ഇന്തോനേഷ്യൻ ദേശീയ മ്യൂസിയം

(National Museum of Indonesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെർഡേക്ക ചത്വരത്തിന്റെ പടിഞ്ഞാറ് വശത്തായി, മദ്ധ്യ ജക്കാർത്തയിലെ ജലാൻ മേദൻ മെർഡേക്ക ബരാത്തിൽ സ്ഥിതിചെയ്യുന്ന ഒരു പുരാവസ്തു, ചരിത്ര, വംശശാസ്ത്ര, ഭൂമിശാസ്ത്ര മ്യൂസിയമാണ് നാഷണൽ മ്യൂസിയം ഓഫ് ഇന്തോനേഷ്യ. ഇതിന് മുൻഭാഗത്തെ തുറസായ സ്ഥലത്ത് പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ആനയുടെ പ്രതിമ ഇതിന് എലിഫന്റ് മ്യൂസിയം (ഇന്തോനേഷ്യൻ: മ്യൂസിയം ഗജ) എന്ന അപരനാമം ചാർത്തപ്പെടാൻ കാരണമായി. മ്യൂസിയത്തിലെ അതിവിപുലമായ ശേഖരം ഇന്തോനേഷ്യയുടെ എല്ലാ പ്രദേശങ്ങളുടേയും അതുപോലെതന്നെ മിക്കവാറും എല്ലാ ചരിത്രത്തേയും ഉൾക്കൊള്ളുന്നതാണ്. രണ്ട് നൂറ്റാണ്ടുകളായി ഇന്തോനേഷ്യയുടെ പൈതൃകസംരക്ഷണമെന്ന കർത്തവ്യം ഈ മ്യൂസിയം സ്തുത്യർഹമായി നിർവ്വഹിക്കുന്നു.[1]

National Museum
Museum Nasional
The front view of the museum
ഇന്തോനേഷ്യൻ ദേശീയ മ്യൂസിയം is located in Jakarta
ഇന്തോനേഷ്യൻ ദേശീയ മ്യൂസിയം
Location within Jakarta
സ്ഥാപിതം1778
സ്ഥാനംJl. Medan Merdeka Barat No.12, Central Jakarta, Jakarta, Indonesia
നിർദ്ദേശാങ്കം6°10′34″S 106°49′18″E / 6.17611°S 106.82167°E / -6.17611; 106.82167
TypeArchaeology museums
Public transit accessList of Transjakarta corridors#Corridor 1 List of Transjakarta corridors#Corridor 2 List of Transjakarta corridors#Cross-corridor routes List of TransJakarta corridors#Cross-corridor routes List of TransJakarta corridors#Cross-corridor routes Monas
വെബ്‌വിലാസംwww.museumnasional.or.id

ഇന്തോനേഷ്യയിലെ ഏറ്റവും പൂർണ്ണതയുള്ളതും മികച്ചതുമായ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ മ്യൂസിയം, തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും മികച്ച മ്യൂസിയങ്ങളിലൊന്നുകൂടിയാണ്.[2] ചരിത്രാതീതകാലത്തെ കരകൌശല വസ്തുക്കൾ, പുരാവസ്തുക്കൾ, പ്രാചീന നാണയങ്ങൾ, സെറാമിക്സ്, വംശീയശാസ്ത്ര, ചരിത്ര, ഭൂമിശാസ്ത്രപരമായ ശേഖരങ്ങൾ തുടങ്ങി ഏകദേശം 141,000 വസ്തുക്കളാണ് മ്യൂസിയത്തിന്റെ സംരക്ഷണപരിധിയിലുള്ളത്.[3] പുരാതന ജാവയിലെയും സുമാത്രയിലെയും ക്ലാസിക്കൽ ഹിന്ദു-ബുദ്ധമത കാലഘട്ടത്തിലെ ശിലാ പ്രതിമകളുടെ ഒരു സമഗ്ര ശേഖരത്തോടൊപ്പം ഏഷ്യൻ സെറാമിക്സിന്റെ വിപുലമായ ശേഖരങ്ങളും ഇവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

ചരിത്രം

തിരുത്തുക

ഡച്ച് കൊളോണിയൽ കാലഘട്ടം

തിരുത്തുക
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലെ മ്യൂസിയം.

