വയലാർ രാമവർമ്മ

മലയാളസാഹിത്യത്തിലെ കവിയും, ചലച്ചിത്ര-നാടക ഗാനരചയിതാവും
(Vayalar Ramavarma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 - ഒക്ടോബർ 27 1975). കേരളത്തിലെ ജനകീയ വിപ്ലവകവിയായി അദ്ദേഹം അറിയപ്പെട്ടു.[അവലംബം ആവശ്യമാണ്]

വയലാർ രാമവർമ്മ
വയലാർ
പശ്ചാത്തല വിവരങ്ങൾ
ജനനം(1928-03-25)മാർച്ച് 25, 1928[1]
ഉത്ഭവംകേരളം, ഇന്ത്യ
മരണംഒക്ടോബർ 27, 1975(1975-10-27) (പ്രായം 47)[2]
തൊഴിൽ(കൾ)ഗാനരചയിതാവ് കവി
വർഷങ്ങളായി സജീവം1948 – 1975

ബാല്യകാലം

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് - 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം 'ആത്മാവിൽ ഒരു ചിത' എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

കലാജീവിതം, സിനിമയിലെ ഗാനങ്ങൾ

തിരുത്തുക
 
വയലാർ രാമവർമ്മയുടെ കൈയ്യക്ഷരം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചു. പാദമുദ്ര (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ് എന്ന നിലയിലാണ് വയലാർ കൂടുതൽ പ്രസിദ്ധനായത്. ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. 1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച " ബലികുടീരങ്ങളേ..." [3] എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു. പ്രവാചകൻമാരേ പറയൂ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, കേരളം കേളികൊട്ടുയരുന്ന, ദേവലോക രഥവുമായ്, കള്ളി പാലകൾ പൂത്തു, പ്രേമ ഭിക്ഷുകീ, പാലാഴിമഥനം കഴിഞ്ഞു, സന്യാസിനി, ആമ്പൽ പൂവേ, സംഗമം ത്രിവേണി സംഗമം, കുടമുല്ല പൂവിനും, രൂപവതീ രുചിരാംഗി, തേടി വരും കണ്ണുകളിൽ, യവന സുന്ദരി എന്നിങ്ങനെ 600 ഓളം ഗാനങ്ങൾ ഈ കൂട്ടുകെട്ടിലുണ്ടായി. ആദിയിൽ വചനമുണ്ടായി എന്ന ബാബുരാജ് ഗാനത്തിൽ പാടി അഭിനയിച്ചു. സൂര്യകാന്തി സ്വപ്നം കാണുവതാരേ, അഞ്ജനക്കണ്ണെഴുതി, എന്നിങ്ങനെ 100 ഓളം ഗാനങ്ങൾക്ക് MS ബാബുരാജ് ഈണമിട്ടു.

സ്ത്രീയുടെ മോചനം ആർത്ഥീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'.

ചെങ്ങണ്ട പുത്തൻ കോവിലകത്ത് ചന്ദ്രമതി തമ്പുരാട്ടിയായിരുന്നു ആദ്യ ഭാര്യ. 1949-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏഴുവർഷം സന്താനഭാഗ്യമില്ലാതെ കഴിയുകയായിരുന്നതിനാൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിന്നീട് ചന്ദ്രമതി തമ്പുരാട്ടിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വിവാഹം കഴിച്ചു. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവർ മക്കളാണ്. പിൽക്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യഭാര്യ ചന്ദ്രമതി തമ്പുരാട്ടി 2018 ജനുവരി 15-ന് 85-ആം വയസ്സിൽ അന്തരിച്ചു.

 
തിരുവനന്തപുരത്തിൽ വയലാറിന്റെ പ്രതിമ

1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. തന്റെ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അകാലമരണം. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മൃതദേഹം വിലാപയാത്രയായി വയലാറിന്റെ ജന്മഗൃഹത്തിലേയ്ക്ക് കൊണ്ടുവരികയും അവിടെ വച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിയ്ക്കുകയും ചെയ്തു. മകൻ ശരത്ചന്ദ്രവർമ്മയാണ് ചിതയ്ക്ക് തീകൊളുത്തിയത്. രക്തഗ്രൂപ്പ് മാറി കുത്തിവെച്ചതാണ് വയലാറിന്റെ മരണത്തിനു കാരണമെന്നു കവി ഏഴാച്ചേരി രാമചന്ദ്രൻ 2011 സെപ്റ്റംബർ 14-ന് ഒരു പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.[2]

