നീലക്കുറിഞ്ഞി

(Strobilanthes kunthiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus). കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു. 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. 2018 മെയ് മാസത്തിൽ നീലക്കുറിഞ്ഞിയുടെ വരവ് പ്രതീക്ഷിച്ചിരുന്നു എങ്കിലും മഴയുടെ കൂടുതൽ മൂലം സെപ്റ്റംബർ മാസത്തേക്ക് നീണ്ടു. ഏറ്റവും കൂടുതൽ കുറിഞ്ഞി പൂക്കുന്ന ഇരവികുളം ദേശീയോദ്യാനം മഴക്കൂടുതൽ മൂലം സെപ്റ്റംബർ 04 നു ശേഷം മാത്രമാണ് കുറിഞ്ഞി പൂത്തത് കാണാൻ തുറന്നു കൊടുത്തത്. ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.[1][2]

നീലക്കുറിഞ്ഞി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
S. kunthianus
Strobilanthes kunthianus, നീലക്കുറിഞ്ഞി,തമിഴ്നാട്ടിൽ മുള്ളി - മഞ്ചൂർ വനപാതയിൽ നിന്നും
Strobilanthes kunthianus, തമിഴ്നാട്ടിൽ മുള്ളി - മഞ്ചൂർ വനപാതയിൽ നിന്നും
കൊട്ടാക്കമ്പൂർ വില്ലേജിലെ കടവരിയിലെ  കുറിഞ്ഞി    സാങ്ങ്ചറി.

ലോകത്തു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.[2][3][2][4]

കാണപ്പെടുന്ന സ്ഥലങ്ങൾ

തിരുത്തുക

നീലഗിരി കുന്നുകൾ, പളനി മലകൾ, ‍മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്. രാജമല, മറയൂർ, സൈലന്റ് വാലി എന്നിവിടങ്ങളിലും കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നു.[2]

തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ്. കൊളുക്കുമലയിലും കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നു. തമിഴിൽ കൊളുക്ക് എന്നാൽ തണുപ്പ് ആണ്. എപ്പോഴും തണുപ്പിൽ മരവിച്ചിരിക്കുന്നതിനാൽ ആണ് ഈ മലയ്ക്ക് കൊളുക്കുമല എന്ന പേര് വരാൻ കാരണം.[5]

 
നീലഗിരി മലനിരകളിലെ സ്ട്രോബിലാന്തസ് കുന്തിയാനസ്

പ്രത്യേകത

തിരുത്തുക

ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നിൽക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുന്നത്.

നീലക്കുറിഞ്ഞി പൂക്കുന്നത് അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപ്പിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പുഷ്പ്പിച്ചു കഴിഞ്ഞു അൽപനാളുകൾക്കു ശേഷം ഇവയിൽ നിന്ന് മുതുവാന്മാർ തേൻ ശേഖരിക്കാറുണ്ട്.

ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.[6]

കുറിഞ്ഞിത്തിണ

തിരുത്തുക

ആദിവാസികൾ തിനയെന്നു വിളിക്കുന്ന കുറിഞ്ഞിക്കു അവരുടെ ആചാര-അനുഷ്ടാനങ്ങളിൽ സവിശേഷ പ്രാധാന്യമുണ്ട്. തമിഴ് സംഘസാഹിത്യത്തിൽ പശ്ചിമഘട്ട മലനിരയ്‌ക്ക് കുറിഞ്ഞിത്തിണ എന്നാണ് പേരിട്ടിരിക്കുന്നത്.

പൂക്കാലം

തിരുത്തുക
 
സ്ട്രോബിലാന്തസ് കുന്തിയാനസ് (മൂന്നാറിൽ നിന്നുള്ള ചിത്രം)

12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838-ലാണ് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാനസ് (Strobilanthes kunthianas) എന്നു നിശ്ചയിച്ചത്. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ (Kunth) പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണം.