1778 ഏപ്രിൽ 24 ന് ഡച്ച് സ്വദേശികളായ ഒരു പറ്റം ബുദ്ധിജീവികൾ ബട്ടാവിയാഷ് ജെനൂട്ട്‌ഷാപ്പ് വാൻ കുൻസ്റ്റെൻ എൻ വെറ്റൻ‌ഷാപ്പൻ (റോയൽ ബട്ടാവിയൻ സൊസൈറ്റി ഓഫ് ആർട്സ് ആൻഡ് സയൻസസ്) എന്ന പേരിൽ ഒരു ശാസ്ത്ര സ്ഥാപനം സ്ഥാപിച്ചു.[4] കലാ-ശാസ്ത്ര മേഖലകളിൽ, പ്രത്യേകിച്ച് ചരിത്രം, പുരാവസ്തുശാസ്ത്രം, നരവംശശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയടങ്ങുന്ന മേഖലകളിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക, വിവിധ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ഈ സ്വകാര്യ സംഘടനയുടെ പ്രഥമിക ലക്ഷ്യങ്ങൾ. പരിചയസമ്പന്നരുടെ നേതൃത്വത്തിൽ ഗവേഷണങ്ങൾക്ക് സൗകര്യമൊരുക്കുന്നതിലൂടെ ഈസ്റ്റ് ഇൻഡീസിന്റെ സാമൂഹിക, പ്രാകൃതിക, പരിസ്ഥിതി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിലെ സാംസ്കാരികവും ശാസ്ത്രീയവുമായ വശങ്ങൾ വിശകലനം ചെയ്യുകയാണ് ബറ്റേവിയാഷ് ജെനൂട്ട്‌ഷാപ്പിന്റെ ലക്ഷ്യം.[5]:13

സ്ഥാപകരിലൊരാളായിരുന്ന ജെ.സി.എം. റാഡർമാച്ചർ എന്ന വ്യക്തി പഴയ ബതാവിയ മേഖലയിലെ ഡി ഗ്രൂട്ട് റിവിയർ തെരുവിൽ ഒരു കെട്ടിടവും ഇന്തോനേഷ്യൻ സമൂഹത്തിനായി ഒരു മ്യൂസിയവും ലൈബ്രറിയും ആരംഭിക്കാൻ തക്കവണ്ണം ഏറെ വിലമതിപ്പുള്ള സാംസ്കാരിക വസ്തുക്കളുടെയും പുസ്തകങ്ങളുടെയും ഒരു ശേഖരവും സംഭാവന ചെയ്തു.[6] ജേക്കബ് ഡി മെയ്ജർ, ജോസ്വ വാൻ ഇൻപെരെൻ, ജോഹന്നെസ് ഹൂയ്മാൻ, സിറാർഡസ് ബാർട്‍ലോ, വില്ലെം വാൻ ഹോഗെൻഡോർപ്, ഹെൻഡ്രിക് നിക്കോളാസ് ലാക്കിൾ, ജക്കോബസ് വാൻ ഡെർ സ്റ്റീഗ്, എഗ്ബർട്ട് ബ്ലോംഹെർട്ട്, പൗളസ് ഗിവേഴ്‌സ്, ഫ്രെഡറിക് ബാരൺ വാൻ വുർമ്ബ് എന്നിവരായിരുന്ന ഇതിന്റെ സഹ സ്ഥാപകർ.[7]

മ്യൂസിയത്തിലേയ്ക്കുള്ള ശേഖരങ്ങൾ വർദ്ധിച്ചുവന്ന സാഹചര്യത്തിൽ, ജനറൽ സർ തോമസ് സ്റ്റാംഫോർഡ് റാഫിൾസ് പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ സൊസീറ്റീറ്റ് ഡി ഹാർമോണിക്കയ്ക്ക് (ഇന്ന് ജലൻ മജാപഹിത് നമ്പർ 3) പിന്നിലുള്ള പുതിയ വളപ്പിലേയ്ക്ക് ഇതിനെ പറിച്ചുനടുകയും ലിറ്റററി സൊസൈറ്റി എന്ന് നാമകരണം നടത്തുകയും ചെയ്തു. 1862-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് സർക്കാർ ഇതിനെ ഒരു ഓഫീസെന്നതിലുപരി ശേഖരങ്ങൾ സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും കഴിയുന്നതരത്തിൽ ഒരു പുതിയ മ്യൂസിയം വിഭാവന ചെയ്തു. 1868 ൽ ഔദ്യോഗികമായി തുറന്ന ഈ മ്യൂസിയം ഗെഡംഗ് ഗജ (ആന സൗധം) അല്ലെങ്കിൽ ചിലപ്പോൾ ഗെഡംഗ് അർക്ക (പ്രതിമകളുടെ ഭവനം) എന്നും അറിയപ്പെടുന്നു. 1871 ൽ സയാമിലെ രാജാവായിരുന്ന ചുളലോംഗ്കോർണിന്റെ ബതാവിയയ്ക്കുള്ള ഒരു സമ്മാനമായ, അങ്കണത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആനയുടെ വെങ്കല പ്രതിമ ഇതിനെ ഗെദുങ് ഗജാ എന്ന് വിളിക്കപ്പെടാൻ ഇടയാക്കി. വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രതിമകൾ ഇതിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനാൽ ഇതിനെ ഗെഡംഗ് അർക്ക എന്നും വിളിച്ചിരുന്നു.

