അങ്കോർ വാട്ട്

കംബോഡിയയിലെ ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് അങ്കോർ വാട്ട് (ഇംഗ്ലീഷ്: Angkor Wat ; ഖമർ: អង្គរវត្ត). കമ്പോഡിയയിലെ അങ്കോർ എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി.

അങ്കോർ വാട്ട്
പേരുകൾ
ശരിയായ പേര്:പ്രസാത് അങ്കോർ വാട്ട്
സ്ഥാനം
സ്ഥാനം:അങ്കോർ, കമ്പോഡിയ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ആദിനാരായണൻ/വിഷ്ണു
വാസ്തുശൈലി:Khmer
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
പന്ത്രണ്ടാം നൂറ്റാണ്ട്
സൃഷ്ടാവ്:സൂര്യവർമ്മൻ II

ഇന്ന് കമ്പോഡിയയുടെ ഒരു ചിഹ്നം എന്ന നിലയിൽ പ്രധാന വിനോദ ആകർഷണമാണ് ഈ ക്ഷേത്രം. കമ്പോഡിയയുടെ ദേശീയപതാകയിൽ വരെ ഈ ക്ഷേത്രം മുദ്രണം ചെയ്തിരിക്കുന്നു.[1]. നഗരം എന്ന വാക്കിന്റെ കമ്പോഡിയൻ ഭേദമായ അങ്കോർ എന്ന പദവും ഖെമർ കാലഘട്ടത്തിൽ ക്ഷേത്രം എന്ന പദത്തിനുപയോഗിച്ചിരുന്ന വാട്ട് എന്ന പദവും ചേർന്നാണ് അങ്കോർ വാട്ട് എന്ന പദമുണ്ടായിരിക്കുന്നത്.

ചരിത്രം

തിരുത്തുക
 
എമിൽ ജെസിൽ 1866-ൽ എടുത്ത അങ്കോർ വാട്ടിന്റെ ചിത്രം

നവീന കമ്പോഡിയൻ നഗരമായ സിയെം റീപ്പിൽ നിന്നും അഞ്ച് കിലോമീറ്റർ വടക്കോട്ടും പഴയ തലസ്ഥനമായ ബാപ്പുവോണിൽ നിന്നും കിഴക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു. ഇത് പുരാതന കെട്ടിടങ്ങൾ നിറഞ്ഞ കമ്പോഡിയൻ ഭാഗമാണ്. നഗരത്തിന്റെ വിസ്തീർണം 8 ച.കി.മീ. ആണ്. ചുറ്റും ചിത്രാലംകൃതമായ മതിലുകൾ പണിതുയർത്തിയിരുന്നു. രാജ്യചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് ഈ കോട്ടയുടെ ചുമരുകളിൽ ആലേഖനം ചെയ്തിരുന്നത്. പത്തു ലക്ഷത്തിലേറെ ജനങ്ങൾ ഒരു കാലത്ത് ഈ നഗരത്തിൽ ഉണ്ടായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. മതിൽകെട്ടുകളുടെയും അവയ്ക്കുള്ളിൽ സ്ഥിതിചെയ്തിരുന്ന കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങൾ തുടങ്ങിയവയുടെയും പല നഷ്ടാവശിഷ്ടങ്ങളും കാണാൻ കഴിയും. ഈ നഗരത്തിന്റെ നിർമ്മാണം എ.ഡി. 800-ൽ ആരംഭിച്ചു, മൂന്നു നൂറ്റാണ്ടുകൾകൊണ്ടു പൂർത്തിയായി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ (ഭരണകാലം: 1113 – 1150) എന്ന ഖെമർ രാജാവിന്റെ കാലത്താണ് ക്ഷേത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു കരുതപ്പെടുന്നു. വിഷ്ണുക്ഷേത്രമായ ഇത് ദേശക്ഷേത്രമായി. ക്ഷേത്രത്തിനു ചുറ്റുമായി അദ്ദേഹം തലസ്ഥാനനഗരിയും പണിതു. ക്ഷേത്രത്തിന്റെ പുരാതന നാമം വരാഹ വിഷ്ണുലോകം എന്നായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ യഥാർത്ഥ നാമത്തെക്കുറിച്ച് സൂചിപ്പിക്കുന്ന യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ല. അതിനാൽ ഇതിന്നും ചരിത്രകാരന്മാർക്ക് അന്യമാണ്. ക്ഷേത്രനിർമ്മാണം രാജാവിന്റെ മരണത്തോടെ അവസാനിച്ചു എന്നു കരുതുന്നു. പിന്നീട് 1177ൽ, കൃത്യമായി പറഞ്ഞാൽ സൂര്യവർമ്മൻ രണ്ടാമന്റെ മരണത്തിനു 27 വർഷത്തിനു ശേഷം ഖെമറുകളുടെ പരമ്പരാഗതശത്രുക്കളായ ചമ്പ രാജവംശത്തിലെ ജയവർമ്മൻ ഏഴാമൻ പ്രദേശം കീഴടക്കുകയും ക്ഷേത്രത്തിന്റെ മിനുക്കുപണികൾ പൂർത്തിയാക്കുകയും ചെയ്തെന്നു കരുതപ്പെടുന്നു.

പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജയവർമ്മൻ ഏഴാമനെ അദ്ദേഹത്തിന്റെ പൗത്രനായ ശൃംന്ദ്രവർമ്മൻ സ്ഥാനഭ്രഷ്ടനാക്കി. രാജാവാകുന്നതിനു മുൻപ് പത്ത് കൊല്ലം ശ്രീലങ്കയിൽ കഴിഞ്ഞ ശൃംന്ദ്രവർമ്മൻ, ബുദ്ധമതാനുയായി മാറിയിരുന്നു. ആയതിനാൽ ശൃംന്ദ്രവർമ്മൻ ബുദ്ധമതത്തെ തന്റെ രാജ്യത്തെ പ്രധാന മതമാക്കി മാറ്റി. ഇതേത്തുടർന്ന് അങ്കോർ വാട്ട് തേർവാദ ബുദ്ധക്ഷേത്രമായി മാറി. പതിനാറാം നൂറ്റാണ്ടിൽ ക്ഷേത്രം പൂർണ്ണമായി ഉപേക്ഷിക്കപ്പെട്ടെങ്കിലും ക്ഷേത്രത്തിനു ചുറ്റുമുള്ള കിടങ്ങ് ക്ഷേത്രത്തിന് പൂർണ്ണനാശത്തിൽ നിന്നു രക്ഷയായി.[2]

 
അഭിമാനസ്തംഭം എന്ന നിലയിൽ കമ്പോഡിയയുടെ പതാകയിൽ ക്ഷേത്രത്തിന്റെ പടം ആലേഖനം ചെയ്തിരിക്കുന്നു

വലിയ വനത്തിന്റെ നടുവിൽ ഒറ്റപ്പെട്ട നിലയിൽ ഉണ്ടായിരുന്ന ക്ഷേത്രം ചിലപ്പോൾ അലഞ്ഞുതിരിയുന്ന ബുദ്ധസന്യാസിമാരുടെ കണ്ണിൽ പെട്ടെങ്കിലും അതിന്റെ ഉത്ഭവത്തെക്കുറിച്ച് ഉണ്ടായ അജ്ഞത അവരിൽ ക്ഷേത്രത്തെക്കുറിച്ച് ഇതിഹാസസമാനമായ കഥകൾ ഉണ്ടാകാൻ കാരണമായി. പിന്നീട് നഷ്ടപ്പെട്ടുപോയ ക്ഷേത്രനഗരത്തെക്കുറിച്ച് ചില യൂറോപ്യന്മാരറിയുകയും തുടർന്നുണ്ടായ തിരച്ചിലിൽ ഫ്രെഞ്ചുകാരനായ ഹെൻ‌റി മൌഹത് 1860-ൽ ക്ഷേത്രത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഫ്രഞ്ചുകാർ ക്ഷേത്രത്തെ പുനരുദ്ധരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയും അത് കൃത്യമായി നടപ്പക്കുകയും ചെയ്തു. പുനരുദ്ധാരണം ഇന്നും തുടരുന്നുണ്ട്.

