ടി.എൻ. ശേഷൻ

ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
(T. N. Seshan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ (ജീവിതകാലം: 15 ഡിസംബർ 1932 - 10 നവംബർ 2019). 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചത്. 1955 തമിഴ്നാട് ഐഎഎസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ടി.എൻ. ശേഷൻ
10th Chief Election Commissioner of India
ഓഫീസിൽ
12 ഡിസംബർ 1990 – 11 ഡിസംബർ 1996
പ്രധാനമന്ത്രിചന്ദ്രശേഖർ
പി.വി. നരസിംഹ റാവു
അടൽ ബിഹാരി വാജ്പേയി
എച്ച്.ഡി. ദേവഗൌഡ
മുൻഗാമിവി.എസ്. രമാദേവി
പിൻഗാമിഎം.എസ്. ഗിൽ
18th Cabinet Secretary of India
ഓഫീസിൽ
27 മാർച്ച് 1989 – 23 ഡിസംബർ 1989
പ്രധാനമന്ത്രിരാജീവ് ഗാന്ധി
മുൻഗാമിബി.ജി. ദേശ്‍മുഖ്
പിൻഗാമിവി.സി. പാണ്ഡേ
വ്യക്തിഗത വിവരങ്ങൾ
ജനനം
തിരുനെല്ലായി നാരായണ അയ്യർ ശേഷൻ

(1932-12-15)15 ഡിസംബർ 1932
Palghat, Madras Presidency, British India
(present-day Kerala, India)
മരണം10 നവംബർ 2019(2019-11-10) (പ്രായം 86)
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
പങ്കാളി
ജയലക്ഷ്മി ശേഷൻ
(m. 1959; died 2018)
അൽമ മേറ്റർമദ്രാസ് ക്രിസ്ത്യൻ കോളജ്
ഹാർവാർഡ് സർവ്വകലാശാല
ജോലിBureaucrat
അവാർഡുകൾRamon Magsaysay award (1996)

ബാല്യം, വിദ്യാഭ്യാസം

തിരുത്തുക

പാലക്കാട് ജില്ലയിൽ തിരുനെല്ലായിയിലുള്ള ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷൻ ജനിച്ചത്. ശേഷന്റെ പിതാവ് ഒരു അദ്ധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്. ശേഷൻ ബാസൽ ഇവാഞ്ചലിക്കൽ വിദ്യാലയത്തിൽനിന്നും പ്രാഥമിക വിദ്യാഭ്യാ‍സം പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളെജിൽനിന്നു ഊർജ്ജതന്ത്രത്തിൽ ബിരുദവും (ബി.എസ്.ഓണേഴ്സ്) കരസ്ഥമാക്കി.

ക്രിസ്ത്യൻ കോളെജിൽ തന്നെ അദ്ധ്യാപകനായി ചേർന്ന ശേഷൻ മൂന്നു വർഷം പഠിപ്പിച്ചതിനുശേഷം 1953 ൽ പോലീസ് സർവീസ് പരീക്ഷ എഴുതി പാസായി. 1954 ൽ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസ് പരീക്ഷയും പാസായി. 1955 ഇൽ അദ്ദേഹം ഒരു ഐ.എ.എസ്. ട്രെയിനി ആയി ചേർന്നു.

ഔദ്യോഗിക ജീവിതം

തിരുത്തുക

ദിണ്ഡിഗലിലെ സബ് കളക്ടറായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടക്കം മുതൽക്കേതന്നെ ആദർശങ്ങളിൽ നിന്നു വ്യതിചലിക്കാതെ കർമനിരതനായ ശേഷൻ പല മന്ത്രിമാ‍രുടെയും അപ്രീതിക്കും പാത്രമായി. ഒരു ദിവസം തന്നെ മൂന്നു സ്ഥലം മാറ്റങ്ങൾ കിട്ടിയിട്ടുണ്ട് അദ്ദേഹത്തിന്. മദ്രാസ് ട്രാൻസ്‌പോർട്ട് കമ്മീഷണർ, മധുര ജില്ലാ കളക്ടർ തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹത്തിന് അമേരിക്കയിലെ ഹാവാർഡ് സർവകലാശാലയിൽ സാമൂഹിക പരിപാലനത്തിനുള്ള ബിരുദാനനന്തര ബിരുദത്തിനുള്ള എഡ് മേസൺ സ്കോളർഷിപ് ലഭിച്ചു. ഇതിനിടെ വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത് രണ്ടുവർഷത്തോളം അമേരിക്കയിൽ താമസിച്ചു.