1931 ൽ മ്യൂസിയത്തിന്റെ ശേഖരങ്ങൾ പാരീസ് നഗരത്തിൽനടന്ന ലോക കൊളോണിയൽ പ്രദർശനത്തിൽ പ്രദർശിപ്പിച്ചിരുന്നു. നിർഭാഗ്യവശാൽ, എക്സിബിഷൻ ഹാളിലുണ്ടായ ഒരു തീപിടുത്തം ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ എക്സിബിഷൻ പവലിയൻ പൊളിച്ചുമാറ്റാൻ ഇടയാക്കുകയും മിക്ക വസ്തുക്കളും നശിപ്പിക്കപ്പെടുകയും ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച കുറച്ച് ഇൻഷുറൻസ് തുക ഉപയോഗിച്ച് അടുത്ത വർഷം പഴയ സെറാമിക്സ് റൂം, വെങ്കല മുറി, രണ്ടാം നിലയിലെ രണ്ട് നിധി മുറികൾ എന്നിവ പുനരുദ്ധരിക്കുന്നതിനും മ്യൂസിയത്തിന് സാധിച്ചു.

ഇന്തോനേഷ്യൻ റിപ്പബ്ലിക് കാലഘട്ടം

തിരുത്തുക
 
1931 ലെ പാരീസ് കൊളോണിയൽ എക്‌സ്‌പോസിഷനിലെ ഡച്ച് പവലിയനിൽ തീപിടുത്തമുണ്ടാകുകയും മ്യൂസിയത്തിലെ ചില ശേഖരങ്ങൾ കത്തി നശിക്കുകയും ചെയ്തു.

ഇന്തോനേഷ്യ സ്വാതന്ത്ര്യം പ്രാപിച്ചതിന്ശേഷം 1950 ഫെബ്രുവരിയിൽ ഈ സ്ഥാപനത്തെ ലെംബാഗ കെബുഡായാൻ ഇന്തോനേഷ്യ (ഇന്തോനേഷ്യൻ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) എന്ന് പുനർനാമകരണം ചെയ്തു. 1962 സെപ്റ്റംബർ 17 ന് ഇന്തോനേഷ്യൻ സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ട മ്യൂസിയം പുസാറ്റ് (സെൻട്രൽ മ്യൂസിയം) എന്നറിയപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയുടെ 1979 മെയ് 28 ലെ നമ്പർ 092/0/1979  ഉത്തരവ് പ്രകാരം ഇത് മ്യൂസിയം നാഷനൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന കയ്യെഴുത്തുപ്രതികളും സാഹിത്യ ശേഖരണങ്ങളും നാഷണൽ ലൈബ്രറി ഓഫ് ഇന്തോനേഷ്യയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും പെയിന്റിംഗുകൾ പോലെ കലാമൂല്യമുള്ള ഫൈൻ ആർട്സ് ശേഖരങ്ങൾ ദേശീയ ഗാലറിയിലേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.[8]:15

