പീഡിയാട്രിക് ഒഫ്താൽമോളജി

(Pediatric ophthalmology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശിശുക്കളിലെയും കുട്ടികളിലെയും നേത്ര രോഗങ്ങൾ, കാഴ്ച പ്രശ്നങ്ങൾ, നേത്ര ചലന പ്രശ്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ഒഫ്താൽമോളജി സബ്-സ്പെഷ്യാലിറ്റി ആണ് പീഡിയാട്രിക് ഒഫ്താൽമോളജി.

ക്ലിനിക്കൽ വൈദഗ്ദ്ധ്യം തിരുത്തുക

പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധർ വിഷ്വൽ സിസ്റ്റത്തിന്റെ വികാസത്തിലും കുട്ടികളിലെ കാഴ്ച വികസനത്തെ തടസ്സപ്പെടുത്തുന്ന വിവിധ രോഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുട്ടികളെ ബാധിക്കുന്ന വിവിധ ഒക്കുലാർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിലും പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധർക്ക് വൈദഗ്ധ്യമുണ്ട്. പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധർക്ക് സങ്കീർണ്ണമായ നേത്ര ശസ്ത്രക്രിയ നടത്താനും കണ്ണടകളും മരുന്നുകളും ഉപയോഗിച്ച് കുട്ടികളുടെ നേത്ര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും യോഗ്യതയുണ്ട്. കുട്ടികളുടെ നേത്ര പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഫിസിഷ്യൻമാരും മറ്റ് രോഗങ്ങളിൽ വിദഗ്ദ്ധരായവരും രോഗികളെ പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധന്റെ അടുത്തേക്ക് അയക്കുന്നു. കാഴ്ച പ്രശ്നങ്ങൾക്ക് പുറമേ, തല ചരിച്ച് പിടിക്കുക, കണ്ണുകൾ ചുരുക്കിപ്പിടിച്ച് നോക്കുക എന്നിവ വിലയിരുത്തുന്നതിനായി സാധാരണയായി പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുന്നു. പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധർ സാധാരണയായി സ്ട്രാബിസ്മസ് അവസ്ഥകളുമായുള്ള പരിചയം കാരണം കണ്ണ് ചലന വൈകല്യങ്ങളുള്ള (നിസ്റ്റാഗ്മസ് അല്ലെങ്കിൽ സ്ട്രാബിസ്മസ് പോലുള്ളവ) ഉള്ള മുതിർന്നവരെയും കൈകാര്യം ചെയ്യുന്നു.

കുട്ടികളിലെ നേത്ര പ്രശ്നങ്ങൾ തിരുത്തുക

 
കുട്ടികൾക്കുള്ള നേത്രപരിശോധന ആവശ്യപ്പെടുന്ന പൊതുവിദ്യാഭ്യാസ പോസ്റ്റർ ( വർക്ക്സ് പ്രോഗ്രസ് അഡ്മിനിസ്ട്രേഷൻ, ഏകദേശം 1937)

കുട്ടികൾ‌ പലതരം നേത്ര പ്രശ്‌നങ്ങൾ‌ അനുഭവിക്കുന്നു, അവ മുതിർന്നവർ‌ക്കുള്ള നേത്രരോഗങ്ങളിൽ‌ നിന്നും തികച്ചും വ്യത്യസ്തമാണ്. പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധർക്ക് ഇനിപ്പറയുന്ന വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നൽകുന്നു:

