സിംഹം

സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം
(ആഫ്രിക്കൻ സിംഹം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്തനികളിലെ ഫെലിഡേ കുടുംബത്തിലെ പാന്തറ ജനുസ്സിൽ ഉൾപ്പെട്ട ഒരു വന്യജീവിയാണ് സിംഹം. (ഇംഗ്ലീഷ്: Lion. ശാസ്ത്രീയനാമം പാന്തറ ലിയോ). വലിയ പൂച്ചകൾ (Big Cats) എന്നറിയപ്പെടുന്ന നാല് ജീവികളിൽ ഒന്നാണ് സിംഹം. 272 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന സിംഹങ്ങൾ മാർജ്ജാര വർഗ്ഗത്തിലെ രണ്ടാമത്തെ വലിയ ജീവിയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ഏഷ്യയിലും ആണ് ഇപ്പോൾ സിംഹങ്ങൾ അധിവസിക്കുന്നത്. ഏഷ്യയിലിപ്പോഴുള്ളത് ഇന്ത്യയിലെ ഗിർ വനത്തിലുള്ള വളരെക്കുറച്ചു സിംഹങ്ങൾ മാത്രമാണ്. 10000 വർഷങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ കഴിഞ്ഞാൽ എറ്റവും കൂടുതൽ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വലിപ്പമുള്ള സസ്തനി സിംഹമായിരുന്നു[2]. ആഫ്രിക്കയുടെയും യൂറേഷ്യയുടെയും ഒട്ടുമിക്ക സ്ഥലങ്ങളിലും പടിഞ്ഞാറൻ യൂറോപ്പ് മുതൽ ഇന്ത്യ വരെയും അമേരിക്കയിൽ യൂക്കോൺ മുതൽ പെറു വരെയും സിംഹങ്ങൾ വസിച്ചിരുന്നു.

സിംഹം
ആൺസിംഹം
പെൺസിംഹം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. leo
Binomial name
Panthera leo
പാന്തറ ലിയോ

(Linnaeus, 1758)
ആഫ്രിക്കയിൽ സിംഹങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾ
ഇന്ത്യയിലെ ഗിർ വനത്തിലുള്ള സിംഹങ്ങൾ അധിവസിക്കുന്ന പ്രദേശങൾ
Synonyms
Felis leo
(Linnaeus, 1758)

വനത്തിൽ സിംഹങ്ങൾക്ക് 10 മുതൽ 14 വർഷം വരെയാണ് ജീവിതകാലം, എന്നാൽ മൃഗശാലയിലും അതു പോലുള്ള മറ്റു കൂട്ടിലിട്ടു വളർത്തുന്ന സാഹചര്യങ്ങളിലും 20 വർഷം വരെ സിംഹങ്ങൾ ജീവിക്കാറുണ്ട്. സവേനകൾ എന്നറിയപ്പെടുന്ന പുൽമേടുകളിലാണ് സിംഹങ്ങൾ കൂടുതൽ വസിക്കുന്നത് ഇവയോടു ചേർന്നു കിടക്കുന്ന കുറ്റിക്കാട് പ്രദേശങ്ങളും സിംഹങ്ങൾ വിഹരിക്കാൻ തിരഞ്ഞെടുക്കാറുണ്ട്. സിംഹങ്ങൾ സമൂഹജീവികളാണ്, സിംഹക്കൂട്ടത്തെ പ്രൈഡ് എന്നു വിളിക്കുന്നു. പെൺസിംഹങ്ങളും (Lioness) സിംഹക്കുട്ടികളും (Cub) വളരെക്കുറച്ച് പൂർണ്ണവളർച്ചയെത്തിയ ആൺ സിംഹങ്ങളും അടങ്ങിയതാണ് ഒരു പ്രൈഡ്. പെൺസിംഹങ്ങൾ‍ കൂട്ടമായി വേട്ടയാടുന്നു. പ്രകൃതിയിലെ പ്രധാനപ്പെട്ട വേട്ടയാടുന്ന മൃഗങ്ങളിൽ (Apex Predator) ഉൾപ്പെട്ട സിംഹം സാധാരണയായി മനുഷ്യരെ ആക്രമിക്കാറില്ല, എങ്കിലും ചില സാഹചര്യങ്ങളിൽ സിംഹങ്ങൾ നരഭോജികളായി മാറാറുമുണ്ട്. പരിക്കോ മറ്റ് അവശതകൾ മൂലമോ സാധാരണ ഇരകളെ പിടിക്കാൻ പറ്റാതാവുമ്പോളാണ് ഇവ നരഭോജികളാവാറുള്ളത്.