രൂപകല്പന

തിരുത്തുക
 
ആകാശ കാഴ്ച

കമ്പോഡിയയുടെ പഴയ തലസ്ഥാനമായിരുന്ന ബാഫുവോണിനു സമീപമുള്ള സീം റീപ് എന്ന പട്ടണത്തിനു 5.5 കി.മീ. വടക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നത്. കമ്പോഡിയയിലെ ഏറ്റവും പഴയ ഒരു കൂട്ടം കെട്ടിടങ്ങൾ ഈ പ്രദേശത്താണ്.

ഒരു കോട്ട പോലെയാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രനഗരത്തിനു ചുറ്റും 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങുണ്ട്. അതിനുള്ളിൽ 5 മീറ്റർ ഉയരമുള്ളതും ഏകദേശം ഒരു മീറ്റർ വീതിയുള്ളതുമായ മതിൽ ക്ഷേത്രനഗരത്തെ സംരക്ഷിക്കുന്നു. കിഴക്കും പടിഞ്ഞാറുമുള്ള പാലങ്ങൾ വഴി മാത്രമേ ആ പ്രദേശത്തേക്ക് പ്രവേശനം സാധിക്കുകയുള്ളു. പാലങ്ങൾക്ക് സമീപമായി ഗോപുരങ്ങളുണ്ട്. ഈ ഗോപുരങ്ങൾ ക്ഷേത്രത്തെ അനുകരിച്ച് ഉണ്ടാക്കിയവയാണ്. ശത്രുക്കൾ ഗോപുരത്തേ ക്ഷേത്രമായി തെറ്റിദ്ധരിച്ച് ആക്രമിക്കാൻ ഇടയുണ്ട് എന്നറിഞ്ഞുകൊണ്ടാണിങ്ങനെ സൃഷ്ടിച്ചത് എന്നാണ് ശാസ്ത്രാഭിപ്രായം. ഏതായാലും പടിഞ്ഞാറുഭാഗത്തെ ഗോപുരങ്ങൾ തകർന്ന നിലയിലാണ്. മതിൽ 203 ഏക്കർ സ്ഥലത്തെ സംരക്ഷിക്കുന്നു. ദക്ഷിണപൂർവേഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയശില്പങ്ങളിലൊന്നായി അങ്കോർവാത് നൂറ്റാണ്ടുകളായി പരിഗണിക്കപ്പെട്ടുവരുന്നു. പിരമിഡിന്റെ ആകൃതിയിലുള്ള ഈ ക്ഷേത്രസൌധം വളരെ വലിപ്പമേറിയതാണ്. ഇതിലെ ലളിതവും സ്നിഗ്ധവും ആയ ശില്പങ്ങളും അലങ്കാരസംവിധാനങ്ങളും നിസ്തന്ദ്രവും നിഷ്കൃഷ്ടവുമായ കലോപാസനയുടെ നിദർശനങ്ങളാണ്. ചുറ്റുമുള്ള വിസ്താരമേറിയ കിടങ്ങും അതിലൂടെ പ്രധാന ഗോപുരത്തിലേക്കുള്ള നടപ്പാതയും മിനുസമുള്ള ചെങ്കല്ലുകൾ പടുത്തതാണ്. നടപ്പാതയുടെ നീളം 1,800 അടി വരും.