1977 ൽ ഇന്തോനേഷ്യയും നെതർലാന്റും തമ്മിൽ ഒപ്പുവച്ച ഒരു കരാർ പ്രകാരം കൊളോണിയൽ കാലഘട്ടത്തിൽ ഇന്തോനേഷ്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ ചില സാംസ്കാരിക നിധികൾ ഇന്തോനേഷ്യയ്ക്ക് തിരികെ നൽകാമെന്ന് സമ്മതിക്കപ്പെട്ടു. ലോംബോക്കിലെ നിധികൾ, നാഗക്രതഗാമ ലോന്തറിന്റെ കയ്യെഴുത്തുപ്രതി, അതിമനോഹരമായ പ്രജ്ഞാപാരമിത ജാവ പ്രതിമ എന്നിവയാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ട വസ്തുക്കളിൽ ചിലത്. ഈ നിധികൾ നെതർലാൻഡിൽ നിന്ന് തിരിച്ചയക്കുകയും നിലവിൽ ഇന്തോനേഷ്യയിലെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.[9]:15

1980 കളിൽ ഇന്തോനേഷ്യയിലെ എല്ലാ പ്രവിശ്യകളിലും മ്യൂസിയം നെഗേരി അഥവാ സംസ്ഥാന മ്യൂസിയം സ്ഥാപിക്കുന്നതിനായി ഒരു സർക്കാർ നയമുണ്ടായിരുന്നു. 1995 ൽ ഇന്തോനേഷ്യയിലെ എല്ലാ പ്രവിശ്യകൾക്കും സ്വന്തമായി സംസ്ഥാന മ്യൂസിയങ്ങൾ  നിലവിൽവന്നതോടെ ഈ ആശയം യാഥാർത്ഥ്യമായി. അതിനുശേഷം, ഓരോ പ്രവിശ്യകളിൽനിന്നും കണ്ടെടുക്കപ്പെടുന്ന എല്ലാ പുരാവസ്തുക്കളും ജക്കാർത്തയിലെ ദേശീയ മ്യൂസിയത്തിലേക്ക് കൊണ്ടുപോകുകയെന്ന നയത്തിന് പകരം പ്രവിശ്യാ തലസ്ഥാനങ്ങളിൽ സ്ഥിതിചെയ്യുന്ന സ്റ്റേറ്റ് മ്യൂസിയങ്ങളിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്താൽ മതിയാകുന്നതാണെന്ന് തീരുമാനിക്കപ്പെട്ടു. എന്നിരുന്നാലും, പത്താം നൂറ്റാണ്ടിലെ വോനോബയോ ഹോർഡ്, വെങ്കല ശിവ പ്രതിമ എന്നിവ പോലുള്ള വളരെ പ്രധാനപ്പെട്ട ചില പുരാവസ്തു കണ്ടെത്തലുകൾക്ക് ഈ തീരുമാനം ബാധകമല്ലായിരുന്നു.[10]:15

2007 ൽ, നിലവിലുള്ള കെട്ടിടത്തിന്റെ വടക്കുവശത്തായി ഒരു പുതിയ കെട്ടിടം തുറക്കുകയും ഇവിടെ ചരിത്രാതീതകാലം മുതൽ ആധുനിക കാലം വരെയുള്ള നിരവധി കരകൌശല വസ്തുക്കൾ ഉൾക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. ഗെഡംഗ് അർക്ക (സ്റ്റാച്യു ബിൽഡിംഗ്) എന്നറിയപ്പെടുന്ന ഈ പുതിയ കെട്ടിടം ഒരു പുതിയ എക്സിബിഷൻ വിഭാഗംകൂടി നൽകുന്നു.[11]

 
നാല് നിലകളുള്ള പുതിയ വിംഗായ ഗെഡാംഗ് അർക്ക.

2013 സെപ്റ്റംബർ 11-ൽ, പത്താം നൂറ്റാണ്ടിലെ കിഴക്കൻ മെഡാംഗ് രാജ്യ കാലഘട്ടത്തിലെ വിലയേറിയതും സ്വർണ്ണത്താൽ രൂപകൽപ്പന ചെയ്യപ്പെട്ടതുമായ 4 കലാസൃഷ്ടികൾ മ്യൂസിയത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. ജലതുണ്ട പുരാതന രാജകീയ കുളിക്കടവ് പ്രദേശത്തെ അവശിഷ്ടങ്ങളിലും കിഴക്കൻ ജാവയിലെ മൊജോകെർട്ടോ റീജൻസിയിലെ പെനാങ്‌ഗൻഗൻ പർവതത്തിന്റെ ചരിവിലുള്ള ക്ഷേത്രങ്ങളിൽ നിന്നുമാണ് ഈ ഇനങ്ങൾ ആദ്യം കണ്ടെത്തിയത്. ഡ്രാഗൺ ആകൃതിയിലുള്ള സ്വർണ്ണ ഫലകം, മുദ്രാക്ഷരങ്ങൾ കൊത്തിയ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സ്വർണ്ണ ഫലകം, ഒരു സ്വർണ്ണ-വെള്ളി ഹരിഹര ഫലകം, ഒരു ചെറിയ സ്വർണ്ണ പെട്ടി എന്നിവയാണ് കാണാതായ നാല് കരകൌശല വസ്തുക്കൾ. ഗെഡംഗ് ഗജ (പഴയ വിംഗ്) കെട്ടിടത്തിന്റെ രണ്ടാം നിലയിലെ പുരാതന സ്വർണ്ണ കലാശിൽപമാതൃകാ ഭണ്ഡാരപ്പുരയുടെ ഉള്ളിലുള്ള ഗ്ലാസ് ഷോകേസിനുള്ളിൽ കാണാതായ എല്ലാ വസ്തുക്കളും ഒരുമിച്ചാണ് പ്രദർശിപ്പിച്ചിരുന്നത്.[12]