സിംഹം നിലനില്പ് അപകടകരമായ മൃഗങ്ങളുടെ പട്ടികയിൽ പെടുന്നു (റെഡ് ലിസ്റ്റ്). കഴിഞ്ഞ രണ്ടുദശാബ്ദം കൊണ്ട് സിംഹങ്ങളുടെ എണ്ണം 30% മുതൽ 50% വരെ കുറഞ്ഞിട്ടുണ്ട്[1]. സം‌രക്ഷിത വനപ്രദേശങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പുറത്ത് സിംഹങ്ങളുടെ അംഗസംഖ്യ തുലോം കുറവാണ്‌. സിംഹങ്ങളുടെ എണ്ണം കുറയുന്നതിന്റെ യഥാർഥ കാരണം ഇപ്പോഴും വെളിവായിട്ടില്ലെങ്കിലും ആവാസവ്യവസ്ഥ നഷ്ടപ്പെടലും വേട്ടയാടലുമാണ് പ്രധാനകാരണങ്ങളെന്നു കരുതുന്നു. റോമാ സാമ്രാജ്യത്തിൽ വളരെയധികം സിംഹങ്ങളെ കൂട്ടിലടച്ചു വളർത്തിയിരുന്നു. ഗ്ലാഡിയേറ്റർമാരുമായി പൊരുതാനായിരുന്നു ഇത്. വലിയ കുറ്റങ്ങൾ ചെയ്തവരെ സിംഹങ്ങൾക്ക് ഭക്ഷണമായി നൽകുന്ന ശിക്ഷാരീതിയും അവിടെ നിലവിലുണ്ടായിരുന്നു. ഏഷ്യൻ ഉപവർഗ്ഗത്തിൽ‌ പെട്ട സിംഹങ്ങളുടെ എണ്ണം വളരെകുറയാൻ ഇത് കാരണമായി. ഇപ്പോൾ ലോകമെമ്പാടുമുള്ള മൃഗശാലകൾ ഏഷ്യൻ ഉപസിംഹവർഗ്ഗങ്ങളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ പലതരം പ്രജനന പരിപാടികൾ നടത്തുന്നുണ്ട്.

ആൺസിംഹത്തിനുള്ള സട പെൺസിംഹത്തിൽ നിന്നും അതിനെ വ്യത്യസ്തനാക്കുന്നു. മനുഷ്യസംസ്കാരത്തിൽ സിംഹം പ്രത്യേകിച്ച് സിംഹത്തിന്റെ തല ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഒരു അടയാളമാണ്. പുരാതനകാലത്തുള്ള ഗുഹാചിത്രങ്ങൾ‍ ഇതിന് തെളിവു നൽകുന്നു. സാഹിത്യത്തിലും ശില്പങ്ങളിലും ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും ദേശീയപതാകകളിലും സിംഹത്തെ പലതരത്തിൽ പ്രതിനിധാനം ചെയ്യുന്നു. ഇന്ത്യയിൽ കടുവ ദേശീയമൃഗമാകുന്നതിന് മുൻപ് സിംഹമായിരുന്നു ദേശീയമൃഗം. ഇന്ത്യയുടെ ദേശീയചിഹ്നത്തിൽ നാല് സിംഹങ്ങളെ കാണിച്ചിരിക്കുന്നു.

ചരിത്രവും പരിണാമവും

തിരുത്തുക
 
സിംഹത്തിന്റെ തലയോട്ടി.ക്രൂഗർ നാഷ്ണൽ പാർക്കിൽ നിന്നും

ഏറ്റവും പഴയ സിംഹഫോസിൽ ടാൻസാനിയയിൽ നിന്നുമാണ് കണ്ടെടുത്തിട്ടുള്ളത് 3.5 ദശലക്ഷം വർഷം പഴക്കമാണ് അതിനുള്ളത്. ശാസ്ത്രജ്ഞർ പലരും ഇത് സിംഹത്തിന്റെ ആവണമെന്നില്ലെന്നും സിംഹത്തോട് സാമ്യമുള്ള മറ്റേതെങ്കിലും ജീവിയുടേതാകാം എന്ന അഭിപ്രായവും പുറപ്പെടുവിച്ചിട്ടുണ്ട്. അംഗീകരിയ്ക്കപ്പെട്ടിട്ടുള്ള ഏറ്റവും പഴയ ഫോസിലിന് 1.5 ദശലക്ഷം വർഷം പഴക്കമാണുള്ളത്.[3]

ജനിതകപരമായി മറ്റുള്ള പാന്തറ ജനുസ്സ് മൃഗങ്ങളായ കടുവ, ജാഗ്വർ, പുലി എന്നിവ സിംഹത്തിന്റെ അടുത്ത ബന്ധുക്കളാണ്. ജനിതക പഠനത്തിലൂടെ ഈ ആധുനിക മൃഗങ്ങളിൽ ആദ്യം ഉരുത്തിരിഞ്ഞത് കടുവയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.അതിനു ശേഷം ഏകദേശം 1.9 ദശലക്ഷം വർഷം മുൻപ് ജാഗ്വർ ഉരുത്തിരിഞ്ഞു.സിംഹവും പുലിയും ഉരുത്തിരിഞ്ഞത് 1.25 ദശലക്ഷം വർഷം മുൻപാണ്.[4] പാന്തറ ലിയോ വർഗ്ഗം മുൻപ് 1 ദശലക്ഷം വർഷത്തിനും 80,000 വർഷങ്ങൾക്കും ഇടയിൽ ആഫ്രിക്കയിൽ ആണ് ഉരുത്തിരിഞ്ഞത്.[5] 70,000 വർഷങ്ങൾക്കു മുൻപ് ഇവ പാന്തറ ലിയോ ഫോസിലിസ്(Panthera leo fossilis) എന്ന ഉപവർഗ്ഗമായി യൂറോപ്പിലെത്തി. ഇവയിൽനിന്നും ഗുഹാ സിംഹം (Cave lion) പാന്തറ ലിയോ സ്പെലിയെ(Panthera leo spelaea) ഉടലെടുക്കുകയും ചെയ്തു.പിന്നീട് അമേരിക്കൻ വൻ‌കരകളിലേക്കെത്തിയ സിംഹങ്ങൾ പാന്തറ ലിയോ അട്രോക്സ്(Panthera leo atrox) അതായത് അമേരിക്കൻ സിംഹം ആയി പരിണമിച്ചു.[6] ഏകദേശം 10,000 വർഷം മുൻപ് അവസാന ഹിമയുഗ കാലത്ത് യൂറേഷ്യയിലെയും അമേരിക്കയിലെയും സിംഹ വർഗ്ഗങ്ങൾക്ക് വംശനാശം സംഭവിച്ചു.[7]

ഉപസിംഹവർഗ്ഗങ്ങളുടെ പരിണാമം

തിരുത്തുക

സമീപകാലത്തു ജീവിച്ചിരുന്ന സിംഹങ്ങളിലെ 12 ഉപവർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.സിംഹങ്ങളിൽ വച്ച് ഏറ്റവും വലുത് വംശനാശം സംഭവിച്ച ബാർബറി സിംഹം എന്ന ഉപവർഗ്ഗത്തിലെ സിംഹങ്ങൾക്കാണ്.[8] സിംഹവർഗ്ഗങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എവിടെ കാണപ്പെടുന്നു, സടയുടെ പ്രകൃതി, വലിപ്പം എന്നിവയാണ്. ഇതിലും പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട്, മൃഗശാലയിലെ സിംഹങ്ങൾക്ക് പല ഉപവർഗ്ഗങ്ങളുമായും നല്ല സാദൃശ്യമുള്ളതാണ് പ്രധാനകാരണം.[9] ഇന്ന് പൊതുവെ 8 ഉപവർഗ്ഗങളെയാണ് അംഗീകരിച്ചിട്ടുള്ളത്[10][11]ഇതിൽ തന്നെ കേപ് സിംഹത്തിന്റെ പേരിലും തർക്കങ്ങൾ നിലനിൽക്കുന്നു.[10]

സമീപകാലത്തെ സിംഹ ഉപവർഗ്ഗങ്ങൾ

തിരുത്തുക
 
തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ സിംഹം-പാ. ലി. ബ്ലെയൻബെർഗി

ഇന്ന് അംഗീകൃതമായ 8 ഉപസിംഹവർഗ്ഗങ്ങൾ

  • പാ. ലി. പേർസിക്ക (P. l. persica) - ഏഷ്യാറ്റിക് സിംഹം, പേർഷ്യൻ സിംഹം, ഇന്ത്യൻ സിംഹം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ടർക്കി മുതൽ ഇന്ത്യ വരെ കാണപ്പെട്ടിരുന്നു. എന്നാൽ വലിയ പ്രൈഡുകളും പകൽസമയത്തുള്ള ഇരതേടലും ഇവയെ വേട്ടക്കാർക്ക് എളുപ്പത്തിൽ കൊല്ലാൻ പറ്റുന്ന മൃഗങ്ങളാക്കി മാറ്റി.ഇന്ന് ഗുജറാത്ത് സംസ്ഥാനത്തെ ഗിർ വനത്തിൽ കഴിയുന്ന ഏകദേശം 300 എണ്ണം സിംഹങ്ങൾ മാത്രമാണ് ഈ ഉപവർഗ്ഗത്തിലുള്ളത്. ആൺ സിംഹത്തിന് 160-190kg വരെ ഭാരവും 240-198.5cm നീളവും 89-107cm വരെ തോളുയരവും ഉണ്ടാകും . പെണ്ണിന് 97.3-138kg വരെയും ഭാരവും 235-262cm നീളവും . [12]
  • പാ. ലി. ലിയോ (P. l. leo) - ബാർബറി സിംഹം എന്നറിയപ്പെടുന്നു. വേട്ടയാടൽ മൂലം വനത്തിൽ വംശനാശം സംഭവിച്ച ഈ സിംഹവർഗ്ഗം പക്ഷേ കൂട്ടിലിട്ട് വളർത്തപ്പെടുന്നവയിലുണ്ടാവാം എന്നു കരുതുന്നു. ഏറ്റവും വലിയ സിംഹഉപവിഭാഗങ്ങൾ ഇവയാണെന്ന് കരുതപ്പെടുന്നു. പരമാവധി 3 മുതൽ 3.5 മീറ്റവ് വരെ നീളവും 300 കിലോഗ്രാം വരെ ഭാരവും ഇവയ്ക്ക് വയ്ക്കും .പക്ഷേ ഇവയ്ക്ക് വനത്തിൽ ഇത്ര ഭാരം വയ്ക്കില്ല.മൊറോക്കോ മുതൽ ഈജിപ്ത് വരെയാണ് ഇവ വിഹരിച്ചിരുന്നത്, മൊറോക്കോയിൽ 1922ൽ അവസാനത്തെ വന്യ ബാർബറി സിംഹം കൊല്ലപ്പെട്ടു. നിലവിലെ ജനിതകപഠനങ്ങളനുസരിച്ച് ഇവയ്ക്ക് ഏഷ്യൻ സിംഹങ്ങളുമായി ഏറെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. [13]
  • പാ. ലി. സെനെഗലെൻസിസ് (P. l. senegalensis) - പടിഞ്ഞാറൻ ആഫ്രിക്കൻ സിംഹം എന്നറിയപ്പെടുന്നു.പടിഞ്ഞാറൻ ആഫ്രിക്കയിൽ സെനഗൽ മുതൽ നൈജീരിയ വരെ ഇവ കാണപ്പെടുന്നു.നിലവിൽ ഭൂമിയിൽ ജീവച്ചിരിക്കുന്ന ഏറ്റവും ചെറിയ സിംഹങ്ങളാണിവ.ഇവയ്ക്ക് പരമാവധി 190കിലോഗ്രാം ഭാരം വയ്ക്കും
  • പാ. ലി. അസൻഡിക (P. l. azandica) - വടക്കുകിഴക്കൻ കോം‌ഗോ സിംഹം എന്നറിയപ്പെടുന്നു. കോംഗോയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇവ വിഹരിക്കുന്നു.
  • പാ. ലി. ബ്ലെയൻബെർഗി (P. l. bleyenberghi) - തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ സിംഹം എന്നും കതാങ്ഗ സിംഹം എന്നും അറിയപ്പെടുന്നു.തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ സിംബാബ്‌വെ , അംഗോള, സയർ(കതാങ്ഗ) എന്നിവിടങ്ങളിൽ കാണപ്പെടുന്നു.നിലവിൽ വനത്തിൽ ജീവിക്കുന്ന ഏറ്റവും വലിയ സിംഹങ്ങളാണിവ. പരമാവധി 270കിലോഗ്രാം വരെ ഇവക്ക് ഭാരം വയ്ക്കും
  • പാ. ലി. ക്രുഗറി (P. l. krugeri) - ട്രാൻസ്‌വാൾ സിംഹം എന്നും തെക്കുകിഴക്കൻ ആഫ്രിക്കൻ സിംഹം എന്നും അറിയപ്പെടുന്നു.തെക്കുകിഴക്കൻ ആഫ്രിക്കയിലെ ട്രാൻസ്‌വാൾ മേഖലയിൽ കാണപ്പെടുന്നു പ്രത്യേകിച്ച് ക്രുഗർ നാഷ്ണൽപാർക്കിൽ.പരമാവധി ഭാരം 250കിലോഗ്രാം ആണ്.
  • പാ. ലി. മെലനോചൈത (P. l. melanochaita) - കേപ് സിംഹം എന്നറിയപ്പെടുന്നു.1860ൽ വംശനാശം സംഭവിച്ചു. ആധുനിക പഠനങ്ങൾ ഇത് ഒരു ഉപവർഗ്ഗമല്ലെന്നു തെളിയിച്ചു.