അമേരിക്കയിൽ നിന്നും തിരിച്ചു വന്ന അദ്ദേഹത്തിന് ഇന്ത്യാ ഗവ‍ണ്മെന്റിലെ പല ഉയർന്ന പദവികളും വഹിക്കുവാനുള്ള ഭാഗ്യമുണ്ടായി. ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ആണവോർജ്ജ മന്ത്രാലയത്തിന്റെ ഡയറക്ടർ, ബഹിരാകാശ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, തുടങ്ങിയ പദവികൾ വഹിച്ചു. തമിഴ്‌നാട്ടിൽ തിരിച്ചു നിയമിക്കപ്പെട്ട അദ്ദേഹം വ്യവസായത്തിന്റെയും കൃഷിയുടെയും സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രിയുമായി വഴക്കിട്ട് രാജിവെച്ച അദ്ദേഹം ദില്ലിയിൽ തിരിച്ചെത്തി.

ദില്ലിയിൽ തിരിച്ചെത്തിയ ശേഷൻ ഓയിൽ & നാച്ചുറൽ ഗ്യാസ് കമ്മീഷൻ അംഗം, ബഹിരാകാശ മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി, പരിസ്ഥിതി-വനം വകുപ്പിന്റെ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. പരിസ്ഥിതി മന്ത്രാലയത്തിൽ അദ്ദേഹം തെഹരി അണക്കെട്ടിനും നർമദയിലെ സർദാർ സരോവർ അണക്കെട്ടിനും അനുമതി നിഷേധിച്ചു. ഗവണ്മെന്റ് അദ്ദേഹത്തിന്റെ നിഷേധത്തിനെ മറികടന്നു മുന്നോട്ടുപോയെങ്കിലും ശേഷന്റെ എതിർപ്പിനെ തുടർന്ന് പരിസ്ഥിതിക്കുവേണ്ടി ഈ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തി.

രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ സെക്രട്ടറി, ആഭ്യന്തര സുരക്ഷാ സെക്രട്ടറി, ഇന്ത്യൻ കാബിനറ്റ് സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം ആസൂത്രണ കമ്മീഷൻ അംഗവുമായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുത്തുക

1990 മുതൽ 96 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന കാലത്താണ് ശേഷൻ എന്ന പേര് ഇന്ത്യയിലെ ഗ്രാമങ്ങളിൽ പോലും അറിയപ്പെടുന്നത്. ഈ കാലയളവിൽ 40,000-ത്തോളം സ്ഥാനാർത്ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമർപ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുവാൻ പാർലമെന്റ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല.

തിരഞ്ഞെടുപ്പു കമ്മീഷന്റെ അപ്രമാദിത്വം ഉറപ്പാക്കാൻ അദ്ദേഹത്തിനു പല തവണ സുപ്രീം കോടതി വരെ പോകേണ്ടിവന്നു. അദ്ദേഹത്തിന്റെ പദവികളെ വെട്ടിക്കുറക്കാൻ കേന്ദ്രസർക്കാർ രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ കൂടി നിയമിച്ചെങ്കിലും (എം.എസ്.ഗിൽ, ജി.വി.എസ്.കൃഷ്ണമൂർത്തി) സുപ്രീം കോടതി അദ്ദേഹത്തിന്റെ അധികാരത്തെ ഉയർത്തിപ്പിടിച്ചു. എങ്കിലും കേസുകൾ നീണ്ടുപോവുകയും ഒടുവിൽ 1996 ഇൽ സുപ്രീം കോടതി കമ്മീഷനിലെ ഭൂരിപക്ഷ അഭിപ്രായം കമ്മീഷണർക്കു മാനിക്കേണ്ടിവരുമെന്ന് വിധിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പുകൾ അഴിമതിരഹിതമാക്കിയതിനു പുറമേ അദ്ദേഹം ‘ദേശീയ വോട്ടേഴ്സ് അവയർനെസ് കാമ്പെയ്ൻ’ സംഘടിപ്പിച്ച് ജനങ്ങളെ അവരുടെ വോട്ടവകാശം വിനിയോഗിക്കുവാൻ ഉദ്ബോധിപ്പിച്ചു. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന അദ്ദേഹം തിരഞ്ഞെടുപ്പിലെ ചെലവുകൾക്കു പരിധി നിശ്ചയിച്ചു. തിരഞ്ഞെടുപ്പിൽ ചുവരെഴുത്തുകളും, ഉച്ചഭാഷിണികളും നിരോധിച്ച അദ്ദേഹം സ്ഥാനാർത്ഥികൾ അവരുടെ വരുമാന വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കി. രാജ്യസഭയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അവർ ജനിച്ച സംസ്ഥാനത്തുനിന്നു തന്നെ നാമനിർദ്ദേശം ചെയ്യപ്പെടെണം എന്ന് നിയമം കൊണ്ടുവന്നു. ജാതി തിരിച്ചുള്ള തിരഞ്ഞെടുപ്പു പ്രചരണത്തെയും ജാതി പ്രീണനത്തെയും അദ്ദേഹം നിരോധിച്ചു.

