ഡക്കോട്ട ഇന്ത്യർ
വടക്കേ അമേരിക്കയിലെ ഒരു അമേരിന്ത്യൻ ജനവിഭാഗമാണ് ഡക്കോട്ട ഇന്ത്യർ. സിയൂ (Sioux) ഇന്ത്യർ എന്ന പേരിലും ഇവർ അറിയപ്പെടുന്നു. സിയുവൻ (Siouan) ഭാഷാ കുടുംബത്തിലെ ഏറ്റവും വലിയ വിഭാഗമായ ഡക്കോട്ടയ്ക്ക് സാന്റി (ഡക്കോട്ട), വിസിയെല (നക്കോട്ട), ടെറ്റൺ (ലക്കോട്ട) എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. ഡക്കോട്ട എന്ന പദത്തിന് സാന്റി ഭാഷയിൽ മിത്രം എന്നാണർഥം.
Regions with significant populations | |
---|---|
അമേരിക്കൻ ഐക്യനാടുകൾ (SD, MN, NE, MT, ND), Canada (MB, SK, AB) | |
Languages | |
English, Sioux, French | |
Religion | |
Christianity (incl. syncretistic forms), Midewiwin | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Assiniboine, Stoney (Nakoda), and other Siouan peoples |
ഗോത്രങ്ങൾ
തിരുത്തുകഓരോ ഉപവിഭാഗവും വ്യത്യസ്ത ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒസെറ്റി ഷകൊവിൻ (Oceti Shakowin)[3] അഥവാ സപ്താഗ്നി കുണ്ഡങ്ങൾ, എന്നറിയപ്പെടുന്ന ഏഴ് ഗോത്രങ്ങളാണ് ഡക്കോട്ടയിലുള്ളത്.
- ഡെവകാന്റൺ (Mdewakanton) [4]
- വാപെക്യൂട്ടെ (Wahpekute) [5]
- സിസ്സെറ്റൊൺ (Sisseton) [6]
- വാപെറ്റൊൺ (Wahpeton)[7] എന്നീ നാല് ഗോത്രങ്ങൾ ചേർന്നതാണ് സാന്റി വിഭാഗം. വിസിയെല അഥവാ മധ്യ സിയുക്സ് വിഭാഗത്തിൽ
- യാങ്ടൺ (Yankton) [8]
- യാങ്ടൊണായി (Yannkotonai) എന്നീ രണ്ട് ഗോത്രങ്ങളുണ്ട്.
- ഏഴാമത്തേതായ ടെറ്റൺ (Teton)[9] ആണ് ഏറ്റവും വലിയ ഗോത്രം.
ഉദ്ദേശം 1640-ൽ ദക്ഷിണ മിനസോട്ടയിലാണ് ഡക്കോട്ട ഇന്ത്യരെ യൂറോപ്യന്മാർ ആദ്യം കണ്ടെത്തിയത്. നായാട്ട്, മത്സ്യബന്ധനം, വനവിഭവസമാഹരണം, ചോളം കൃഷി തുടങ്ങിയവയായിരുന്നു ഇവരുടെ പ്രധാന ഉപജീവനമാർഗങ്ങൾ.
'ഒജിബ് വ(Ojibwa)[10] ഗോത്രത്തിന്റെ ശത്രുത മൂലം ഡക്കോട്ട ഇന്ത്യർ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് നീങ്ങി. 1750-ഓടു കൂടി ടെറ്റണുകൾ മിസ്സൗറി നദി കടന്ന് ബ്ലാക്ഹിൽസ് വരെ എത്തി. കിഴക്കൻ പ്രദേശങ്ങളിൽ അവശേഷിച്ച സാന്റിയും വിസിയെലയും 1812-വരെ ബ്രിട്ടിഷുകാരുമായി സഖ്യം പുലർത്തിയിരുന്നു. ഉദ്ദേശം 1815-ൽ ഇവരെ അനുനയിപ്പിക്കുവാനും പടിഞ്ഞാറൻ മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുവാനുമായി യു. എസ്. ഗവൺമെന്റ് ഒരു ഉടമ്പടിയുണ്ടാക്കി.