മറ്റു ചില സവിഷേതകൾ

തിരുത്തുക
  • ഒരു വർഷം കൂടുമ്പോൾ പൂക്കുന്നവ മുതൽ 16 വർഷം കൂടുമ്പോൾ മാത്രം പൂക്കുന്ന കുറിഞ്ഞിച്ചെടികൾ വരെ ഉണ്ട്. (ഇവയിൽ ഭൂരിഭാഗവും 12 വർഷം (ഒരു വ്യാഴവട്ടം) കൂടുമ്പോൾ മാത്രം പൂക്കുന്നവയാണ്)
  • 1 1/2 അടി മുതൽ 8 മീറ്റർ വരെ ഉയരം വെക്കുന്ന പലയിനം കുറിഞ്ഞികളുണ്ട്.
  • സമുദ്രനിരപ്പിൽ നിന്ന് 500 മീറ്ററിൽ താഴെയും 1400 മീറ്റർ വരെ ഉയരത്തിലുള്ള പുൽമേടുകളിലും വളരുന്നു.
  • ഋതുഭേദങ്ങളുമായി ഈ സസ്യകുടുംബത്തിനു ബന്ധമില്ല. അതുകൊണ്ടുതന്നെ ഇവയുടെ കാലചക്രത്തിനു കൃത്യമായ ഇടവേളകൾ ഉണ്ട്.
  • മഴയില്ലാത്ത കാലാവസ്ഥ ആണെങ്കിൽ പൂവിട്ടു മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.
  • വരും തലമുറയെ കാണാതെ ഒരിക്കൽ മാത്രം പുഷ്പിച്ചു ഇവ സ്വയം നശിക്കുന്നു.
  • കുറിഞ്ഞിച്ചെടികളുടെ കാണ്ഡത്തിന്റെ അഗ്രഭാഗം ചരിഞ്ഞു വളർച്ച മുരടിച്ചാൽ ഉറപ്പിക്കാം അടുത്ത വർഷം ചെടി പുഷ്പിക്കുമെന്ന്.
  • വൈവിധ്യമാർന്ന പല നിറങ്ങളിലും കാണപ്പെടുന്നു. (നീലയ്ക്കും ഊതനിറത്തിനും ഇടയിൽ, ഇളം വയലറ്റ്, നീല, ഇളം നീല, ഇരുണ്ട തവിട്ടു നിറം, വെള്ള നിറം, വെള്ള കലർന്ന ഇളം ചുവപ്പ്, വയലറ്റ് കലർന്ന വെള്ള, അവിടവിടെ ചുവപ്പു നിറമുള്ള വെള്ള, ഇളം റോസ്)[2]

കുറച്ചുകാലം മുൻപുവരെ നീലക്കുറിഞ്ഞിയുടെ പരാഗണം നടക്കുന്നത് കാറ്റിലൂടെ ആണെന്നാണ് ശാസ്ത്രലോകം വിചാരിച്ചിരുന്നത്. എന്നാൽ കുറിഞ്ഞിപ്പൂക്കളിൽ പരാഗണം നടത്തുന്നത് തേനീച്ചകൾ ആണെന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബയോളജിക്കൽ സൊസൈറ്റിയായ ലിനയൻ സൊസൈറ്റി ഓഫ് ലണ്ടൻ-ന്റെ ജേണലിൽ പ്രസിദ്ധീകരിച്ചതോടെയാണ് കുറിഞ്ഞിയുടെ പരാഗണ രഹസ്യം അനാവരണമായത്. കുറിഞ്ഞികളുടെ 12 വർഷത്തെ തപസ്സിനു തുടക്കമിടുന്നത് അപിസ് സറാന ഇൻഡിക എന്ന് ശാസ്ത്രനാമമുള്ള തേനീച്ചകളാണ്.[5]

വേനൽക്കാലം കഴിഞ്ഞു പുതുമഴ പെയ്യുന്നതോടെ കുറിഞ്ഞി വിത്തുകൾ മുളച്ചു കുറിഞ്ഞിത്തൈകൾ ഉണ്ടാകുന്നു. ഒരു ചതുരശ്ര മീറ്ററിൽ ഏകദേശം 700 തൈകൾ ഉണ്ടാകും.[2]

കുറിഞ്ഞികളിലെ മഹാവിസ്ഫോടനം

തിരുത്തുക

(ബിഗ് ബാങ്) പൂക്കാലമാകുമ്പോൾ പരമാവധി പുനരുൽപ്പാദനത്തിന് ശ്രമിക്കുന്നവയാണ് കുറിഞ്ഞിച്ചെടികൾ. ഇതിനെ പ്രത്യുൽപ്പാദന മഹാ വിസ്ഫോടനം (Reproductive mega big bang) എന്ന് വിളിക്കുന്നു. കൂടുതൽ പൂക്കൾ ഉൽപ്പാദിപ്പിക്കാനും ഉണ്ടാകുന്ന പൂക്കളെയെല്ലാം പരമാവധി പരാഗണവിധേയമാക്കി വിത്തുൽപ്പാദനം നടത്താനും സസ്യം ശ്രമിക്കും.[2]

കുറിഞ്ഞിപ്പൂക്കളുടെ ചില ഇനങ്ങൾ

തിരുത്തുക
Key
Denotes Strobilanthes species
കുറിഞ്ഞി സ്പീഷ്യസ് പൂക്കാലം നിറം കുറിപ്പുകൾ
സ്ട്രോബൈലാന്തസ് കുന്തിയാനസ്
(Strobilanthes kunthianus)
ജൂലൈ -നവംബർ (12 വർഷം കൂടുമ്പോൾ) നീലയ്ക്കും ഊത നിറത്തിനും ഇടയിൽ
സ്ട്രോബൈലാന്തസ് ആന്റേഴ്സണീ
(Strobilanthes andersonii)
10 വർഷം കൂടുമ്പോൾ ഇളം നീല 20 അടിയോളം പൊക്കമുള്ളിവ ഇരവികുളത്തു മാത്രം കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് ഗ്രാസിലിസ്
(Strobilanthes gracilis)
10 വർഷം കൂടുമ്പോൾ വെള്ള കലർന്ന ഊത നിറം. മരക്കുറിഞ്ഞി, കൽക്കുറിഞ്ഞി, തൂക്കക്കുറിഞ്ഞി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ ചോല വനങ്ങളിൽ കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് പൾനിയൻസിസ്
(Strobilanthes pulneyensis)
ഒരു വർഷം കൂടുമ്പോൾ ഇളം വയലറ്റ്
സ്ട്രോബൈലാന്തസ് വൈറ്റിയാനസ്
(Strobailanthes wightianus)
ഇളം വയലറ്റ്, നീല പശ്ചിമഘട്ടത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് സെങ്കേറിയാനസ്
(Strobilanthes zenkerianus)
16 വർഷം കൂടുമ്പോൾ വെള്ള കലർന്ന ഇളം വയലറ്റ് ചോല വനങ്ങളിൽ കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് സീലിയേറ്റ്സ്
(Strobilanthes ciliatus)
ഒരു വർഷം കൂടുമ്പോൾ വെള്ളയിൽ ഇടയ്ക്കിടെ ചുവപ്പ്നിറം 500 മീറ്ററിൽ താഴെ കുറിഞ്ഞികളുണ്ടാകുന്ന എല്ലായിടത്തും കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് ലൂറിഡസ്
(Strobilanthes luridus)
ഇരുണ്ട തവിട്ടുനിറം 8 മീറ്ററോളം പൊക്കമുള്ള ഇവയ്ക്കു തിരിപോലെയുള്ള പൂക്കുലകൾ ആണ് ഉണ്ടാവുക.
സ്ട്രോബൈലാന്തസ് സെസിലിസ്
(Strobilanthes sessilis)
ഓരോ വർഷം കൂടുമ്പോഴും ഇളം പച്ചയും ഊതയും
സ്ട്രോബൈലാന്തസ് പെറോട്ടീട്ടിയാനസ്
(Strobilanthes perrottetianus)
10 വർഷം കൂടുമ്പോൾ വെള്ള
സ്ട്രോബൈലാന്തസ് ഉർസിയോലാരിസ്
(Strobilanthes urceolaris)
വെള്ള കൊടിക്കുറിഞ്ഞി, പഞ്ഞിക്കുറിഞ്ഞി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവ ചോല വനങ്ങളിൽ കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് ഹാമിൽട്ടോണിയാന
(Strobilanthes hamilttoniana)
വെള്ള കലർന്ന ഇളം ചുവപ്പ് ചൈനീസ് റെയിൻബെൽ എന്നും അറിയപ്പെടുന്ന ഇവ 400 മുതൽ 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു.
സ്ട്രോബൈലാന്തസ് അമാബിലീസ്
(Strobilanthes amabilis)
10 വർഷം കൂടുമ്പോൾ ഇളം വയലറ്റും വെള്ളയും ഇവ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് ഫോളിയോസസ്
(Strobilanthes foliosus)
2 വർഷം കൂടുമ്പോൾ ഇളം വയലറ്റ് കലർന്ന വെള്ള ഇവ മൂന്നാറിൽ കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് ഹോമോട്രോപ്പസ്
(Strobilanthes homotropus)
10 വർഷം കൂടുമ്പോൾ ഇളം വയലറ്റ് കലർന്ന വെള്ള ഹൈറേഞ്ചിലെ ചോല വനങ്ങളിൽ കാണപ്പെടുന്നു.
സ്ട്രോബൈലാന്തസ് ഹെയ്നിയാനസ്
(Strobilanthes heyneanus)
4 വർഷം കൂടുമ്പോൾ ഇളം റോസ് ഇവയെ കാസർക്കോട്ടെ വനത്തിൽ 2015-ൽ ആദ്യമായി കണ്ടെത്തി[2][5]

പശ്ചിമഘട്ടത്തിൽ അടുത്തകാലത്ത് കണ്ടെത്തിയ ചില തരം കുറിഞ്ഞികൾ[2]

തിരുത്തുക
  • സ്ട്രോബൈലാന്തസ് സെയിൻതോമിയാനസ്
  • സ്ട്രോബൈലാന്തസ് ജോമി
  • സ്ട്രോബൈലാന്തസ് കണ്ണനി
  • സ്ട്രോബൈലാന്തസ് അഗസ്ത്യമലയാന

കേരളത്തെയും തമിഴ്നാടിനേയും സംബന്ധിച്ച് കുറിഞ്ഞി പൂക്കുന്ന സമയം ടൂറിസം വികസന കാലം കൂടിയാണ്. 2006-ലെ സീസണിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഒരുദിവസം 3500-നു മേൽ സന്ദർശകർ എത്തിയെന്നാണ് കണക്ക്.

2006 ആഗസ്ത് മുതൽ മൂന്നു മാസത്തോളം അന്ന് കുറിഞ്ഞികൾ പൂത്തു നിന്നു. നീലവിസ്മയം കാണാൻ ആ സീസണിൽ അഞ്ചു ലക്ഷത്തോളം ആളുകൾ ആണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്.[2]

സംരക്ഷണം

തിരുത്തുക

കേരള വനം വന്യജീവി വകുപ്പ് കുറിഞ്ഞിച്ചെടികളെ സംരക്ഷിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. കുറിഞ്ഞിപ്പൂക്കൾ കൂട്ടമായി നിൽക്കുന്നത് കണ്ട് ആവേശം തോന്നുന്നവർ ചെടി പറിച്ചുകൊണ്ട് പോയ പല സംഭവവും 1994-ലെ സീസണിൽ ഉണ്ടായിരുന്നു. 2006-ൽ, കുറിഞ്ഞി ചെടി പറിക്കുന്നത് ശിക്ഷാർഹമാക്കി.

തിരുവനന്തപുരത്തെ സേവ് കുറിഞ്ഞി കാമ്പയിൻ കൗൺസിൽ പോലുള്ള സംഘടനകൾ കുറിഞ്ഞി സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

പൂവ് കായായും കായ് വിത്തായും പരിണമിച്ചു വീണ്ടും പൂവിടാൻ വേണ്ടി പന്ത്രണ്ട് വർഷക്കാലം (ഒരു വ്യാഴവട്ടം) കാത്തിരിക്കുന്ന ഈ ചെടിയുടെ "ഓർമശക്തി" -യെ കണ്ടെത്താൻ ശാസ്ത്രലോകത്തിന് ഇനിയും (AD-2018 സെപ്റ്റംബർ വരെ) കഴിഞ്ഞിട്ടില്ല.[5]

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീലക്കുറിഞ്ഞി&oldid=4083264" എന്ന താളിൽനിന്ന് ശേഖരിച്ചത്