നിലവിലെ മ്യൂസിയത്തിൽ പ്രധാനമായി രണ്ട് കെട്ടിടങ്ങളാണുള്ളത്. തെക്കുഭാഗത്തുള്ള ഗെഡംഗ് A (ഗെഡംഗ് ഗജ അഥവാ പഴയ വിഭാഗം), വടക്കുഭാഗത്തുള്ള ഗെഡംഗ് B (ഗെഡംഗ് അർക്ക അഥവാ പുതിയ വിഭാഗം ). ഒരു മൂന്നാം കെട്ടിടം ഗെഡംഗ് C എന്ന പേരിൽ മ്യൂസിയത്തിന്റെ വിപുലമായ ശേഖരം സൂക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. 2017 ൽ പഴയ വിംഗ് അല്ലെങ്കിൽ ഗെഡംഗ് ഗജ നവീകരണത്തിനും അതേസമയം ഗെഡംഗ് C നിർമ്മാണ ഘട്ടത്തിലുമായിരിക്കുമെന്ന് തീരുമാനിക്കപ്പെട്ടിരുന്നു.[13]

2020 മാർച്ചിൽ റോയൽ നെതർലാന്റ്സിന്റെ വിദേശ സന്ദർശന വേളയിൽ, വില്ലം-അലക്സാണ്ടർ രാജാവ് ഡിപോനെഗോറോ രാജകുമാരന്റെ ക്രിസ് (കഠാര) ഇന്തോനേഷ്യയ്ക്ക് മടക്കി നൽകുകയും പ്രസിഡന്റ് ജോക്കോ വിഡോഡോ അത് സ്വീകരിക്കുകയും ചെയ്തു. ഇന്ന് ഇന്തോനേഷ്യൻ ദേശീയ നായകനായി കണക്കാക്കപ്പെടുന്ന യോഗ്യകർത്തായിലെ ഡിപോനെഗോറോ രാജകുമാരൻ മധ്യ ജാവയിലെ ഡച്ച് കൊളോണിയൽ ഭരണത്തിനെതിരായ ജനകീയ കലാപത്തിന്റെ വ്യക്തിപ്രഭാവമുള്ള നേതാവായിരുന്നു .1830 ൽ ജാവ യുദ്ധാനന്തരം പരാജിതനായ അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടിരുന്നു.[14] നഷ്ടപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കഠാര ലൈഡനിലെ ഡച്ച് നാഷണൽ മ്യൂസിയം ഓഫ് എത്‌നോളജി തിരിച്ചറിയുകയും കണ്ടെത്തുകയും ചെയ്തു. മുമ്പ് ഡച്ച് സ്റ്റേറ്റ് കളക്ഷനായി കണക്കാക്കപ്പെട്ടിരുന്ന അസാധാരണമായ സ്വർണ്ണ-കൊത്തുപണികളുള്ള ഈ ജാവനീസ് കഠാര, ഇപ്പോൾ ഇന്തോനേഷ്യൻ നാഷണൽ മ്യൂസിയത്തിലെ ശേഖരണത്തിന്റെ ഭാഗമാണ്.[15]