ചൈനാവിരുദ്ധ പ്രസംഗം

തിരുത്തുക
 
വയലാറിലെ രാമവർമ്മ സ്മൃതി മണ്ഡപം

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചതായിരുന്നു വയലാർ രാമവർമയുടെ ചൈനാവിരുദ്ധ പ്രസംഗം. യുദ്ധകാലത്ത് 1962 ഒക്ടോബർ 27-നായിരുന്നു വയലാറിന്റെ ചൈനാവിരുദ്ധ പ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് രണ്ടുവർഷം മുമ്പ് വയലാറിൽ നടന്ന പതിനാറാമത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തിലാണ് വയലാർ ചൈനയെ രൂക്ഷമായി വിമർശിച്ചത്. 1962 ഒക്ടോബർ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ച് ആറുദിവസം കഴിഞ്ഞായിരുന്നു പരിപാടി. കമ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് യൂണിയനെയും ചൈനയെയും അനുകൂലിച്ച് രണ്ടുചേരികൾ രൂപപ്പെട്ട കാലത്തായിരുന്നു ചൈനീസ് പക്ഷപാതികളെ വെള്ളം കുടിപ്പിച്ച് വയലാർ ചൈനയെ വിമർശിച്ചത്. 'മധുര മനോഹര മനോജ്ഞ ചൈന...' എന്നു തുടങ്ങുന്ന കവിത ചൈനീസ് പക്ഷപാതികൾ പ്രചാരണത്തിനുപയോഗിച്ച അക്കാലത്ത് 'ഹോ കുടില കുതന്ത്ര ഭയങ്കര ചൈനേ...' എന്ന് വയലാർ തിരുത്തി. യുദ്ധകാലമായതിനാൽ ചൈനാ പക്ഷപാതികളായ നേതാക്കൾ ചൈനയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയ്യാറാകാതിരുന്ന സമയത്തായിരുന്നു വയലാറിന്റെ വിമർശം. പ്രസംഗത്തിനുശേഷം ഒരുവിഭാഗം കൈയടിക്കുകയും മറുവിഭാഗം നിശ്ശബ്ദരായിരിക്കുകയും ചെയ്തത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. പിന്നീട് മറ്റൊരു ഒക്ടോബർ 27-നുതന്നെ അദ്ദേഹം അന്തരിച്ചത് യാദൃച്ഛികമായി.

പിളർപ്പിനുശേഷം വയലാറിനെ സി.പി.ഐ. ചേരിയിലെത്തിച്ചതുതന്നെ ഈ പ്രസംഗമായിരുന്നു. എതിർചേരി പ്രസംഗത്തിനുശേഷം വയലാറിനെ നോട്ടപ്പുള്ളിയാക്കി. അരക്കവിയെന്നും കോടമ്പാക്കം കവിയെന്നും സിനിമാക്കവി എന്നുമൊക്കെ വിളിച്ചു. പിളർപ്പിനുശേഷം സി.പി.ഐ.ക്കൊപ്പംനിന്ന വയലാർ മരിക്കുന്നതുവരെ ഈ നിലപാട് തുടർന്നു.[4]

  • മലയാളസാഹിത്യ സംഭാവനകൾക്ക് നൽകുന്ന പ്രശസ്തമായ വയലാർ പുരസ്കാരം ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണ്.
  • കവിതകൾ:
    • പാദമുദ്രകൾ (1948)
    • കൊന്തയും പൂണൂലും
    • എനിക്കു മരണമില്ല (1955)
    • മുളങ്കാട് (1955)
    • ഒരു യൂദാസ് ജനിക്കുന്നു (1955)
    • എന്റെ മാറ്റൊലിക്കവിതകൾ (1957)
    • സർഗസംഗീതം (1961)
    • രാവണപുത്രി
    • അശ്വമേധം
    • സത്യത്തിനെത്ര വയ്യസ്സായി
    • താടക
  • ഖണ്ഡ കാവ്യം:
  • തിരഞ്ഞെടുത്ത ഗാനങ്ങൾ:
    • ഏന്റെ ചലചിത്രഗാനങ്ങൾ ആറു ഭാഗങ്ങളിൽ
  • കഥകൾ:
    • രക്തം കലർന്ന മണ്ണ്
    • വെട്ടും തിരുത്തും
  • ഉപന്യാസങ്ങൾ
    • പുരുഷാന്തരങ്ങളിലൂടെ
    • റോസാദലങ്ങളും കുപ്പിച്ചില്ലുകളും
  • മറ്റ് കൃതികൾ:
    • വയലാർ കൃതികൾ
    • വയലാർ കവിതകൾ