ആദിമകാലത്തെ സിംഹവർഗ്ഗങ്ങൾ

തിരുത്തുക

ആദിമകാലത്ത് പലസിംഹവർ‌ഗ്ഗ‍ങ്ങളും ഭൂമിയിൽ ജീവിച്ചിരുന്നു. അവ താഴെ പറയുന്നവയാണ്.

  • പാ. ലി. അട്രോക്സ് (P. l. atrox) - അമേരിക്കൻ സിംഹം എന്നും അമേരിക്കൻ ഗുഹാ സിംഹം എന്നും അറിയപ്പെടുന്നു.പ്ലീസ്റ്റോസീൻ കാലഘട്ടത്ത്(ഏകദേശം 10,000 വർഷം മുൻപ്) അലാസ്ക മുതൽ പെറു വരെ ഇവ വിഹരിച്ചിരുന്നു. വലിയ സിംഹവർഗ്ഗങ്ങളിൽ ഒന്നായ ഇത് 2.5 മീറ്റർ വരെ നീളം വച്ചിരുന്നു.[14]
  • പാ. ലി. ഫോസിലിസ് (P. l. fossilis) - പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ ആദ്യപകുതിയിൽ ജീവിച്ചിരുന്ന ഇത് പ്രിമിറ്റീവ് ഗുഹാ സിംഹം (Early Middle Pleistocene primitive cave lion) എന്നറിയപ്പെടുന്നു. ഏകദേശം 50,000 വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്. ജർമ്മനിയിൽ നിന്നും ഇറ്റലിയിൽ നിന്നും ഇവയുടെ ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്.
 
സിംഹങ്ങളെ കാണിക്കുന്ന ഗുഹാചിത്രങ്ങൾ
  • പാ. ലി. സ്പെലിയെ (P. l. spelaea) - യൂറോപ്യൻ ഗുഹാ സിംഹം എന്നും യൂറേഷ്യൻ ഗുഹാ സിംഹം എന്നും അറിയപ്പെടുന്നു.യുറേഷ്യയിൽ 30,000 വർഷം മുൻപ് മുതൽ 10,000 വർഷം മുൻപ് വരെയാണ് ഇവ ജീവിച്ചിരുന്നത്.[11] പാലിയോലിത്തിക് ഗുഹാചിത്രങ്ങളിൽ നിന്നും കളിമൺഫലകങ്ങളിൽ നിന്നും ആനക്കൊമ്പിലെ ആലേഖനങ്ങളിൽ നിന്നുമാണ് ഇവയെ കൂടുതലറിയുന്നത്.[15] അതുപ്രകാരം ഇവക്ക് ഉയർന്നുനിൽക്കുന്ന ചെവിയും മങ്ങിയ കടുവവരകളും ചെറുതായി സടയും ഉണ്ടായിരുന്നെന്നു കാണാം.[16]
  • പാ. ലി. വെരെസ്ചഗിനി (P. l. vereshchagini) - കിഴക്കൻ സൈബീരിയൻ സിംഹം എന്നും ബെറിങിയൻ ഗുഹാ സിംഹം എന്നും അറിയപ്പെടുന്നു.യകുതിയ(റഷ്യ), അലാസ്ക(അമേരിക്ക), യുകോൺ(കാനഡ) എന്നിവിടങ്ങളിൽ ജീവിച്ചിരുന്നു. ശാസ്ത്രജ്ഞന്മാർ ഈ സിംഹം യൂറോപ്യൻ ഗുഹാസിംഹത്തേക്കാൾ വലുതും അമേരിക്കൻ സിംഹത്തേക്കാൾ ചെറുതും ആണെന്നും ഇതിന്റെ തലയോട്ടിയുടെ അളവുകൾ വ്യത്യസ്തമാണെന്നും കണ്ടെത്തി.[17][11]