മിന്നസോട്ടാ കലാപം
തിരുത്തുകതങ്ങളുടെ പ്രദേശത്തെ മൃഗസമ്പത്ത് ശോഷിക്കുന്നുവെന്നും ഭരണകർത്താക്കൾ ന്യായമായ പരിഗണനയും സംരക്ഷണവും നൽകുന്നില്ലായെന്നുമാരോപിച്ച് 1862 - ൽ സാന്റികൾ സായുധകലാപം നടത്തി. മിന്നസോട്ട വിപ്ലവം എന്ന പേരിൽ അറിയപ്പെട്ട ഈ കലാപം യു. എസ്. സേന അടിച്ചമർത്തി. പരാജിതരായ സാന്റികളിൽ ചിലർ കാനഡയിൽ അഭയം പ്രാപിച്ചു. അവശേഷിച്ചവർ ഉത്തര ദക്ഷിണ ഡക്കോട്ടകളിലേയും, നെബ്രസ്കയിലേയും സംവരണ മേഖലകളിൽ പാർപ്പിക്കപ്പെട്ടു. ടെറ്റണുകളും യാങ്ടൊണായിയും പിൽക്കാലത്ത് ഫെഡറൽ സേനയുമായി ഏറ്റുമുട്ടിയെങ്കിലും ഇവരും പരാജയമേററുവാങ്ങി. 1876-ൽ മൊൺടാനയിലെ ലിറ്റിൽ ബിഗ്ഹോണിൽ നടന്ന സംഘട്ടനത്തിൽ കേണൽ ജോർജ് കസ്റ്ററും സംഘവും കൊല്ലപ്പെട്ടതോടുകൂടി ഡക്കോട്ടകളും യു. എസ്. ഗവൺമെന്റും തമ്മിലുള്ള സംഘർഷം പാരമ്യതയിലെത്തിച്ചേർന്നു. ഫെഡറൽ സേന ശക്തമായി തിരിച്ചടിക്കുകയും ഡക്കോട്ടകൾ പൂർണമായും സംവരണ മേഖലകളിലേക്ക് പിൻവാങ്ങുകയും ചെയ്തു.
ജീവിതത്തിലെ വൈവിധ്യം
തിരുത്തുകഅമേരിക്കൻ ഇന്ത്യരുടെ വൈവിധ്യാത്മകവും സാഹസികവുമായ ജീവിതശൈലിയെക്കുറിച്ചുള്ള ആധുനിക ലോകത്തിന്റെ സങ്കല്പങ്ങൾ രൂപംകൊണ്ടത് പ്രധാനമായും ടെറ്റണുകളുടെ ജീവിതരീതിയിൽ നിന്നുമാണ്. മറ്റു പല ഗോത്രങ്ങളും ടെറ്റണുകളുടെ വേഷവിധാനം, പ്രത്യേകിച്ച് ടെറ്റൺ യോദ്ധാവിന്റെ വേഷവും ചിഹ്നങ്ങളും, സ്വാംശീകരിച്ചിട്ടുണ്ട്. എന്നാൽ ഒജിബ്വ, വിന്നെബാഗൊ (Winnebago)[11] തുടങ്ങിയ ഗോത്രങ്ങളോടാണ് സാന്റികൾ കൂടുതൽ സാംസ്കാരിക സാദൃശ്യം പ്രകടിപ്പിക്കുന്നത്. വിസിയെല ഗോത്രക്കാർ കൃഷിപ്പണിയിൽ താത്പര്യം പ്രകടിപ്പിക്കുകയും ഹിദത്സ (Hidatsa),[12] അരികര (Arikara)[13] തുടങ്ങിയ ഗോത്രങ്ങളോട് സാദൃശ്യം പുലർത്തുകയും ചെയ്യുന്നു. വകൻ താൻക (Wakan Tanka)[14] അഥവാ മഹാനിഗൂഢതയാണ് ഡക്കോട്ട ഇന്ത്യരുടെ പ്രധാന ആരാധനാമൂർത്തി. ഗാനങ്ങൾ, മൃഗങ്ങൾ, ചില പ്രത്യേക ശിലകൾ, ഇടിമിന്നൽ, അനുഷ്ഠാനങ്ങൾക്കായി നിർമ്മിക്കുന്ന പ്രത്യേക വസ്തുക്കൾ എന്നിവയിലെല്ലാം ഈ നിഗൂഢശക്തി കുടികൊള്ളുന്നു എന്നാണ് സങ്കല്പം. ഡക്കോട്ട ഇന്ത്യർക്ക് ഈ ശക്തിയുമായി സംവദിക്കുവാനുള്ള മാർഗ്ഗമാണ് മതം. ശക്തിയെ പൂർണമായി നിയന്ത്രിക്കുവാൻ ഇവർ ശ്രമിക്കുന്നില്ല. സാന്റികളുടെ മതാനുഷ്ഠാനങ്ങൾ ഒജിബ്വയുടേതിനോട് സാദൃശ്യം പുലർത്തുന്നു. വിസിയെലയുടെ അനുഷ്ഠാനങ്ങൾക്ക് മിസ്സൗറി ഗ്രാമീണരുടെ അനുഷ്ഠാനങ്ങളോട് സാമ്യമുണ്ട്. ഏറ്റവും വർണശബളമായ അനുഷ്ഠാനങ്ങൾ ടെറ്റണുകളുടേതാണ്. സൂര്യനൃത്തം ഇവരുടെ വളരെ പ്രധാനപ്പെട്ട ഒരനുഷ്ഠാനമാണ്. നൃത്തത്തിന്റെ ഭാഗമായി നിരവധി ആത്മപീഡനമുറകൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നതിനാൽ ഭരണാധികാരികൾ ദീർഘകാലം ഈ അനുഷ്ഠാനം നിരോധിച്ചിരുന്നു.
ഗോത്രത്തലവന്മാർ
തിരുത്തുകസാന്റി, വിസിയെല ഗോത്രങ്ങളിലെ തലവൻമാർക്ക് പരിമിതമായ അധികാരങ്ങൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ടെറ്റൺ ഗോത്രത്തലവൻമാർക്ക് നിസ്സീമമായ അധികാരങ്ങളുണ്ടായിരുന്നു. എല്ലാ ഗോത്രങ്ങളിലും തലവൻമാർക്ക് മാർഗനിർദ്ദേശം നൽകുവാൻ ഉന്നതവ്യക്തികളുടെ സമിതികൾ രൂപീകരിച്ചിരുന്നു. യോദ്ധാക്കളുടെ പ്രത്യേക സംഘങ്ങൾ ഗോത്രപാളയങ്ങളുടെ സംരക്ഷകരായി പ്രവർത്തിച്ചിരുന്നു. ഇന്ന് ബ്ലാക്ക് ഹിൽസ്, ഉത്തര-ദക്ഷിണ ഡക്കോട്ടകൾ, നെബ്രാസ്ക, മിന്നസോട്ട, കാനഡ, മൊൺടാന എന്നിവിടങ്ങളിലായി ഏകദേശം 36,000 ഡക്കോട്ട ഇന്ത്യരുണ്ടെന്നു കണക്കാക്കിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "United States Census Data" (PDF). Retrieved 2007-08-11.
- ↑ "Ethnologue Report for Lakota". Retrieved 2007-08-11.
- ↑ http://www.7fires.org/about.htm Archived 2012-01-07 at the Wayback Machine. About the Organization - Seven Fires Foundation
- ↑ http://www.shakopeedakota.org/ Shakopee Mdewakanton Sioux Community
- ↑ http://www.accessgenealogy.com/native/tribes/siouan/wahpekutehist.htm Wahpekute Indian Tribe History
- ↑ http://www.swo-nsn.gov/ Sisseton Wahpeton Oyate
- ↑ http://www.wahpeton.com/ City of Wahpeton
- ↑ http://www.cityofyankton.org/ Archived 2016-06-10 at the Wayback Machine. City of Yankton, SD
- ↑ http://www.tetoncomt.org/inside.aspx Archived 2012-02-07 at the Wayback Machine. Teton County - Welcome
- ↑ http://www.everyculture.com/multi/Le-Pa/Ojibwa.html Ojibwa - History, Migration to the great lakes
- ↑ http://www.co.winnebago.wi.us/ Welcome to Winnebago County
- ↑ http://www.accessgenealogy.com/native/tribes/siouan/hidatsahist.htm Hidatsa Indian Tribe History
- ↑ http://www.bigorrin.org/arikara_kids.htm Arikara Indian Fact Sheet
- ↑ http://www.wakantankafilm.com/ Archived 2012-01-10 at the Wayback Machine. Wakan Tanka
പുറംകണ്ണികൾ
തിരുത്തുകചിത്രശാല
തിരുത്തുക-
ജോസഫ് ബേഡ് ഹെഡ്
-
ഡക്കോട്ട ചീഫ്
-
സ്പോട്ടഡ് ടെയിൽ
-
വാങ്ഘട്ടേഗിലി
-
സിറ്റിങ് ബുൾ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡക്കോട്ട ഇന്ത്യർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |