ട്രൈക്കോപ്‌ടെറ

(Trichoptera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇൻസെക്ട ജന്തു വർഗത്തിലെ ഒരു ഗോത്രമാണ് ട്രൈക്കോപ്‌ടെറ. ഈ ഗോത്രത്തിലെ അംഗങ്ങൾ പൊതുവേ കാഡിസ് ഈച്ചകൾ എന്ന പേരിലറിയപ്പെടുന്നു. 34 കുടുംബങ്ങളിലായി പതിനായിരത്തോളം സ്പീഷീസ് ഇതിൽ ഉൾപ്പെടുന്നു. ആഗോളവ്യാപകത്വമുള്ള ഇവയെല്ലാം ജലജീവികളാണ്.

ട്രൈക്കോപ്‌ടെറ
Temporal range: Triassic–Recent [1]
ട്രൈക്കോപ്‌ടെറയിൽപ്പെട്ട കാഡിസ് ഈച്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Trichoptera
Suborders[2]

Annulipalpia
Spicipalpia
Integripalpia

ട്രൈക്കോപ്‌ടെറയിൽപ്പെട്ട കാഡിസ് ഈച്ചയുടെ പ്യൂപ്പ

ട്രൈക്കോപ്‌ടെറ ഗോത്രത്തിലെ ജീവികൾക്കെല്ലാം നിറയെ സിരകളും രോമങ്ങളും ഉള്ള രണ്ടു ജോടി ചിറകുകളുണ്ടായിരിക്കും. ഇവയുടെ ശൃംഗികകൾ നീളം കൂടിയതാണ്. വദനഭാഗങ്ങൾ ദ്രാവകങ്ങൾ നക്കിക്കുടിക്കുന്നതിന് അനുയോജ്യമായ വിധത്തിൽ രൂപപ്പെട്ടിരിക്കുന്നു. പുഴുപോലെയിരിക്കുന്ന ലാർവയ്ക്ക് സവിശേഷമായ തലയും, വക്ഷസ്സിൽ മൂന്നുജോടി കാലുകളും പിന്നറ്റത്തായി കൊളുത്തുകളുള്ള ഒരു ജോടി കാലുകളും ഉണ്ടായിരിയ്ക്കും. പ്യൂപ്പാ ദശയിൽ സ്വതന്ത്രമായ ഉപാംഗങ്ങളെല്ലാം തന്നെ ശരീരത്തോട് ഒട്ടിച്ചേർന്നിരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. ഇവയ്ക്ക് മൂർച്ചയുള്ള ഒരു ജോടി ഹനുക്കളുണ്ടായിരിക്കും. കൊക്കൂണിൽ നിന്ന് പുറത്തുവരാനായി ഈ ഹനുക്കളാണ് ഇവയെ സഹായിക്കുന്നത്.പ്രായപൂർത്തിയെത്തിയ ജീവികൾക്ക് മാസങ്ങളോളം ആയുസ്സുണ്ട്. പെൺ ഈച്ചകൾ വളരെ വേഗം പ്രായപൂർത്തിയെത്തുന്നു. ഇവ ഇഴഞ്ഞു വെള്ളത്തിലെത്തി പാറകൾക്കിടയിലും മറ്റും മുട്ടകളിടും. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവകൾ വെള്ളത്തിൽ ഒഴുകിനടക്കുന്നു. ചില ലാർവകൾ സ്വന്തമായി കൂടുകൾ ഉണ്ടാക്കാറുണ്ട്. മറ്റു ചിലവ പാറയുടെയും മറ്റും വിള്ളലുകളിൽ ജീവിക്കുന്നു; സ്വയം എടുത്തു കൊണ്ടു നടക്കത്തക്ക ആവരണങ്ങളുണ്ടാക്കി അതിൽ കഴിഞ്ഞു കൂടുന്നവയും വിരളമായുണ്ട്. ചെറിയ ശൈവാലങ്ങൾ, കീടങ്ങൾ, ജലസസ്യങ്ങൾ, വലിപ്പം കുറഞ്ഞ ജലജന്തുക്കൾ തുടങ്ങിയവയെയാണ് ഇവ ആഹാരമാക്കുന്നത്; മറ്റു ജീവികളുടെ ലാർവകളെ ആഹാരമാക്കുന്നവയുമുണ്ട്. മറ്റു ജലജീവികളുടെ ലാർവകളിൽ ജീവിക്കുന്ന പരഭോജികളായ ഏതാനും ഇനങ്ങളും ട്രൈക്കോപ്‌ടെറ ഗോത്രത്തിൽപ്പെടുന്നു. ലാർവകൾ പ്രായപൂർത്തിയെത്തുമ്പോൾ സ്വയം അണ്ഡാകൃതിയിലുള്ള കൊക്കൂൺ നെയ്ത് പാറകൾക്കടിയിലോ വിള്ളലുകളിലോ പ്യൂപ്പാദശയിൽ കഴിയുന്നു. പ്യൂപ്പാ വളർച്ച പൂർത്തിയായ ശേഷം ഹനുക്കളുപയോഗിച്ച് കൊക്കൂൺ മുറിച്ച് സ്വതന്ത്രമായി ജലോപരിതലത്തിൽ നീന്തി നടക്കുന്നു. കല്ലുകളിലോ മരക്കഷണങ്ങളിലോ പറ്റിയിരുന്ന് പ്യൂപ്പാദശ മുഴുമിപ്പിക്കുന്നവയും ഉണ്ട്.

ട്രൈക്കോപ്‌ടെറയിൽപ്പെട്ട കാഡിസ് ഈച്ചയുടെ ലാർവ

യൂറോപ്പിലേയും അമേരിക്കയിലേയും മോസ്സുസസ്യങ്ങളിൽ വളരുന്നയിനങ്ങളും ന്യൂസിലന്റിലെ ഓരുജലത്തിൽ ജീവിക്കുന്നവയും ഒഴികെ ട്രൈക്കോപെടെറയിലെ അംഗങ്ങളെല്ലാം ശുദ്ധജല ജീവികളാണ്. താരതമ്യേന മാലിന്യം കുറഞ്ഞ ഒഴുക്കുള്ള ജലത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. മത്സ്യങ്ങളുടെ ഭക്ഷണമെന്ന നിലയിൽ ഇവ ഏറെ സാമ്പത്തിക പ്രാധാന്യമർഹിക്കുന്നു.

ലഭ്യമായ ട്രൈക്കോപ്ടെറൻ ചിറകുകളുടെ ജീവാശ്മങ്ങൾ ഇവ മീസോസോയിക് കൽപത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉദ്ഭവിച്ചവയാണെന്ന് സൂചന നൽകുന്നു. ഇന്ന് കാണപ്പെടുന്നവയിലധികവും ക്രിട്ടേഷ്യസ് കൽപത്തിലുണ്ടായവയാണെന്നാണ് കരുതപ്പെടുന്നത്.

  1. Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. p. 320. ISBN 0-19-510033-6.{{cite book}}: CS1 maint: multiple names: authors list (link)
  2. "Trichoptera". Fauna Europaea. 2005-03-07. Archived from the original on 2010-08-19. Retrieved 2010-08-18.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ട്രൈക്കോപ്‌ടെറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ട്രൈക്കോപ്‌ടെറ&oldid=4084751" എന്ന താളിൽനിന്ന് ശേഖരിച്ചത്