മതിയായവിവരങ്ങൾ ലഭ്യമല്ലാത്ത ഉപസിംഹവർഗ്ഗങ്ങൾ

തിരുത്തുക
  • പാ.ലി. സിൻ‌ഹലെയസ് (P. l. sinhaleyus) - ശ്രീലങ്കൻ സിംഹം എന്നറിയപ്പെടുന്നു. 39000 വർഷം മുൻപ് വംശനാശം സംഭവിച്ചു. ശ്രീലങ്കയിലെ കുറുവിറ്റയിൽ നിന്നു കണ്ടെത്തിയ രണ്ട് പല്ലുകൾ മാത്രമാണ് ഈ സിംഹവർഗ്ഗത്തിന്റെ ഫോസിൽ ശേഖരത്തിലുള്ളത്.[18]
  • പാ. ലി. യൂറോപിയെ (P. l. europaea) - യൂറോപ്യൻ സിംഹം എന്നറിയപ്പെടുന്നു. ഇതിന്റെ ശരീരഘടന യൂറോപ്യൻ ഗുഹാ സിംഹത്തിന്റെയും ഇന്ത്യൻ സിംഹത്തിന്റെയും പോലെയാണ്. ഇത് ഒരു ഉപസിംഹവർഗ്ഗമാണോ എന്ന് ഇന്നും തിട്ടപ്പെടുത്താനായിട്ടില്ല. ക്രി.ശേ 100ൽ വംശനാശം സംഭവിച്ചു. ബാൾക്കനിലും ഇറ്റാലിയൻ ഉപദ്വീപിലും തെക്കൻ ഫ്രാൻസിലും ഐബീരിയൻ ഉപദ്വീപിലുമാണ് ഇവ വിഹരിച്ചിരുന്നത്. റോമൻ, ഗ്രീക്ക്, മാസിഡോണിയൻ ജനങ്ങളുടെ ഇഷ്ട വേട്ടമൃഗമായിരുന്നു ഈ സിംഹങ്ങൾ.ഇതാണ് ഇവ വംശനാശം വരാൻ പ്രധാന കാരണവും.
  • പാ. ലി. യങി (P. l. youngi) - വടക്കുകിഴക്കൻ പ്ലീസ്റ്റോസീൻ ചൈനാ ഗുഹാ സിംഹം എന്നറിയപ്പെടുന്നു.350,000 വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്.[19]
  • പാ. ലി. മാകുലേറ്റസ് (P. l. maculatus) - മറോസി എന്നും പുള്ളിസിംഹം എന്നും അറിയപ്പെടുന്നു.പുള്ളികളുള്ള ഈ സിംഹവർഗ്ഗം ഒരു യഥാർഥ ഉപവർഗ്ഗമാണോ എന്ന് തിട്ടപ്പെടുത്തിയിട്ടില്ല. 1931ൽ വംശനാശം സംഭവിച്ചുവെന്നു കരുതപ്പെടുന്നു.

ജനിതകപരമായ വർഗ്ഗീകരണം

തിരുത്തുക

2017 ലെ ക്യാറ്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവയ്ക്ക് ജനിതകപരമായി പാന്തീറ ലിയോ ലിയോ എന്നും പാന്തീറ ലിയോ മെലാനോചൈറ്റ എന്നീ രണ്ട് ഉപവിഭാഗങ്ങൾ മാത്രമേയുള്ളൂ എന്ന് കണ്ടെത്തി. പാന്തീറ ലിയോ മെലാനോചൈറ്റ തെക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന സിംഹങ്ങളാണ്. പാന്തീറ ലിയോ ലിയോയെ ഏഷ്യ, വടക്കൻ ആഫ്രിക്ക, പടിഞ്ഞാറേ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

ശരീരപ്രകൃതി

തിരുത്തുക

രണ്ടാമത്തെ വലിയ മാർജ്ജാര വംശജമൃഗമാണ് സിംഹം.ശക്തമായ ശരീരവും, ബലമുള്ള താടിയെല്ലും നീണ്ട കോമ്പല്ലുകളുമുള്ള സിംഹത്തിന് വലിയ ഇരകളെപ്പോലും വേട്ടയാടിപ്പിടിക്കാൻ സാധിക്കും.മഞ്ഞ മുതൽ കടുത്ത ബ്രൗൺ നിറം വരെ സിംഹങ്ങൾക്കുണ്ടാകാറുണ്ട്.ശരീരത്തിന്റെ അടിഭാഗം മുകൾഭാഗത്തെ അപേക്ഷിച്ച് ഇളം നിറമായിരിക്കും.വാലിന്റെ അറ്റത്തുള്ള രോമക്കൂട്ടം കറുപ്പുനിറത്തിലാണ്. സട ഇളം മഞ്ഞ മുതൽ കറുപ്പു വരെ നിറങ്ങളിൽ കാണപ്പെടുന്നു.

[13] [20] വാൽ അവസാനിക്കുന്നത് ഒരു കൂട്ടം രോമങ്ങളിലാണ്. മാർജ്ജാര വംശത്തിൽ സിംഹത്തിനു മാത്രമേ ഇങ്ങനെ വാലിന്റെ അറ്റത്ത് രോമക്കൂട്ടമുള്ളൂ. ജനിക്കുമ്പോൾ ഇത് ഉണ്ടാവില്ല 5 മാസം പ്രായമാകുമ്പോളാണ് വാലിന്റെ അറ്റത്തെ രോമവളർച്ച തുടങ്ങുക, 7 മാസമാകുമ്പോഴേക്കും ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്നത്ര വളർച്ച കൈവരിച്ചിരിക്കും.