  1. Rosi, Adele (1998). Museum Nasional Guide Book. Jakarta: PT Indo Multi Media, Museum Nasional and Indonesian Heritage Society. p. 2.
  2. "Museum Nasional in Jakarta, Indonesia". Lonely Planet (in ഇംഗ്ലീഷ്). Retrieved 2018-04-08.
  3. "A Big Plan for Indonesia's National Museum". Global Indonesian Voices - GIV (in അമേരിക്കൻ ഇംഗ്ലീഷ്). 2017-07-16. Retrieved 2017-11-29.[പ്രവർത്തിക്കാത്ത കണ്ണി]
  4. Rosi, Adele (1998). Museum Nasional Guide Book. Jakarta: PT Indo Multi Media, Museum Nasional and Indonesian Heritage Society. p. 4.
  5. Endang Sri Hardiati; Nunus Supardi; Trigangga; Ekowati Sundari; Nusi Lisabilla; Ary Indrajanto; Wahyu Ernawati; Budiman; Rini (2014). Trigangga (ed.). Potret Museum Nasional Indonesia, Dulu, Kini dan Akan Datang - Pameran "Potret Museum Nasional Indonesia, Dulu, Kini dan Akan Datang", Museum Nasional Indonesia, 17-24 Mei 2014. Jakarta: National Museum of Indonesia, Directorate General of Culture, Ministry of Education and Culture of the Republic of Indonesia.
  6. "VCM – Shared Cultural Heritage". masterpieces.asemus.museum. Retrieved 2020-04-05.
  7. https://munas.kemdikbud.go.id/mw/index.php[പ്രവർത്തിക്കാത്ത കണ്ണി] Encyclopedia National Museum of Indonesia
  8. Endang Sri Hardiati; Nunus Supardi; Trigangga; Ekowati Sundari; Nusi Lisabilla; Ary Indrajanto; Wahyu Ernawati; Budiman; Rini (2014). Trigangga (ed.). Potret Museum Nasional Indonesia, Dulu, Kini dan Akan Datang - Pameran "Potret Museum Nasional Indonesia, Dulu, Kini dan Akan Datang", Museum Nasional Indonesia, 17-24 Mei 2014. Jakarta: National Museum of Indonesia, Directorate General of Culture, Ministry of Education and Culture of the Republic of Indonesia.
  9. Endang Sri Hardiati; Nunus Supardi; Trigangga; Ekowati Sundari; Nusi Lisabilla; Ary Indrajanto; Wahyu Ernawati; Budiman; Rini (2014). Trigangga (ed.). Potret Museum Nasional Indonesia, Dulu, Kini dan Akan Datang - Pameran "Potret Museum Nasional Indonesia, Dulu, Kini dan Akan Datang", Museum Nasional Indonesia, 17-24 Mei 2014. Jakarta: National Museum of Indonesia, Directorate General of Culture, Ministry of Education and Culture of the Republic of Indonesia.
  10. Endang Sri Hardiati; Nunus Supardi; Trigangga; Ekowati Sundari; Nusi Lisabilla; Ary Indrajanto; Wahyu Ernawati; Budiman; Rini (2014). Trigangga (ed.). Potret Museum Nasional Indonesia, Dulu, Kini dan Akan Datang - Pameran "Potret Museum Nasional Indonesia, Dulu, Kini dan Akan Datang", Museum Nasional Indonesia, 17-24 Mei 2014. Jakarta: National Museum of Indonesia, Directorate General of Culture, Ministry of Education and Culture of the Republic of Indonesia.
  11. "Presiden Resmikan Gedung Arca Museum Nasional". Tempo (in ഇന്തോനേഷ്യൻ). 2007-06-20. Retrieved 2020-04-05.
  12. "Artifacts stolen from National Museum". thejakartapost.com. The Jakarta Post. September 13, 2013. Retrieved 20 October 2013.
  13. Indonesia, CNN. "Wajah dan Harapan Baru Museum Nasional Indonesia". CNN Indonesia (in ഇന്തോനേഷ്യൻ). Retrieved 2017-11-29. {{cite news}}: |first= has generic name (help)
  14. Yuliasri Perdani; Ardila Syakriah. "Prince Diponegoro's kris returned ahead of Dutch royal visit". The Jakarta Post (in ഇംഗ്ലീഷ്). Retrieved 2020-04-05.
  15. Zaken, Ministerie van Buitenlandse (2020-03-10). "The 'kris' of Prince Diponegoro returned to Indonesia - News item - netherlandsandyou.nl". www.netherlandsandyou.nl (in ഇംഗ്ലീഷ്). Retrieved 2020-04-05.