മലയാളചലച്ചിത്രനടിയും നൃത്തസംവിധായികയുമാണ് അമൃതം ഗോപിനാഥ് (ജനനം:1946).[1] പത്താം വയസിൽ നാടകങ്ങളിലും മറ്റും അഭിനയിച്ചു തുടങ്ങിയ ഇവർ അമ്പതോളം ചലച്ചിത്രങ്ങളിൽ വേഷമിട്ടു. റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിൽ ഗോപാലകൃഷ്ണനോട് (മുകേഷ്) 'കമ്പിളിപ്പുതപ്പ്' വാങ്ങണമെന്നു പറയുന്ന മേട്രൻ ചേച്ചിയെ അവതരിപ്പിച്ചത് അമൃതം ആയിരുന്നു.[1]

അമൃതം ഗോപിനാഥ്
ജനനം1946 (വയസ്സ് 75–76)
ദേശീയതIndiaഇന്ത്യൻ
തൊഴിൽനർത്തകി
അറിയപ്പെടുന്നത്നാടക-ചലച്ചിത്രനടി

കുടുംബംതിരുത്തുക

1946-ൽ ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് അരവികുളങ്ങര വീട്ടിൽ കൃഷ്ണപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകളായി ജനനം. നർത്തകനായ ഷാഡോ ഗോപിനാഥിനെ വിവാഹം കഴിച്ചു. നാലു കുട്ടികൾ.[1]

നൃത്തവും അഭിനയവുംതിരുത്തുക

കുട്ടിക്കാലത്തുതന്നെ നൃത്തരംഗത്തേക്കു കടന്നുവന്ന അമൃതം മണിപ്പൂരി നൃത്തവും കഥക്കും പഠിച്ചിരുന്നു.[2] തിരുവിതാംകൂർ രാജസഭയിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ചിത്തിര തിരുന്നാൾ മഹാരാജാവ് അമൃതത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.[1]

1959-ൽ ഗായകൻ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.[1] അതിൽ യേശുദാസിന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്. പിന്നീട് കല്പന തീയറ്റേഴ്സിലും പി.ജെ. തീയറ്റേഴ്സിലും നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ബഹദൂർ, മുതുകുളം രാഘവൻ പിള്ള എന്നിവർക്കൊപ്പം നാടകങ്ങളിലും സിനിമകളിലും അഭിനയിക്കുവാൻ അവസരം ലഭിച്ചു.[2]

അമൃതം അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം വേലക്കാരൻ (1953) ആയിരുന്നു.[1] അതേവർഷം പുറത്തിറങ്ങിയ ശരിയോ തെറ്റോ എന്ന ചിത്രത്തിൽ തിക്കുറിശ്ശിയുടെ സഹോദരിയായി വേഷമിട്ടു.[2] പിന്നീട് പാലാട്ടുകോമൻ (1962), ഉമ്മ (1960), മാമാങ്കം (1979) എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ഇവയിൽ പലതും ചെറിയ വേഷങ്ങളായിരുന്നു.[1]

രണ്ടു മുഖങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി നൃത്തസംവിധാനം നിർവ്വഹിച്ചത്.[2] പിന്നീട് ഈണം മറന്ന കാറ്റ്, അഴിയാത്ത ബന്ധങ്ങൾ, ആഴി, തച്ചോളി അമ്പു, മാമാങ്കം, പടയോട്ടം, ആലിലക്കുരുവികൾ, പോലീസ് ഡയറി, പപ്പയുടെ സ്വന്തം അപ്പൂസ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ തെലുങ്ക് ചലച്ചിത്രമായ ഓട്ടോഗ്രാഫ്, ഇംഗ്ലീഷ് ചലച്ചിത്രം ബ്ലാക്ക് വാട്ടർ എന്നിവയിലും നൃത്തസംവിധായികയായി.[1]

ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.[1] ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന അമൃതം പിന്നീട് നൃത്താധ്യാപികയായി. കുഞ്ചാക്കോ ബോബൻ, ജലജ, മങ്ക മഹേഷ് തുടങ്ങി നിരവധി ചലച്ചിത്രതാരങ്ങളെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്.[2]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "കമ്പിളിപ്പുതപ്പ് ഇവിടെയുണ്ട്". മാതൃഭൂമി ദിനപത്രം. മൂലതാളിൽ നിന്നും 2014-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 24. Check date values in: |accessdate= (help)
  2. 2.0 2.1 2.2 2.3 2.4 "ആ 'കമ്പിളിപ്പുതപ്പ്' ദേ ഇവിടെയുണ്ട്". മലയാള മനോരമ. 2015 ഡിസംബർ 27. മൂലതാളിൽ നിന്നും 2016 മാർച്ച് 25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 മാർച്ച് 25. Check date values in: |accessdate=, |date=, and |archivedate= (help)
"https://ml.wikipedia.org/w/index.php?title=അമൃതം_ഗോപിനാഥ്&oldid=3623423" എന്ന താളിൽനിന്ന് ശേഖരിച്ചത്