ശരീരവലുപ്പം

തിരുത്തുക

സാധാരണയായി ആൺസിംഹത്തിന് 150 കിലോഗ്രാം മുതൽ 225 കിലോഗ്രാം വരെ ഭാരമുണ്ടാകും, പെൺസിംഹത്തിന് 120 മുതൽ 150 കിലോഗ്രാം വരെയുമാണ് ഭാരം .ശരാശരി ഭാരത്തിൽ ആണിന് 181 കിലോഗ്രാമും പെണ്ണിന് 126 കിലോഗ്രാമുമാണ്.മൗണ്ട് കെനിയക്കടുത്ത് വെടിവച്ചിട്ട ഒരു സിംഹത്തിന് 272 കിലോഗ്രാം ഭാരമുണ്ടായിരുന്നു. നീളം 5 അടി 7 ഇഞ്ച് മുതൽ 8 അടി 2 ഇഞ്ച്(170-250 സെ.മീ) വരെ ആണിനും, 4 അടി 7 ഇഞ്ച് - 5 അടി 9 ഇഞ്ച്(140-175 സെ.മീ) വരെ പെണ്ണിനും കാണാറുണ്ട്. ഉയരം ആണിന് 4 അടിയും(123 സെ.മീ)പെണ്ണിന് 3 അടി 3 ഇഞ്ച്(100 സെ.മീ) വരെയുമാണ്.വാലിന് 70 മുതൽ 100 സെ.മീ വരെ നീളം ഉണ്ടായിരിക്കും.

 
സടയില്ലാത്ത ഒരു ആൺസിംഹം,കെനിയയിലെ സാവോ നാഷ്ണൽ പാർക്കിൽ നിന്നുള്ള ദൃശ്യം
 
സിംഹത്തിന്റെ താപചിത്രം

സട സിംഹത്തെ മറ്റു മാർജ്ജാര വംശജരിൽ നിന്നും വ്യത്യസ്തരാക്കുന്നു. സട സിംഹത്തെ ഉള്ളതിലും വലിപ്പം കൂടുതലായിക്കാണിക്കാൻ കാരണമാകുകയും തദ്വാരാ ഭീഷണമായ ഒരു രൂപം സിംഹങ്ങൾ മറ്റു സിംഹങ്ങളുമായും പ്രധാനമായി ആഫ്രിക്കയിലെ മുഖ്യഎതിരാളി ആയ കഴുതപ്പുലികളുമായും ഏറ്റുമുട്ടുമ്പോൾ നൽകുകയും ചെയ്യുന്നു.[21]

സട ഉണ്ടാകുന്നതും അതിന്റെ നിറവും വലിപ്പവും പാരമ്പര്യം, കാലാവസ്ഥ, പ്രായം, ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ പ്രവർത്തനം എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണ ഇരുണ്ടതും ഇടതിങ്ങിയതുമായ സടയുള്ള സിംഹങ്ങൾ ആരോഗ്യവാന്മാരായിരിക്കും.ഇരുണ്ട സടയുള്ള സിംഹങ്ങൾക്ക് കൂടുതൾ പ്രത്യുൽ‌പാദനശേഷിയും അവയുടെ കുട്ടികൾക്ക് കൂടുതൽ ആരോഗ്യവും ഉണ്ടായിരിക്കും എന്നാൽ വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും ഇവയാണ്.[22] ഒന്നിലധികം ആൺസിംഹങ്ങളാൽ നയിക്കപ്പെടുന്ന പ്രൈഡിൽ പെൺസിംഹങ്ങൾ കൂടുതൽ സടയുള്ള ആൺസിംഹങ്ങളുമായി രമിക്കാൻ ഇഷ്ടപ്പെടുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.[23]

ശാസ്ത്രജ്ഞർ ആദ്യം സടയിലും മറ്റു ശരീരഭാഗങ്ങളിലുമുള്ള രൂപവ്യത്യാസം വച്ച് സിംഹങ്ങളെ വിവിധ ഉപവർഗ്ഗങ്ങളായി തിരിക്കാമെന്നു കരുതിയിരുന്നു. എന്നാൽ പിന്നീട് നടന്ന പഠനങ്ങൾ രൂപത്തിൽ കാലാവസ്ഥ മുതലായ ഘടകങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ടെന്നു കണ്ടെത്തി.[22] യൂറോപ്പിലേയും വടക്കേ അമേരിക്കയിലെയും തണുപ്പുള്ള മൃഗശാലകളിൽ കഴിയുന്ന സിംഹങ്ങൾക്ക് ഇടതിങ്ങിയ സട ഉണ്ടാകുന്നു. ഏഷ്യൻ സിംഹങ്ങൾക്ക് ആഫ്രിക്കൻ സിംഹങ്ങളേക്കാൾ സടയുടെ വലിപ്പം കുറവാണ്.[24]

സട ഇല്ലാത്ത ആൺസിംഹങ്ങളെ സെനഗലിലും കെനിയയിലെ സാവോ ദേശീയോദ്യാനത്തിലും കണ്ടെത്തിയിട്ടുണ്ട്. ടിംബാവലിയിൽ കണ്ടെത്തിയ യഥാർഥ വെളുത്ത സിംഹത്തിനും സടയില്ല.യൂറോപ്യൻ ഗുഹാസിംഹങ്ങളുടെ ചിത്രങ്ങളിലും സടയുള്ള സിംഹങ്ങളെ കാണാൻ കഴിഞ്ഞിട്ടില്ല അതുമൂലം അവയ്ക്കും സട ഉണ്ടായിരുന്നില്ലെന്ന് കണക്കാക്കപ്പെടുന്നു. [16]

ജീവിതരീതി

തിരുത്തുക

വേട്ടയും ഭക്ഷണക്രമവും

തിരുത്തുക
 
Wiktionary
സിംഹം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
 
ശക്തമായ താടിയെല്ലും മൂർച്ചയുള്ള പല്ലുകളും ഇരകളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ഉപയോഗിക്കുന്നു

കൂട്ടമായി വേട്ടയാടുന്ന മൃഗമാണ് സിംഹം. പെൺസിംഹങ്ങളാണ് വേട്ടയാടുന്നതിൽ മുൻപിൽ. സിംഹങ്ങൾക്ക് 59കിമീ/മണിക്കൂർ വേഗത്തിൽ വരെ ഓടാൻ സാധിക്കും[25] പക്ഷ ഇത്രയും വേഗത കുറച്ചു ദൂരം മാത്രമേ ലഭിക്കൂ,[26] അതുമൂലം ഇരകളുടെ വളരെ അടുത്തെത്തിയിട്ടേ സിംഹങ്ങൾ ആക്രമണം ആരംഭിക്കാറുള്ളൂ. സാധാരണ പുൽക്കൂട്ടങ്ങളോ അതുപോലെ മറവു നൽകുന്ന പ്രദേശങ്ങളിലോ വെച്ച് രാത്രി സമയത്താണ് സിംഹങ്ങൾ വേട്ട നടത്തുക. 30 മീറ്റർ വരെ ഇരയുടെ അടുത്ത് പതുങ്ങി ചെന്നെത്തിയിട്ടേ വേട്ട ആരംഭിക്കാറുള്ളൂ. ഒരേ ഇരയെത്തന്നെ പല ദിക്കിൽ നിന്നും പലസിംഹങ്ങൾ ഒരേ സമയം ആക്രമിക്കുന്നു. ആക്രമണങ്ങൾ ചെറുതും ശക്തവുമായിരിയ്കും. ഓടിച്ചെന്നു ഇരയുടെ പുറത്ത് ചാടി വീഴുകയാണ് സാധാരണ ആക്രമണതന്ത്രം. ഇരയുടെ കഴുത്തിൽ പിടിമുറുക്കി ചെറിയ ഇരകളാണെങ്കിൽ കഴുത്തൊടിച്ചും വലിയവയാണെങ്കിൽ ശ്വാസം മുട്ടിച്ചുമാണ് കൊല്ലുക.[27] ശക്തമായ താടിയെല്ല് സിംഹങ്ങളെ ഇതിന് സഹായിക്കുന്നു.

വലിയ സസ്തനികളാണ് സിംഹങ്ങളുടെ ഇരകളിൽ പ്രധാനം. ആഫ്രിക്കയിൽ വിൽഡ്‌ബീസ്റ്റ്, ഇം‌പാല, സീബ്ര, കാട്ടുപോത്ത്, കാട്ടുപന്നി(Warthog) എന്നിവയും ഇന്ത്യയിൽ നീൽഗായ്, പലതരം മാനുകൾ എന്നിവയും സിംഹങ്ങൾക്ക് ഇരകളാണ്. കൂട്ടമായി വേട്ടയാടുന്ന സിംഹങ്ങൾക്ക് ഒട്ടുമിക്ക വന്യജീവികളേയും വേട്ടയാടി കൊല്ലാൻ കഴിവുണ്ട്, എങ്കിലും പൂർണവളർച്ചയെത്തിയ ആനകളേയും, കാട്ടുപോത്തുകളേയും ജിറാഫുകളേയും സിംഹങ്ങൾ സാധാരണ വേട്ടയാടാറില്ല. ഇവയെ വേട്ടയാടുന്നതിനിടയിൽ പറ്റിയേക്കാവുന്ന പരിക്കുകളെ ഭയന്നാണിത്.[28] എങ്കിലും ഭക്ഷണലഭ്യത വളരെയധികം കുറയുമ്പോൾ സിംഹങ്ങൾ വളരെവലിയ മൃഗങ്ങളായ ആനകളേയും ജിറാഫുകളേയും വേട്ടയാടുന്നു.ആഫ്രിക്കയിലെ സാവുടി നദിക്കരയിലെ സിംഹങ്ങൾ ആനകളേയും[29][30] ക്രുഗർ നാഷ്ണൽ പാർക്കിലെ സിംഹങ്ങൾ ജിറാഫുകളേയും വേട്ടയാടുന്നു.[31]

ചിത്രശാല

തിരുത്തുക
  1. 1.0 1.1 Nowell & Bauer (2004). Panthera leo. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006. Database entry includes a lengthy justification of why this species is vulnerable
  2. "The origin, current diversity and future conservation of the modern lion". Archived from the original on 2013-08-01. Retrieved 2007-10-23.
  3. Werdelin, Lars (2005). "Plio-Pleistocene Carnivora of eastern Africa: species richness and turnover patterns". Zoological Journal of the Linnean Society. 144 (2). The Linnean Society of London: 121–144. Archived from the original on 2007-09-30. Retrieved 2007-07-08. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  4. Yu, Li (2003). "Phylogenetic studies of pantherine cats (Felidae) based on multiple genes, with novel application of nuclear β-fibrinogen intron 7 to carnivores". Molecular Phylogenetics and Evolution. 35 (2): 483–495. doi:10.1016/j.ympev.2005.01.017. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  5. Yamaguchi, Nobuyuki (2004). "Evolution of the mane and group-living in the lion (Panthera leo): a review". Journal of Zoology. 263 (4): 329–42. doi:10.1017/S0952836904005242. ISSN 1469-7998. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  6. Turner, Allen (1997). The big cats and their fossil relatives : an illustrated guide to their evolution and natural history. New York: Columbia University Press. ISBN 0-231-10229-1.
  7. Harington, CR (1996). "American Lion". Yukon Beringia Interpretive Centre website. Yukon Beringia Interpretive Centre. Archived from the original on 2004-12-10. Retrieved 2007-09-22.
  8. Barbary Lion - Panthera leo leo - Largest Lion Subspecies Retrieved on 19 September, 2007
  9. Grisham, Jack (2001). "Lion". In Catherine E. Bell (ed.). Encyclopedia of the Wolrd's Zoos. Vol. Volume 2: G–P. Chofago: Fitzroy Dearborn. pp. pp.733–739. ISBN 1-57958-174-9. {{cite encyclopedia}}: |pages= has extra text (help); |volume= has extra text (help)
  10. 10.0 10.1 Barnett, Ross (2006). "Lost populations and preserving genetic diversity in the lion Panthera leo: Implications for its ex situ conservation". Conservation Genetics. 7 (4): 507–514. doi:10.1007/s10592-005-9062-0. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  11. 11.0 11.1 11.2 Burger, Joachim; et al. (2004). "Molecular phylogeny of the extinct cave lion Panthera leo spelaea" (PDF). Molecular Phylogenetics and Evolution. 30 (3): 841–849. doi:10.1016/j.ympev.2003.07.020. Archived from the original (PDF) on 2011-08-09. Retrieved 2007-09-20. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)
  12. Wildlife Conservation Trust of India (2006). "Asiatic Lion - History". Asiatic Lion Information Centre. Wildlife Conservation Trust of India. Archived from the original on 2011-08-18. Retrieved 2007-09-15.
  13. 13.0 13.1 Nowell K, Jackson P (1996). "Panthera Leo". Wild Cats: Status Survey and Conservation Action Plan (PDF). Gland, Switzerland: IUCN/SSC Cat Specialist Group. pp. 17–21. ISBN 2-8317-0045-0. {{cite book}}: line feed character in |title= at position 50 (help)
  14. Martin, P.S. (1984). Quaternary Extinctions. Tucson, Arizona: University of Arizona Press. ISBN 0-8165-1100-4.
  15. Packer, Craig (November 2000). "When Lions Ruled France" (PDF). Natural History: 52–57. Archived from the original (PDF) on 2007-09-25. Retrieved 2007-08-27. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  16. 16.0 16.1 (in German) Koenigswald, Wighart von (2002). Lebendige Eiszeit: Klima und Tierwelt im Wandel. Stuttgart: Theiss. ISBN 3-8062-1734-3.
  17. Baryshnikov, G.F. (2001). "The Pleistocene cave lion, Panthera spelaea (Carnivora, Felidae) from Yakutia, Russia". Cranium. 18 (1): 7–24. {{cite journal}}: Cite has empty unknown parameter: |month= (help); Unknown parameter |coauthors= ignored (|author= suggested) (help)
  18. Kelum Manamendra-Arachchi, Rohan Pethiyagoda, Rajith Dissanayake, Madhava Meegaskumbura (2005). "A second extinct big cat from the late Quaternary of Sri Lanka" (PDF). The Raffles Bulletin of Zoology Supplement. 12. National University of Singapore: 423–434. Archived from the original (PDF) on 2007-08-07. Retrieved 2007-07-31. {{cite journal}}: Cite has empty unknown parameter: |month= (help)CS1 maint: multiple names: authors list (link)
  19. Harington, CR (1969). "Pleistocene remains of the lion-like cat (Panthera atrox) from the Yukon Territory and northern Alaska". Canadian Journal Earth Sciences. 6 (5): 1277–88.
  20. Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0-8018-5789-9.
  21. Trivedi, Bijal P. (2005). "Are Maneless Tsavo Lions Prone to Male Pattern Baldness?". National Geographic. Retrieved 2007-07-07.
  22. 22.0 22.1 West, Peyton M. (2002). "Sexual Selection, Temperature, and the Lion's Mane". Science. 297 (5585): 1339–1343. doi:10.1126/science.1073257. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
  23. Trivedi, Bijal P. (Aug 22, 2002). "Female Lions Prefer Dark-Maned Males, Study Finds". National Geographic News. National Geographic. Retrieved 2007-09-01.
  24. Menon, Vivek (2003). A Field Guide to Indian Mammals. Delhi: Dorling Kindersley India. ISBN 0-14-302998-3.
  25. Schaller, p. 233
  26. Schaller, p. 247–8
  27. Dr Gus Mills. "About lions - Ecology and behaviour". African Lion Working Group. Archived from the original on 2014-03-31. Retrieved 2007-07-20.
  28. "African Lion Hunting Habits in South Africa and Southern Africa". {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  29. Kemp, Leigh. "The Elephant Eaters of the Savuti". go2africa. Archived from the original on 2007-10-19. Retrieved 2007-11-29. {{cite web}}: Unknown parameter |accessmonthdate= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  30. Whitworth, Damien (October 9, 2006). "King of the jungle defies nature with new quarry". The Australian. Archived from the original on 2012-05-27. Retrieved 2007-07-20.
  31. Pienaar U de V (1969). "Predator-prey relationships amongst the larger mammals of the Kruger National Park". Koedoe. 12: 108–76.
"https://ml.wikipedia.org/w/index.php?title=സിംഹം&oldid=4114957" എന്ന താളിൽനിന്ന് ശേഖരിച്ചത്