത്തിൽ പറഞ്ഞിട്ടുണ്ട്.

ശ്രീകൃഷ്ണൻ സത്യഭാമയുമൊന്നിച്ച് നരകാസുരന്റെ സൈന്യത്തിനെതിരെ യുദ്ധം ചെയ്യുന്നു

മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകൻ പ്രാഗ്ജ്യോതിഷം തലസ്ഥാനമാക്കി ദീർഘകാലം ഭരണം നടത്തി. നരകാസുരൻ ദേവലോകം ആക്രമിച്ച് ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും വരുണന്റെ വെൺകൊറ്റക്കുടയും കരസ്ഥമാക്കുകയുണ്ടായി. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണൻ സത്യഭാമാസമേതം ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷത്തിലെത്തി യുദ്ധം ചെയ്ത് നരകനെ വധിച്ചു. നരകന്റെ നാരായണാസ്ത്രം പുത്രനായ ഭഗദത്തനു ലഭിച്ചു. നരകൻ തടവിൽ പാർപ്പിച്ചിരുന്ന പതിനാറായിരം രാജകന്യകമാരെ ശ്രീകൃഷ്ണൻ പത്നിമാരായി സ്വീകരിച്ചു. ഇവർ നരകാസുരന്റെ പുത്രിമാരായിരുന്നുവെന്നും ചില പുരാണഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. നരകാസുരവധത്തിന്റെ സ്മരണാർഥമാണ് ദീപാവലി ആഘോഷം എന്നാണ് ഒരു ഐതിഹ്യം.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നരകാസുരൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നരകാസുരൻ&oldid=3425192" എന്ന താളിൽനിന്ന് ശേഖരിച്ചത്