 
അങ്കോർ വാട്ട് ശൈലിയിലുള്ള കൊത്തുപണികൾ

തമിഴ്നാട്ടിലെ ചോള ശില്പകലയുടെ സാന്നിദ്ധ്യം ക്ഷേത്രത്തിൽ ഉണ്ട്. ഹൈന്ദവ വിശ്വാസത്തിലെ മഹാമേരു എന്ന പർവ്വതത്തിന്റെ രൂപത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. മറ്റ് ഹൈന്ദവക്ഷേത്രങ്ങളധികവും കിഴക്കോട്ട് ദർശനമായി ഇരിക്കുമ്പോൾ അങ്കോർ വാട്ട് പടിഞ്ഞാറോട്ട് ദർശനമായാണ് സൃഷ്ടിച്ചിരിക്കുന്നത്. മഹാവിഷ്ണു പടിഞ്ഞാറാണ് എന്ന വിശ്വാസം കൊണ്ടാണിതെന്നു കരുതുന്നു. കരിങ്കല്ലുകളും ചുടുകട്ടകളും ഒഴിവാക്കി വെട്ടുകല്ല് പോലുള്ള കല്ലുകൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൽക്കഷണങ്ങളെ കൂട്ടിനിർത്താനുപയോഗിച്ചിരിക്കുന്ന പദാർത്ഥം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും അത് മരപ്പശയോ കുമ്മായക്കൂട്ടോ ആയിരിക്കാനിടയുണ്ടെന്നു കരുതുന്നു. ക്ഷേത്രത്തിനു ചുറ്റും ഏറെ കൊത്തുപണികൾ നടത്തിയിട്ടുണ്ട്[3]. പ്രാചീന കംബോഡിയൻകലയുടെ ഒരു നല്ല മാതൃകയാണ് ഈ ക്ഷേത്രശില്പം. അക്കാലത്ത് ദക്ഷിണേന്ത്യയിൽ നിലവിലിരുന്ന ശില്പകലയുടെ അതിപ്രസരം ഇതിൽ പ്രകടമായി കാണാം. നടുവിലുള്ള ഗോപുരത്തിന്റെ ഉയരം 200 അടിയാണ്. അതിന്റെ ഉള്ളിലെ വിഷ്ണു പ്രതിഷ്ഠയിലേക്കുള്ള സോപാനത്തിൽ 2 അടി വീതം ഉയരമുള്ള 38 പടികളുണ്ട്. ചുറ്റമ്പലത്തിന്റെ നാലു മൂലകളിലും ചെറിയ ഓരോ ഗോപുരം നിർമിച്ചിട്ടുണ്ട്. കൊത്തുപണികൾകൊണ്ടു മോടിപിടിപ്പിച്ച തൂണുകളും ചിത്രാലംകൃതങ്ങളായ ചുവരുകളുംകൊണ്ടു ചുറ്റപ്പെട്ടതാണ് ഗർഭഗൃഹം. ചോളപല്ലവശില്പങ്ങളിലെന്നതുപോലെ നൃത്തംചെയ്യുന്ന അപ്സരസ്സുകളുടെ പ്രതിമകൾ ഈ ശാലകളുടെയും മണ്ഡപങ്ങളുടെയും ചുവരുകളിൽ ഇടതൂർന്നുനില്ക്കുന്നു. കൊത്തുപണികളിൽ രാമരാവണയുദ്ധം, കുരുക്ഷേത്രയുദ്ധം, പാലാഴിമഥനം, കൃഷ്ണ-ബാണയുദ്ധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കുന്നു. ദേവാസുരൻമാർ, വാസുകി, മന്ദരപർവതം, കൂർമ്മാവതാരം തുടങ്ങി ഓരോ ഇനവും വ്യക്തമായി ചിത്രണം ചെയ്തിട്ടുള്ള ശില്പങ്ങൾകൊണ്ടു നിറഞ്ഞ പാലാഴിമഥനശില്പം ഉദാത്തമായ ഒരു കലാശൈലിയുടെ ഉജ്ജ്വലമായ നിദർശനമാണ്. ക്ഷേത്രത്തിന് ചുറ്റും വിശാലമായ അങ്കണങ്ങളുണ്ട്. ഇവയും കലാപരമായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. ചുറ്റുപാടും പണിഞ്ഞിട്ടുള്ള മുറികളിലും നിരവധി ചിത്രശില്പങ്ങൾ കാണാം. ഹൈന്ദവ ദേവതകളുടേയും അസുരന്മാരുടേയും ഗരുഡന്റേയും താമരയുടേയുമെല്ലാം രൂപങ്ങൾ ഇവയിൽ കാണാൻ കഴിയും.

 
ക്ഷേത്രം ദൂരക്കാഴ്ചയിൽ

നിഗൂഢതകൾ

തിരുത്തുക

ശാസ്ത്രത്തിനു പിടികിട്ടാത്ത ചില പ്രത്യേകതകളെങ്കിലും അങ്കോർ വാട്ട് ക്ഷേത്രസമുച്ചയത്തിനുണ്ടെന്നു ചിലരെങ്കിലും കരുതുന്നു[4]. അവ താഴെ പറയുന്നവയാണ്. ക്രിസ്തുവിനു മുമ്പ് 10,500 ലെ വസന്തവിഷുവത്തിൽ ദൃശ്യമായിരുന്ന ആകാശത്തിന്റെ അതേ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലൊന്നായ നോം ബാക്കെങ്ങിന്റെ (Phnom Bakheng) ചുറ്റും 108 ഗോപുരങ്ങളുണ്ട്. ഹിന്ദു - ബുദ്ധ വിശ്വാസങ്ങളിൽ 108 എന്ന എണ്ണത്തിനു (72+36, 36=72/2) പ്രത്യേകതകളുണ്ട്. 72 എന്ന സംഖ്യ ഭൂമിയുടെ അച്ചുതണ്ടിന്റെ സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ 25,920 വർഷത്തിലും ഭൂമിയുടെ സ്ഥാനം നക്ഷത്രരാശികളെ അപേക്ഷിച്ചു മാറും എന്നു കരുതുന്നു. അതായത് ഓരോ എഴുപത്തിരണ്ട് വർഷത്തിലും ഒരു ഡിഗ്രി വീതം. ഗിസയിലെ പിരമിഡിൽ നിന്നും 72° കിഴക്കുമാറിയാണ് അങ്കോർ വാട്ട് സ്ഥിതി ചെയ്യുന്നതെന്നും സ്മരണീയമാണ്. ക്ഷേത്രങ്ങളായ ബാക്കോന്റ്, പ്രാഹ് കോ, പ്രേ മോൺലി, എന്നിവ ക്രിസ്തുവിനു മുമ്പ് 10,500-ലെ വസന്തവിഷുവത്തിന്റന്ന് കൊറോണ ബൊറിയാലിസ് എന്ന മൂന്നു നക്ഷത്രങ്ങൾ ദൃശ്യമായിരുന്ന വിധത്തിലാണെന്നു കരുതുന്നു. എന്നാൽ ക്ഷേത്രത്തിന്റെ നിർമ്മാണ കാലഘട്ടത്തിൽ ഈ നക്ഷത്രങ്ങളെ പ്രദേശത്തുനിന്നും വീക്ഷിക്കാൻ കഴിയില്ലായിരുന്നു എന്നത് കൌതുകകരമാണ്.

പ്രത്യേകതകൾ

തിരുത്തുക

പുറത്തെ വലയിതപ്രദേശം

തിരുത്തുക
 
മുകൾ മണ്ഡപം

5 മീറ്റർ പൊക്കമുള്ള മതിൽകെട്ട് ക്ഷേത്രസമുചയത്തിനു ചുറ്റുമുണ്ട്. ക്ഷേത്രത്തിലേക്ക് കിഴക്കുവശത്തുകൂടിയും പടിഞ്ഞാറുവശത്തുകൂടിയും പ്രവേശിക്കാം. പടിഞ്ഞാറുവശത്തെ പ്രവേശനദ്വാരം ഒരു തടിപ്പാലം പിന്നീട് നവീകരിച്ചുണ്ടാക്കിയതാണ്[5] ക്ഷേത്രസമുചയത്തിന്റെ നാലുവശത്തും ഗോപുരങ്ങൾ കാണാം .നാശോന്മുഖമായ മൂന്ന് കൊത്തളങ്ങളുള്ള പടിഞ്ഞാറുവശത്തെ ഗോപുരമാണ് ഇവയിൽ ഏറ്റവും വലുത്. തെക്ക് വശത്തെ ഗോപുരത്തിനടിയിൽ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ വിഷ്ണുവിന്റെ ടാ റീച്ച് (Ta Reach) എന്നറിയപ്പേടുന്ന ഒരു ശില്പം കാണാം.[5] ഗോപുരത്തിനിരുവശത്തും ഗജദ്വാരങ്ങൾ എന്നറിയപ്പെടുന്ന രണ്ട് പ്രവേശന കവാടങ്ങൾ കാണാം. ആനകൾക്ക് പോലും വളരെ ലളിതമായി കയറാൻ തക്ക വലിപ്പമുള്ളതിനാലാണ് ഇവയ്ക്ക് ഈ നാമം ലഭിച്ചതെന്ന് കരുതപ്പെടുന്നു. രണ്ട് ഗജദ്വാരങ്ങൾക്കിടയിൽ ഒരു ചിത്രമണ്ഡപമുണ്ട്. ഈ ചിത്രമണ്ഡപത്തിന്റെ ബാഹ്യവശത്ത് (പടീഞ്ഞാറ്) ചതുരാകൃതിയിലുള്ള തൂണുകളും അകവശത്ത് (കിഴക്ക്) ഒരു ഭിത്തിയുമാണ്. മണ്ഡപത്തിന്റെ തൂണുകൾക്കിടയിലെ മച്ച് താമരയിതളുകളുടെ രൂപങ്ങളാലും, ഭിത്തിയുടെ പടിഞ്ഞാറ് ഭാഗം നൃത്തരൂപങ്ങളാലും, കിഴക്കുവശം അഴികളോടു കൂടിയ ജാലകങ്ങളാലും ദേവതാരൂപങ്ങളാലും അലകൃതമാണ്.

പുറത്തെ ഭിത്തി ഏതാണ്ട് 820,000 ചതുരശ്രമീറ്റർ (203 ഏക്കർ) സ്ഥലത്തെ ഉൾകൊള്ളുന്നു. ഇവയിൽ ക്ഷേത്രത്തിനു തെക്ക് വശത്തുള്ള കൊട്ടാരവും ഉൾപ്പെടുന്നു. അങ്കോറിലെ എല്ലാ കെട്ടിടങ്ങളേയും പോലെ തന്നെ ഇവയും കരിങ്കല്ലുകൾക്ക് പകരം നശ്വരമായ വസ്തുവകകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തെരുവിന്റെ കുറച്ചുഭാഗങ്ങളോഴിച്ച് ബാക്കിയൊന്നും അവശേഷിക്കുന്നില്ല. ഇവയുടെ ഏറെ ഭാഗവും വനം മൂടിക്കിടക്കുകയാണ്. [6] ക്ഷേത്രത്തേയും പടിഞ്ഞാറൻ ഗോപുരത്തേയും തമ്മിൽ 350 മീറ്റർ നീളമുള്ള ഒരു നടപ്പാത ബന്ധിപ്പിക്കുന്നു.

പ്രധാന കെട്ടിടവിന്യാസം

തിരുത്തുക

ക്ഷേത്രം ചുറ്റുമുള്ള ഗ്രാമത്തേക്കാൾ ഉയർന്നു നിൽക്കുന്നു. ഒന്നിനേക്കാൾ മറ്റൊന്ന് വലിയത് എന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന് മൂന്ന് മണ്ഡപങ്ങൾ വഴിയാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. ഇവ ബ്രഹ്മാവ്, ചന്ദ്രൻ , വിഷ്ണു എന്നിവർക്ക് സമർപ്പിച്ചിരിക്കുന്നതായി വിശ്വസിക്കുന്നു. എല്ലാ മണ്ഡപത്തിന്റെയും ഓരോ മൂലയ്ക്കും ഓരോ ഗോപുരങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇവയ്ക്കുള്ളിലായി ഗോപുരത്തോടുകൂടിയ രണ്ട് മണ്ഡപങ്ങൾ കൂടിയുണ്ട്. ക്ഷേത്രത്തിന്റെ ദർശനം പടിഞ്ഞാറോട്ടായതിനാൽ ഇവയെല്ലാം പടിഞ്ഞാറേയ്ക്ക് അധികം സ്ഥലം ലഭ്യമാക്കത്തവിധം കിഴക്കോട്ട് മാറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇതേകാരണത്താൽ തന്നെ പറീഞ്ഞാറോട്ടുള്ള പടിക്കെട്ടുകൾ മറ്റ് വശത്തുള്ളവയേക്കാൾ പൊക്കം കുറഞ്ഞവയായി കാണാം.

ഏറ്റവും പുറത്തെ മണ്ഡപത്തിന് 215 മീറ്റർ നീളവും 187 മീറ്റർ വീതിയുമുണ്ട്. ഇവയെല്ലാം ക്ഷേത്രത്തിന് പുറത്തേയ്ക്ക് തുറക്കുന്ന വിധത്തിലാണ് നിർമ്മിതി. പുറത്തെ മണ്ഡപവും രണ്ടാമത്തെ വേലിക്കെട്ടും തമ്മിൽ പ്രീ പോൻ എന്ന പേരിലറിയപ്പെടുന്ന കമാനം വഴി ബന്ധിപ്പിച്ചിരിക്കുന്നു.

 
ക്ഷേത്ര സമുച്ചയത്തിന്റെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക

1970-ൽ ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചെങ്കിലും 1975-ൽ ഖെമർ റൂഷ് അധികാരത്തിൽ വന്നപ്പോൾ അത് നിർത്തിവച്ചു. 1986-നും 1992-നുമിടയ്ക്ക് ആർക്കിയോളജിക്കൽ സർ‌വ്വേ ഓഫ് ഇന്ത്യ ഇവിടെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടത്തി[7]. 1990 മുതൽ ക്ഷേത്രസം‌രക്ഷണത്തിന് വലിയ നടപടികൾ കൈക്കൊള്ളുകയും ഇതേതുടർന്ന് വിനോദസഞ്ചാരികൾ വൻ‌തോതിൽ ഇവിടേയ്ക്ക് എത്തിച്ചേരാനും തുടങ്ങി. ലോക പൈതൃക പ്രദേശം (World Heritage Site) എന്ന നിർവ്വചനത്തിൽ അങ്കോർ വാട്ട് 1992 മുതൽ ഉൾപ്പെട്ടിരിക്കുന്നു[8]. ഇത് കമ്പോഡിയൻ സർക്കാരിനെ ക്ഷേത്രസം‌രക്ഷണത്തിനു നിർബന്ധിച്ചു [9]. നിലവിൽ യുനസ്കോയിൽ നിന്നും വിനോദസഞ്ചാരത്തിൽ നിന്നും ലഭിക്കുന്ന പണം ക്ഷേത്രം കേടുപാടുകൾ തീർത്ത് പരിരക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ട്. ജെർമൻ അപ്സര സംരക്ഷണ പദ്ധതി (German Apsara Conservation Project - GACP) പ്രകാരവും ക്ഷേത്രവും പരിസരത്തുള്ള മറ്റ് കലാസൃഷ്ടികളും പുനരുദ്ധരിക്കുന്നുണ്ട് [10]. ഈ പദ്ധതി പ്രവർത്തകർ നടത്തിയ സർ‌വ്വേ പ്രകാരം ക്ഷേത്രത്തിലുള്ള 20 ശതമാനത്തിലധികം ദേവതാ ബിംബങ്ങളും ദ്രവീകരണം മൂലവും മുൻപ് നടത്തിയ അശാസ്ത്രീയ പുനരുദ്ധാരണപ്രവർത്തനങ്ങൾ മൂലവും നാശോന്മുഖമാണെന്ന് കണ്ടെത്തി.[11] ക്ഷേത്രത്തിന്റെ തകർന്ന ഭാഗങ്ങളുടെ പുനർനിർമ്മിതി, വീണ്ടും തകർച്ചയ്ക്ക് ഭാഗമാക്കാതിരിക്കൽ, മുതലായിരുന്നു ഈ പദ്ധതിയുടെ മറ്റ് പ്രവർത്തനങ്ങൾ.[12] 2005-ഓടു കൂടി ഒരു ജപ്പാൻ സംഘം ബാഹ്യവലയിത പ്രദേശത്തിനുള്ളിലെ വടക്കൻ ഗ്രന്ഥശാല പൂർണ്ണമായും പുനരുദ്ധരിച്ചു.[13] 2008ൽ ലോക സ്മാരക ഫണ്ട് (World Monuments Fund) പാലാഴിമഥനത്തിന്റെ ചിത്രശാല നവീകരിക്കാൻ ആരംഭിച്ചു.

അങ്കോർ വാട്ട് നിലവിൽ കമ്പോഡിയയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ്. കമ്പോഡിയയിൽ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ 50 ശതമാനവും ക്ഷേത്രം സന്ദർശിക്കുന്നുണ്ടെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു. 2004-ൽ 5,61,000 ആൾക്കാരും 2005-ൽ 6,77,000 സഞ്ചാരികളും ഇവിടെ സന്ദർശിച്ചെന്നു കണക്കാക്കുന്നു.[14] ഇവരിൽ നിന്നും ഈടാക്കുന്ന പ്രവേശന ഫീസിന്റേയും ഒരു ഭാഗം ക്ഷേത്രം സംരക്ഷിക്കാനുപയോഗിക്കുന്നു.2000ലെ ടിക്കറ്റ് വില്പനയുടെ ഏതാണ്ട് 28ശതമാനവും ക്ഷേത്രനവീകരണത്തിനുപയോഗിച്ചു. എന്നിരുന്നാലും ക്ഷേത്രപുനരുദ്ധാരണത്തിൽ ഏറിയ പങ്കും ബാഹ്യ സർക്കാരുകളും അവർ നിയോഗിച്ച സംഘങ്ങളുമാണ് നടത്തിയത്.[15]

  1. Flags of the World, Cambodian Flag History
  2. Glaize, The Monuments of the Angkor Group p. 59.
  3. http://www.circleofasia.com/Angkor-Temple-Angkor-Wat-Cambodia.htm
  4. http://www.sacredsites.com/asia/cambodia/angkor_wat.html
  5. 5.0 5.1 Freeman and Jacques p. 49.
  6. Freeman and Jacques p. 50.
  7. "Activities Abroad#Cambodia". Archaeological Survey of India.
  8. http://whc.unesco.org/en/list/668
  9. Hing Thoraxy, Achievement of "APSARA" Archived 2001-03-03 at the Wayback Machine.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-02-05. Retrieved 2008-11-08.
  11. German Apsara Conservation Project Archived 2005-02-05 at the Wayback Machine., Conservation, Risk Map, p. 2.
  12. "Infrastructures in Angkor Park". Yashodhara no. 6: January - June 2002. APSARA Authority. Archived from the original on 2012-05-26. Retrieved 2008-04-25.
  13. "The Completion of the Restoration Work of the Northern Library of Angkor Wat". APSARA Authority. June 3, 2005. Archived from the original on 2008-05-09. Retrieved 2008-04-25.
  14. "Executive Summary from Jan-Dec 2005". Tourism of Cambodia. Statistics & Tourism Information Department, Ministry of Tourism of Cambodia. Archived from the original on 2008-04-13. Retrieved 2008-04-25. {{cite web}}: line feed character in |publisher= at position 22 (help)
  15. Tales of Asia, Preserving Angkor: Interview with Ang Choulean (October 13, 2000)


പുറംകണ്ണികൾ

തിരുത്തുക

https://gourinandananhistorymalayalam.wordpress.com/2021/03/24/%e0%b4%ae%e0%b4%b9%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%aa%e0%b5%bc%e0%b4%b5%e0%b4%a4%e0%b4%82/

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കോർവാത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

13°24′45″N 103°52′0″E / 13.41250°N 103.86667°E / 13.41250; 103.86667

"https://ml.wikipedia.org/w/index.php?title=അങ്കോർ_വാട്ട്&oldid=3971342" എന്ന താളിൽനിന്ന് ശേഖരിച്ചത്