തിരഞ്ഞെടുപ്പുകളിൽ കള്ള വോട്ട് ഒഴിവാക്കാൻ വീഡിയോ ടീമുകളെ നിയോഗിച്ചു. അദ്ദേഹം മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ കൊണ്ടുവന്നു. ഇതിൻ പ്രകാരം സ്ഥാനാർത്ഥികൾക്കു തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മണ്ഡലത്തിന് വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കുവാൻ അവകാശമില്ല. തിരഞ്ഞെടുപ്പിൽ സർക്കാർ വാഹനങ്ങൾ, ഹെലികോപ്ടറുകൾ, ബംഗ്ലാവുകൾ എന്നിവ ഉപയോഗിക്കുന്നത് അദ്ദേഹം നിരോധിച്ചു.

തന്റെ തിരഞ്ഞെടുപ്പു പരിഷ്കാരങ്ങൾ അദ്ദേഹത്തിന് അസംഖ്യം ശത്രുക്കളെ സമ്മാനിച്ചെങ്കിലും ജനങ്ങൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങളെ അകമഴിഞ്ഞ് അംഗീകരിച്ചു. ശേഷന്റെ പരിഷ്കാരങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷനെ ഒരു ശക്തമായ സ്വതന്ത്രസ്ഥാപനമാക്കുകയും ഇന്ത്യയിൽ നീതിപൂർവവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പുകൾക്കു വഴിതെളിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പു രംഗത്ത് ശേഷൻ വരുത്തിയ 10 മാറ്റങ്ങൾ [1]

  1. വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ്
  2. പെരുമാറ്റച്ചട്ടം കർശനമാക്കി.
  3. സ്ഥാനാർഥികളുടെ ചെലവുകൾക്ക് പരിധി.
  4. തിരഞ്ഞെടുപ്പു വേളയിൽ മദ്യവിൽപന വിലക്കി; പണവിതരണം തടഞ്ഞു.
  5. ഉച്ചഭാഷണികൾക്കു നിയന്ത്രണം.
  6. ജാതിയുടെയും മതത്തിന്റെയും പേരിൽ വോട്ടു ചോദിക്കുന്നതിനു വിലക്ക്.
  7. ജാതി, മത സ്ഥാപനങ്ങൾ പ്രചാരണത്തിൽ ഇടപെടുന്നതിനു വിലക്ക്.
  8. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തടഞ്ഞു.
  9. തിരഞ്ഞെടുപ്പു നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കി.
  10. തിരഞ്ഞെടുപ്പു കമ്മീഷനെ ബാഹ്യ ഇടപെടലുകളിൽനിന്നു മുക്തമാക്കി

പുരസ്കാരങ്ങൾ

തിരുത്തുക

1996-ൽ മാഗ്സസെ അവാർഡ് ലഭിച്ചു. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അഭിപ്രായ സർവേ പ്രകാരം 95% ശതമാനം ജനങ്ങളും ശേഷന്റെ തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ അംഗീകരിച്ചു.

മറ്റു വിവരങ്ങൾ

തിരുത്തുക
  • തന്റെ വർദ്ധിതമായി വരുന്ന പൊതുജന പിന്തുണ കണക്കിലെടുത്ത് 1997-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കെ. ആർ. നാരായണന് എതിരെ ശിവസേന ടിക്കറ്റിൽ മത്സരിച്ച് പരാജയമടഞ്ഞു.
  • കുറിക്കു കൊള്ളുന്ന വാചകങ്ങൾക്കു പ്രശസ്തനാണ് ശേഷൻ.
  • സർവീസിൽനിന്നു വിരമിച്ചതിനു ശേഷം ഇന്ത്യയുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കുന്ന ദേശഭക്ത് ട്രസ്റ്റ് എന്ന സ്ഥാ‍പനം ആരംഭിച്ചു.
  • 2018 ജനുവരി 6-ന് ഒരു പ്രമുഖ മലയാള പത്രത്തിൽ വന്ന വാർത്തയനുസരിച്ച് ശേഷനും ഭാര്യയും ഇപ്പോൾ ചെന്നൈയിലെ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. എന്നാലീ വാർത്ത വ്യജമാണെന്ന് ഇവർ തന്നെ വ്യക്തമാക്കി.[2] 2018 മാർച്ച്‌ 31ന് ഭാര്യ ജയലക്ഷ്മി അന്തരിച്ചു.[3]

അനുബന്ധം

തിരുത്തുക
  1. https://www.manoramaonline.com/news/india/2019/11/11/tn-seshan-passes-away.html
  2. "ആ വാർത്ത തെറ്റാണ്, ടി.എൻ.ശേഷനും ഭാര്യയും ഇവിടെയുണ്ട്..." മനോരമ ന്യൂസ്. 2018-01-09. Retrieved 2018-04-05.
  3. "ടി.എൻ. ശേഷന്റെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു". മാതൃഭൂമി. 2018-04-01. Archived from the original on 2018-04-02.
"https://ml.wikipedia.org/w/index.php?title=ടി.എൻ._ശേഷൻ&oldid=3804698" എന്ന താളിൽനിന്ന് ശേഖരിച്ചത്