ഞെരളത്ത് രാമപ്പൊതുവാൾ

(Neralattu Rama Poduval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്നു ഞെരളത്ത് രാമപ്പൊതുവാൾ (ഫെബ്രുവരി 16, 1916 - ഓഗസ്റ്റ് 13, 1996)[1][2].

ഞെരളത്ത് രാമപ്പൊതുവാൾ
ജനനം1916 ഫെബ്രുവരി 16
മരണംഓഗസ്റ്റ് 13, 1996(1996-08-13) (പ്രായം 80)
ദേശീയതഇന്ത്യൻ
തൊഴിൽഅഷ്ടപദി/സോപാനസംഗീതം
ജീവിതപങ്കാളി(കൾ)ലക്ഷ്മിക്കുട്ടി അമ്മ
കുട്ടികൾഞെരളത്ത് ഹരിഗോവിന്ദൻ ഉൾപ്പെടെ 7 പേർ

പാലക്കാട് ജില്ലയിലെ അലനല്ലൂർ ഗ്രാമപഞ്ചായത്തിൽ പെട്ട ഞെരളത്ത് ഗ്രാമമാണ് ആണ്‌ ഇദ്ദേഹത്തിന്റെ ജന്മദേശം. സോപാന സംഗീതത്തിന്റെ കുലപതി ആയി ഞെരളത്ത് വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് 'ജനഹിത സോപാനം' എന്ന ജനകീയ രൂപം അദ്ദേഹം ആവിഷ്കരിച്ചു. 'ദൈവം സർവ്വവ്യാപിയാണ്' എന്ന ആശയം ഉപയോഗിച്ചാണ് അദ്ദേഹം സോപാനസംഗീതത്തെ ക്ഷേത്രത്തിനു പുറത്തേക്കെത്തിക്കുന്നതിനു വേണ്ടി യത്നിച്ചത്.

അരവിന്ദൻ സം‌വിധാനം ചെയ്ത തമ്പ്, ജോൺ എബ്രഹാം സം‌വിധാനം ചെയ്ത അമ്മ അറിയാൻ, ഗുരുവായൂർ മാഹാത്മ്യം തുടങ്ങിയ ചിത്രങ്ങളിൽ ഞെരളത്ത് അഭിനയിച്ചിട്ടുണ്ട്. ഞെരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകൻ ഞെരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു സോപാനസംഗീതജ്ഞനാണ്. മങ്കട രവിവർമ്മ ഞെരളത്തിനെക്കുറിച്ച് ഒരു ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്.

ജീവിത രേഖ

തിരുത്തുക

പാലക്കാടു ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂരിനടുത്ത് ഞെരളത്തുപൊതുവാട്ടിൽ ജാനകി പൊതുവാൾസ്യാരുടെയും കൂടല്ലൂർ കുറിഞ്ഞിക്കാവിൽ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് കുംഭമാസത്തിലെ പൂയം നക്ഷത്രത്തിൽ ജനിച്ചു.[3] ഭീമനാട് യു.പി. സ്കൂളിൽ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വലിയമ്മാവൻ കരുണാകരപ്പൊതുവാൾ, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂർ മാധവൻ നായർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.[3]

1956-ൽ 40-ആം വയസ്സിലാണ് അദ്ദേഹം വിവാഹം കഴിച്ചത്. ലക്ഷ്മിക്കുട്ടി അമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പിന്നീട് ഏഴുമക്കൾ അവർക്കുണ്ടായി - അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. ഇവരിൽ ആറാമത്തെ സന്തതിയാണ് ഞെരളത്ത് ഹരിഗോവിന്ദൻ. വിവാഹശേഷമാണ് അദ്ദേഹം താമസം അങ്ങാടിപ്പുറത്തേയ്ക്ക് മാറ്റിയത്. അങ്ങാടിപ്പുറത്തെ പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിത്യേന സോപാനസംഗീതം അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധേയനായി. വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും സ്ഥിരമായി പരിപാടികൾ അവതരിപ്പിച്ചുവന്ന ഞെരളത്ത്, 1996 ആഗസ്റ്റ് 13-ന് 80-ആം വയസ്സിൽ പെരിന്തൽമണ്ണയിലെ മൗലാനാ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[3] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എല്ലാ വർഷവും ഫെബ്രുവരി 16 മുതൽ അഞ്ചുദിവസം ഞെരളത്ത് സംഗീതോത്സവം നടത്തിവരുന്നുണ്ട്. ഞെരളത്തിന്റെ ഗുരുനാഥനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിന്റെ അതേ മാതൃകയിലാണ് ഇതും നടക്കുന്നത്.

പുരസ്കാരങ്ങൾ[3]

തിരുത്തുക
  • കേരള സംഗീത നാടക അക്കാദമി അവാർഡ് (1981)
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1985)
  • മഹാരാഷ്ട്രാ സർക്കാർ സാംസ്കാരിക വകുപ്പ് അവാർഡ് (1985)
  • കലാമണ്ഡലം കീർത്തി ശംഖ് (1985)
  • കലാമണ്ഡലം ഫെലോഷിപ്പ് (1990)
  • മാരാർ ക്ഷേമസഭ കലാചാര്യ പുരസ്കാരം (1990)
  • ഗുരുവായൂരപ്പൻ സമ്മാനം (1994)
  • തൃത്താല കേശവപ്പൊതുവാൾ സ്മാരക പുരസ്കാരം (1996)
  • പ്രവാസി ബഷീർ പുരസ്കാരം (1996)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-11. Retrieved 2008-08-12.
  2. മാതൃഭൂമി കലണ്ടർ
  3. 3.0 3.1 3.2 3.3 "ഞെരളത്ത് രാമപ്പൊതുവാൾ". സോപോനസംഗീതം.കോം. Archived from the original on 2012-06-16. Retrieved 3 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഞെരളത്ത്_രാമപ്പൊതുവാൾ&oldid=4120704" എന്ന താളിൽനിന്ന് ശേഖരിച്ചത്