ഇന്ത്യയിലെ പഞ്ചായത്തി രാജ്

ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ്പഞ്ചായത്തി രാജ് അഥവാ പഞ്ചായത്ത് രാജ്
(Panchayati raj in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ്പഞ്ചായത്തി രാജ് അഥവാ പഞ്ചായത്ത് രാജ്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിൻറെയും, ഗ്രാമസ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ദർശനത്തിൻറെയും പ്രായോഗികമായ നടപ്പാക്കൽ ആണ് പഞ്ചായത്തി രാജ്. സ്വരാജ്” സങ്കല്പം കേവലം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയമായിത്തീരുക എന്നതാണ് അന്തിമ ലക്ഷ്യമെന്നു ഗാന്ധിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന്റെ പ്രചോദനം.

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് , ബൽവന്ത് റായി മേത്ത കമ്മറ്റി സമർപ്പിച്ച നിർദ്ദേശങ്ങൾ പ്രകാരം ഇന്ത്യയിൽ ‍പഞ്ചായത്ത് രാജ് പദ്ധതി ആവിഷ്കരിച്ചു. 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലെ നഗൗരിൽ ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിനു ആരംഭമായി. 1960 ജനവരി 18-ന് ഏറ‍ണാകുളത്ത് കേരളത്തിലെ പഞ്ചായത്ത് രാജ് ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് നെഹ്രുവാണ്‌. എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയിൽ ആകമാനം നിലവിൽ വന്നത്.അധികാര വികേന്ദ്രീകരണത്തിൻറെ മാർഗരേഖയായി മാറിയ ബൽവന്ത്റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് ദേശീയ വികസന സമിതി 1958ൽ അംഗീകരിച്ചതോടെ ആദ്യം രാജസ്ഥാനിലും തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും നവീനമായ ഗ്രാമഭരണ സമിതികൾ ഉദയം ചെയ്തു തുടങ്ങി. 73-ാം ഭരണഘടനാ ഭേദഗതി ബില്ലിൽ 1993 എപ്രിലിൽ രാഷ്ട്രപതി ഒപ്പു വച്ചതോടെ പഞ്ചായത്ത് രാജ് സംവിധാനം ശക്തമായി. ഇന്ത്യയിലെ പഞ്ചായത്തുകൾക്ക് ഭരണഘടനാ സാധുത കൈവന്നു.

എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി വിശദമായി

തിരുത്തുക

1992ലെ ഈ ഭരണഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും വാർഡുകളിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ സമ്മേളനമായ ഗ്രാമസഭകൾക്ക് ഭരണഘടനാപരമായ അംഗീകാരം ലഭിച്ചു. ഇതുവഴി, ഗ്രാമ പഞ്ചായത്, ബ്ലോക്ക് പഞ്ചായത് , ജില്ലാ പഞ്ചായത് എന്ന ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നു. ഇവിടങ്ങളിൽ അഞ്ച് വർഷത്തിൽ ഒരിക്കൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നത് നിർബന്ധമാക്കി. വനിതകൾക്കും പിന്നോക്ക പട്ടിക ജാതി വിഭാഗങ്ങൾക്കും സംവരണം ഉറപ്പാക്കി. അധികാരം ജനങ്ങളിൽ എത്തുക, സാധാരണക്കാരിൽ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം വൈരുദ്ധ്യങ്ങളും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് നേടിയിരിക്കുയാണ്. കേരളവും , കർണ്ണാടകവും സംസ്ഥാന ബജറ്റിൻറെ യഥാക്രമം 40ഉം 34ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണ്.

 
കേരളത്തിലെ ഗ്രാമപഞ്ചായത്തിന്റെ ഘടന

"വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്”

തിരുത്തുക

"വികേന്ദ്രീകരണത്തിലൂടെ അധികാരം ജനങ്ങളിലേക്ക്” എന്ന തത്ത്വം പ്രായോഗവൽക്കരിക്കുകയാണ് തദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ലക്‌ഷ്യം. അതിലൂടെ സമഗ്രമായ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെ പൂർണമാവുക. . ഓരോ പ്രദേശത്തിന്റെയും വികസന രീതി അവിടെയുള്ള ജനങ്ങളുടെ ഇഷ്ടത്തിനും താല്പര്യത്തിനും അനുകൂലമായി വിന്യസിക്കുവാൻ ഈ ഭരണ രീതിയാണ് ഏറ്റവും അനുയോജ്യമായത്. പ്രാഥമികാരോഗ്യം, പ്രാഥമിക വിദ്യാഭ്യാസം, ശുചിത്വം എന്നിവയാണ് ഇതിന്റെ പ്രധാന പരിഗണനയിലുള്ളത്.

കേരള പഞ്ചായത്ത് ആക്ട്, 1960

തിരുത്തുക

സാമൂഹ്യ വികസന രംഗത്ത് കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആസൂത്രിത വികസനം ഗ്രാമതലത്തിൽ രൂപപ്പെടുത്തുന്നതിനും അധികാരവികേന്ദ്രീകരണം പ്രാവർത്തികമാക്കുന്നതിനും സഹായകമാകും വിധം സംസ്ഥാന സർക്കാരുകൾ പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന ബൽവന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിർമ്മിക്കുകയും 01-01-1962ൽ നിലവിൽ വരികയും ചെയ്തു. ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഗ്രാമപ്രദേശങ്ങളെയും ഉൾപ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകൾ രൂപവൽകരിച്ചു. ഈ പഞ്ചായത്തുകളിൽ 01-01-1964 മുതൽ പ്രാബല്യത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികൾ അധികാരമേൽക്കുകയും ചെയ്തു. ഈ നിയമം പഞ്ചായത്ത് ഭരണസമിതികൾക്ക് ഒട്ടേറെ അധികാരാവകാശങ്ങൾ നൽകുകയും ഗ്രാമഭരണത്തിന് ശോഭനമായ ഒരു അടിത്തറ പ്രദാനം ചെയ്യുകയും ചെയ്തു.

കാലാന്തരത്തിൽ ചില പഞ്ചായത്തുകൾ മുൻസിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപീകരിക്കുകയും ചെയ്തു. 23-4-1994ൽ കേരള പഞ്ചായത്ത് രാജ് നിയമം നിലവിൽ വരുമ്പോൾ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇപ്പോൾ ഇവയുടെ എണ്ണം 941 ആണ്.

കേരള പഞ്ചായത്ത് രാജ് ആക്ട് 1994
തിരുത്തുക

ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളിൽ വർദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം  നിർമ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം. ഈ നിയമത്തിന് 1995ൽ ചില ഭേദഗതികൾ വരുത്തുകയുണ്ടായി. അനന്തരം 1999ൽ അധികാര വികേന്ദ്രീകരണ (സെൻ) കമ്മിറ്റിയുടെയും ഒന്നാം സംസ്ഥാന ധനകാര്യകമ്മീഷൻറെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ആകെയുള്ള 285 വകുപ്പുകളിൽ 105-ഓളം വകുപ്പുകളിൽ സമഗ്രമായ ഭേദഗതികളും വരുത്തുകയുണ്ടായി. സർക്കാരിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേലുണ്ടായിരുന്ന ഒട്ടുമിക്ക നിയന്ത്രണങ്ങളും ഉപേക്ഷിച്ചുവെന്നതാണ് ഈ ഭേദഗതി നിയമത്തിൻറെ പ്രത്യേകത. 2000-ൽ പഞ്ചായത്ത് രാജ് നിയമം വീണ്ടും ഭേദഗതി ചെയ്ത് സർക്കാരിൽ നിക്ഷിപ്തമായിരുന്ന വാർഡ് വിഭജനം, സംവരണ നിർണ്ണയം തുടങ്ങിയ അധികാരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകുകയുണ്ടായി. കൂടാതെ 35 അനുബന്ധനിയമങ്ങളിലും ഭേദഗതി വരുത്തികൊണ്ട് അധികാര വികേന്ദ്രീകരണം പൂർണ്ണമായി നടപ്പിലാക്കി.

നടപ്പാക്കൽ ശക്തിപ്പെടുത്തുന്നു

തിരുത്തുക

ഗ്രാമസഭകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചിരിക്കുകയാണ് .സംസ്ഥാനങ്ങളുടെ നയപരിപാടികളിൽ ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗ്രാമസഭകൾ ഊർജ്ജിതമാക്കാൻ പ്രത്യേക പരിപാടികളും പദ്ധതികളും നടപ്പാക്കണം. .ഭരണകൂടത്തിൻറെ വക്താവ് ആയിരിക്കരുത് ഗ്രാമസഭകളുടെ തലവൻ. ജനങ്ങളുടെ ശബ്ദം ഭരണകർത്താക്കൾക്ക് മുന്നിലെത്തിക്കുന്ന വ്യക്തിയായിരിക്കണം സഭയുടെ തലവൻ. ഗ്രാമസഭാ അധികാരികളുടെ ചുമതലകളും കർമ്മങ്ങളും വ്യക്തമായി നിർവ്വചിച്ച് അവരെ അറിയിക്കണമെന്നും കേന്ദ്രം നിർദ്ദേശത്തിൽ വ്യക്തമാക്കി. ഗ്രാമസഭാ സെക്രട്ടറിയേറ്റുകളുടെ പ്രവർത്തനരീതിയും വ്യക്തമാക്കിക്കൊടുക്കണമെന്ന് നിർദ്ദേശത്തിലുണ്ട്. പ്രാദേശികമായ സമ്മർദ്ദങ്ങൾക്ക് അതീതമായിരിക്കണം ഇവയുടെ പ്രവർത്തനം. ഗ്രാമീണ വികസന പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഗ്രാമസഭകളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടായിരിക്കണം. കാർഷിക മാനുഷിക സാമൂഹിക മേഖലകളിൽ ഗ്രാമസഭകളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

പ‍ഞ്ചായത്ത് രാജ് ദിനം

തിരുത്തുക

ഏപ്രിൽ 24 പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു വരുന്നു. സ്വാതന്ത്ര്യ സമര പോരാളിയും ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയ ബൽവന്ത് റായ് മേത്തയുടെ ജന്മദിനമാണ് ഫെബ്രുവരി 19. പഞ്ചായത്ത് രാജിന് അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിൻറെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്.[1]

  1. website of LSG Dept, Govt. of kerala
  2. http://malayalam.webdunia.com/newsworld/news/national/0910/20/1091020016[പ്രവർത്തിക്കാത്ത കണ്ണി]
  1. "പഞ്ചായത്ത് ദിനം - ഫെബ്രുവരി 19 (ബൽവന്ത്റായ് മേത്ത ദിനം)".