1956-ൽ “കൂടപ്പിറപ്പു്” എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാർ 250ലേറെ ചിത്രങ്ങൾക്കു വേണ്ടി 1300 ഓളം [5] ഗാനങ്ങൾ എഴുതി. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി [6]. ജി. ദേവരാജൻ മാസ്റ്ററുമായി അദ്ദേഹം സൃഷ്ടിച്ച കൂട്ടുകെട്ട് ഒരു വലിയ റെക്കോർഡാണ് മലയാളസിനിമാഗാനലോകത്ത് സൃഷ്ടിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചതുരംഗം എന്ന ചലച്ചിത്രത്തിൽ തുടങ്ങിയ ഈ കൂട്ടുകെട്ട് 1975-ൽ വയലാർ മരിയ്ക്കുമ്പോഴേയ്ക്കും 135 ചിത്രങ്ങളിൽ നിന്നായി 755 ഗാനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. വയലാർ രചിച്ച ചലച്ചിത്രഗാനങ്ങളിൽ അറുപതുശതമാനവും ദേവരാജൻ മാസ്റ്ററുടെ ഈണത്തിൽ പുറത്തുവന്നവയാണ്. ആയിരം പാദസരങ്ങൾ കിലുങ്ങി, പെരിയാറേ പെരിയാറേ, കണ്ണുനീർമുത്തുമായ്, കാറ്റിൽ ഇളംകാറ്റിൽ, ചക്രവർത്തിനീ, കള്ളിപ്പാലകൾ പൂത്തു, യവനസുന്ദരീ തുടങ്ങി ഇരുവരും ഒന്നിച്ചുള്ള കൂട്ടുകെട്ടിൽ പിറന്ന ഭൂരിപക്ഷം ഗാനങ്ങളും കാലാതിവർത്തിയായി. എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പവും അദ്ദേഹം ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
  • 1961 – സർഗസംഗീതം (കവിതാ സമാഹാരം)
ദേശീയ ചലച്ചിത്രപുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "വയലാർ രാമവർമ്മ" (സഹിത്യകാര-ഡയറക്റ്ററി). കേരള സാഹിത്യ അക്കാദമി. Archived from the original on 2015-03-26. Retrieved 2015-03-26. {{cite web}}: |chapter= ignored (help); Cite has empty unknown parameter: |8= (help)
  2. 2.0 2.1 "വയലാറിന്റെ മരണകാരണം: ഏഴാച്ചേരിയുടെ വെളിപ്പെടുത്തൽ വിവാദം ആവുന്നു". മാതൃഭൂമി. 2011 സെപ്റ്റംബർ 15. Archived from the original on 2015-03-26. Retrieved 2011-09-15. {{cite news}}: Check date values in: |date= (help); Cite has empty unknown parameter: |8= (help)
  3. "'ബലികുടീരങ്ങളേ...'- 57 വയസ്സ്‌". മാതൃഭൂമി ഓൺലൈൻ. Archived from the original on 2014-08-17. Retrieved 2014-08-16.
  4. മാതൃഭൂമി ദിനപത്രം. 2012 ഒക്ടോബർ 22. {{cite book}}: Check date values in: |date= (help)
  5. "വയലാറിന്റെ സിനിമാഗാനങ്ങളുടെ പൂർണ്ണമായ പട്ടിക". Malayalasangeetham.info.
  6. "വയലാറിന്റെ ജീവിതരേഖ". Malayalasangeetham.info.
"https://ml.wikipedia.org/w/index.php?title=വയലാർ_രാമവർമ്മ&oldid=3979451" എന്ന താളിൽനിന്ന് ശേഖരിച്ചത്