  • അണുബാധകൾ ( കൺജങ്ക്റ്റിവിറ്റിസ് ).
  • ജനസംഖ്യയുടെ 2-4% പേരെ ബാധിക്കുന്ന കണ്ണുകളുടെ തെറ്റായ ക്രമീകരണമാണ് സ്ട്രാബിസ്മസ് അഥവാ കോങ്കണ്ണ്; ഇത് പലപ്പോഴും ആംബ്ലിയോപിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. "തെറ്റ് കണ്ണ്" എന്ന് പൊതുവായി വിളിക്കപ്പെടുന്ന അകത്തേക്കോ പുറത്തേക്കോ തിരിഞ്ഞിരിക്കുന്ന കണ്ണുകൾ സ്ട്രാബിസ്മസിന്റെ ഒരു ഉദാഹരണമാണ്. മുകളിലേയ്‌ക്കോ താഴേയ്‌ക്കോ പുറത്തേയ്‌ക്കോ തിരിയുന്ന കണ്ണ് ഉൾപ്പെടെ മറ്റ് തരം തെറ്റായ ക്രമീകരണങ്ങൾക്കും സ്ട്രാബിസ്മസ് എന്ന പദം ബാധകമാണ്.
  • ഒരു കണ്ണിന്റെ കാഴ്ച മറ്റേ കണ്ണിനേക്കാൾ ഗണ്യമായി മെച്ചപ്പെട്ടോ കുറഞ്ഞോ ഇരിക്കുമ്പോഴാണ് ആംബ്ലിയോപിയ (മടിയൻ കണ്ണ്) സംഭവിക്കുന്നത്, മസ്തിഷ്കം മികച്ച കണ്ണിനെ ആശ്രയിക്കുകയും ദുർബലമായത് അവഗണിക്കുകയും ചെയ്യുന്നു. ആംബ്ലിയോപിയ ജനസംഖ്യയുടെ 4% ആളുകളെ ബാധിക്കുന്നു, ഒരു കണ്ണിന്റെ റിഫ്രാക്റ്റീവ് പിശക് മറ്റൊരു കണ്ണിൽ നിന്ന് 2.5 ഡയോപ്റ്ററുകളിൽ കൂടുതൽ ഉള്ളപ്പോൾ അല്ലെങ്കിൽ കോങ്കണ്ണ് ഉള്ളപ്പോൾ ആംബ്ലിയോപ്പിയ ക്ലിനിക്കായി നിർണ്ണയിക്കപ്പെടുന്നു. കാര്യമായ റിഫ്രാക്റ്റീവ് പിശകുകൾ തിരുത്തുന്നതും ശക്തമായ കണ്ണ് പാച്ചിംഗ് (ഒക്ലൂഷൻ തെറാപ്പി) ഉപയോഗിച്ച് മൂടി ദുർബലമായ കണ്ണ് ഉപയോഗിക്കാൻ തലച്ചോറിനെ പ്രോത്സാഹിപ്പിക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതും ആംബ്ലിയോപിയയുടെ ചികിത്സയിൽ ഉൾപ്പെടുന്നു.
  • കണ്ണുനീർ പോകുന്ന ടിയർ ഡക്റ്റ് അടഞ്ഞിരിക്കൽ.
  • ടോസിസ്
  • റെറ്റിനോപ്പതിഓഫ് പ്രീമെച്യുരിറ്റി
  • നിസ്റ്റാഗ്മസ്
  • വിഷ്വൽ ഇൻഅറ്റെൻഷൻ (ദൃശ്യ അശ്രദ്ധ) [1]
  • കുട്ടികളിലെ തിമിരം
  • പീഡിയാട്രിക് ഗ്ലോക്കോമ
  • അസാധാരണമായ കാഴ്ച വികസനം
  • ജനിതക വൈകല്യങ്ങൾ ബാധിച്ച കുട്ടികൾക്ക് പലപ്പോഴും നേത്ര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഏകദേശം 30% ജനിതക സിൻഡ്രോം കണ്ണുകളെ ബാധിക്കുന്നതിനാൽ, ഒരു പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധന്റെ പരിശോധന ജനിതകാവസ്ഥ നിർണ്ണയിക്കാൻ സഹായിക്കും. ജനിതക സിൻഡ്രോം ഉള്ള കുട്ടികളെ ചികിത്സിക്കുന്ന മൾട്ടി-ഡിസിപ്ലിനറി മെഡിക്കൽ ടീമുകളുമായി ഭാഗമായി പല ശിശുരോഗ നേത്രരോഗവിദഗ്ദ്ധരും പങ്കെടുക്കുന്നു.
  • കാഴ്ചയെ അല്ലെങ്കിൽ ടിയർ ഡ്രെയിനേജ് ഡക്റ്റ് സിസ്റ്റത്തെ ബാധിക്കുന്ന ജനന വൈകല്യങ്ങൾ ഒരു ശിശുരോഗ നേത്രരോഗവിദഗ്ദ്ധന് വിലയിരുത്താനും ശസ്ത്രക്രിയയിലൂടെ ശരിയാക്കാനും കഴിയും.
  • ഓർബിറ്റൽ ട്യൂമർ
  • റിഫ്രാക്റ്റീവ് പിശകുകളായ മയോപിയ (ഹ്രസ്വദൃഷ്ടി), ഹൈപ്പറോപിയ (ദീർഘദൃഷ്ടി), അസ്റ്റിഗ്മാറ്റിസം എന്നിവ പലപ്പോഴും ഗ്ലാസുകളോ കോൺ‌ടാക്റ്റ് ലെൻസുകളോ ഉപയോഗിച്ച് ശരിയാക്കാം.
  • അക്കൊമഡേഷൻ ഇൻസെഫിഷ്യൻസി
  • കൺവർജൻസ് അപര്യാപ്തതയും അസ്‌തെനോപിയയും
  • ഡിസ്‌ലെക്‌സിയ, എഡിഎച്‍എ എന്നിവ ഉൾപ്പെടെയുള്ള വിഷ്വൽ പ്രശ്‌നങ്ങളുടെ വിലയിരുത്തൽ.

പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധർ പലപ്പോഴും സ്ട്രബിസ്മസ് ചികിത്സയിൽ ഓർത്തോപ്റ്റിസ്റ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ചരിത്രം തിരുത്തുക

ലോകത്തിലെ ആദ്യത്തെ ശിശുരോഗ നേത്രരോഗവിദഗ്ദ്ധനായി കണക്കാക്കപ്പെടുന്ന ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്നു ഫ്രാങ്ക് ഡി. കോസ്റ്റൻബാദർ. [2] കോസ്റ്റൻബാദറും മാർഷൽ എം. പാർക്ക്സും (അദ്ദേഹം പിന്നീട് "പീഡിയാട്രിക് ഒഫ്താൽമോളജിയുടെ പിതാവ്" എന്നറിയപ്പെട്ടു) വാഷിംഗ്ടൺ ഡിസിയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ (ഇപ്പോൾ ചിൽഡ്രൻസ് നാഷണൽ മെഡിക്കൽ സെന്റർ) ഏതെങ്കിലും ഉപവിഭാഗത്തിന്റെ ആദ്യത്തെ നേത്രരോഗ ഫെലോഷിപ്പ് പരിശീലന പ്രോഗ്രാം ആരംഭിച്ചു. [3] [4] പാർക്ക്സ് തന്റെ കരിയറിൽ നിരവധി പീഡിയാട്രിക് നേത്രരോഗവിദഗ്ദ്ധരെ പരിശീലിപ്പിക്കുകയും അമേരിക്കൻ അസോസിയേഷൻ ഫോർ പീഡിയാട്രിക് ഒഫ്താൽമോളജി ആൻഡ് സ്ട്രാബിസ്മസ് എന്ന ദേശീയ സംഘടന സ്ഥാപിക്കുകയും ചെയ്തു. കാലക്രമേണ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ശിശുരോഗ നേത്രരോഗവിദഗ്ദ്ധരുടെ പരിശീലനത്തിനായി 30 ലധികം പ്രോഗ്രാമുകൾ വികസിപ്പിച്ചെടുത്തു. അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് ഒഫ്താൽമോളജി ആൻഡ് സ്ട്രാബിസ്മസ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ചേർന്ന് പീഡിയാട്രിക് നേത്രരോഗം, വിഷൻ സ്ക്രീനിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തിക്കുന്നു.

മറ്റ് ശ്രദ്ധേയമായ ശിശുരോഗ നേത്രരോഗവിദഗ്ദ്ധരിൽ ജാക്ക് ക്രോഫോർഡ്, ജോൺ ടി. ഫ്ലിൻ, ഡേവിഡ് എസ്. ഫ്രണ്ട്‌ലി, യൂജിൻ ആർ. ഫോക്ക്, ഡേവിഡ് ഗ്യൂട്ടൺ, റോബിസൺ ഡി. ഹാർലി, യൂജിൻ ഹെൽവെസ്റ്റൺ, ആർതർ ജാംപോൾസ്കി, ബാരി ജെയ്, ഫിലിപ്പ് നാപ്പ്, ബർട്ടൺ ജെ. കുഷ്‌നർ, ഹെൻ‌റി മെറ്റ്സ്, മെർലിൻ ടി. മില്ലർ, ജോൺ പ്രാറ്റ്-ജോൺസൺ, ആർതർ റോസെൻ‌ബൂം, വില്യം ഇ. സ്കോട്ട്, ഗുണ്ടർ കെ. വോൺ നൂർ‌ഡൻ, മെറ്റ് വാർ‌ബർഗ് എന്നിവർ ഉൾപ്പെടുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക