മൈലം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Mylom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

perumpunna

മൈലം
Map of India showing location of Kerala
Location of മൈലം
മൈലം
Location of മൈലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം കൊട്ടാരക്കര
പ്രസിഡന്റ് മുട്ടമ്പലം മോഹനൻ
നിയമസഭ (സീറ്റുകൾ) പഞ്ചായത്ത് ()
ലോകസഭാ മണ്ഡലം മാവേലിക്കര
നിയമസഭാ മണ്ഡലം കൊട്ടാരക്കര
ജനസംഖ്യ
ജനസാന്ദ്രത
30,443 (2001—ലെ കണക്കുപ്രകാരം)
1,107/കിമീ2 (1,107/കിമീ2)
സ്ത്രീപുരുഷ അനുപാതം 1107:1000 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 27.49 km² (11 sq mi)
കോഡുകൾ

9°01′44″N 76°47′01″E / 9.028834°N 76.783748°E / 9.028834; 76.783748


കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല ബ്ലോക്ക് പരിധിയിൽ കൊട്ടാരക്കര പഞ്ചായത്തിന് വടക്കുഭാഗത്തായി എം.സി.റോഡിനിരുവശമായി കിടക്കുന്ന ഗ്രാമപ്പഞ്ചായത്താണ് മൈലം(ഇംഗ്ലീഷ്:Mylom Gramapanchayat). വിശാലമായ നെൽപ്പാടങ്ങളും, കുന്നിൻ പുറങ്ങളും, മലഞ്ചരിവുകളും കൊണ്ട് അതിമനോഹരമായ ഭൂപ്രദേശമാണ് മൈലം പഞ്ചായത്ത്.

അതിരുകൾ

തിരുത്തുക

വടക്ക് - തലവൂർ, പട്ടാഴി എന്നീ പഞ്ചായത്തുകൾ.
പടിഞ്ഞാറ് - ഏഴംകുളം പഞ്ചായത്ത്.
തെക്ക് - കുളക്കട പഞ്ചായത്ത്.
കിഴക്ക് - കൊട്ടാരക്കര, നെടുവത്തൂർ എന്നീ പഞ്ചായത്തുകൾ.

ചരിത്രപരമായ വിവരങ്ങൾ

തിരുത്തുക

ക്രി.മു. 4-ം നൂറ്റാണ്ടിൽ കലയൻ എന്ന രാജാവ് ഇവിടെ ഭരിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർക്ക് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. രാജാവിന്റേയും രാജവംശത്തിന്റെയും തലസ്ഥാനം ഇവിടെ കലയപുരത്തായിരുന്നു.ക്രിസ്തുവർഷം 5-ം നൂറ്റാണ്ടുവരെയെങ്കിലും കേരളഭരണം തളികളും തളിയാതിരിമാരുമാണ് നടത്തിയിരുന്നത്. തളി എന്നാൽ തലസ്ഥാനം എന്നും, തളിയാതിരി എന്നാൽ ഭരണാധികാരി എന്നും അർത്ഥം. 24 തളികളും 20 ഉപതളികളും ഉണ്ട്. ഇതിൽ 23 തളികൾ കണ്ടെത്തിയിട്ടുണ്ട്. 24-ാമത്തെ കുന്നത്തൂർ തളി കണ്ടെത്തിയിട്ടില്ല. ഈ തളികളെപ്പറ്റി പഠനം നടത്തിയ കണിപ്പയ്യൂർ നമ്പൂതിരിപ്പാട് കാണാതെ കിടക്കുന്ന കുന്നത്തൂർ തളി കുന്നത്തുനാട്ടിലെ ഒരു ക്ഷേത്രമാണോ എന്ന് സംശയിക്കുന്നു. കാണാതെപോയ കുന്നത്തൂർ തളി കലയപുരത്തെ തളിക്കൽ ക്ഷേത്രമാണെന്നും 6-ം നൂറ്റാണ്ടോടെ ആക്രമണകാരികൾ ഇതു തകർത്തെറിഞ്ഞതാണെന്നും ചരിത്രകാരന്മാർ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്. ഇവിടെ വലിയൊരു പട്ടണവും മഹത്തായ ഒരു സംസ്ക്കാരവും നിലനിന്നിരുന്നു. 6-ം നൂറ്റാണ്ടിൽ കലയ രാജാവിന്റെ ആസ്ഥാനം നശിക്കപ്പെട്ടു.[1]

ഭൂപ്രകൃതി

തിരുത്തുക

കേരളത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മേഖലകളായി തിരിച്ചിട്ടുള്ളതിൽ ഇടനാട്ടിലാണ് മൈലം പഞ്ചായത്ത് ഉൾപ്പെടുന്നത്.

ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കുന്ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കളപ്പാറക്കുന്നാണ് (139 മീ). ഈ പ്രദേശത്ത് ഉയർന്ന പ്രദേശങ്ങളിൽ നല്ല നീർവാഴ്ചയുള്ള ചെങ്കൽ മണ്ണാണ് പരക്കെ കാണപ്പെടുന്നത്. കുന്നിൻ മുകളിൽ ചിലഭാഗങ്ങളിൽ പാറകളും ചെങ്കൽപാറകളും കാണപ്പെടുന്നുണ്ട്.
ഭൂപ്രകൃതി അനുസരിച്ച് ഈ പഞ്ചായത്തിനെ പ്രധാനമായി 5 ഭൂരൂപങ്ങളായി തരം തിരിക്കാം.

  1. ഉയർന്ന സമതലം
  2. കുന്നിൻ മുകൾ
  3. വലിയ ചെരിവുകൾ
  4. മിതമായ ചെരിവുകൾ
  5. താഴ്വരകൾ

ഉയർന്ന സമതലം

തിരുത്തുക

വിസ്തൃതിയിൽ കുറവായ ഈ പ്രദേശങ്ങളാണ് പഞ്ചായത്തിലെ ഉയരം കൂടിയ സ്ഥലങ്ങൾ. സമുദ്ര നിരപ്പിൽ നിന്ന് 80 മീറ്ററിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങൾ ചെരിവുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.

കുന്നിൻ മുകൾ

തിരുത്തുക

കുന്നിൻമുകൾ പൊതുവെ വിസ്തൃതി കുറവും ഒറ്റപ്പെട്ടവയുമാണ്.

വലിയ ചെരിവുകൾ

തിരുത്തുക

സമതലത്തോടും കുന്നിൻമുകളിനോട് ചേർന്നും കിടക്കുന്നതായ വലിയ ചെരിവുകൾ വിസ്തൃതിയിൽ കുറവാണെങ്കിലും മണ്ണൊലിപ്പിന് സാദ്ധ്യതയേറിയവയാണ്.

മിതമായ ചെരിവുകൾ

തിരുത്തുക

സമതലങ്ങൾക്കും കുന്നിൻമുകളുകൾക്കും ചുറ്റുമായി കിടക്കുന്നതും, താഴ്വരകളിൽ അവസാനിക്കുന്നതുമായ ചരിവുഭാഗങ്ങൾ സമുദ്ര നിരപ്പിൽ നിന്ന് 20 മീ-നുമേലും 80 മീ-നു താഴെയുമുള്ള പ്രദേശങ്ങളാണ്. മൊത്തം വിസ്തൃതിയുടെ 36 ശതമാനം മിതമായ ചെരിവുകളാണ്. ഇവ പൊതുവെ താഴ്വരകളോട് ചേർന്ന് കിടക്കുന്നതും ചെരിവ് കുറഞ്ഞതുമായ പ്രദേശങ്ങളാണ്.

താഴ്വരകൾ

തിരുത്തുക
 
കല്ലടയാറിന്റെ ദൃശ്യം

മൊത്ത വിസ്തൃതിയിൽ 35 ശതമാനം വരുന്ന താഴ്വര പ്രദേശങ്ങൾ പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളാണ്. സമുദ്ര നിരപ്പിൽ നിന്ന് 20 മീറ്ററിനു താഴെ സ്ഥിതി ചെയ്യുന്ന ഈ ഭാഗങ്ങളിൽ സമീപമുള്ള കുന്നുകളിൽ നിന്നും, ചരിവുകളിൽ നിന്നും മണ്ണും ജലവും ഒലിച്ചിറങ്ങുന്നു. ഇങ്ങനെ ഒലിച്ചിറങ്ങുന്നതായ മണ്ണ് ശേഖരിക്കപ്പെടുന്നതിനാൽ ഈ ഭാഗങ്ങളിൽ എക്കൽ മണ്ണാണ് കാണപ്പെടുന്നത്. മഴവെള്ളത്തിലുടെ ഒഴുകി വരുന്നതായ എക്കൽ മണ്ണ് അടിയുന്നതിനാൽ ഈ ഭൂവിഭാഗം പൊതുവേ ഫലപുഷ്ടമായിരിക്കും. ഇതിൽ മിക്ക ഭാഗങ്ങളും നെൽപ്പാടങ്ങളാണ്.

പഞ്ചായത്തിന്റെ വടക്ക് കിഴക്ക് അതിർത്തിയിലൂടെ കല്ലടയാറ് കടന്നുപോകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് ഒന്നര കിലോമീറ്റർ വരും. തെക്കുവടക്കായി കടന്നുപോകുന്ന പുലമൺ തോടാണ് പഞ്ചായത്തിലെ ഏറ്റവും വലിയ തോട്. കല്ലടയാറിന്റെ തടപ്രദേശമാകയാൽ പുലമൺ തോട്ടിലേക്കും അതുവഴി കല്ലടയാറ്റിലേക്കും ഒഴുകിയെത്തുന്ന അനേകം തോടുകളുമുണ്ട്. കല്ലടയാറ് കൂടാതെ ഏതാണ്ട് 37 കി.മീറ്റർ നീളത്തിൽ തോടുകളുമുണ്ട്.

കാലാവസ്ഥ

തിരുത്തുക

മുഖ്യമായും മഴ ലഭിക്കുന്നത് രണ്ട് കാലഘട്ടങ്ങളിലാണ്. ജൂൺ മുതൽ ആഗസ്റ് വരെയുള്ള മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷവും, സെപ്തംബർ - നവംബർ വരെയുള്ള മാസങ്ങളിൽ വടക്കുകിഴക്കൻ മഴയും. മഴയുടെ ലഭ്യതയെ ആശ്രയിച്ചാണ് ഇവിടുത്തെ കാർഷിക വ്യവസ്ഥിതി നിലനില്ക്കുന്നത്. ഈ പ്രദേശത്ത് ജൂൺ - ജൂലൈ മാസങ്ങളിലും ഒക്ടോബർ - നവംബറിലുമാണ് ഏറ്റവും കൂടുതൽ മഴ കിട്ടുന്നത്.

വിദ്യാഭ്യാസം

തിരുത്തുക

മൈലം പഞ്ചായത്തിൽ 12 എൽ.പി. സ്കൂളുകളും 3 ഹൈസ്കൂളുമുണ്ട്. ഈ പഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹൈസ്ക്കൂളാണ്. കൊല്ലവർഷം 1099 ഇടവമാസം 6-ാം തീയതി പെരുങ്കുളത്ത് മംഗലത്ത് വീട്ടിൽ കെ.കൊച്ചുകുഞ്ഞു പിള്ള പെരുങ്കുളം പത്മനാഭ വിലാസം പ്രൈമറി സ്ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കടയിൽ വീട്ടിൽ ബീവികുഞ്ഞിൽ നിന്നും 10 സെന്റ് സ്ഥലം വാങ്ങിയാണ് ഈ മലയാളം പള്ളിക്കൂടത്തിന്റെ പണി തുടങ്ങിയത്. 1947 ൽ ഒരു ചക്രം പ്രതിഫലം വാങ്ങി ഈ സ്ക്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു. 1962-ൽ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. 1980-81 ൽ നാട്ടുകാരുടെ ത്യാഗപൂർണ്ണവും അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനത്തിന്റെയും ഭാഗമായി പി.വി.എച്ച്.എസ്. നിലവിൽ വന്നു.

റബ്ബർ കൃഷിയാണ് മുഖ്യമായി നിലവിലുള്ളതെങ്കിലും തെങ്ങും മറ്റും ചേർന്ന മിശ്രിത കൃഷിയും പരക്കെയുണ്ട്.താരതമ്യേന ഉയർന്ന നിലങ്ങളിൽ വാഴ, മരച്ചീനി, പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. മേച്ചാലിൽ , കൈതവാരം, വലിയവയൽ , വെട്ടുകളും, വാളക്കോട്, മേക്കണ്ണങ്കോട് ഏലാകളാണ് നെല്ലുകൃഷി കേന്ദ്രങ്ങൾ . മാത്തമൺ ഏല, ചെറുവണശേരി, ചെമ്പകശ്ശേരി, കിഴക്കുപുറം, എറപറ ഇവ പ്രധാന ഏലാകളാണ്. നെൽകൃഷി പ്രധാനമെങ്കിലും കാർഷിക വിളകളുടെ സംഭരണ വിപണനങ്ങളുടെ ലഭ്യതക്കുറവു മൂലം വാഴ, ചീനി, ഇഞ്ചി, പച്ചക്കറി, കൃഷികൾ വ്യാപകമാകുന്നു.

വ്യവസായം

തിരുത്തുക

വ്യാവസായികമായി വളരെയധികം പിന്നാക്കം നിൽക്കുന്ന ഒരു പഞ്ചായത്താണ് മൈലം. ഇവിടെ പൊതുമേഖലയിലോ. സഹകരണ മേഖലയിലോ പ്രവർത്തിക്കുന്ന വൻകിട വ്യവസായങ്ങൾ ഒന്നുംതന്ന നാളിതുവരെയായി ഇല്ല. വ്യവസായങ്ങൾക്ക് ആവശ്യമായ പശ്ചാത്തല സൌകര്യങ്ങളുള്ള സ്ഥലം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, വൈദ്യുതി, മനുഷ്യവിഭവ ശേഷി എന്നിവയെല്ലാമുണ്ടായിട്ടും മൈലം വ്യാവസായികമായി അവഗണിക്കപ്പെട്ടു കിടക്കുന്നു. പരമ്പരാഗത വ്യവസായ മേഖലയിൽ പ്രമുഖം കശുവണ്ടി വ്യവസായമാണ്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന 6 കശുവണ്ടി ഫാക്ടറികൾ പഞ്ചായത്തിൽ ഉണ്ട്. ഇതിൽ 95% സ്ത്രീ തൊഴിലാളികളാണ്. മറ്റൊരു പരമ്പരാഗത വ്യവസായമായ കൈത്തറി മേഖല പൂർണ്ണമായും തകർന്നുകഴിഞ്ഞ സ്ഥിതിയിലാണ്. ഇവിടെ പ്രവർത്തിക്കുന്ന എച്ച്-8 എന്ന കൈത്തറി സഹകരണ സംഘം ഇപ്പോൾ പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. ഖാദി ബോർഡ് നേരിട്ടു നടത്തുന്ന ഒരു നൂൽനൂൽപ്പു കേന്ദ്രം പ്രവർത്തിക്കുന്നു. മുൻപ് കുടിൽ വ്യവസായമായി പ്രവർത്തിച്ചിരുന്ന കയർ വ്യവസായം ഇന്ന് നാമാവശേഷമായിരിക്കുന്നു. പഞ്ചായത്തിൽ നിലവിലുള്ള മറ്റൊരു വ്യവസായമാണ് ഇഷ്ടിക നിർമ്മാണം. തടിമില്ലുകൾ , റൈസ്മില്ല്, തീപ്പെട്ടി വ്യവസായം, പ്രിന്റിംഗ് പ്രസ്സുകൾ , കാപ്പിപ്പൊടി നിർമ്മാണം, ചിപ്സ് നിർമ്മാണം. ഫർണിച്ചർ നിർമ്മാണം, കരിങ്കൽ വ്യവസായം എന്നിവയും പ്രവർത്തിക്കുന്നു. മെറ്റൽ വ്യവസായവും നിലവിലുണ്ട്.

കൊല്ലം-ചെങ്കോട്ട റെയിൽവേപ്പാത ഈ പഞ്ചായത്തിൽ കൂടി കടന്നുപോകുന്നു. ഈ പഞ്ചായത്തിൽ ഉള്ളതും മറ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതുമായ റോഡുകളുടെ മൊത്തം നീളം 241.158 കി.മീ ആണ്. കേരളത്തിലെ പ്രധാന റോഡായ മെയിൻ സെൻട്രൽ റോഡ് (എം.സി. റോഡ്) കടന്നുപോകുന്നത് ഈ പഞ്ചായത്തിലൂടെയാണ്. മൈലംപഞ്ചായത്തിൽക്കൂടിയുള്ള റോഡിന്റെ ദൂരം ഏകദേശം 3.7 കി.മീറ്ററാണ്.

സാംസ്കാരികരംഗം

തിരുത്തുക

ക്ഷേത്ര കലകൾ , വാസ്തുശില്പ കലകൾ ഇവയ്ക്ക് ഇവിടം പ്രസിദ്ധമാണ്. കുറവർകളി, പുലയർകളി, കോൽകളി തുടങ്ങിയ ക്ഷേത്ര കലകൾ ആചരിച്ചു വരുന്നു.ഉത്സവത്തിന് കേൾവികേട്ട കെട്ടുകാഴ്ചകളും ഇവിടുത്തെ ക്ഷേത്രങ്ങളിൽ ആഘോഷിക്കുന്നു. ഇവിടെ മുസ്ളീം ദേവാലങ്ങളും നിരവധി ക്രിസ്ത്യൻ പളളികളുമുണ്ട്. താമരക്കുടി കേന്ദ്രമാക്കി പ്രാചീന കലകളായ വില്ലുപാട്ട്, കാക്കാരിശ്ശി നാടകം, ഓട്ടൻതുള്ളൽ എന്നിവ അവതരിപ്പിക്കുന്ന ഒരു കലാക്ഷേത്രം തന്നയുണ്ട്. കേരളത്തിലെ പ്രാചീന കലകളിലൊന്നായ കാക്കാരിശ്ശി നാടകം വർഷങ്ങൾക്കു മുമ്പുതന്ന പഞ്ചായത്തിൽ പ്രചരിച്ചിരുന്നു. ആദികാലത്ത് ക്ഷേത്രങ്ങളിൽ ദേവപ്രീതിക്കു വേണ്ടി പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവർ നടത്തിയിരുന്നതും ഇപ്പോഴും നിലവിൽ നടന്നുവരുന്നതുമായ ഒരു കലയാണ് ഭരതംകളി. തികച്ചും രാമായണ കഥകളെ ആസ്പദമാക്കിയാണ് ഇത് അരങ്ങേറുന്നത്. കൂടാതെ സ്ത്രീകൾ പങ്കെടുക്കുന്ന മറ്റൊരു കലയായ മുടിയാട്ടവും ഇവയോടൊപ്പം നടത്തിവരുന്നു. പഞ്ചായത്തിൽ 18 ക്ളബ്ബുകളും 5 കലാ സമിതികളുമുണ്ട്.

വാർഡുകൾ

തിരുത്തുക

മൈലം പഞ്ചായത്തിൽ ആകെ 19 വാർഡുകളാണുള്ളത്[2]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.

നമ്പർ വാർഡിന്റെ പേര്
1 അന്തമൺ
2 കലയപുരം
3 താമരക്കുടി
4 ആക്കവിള
5 മൈലം
6 മൈലം തെക്കേക്കര
7 പുലമൺ
8 മുട്ടമ്പലം
9 പള്ളിയ്ക്കൽ കിഴക്ക്
10 പള്ളിയ്ക്കൽ
11 പള്ളിയ്ക്കൽ പടിഞ്ഞാറ്
12 കോട്ടാത്തല
13 കോട്ടാത്തല പടിഞ്ഞാറ്
14 മൂഴിക്കോട്
15 പെരുങ്കുളം
16 പള്ളിയ്ക്കൽ വടക്ക്
17 ഇഞ്ചക്കാട് തെക്ക്
18 ഇഞ്ചക്കാട്
19 ഇഞ്ചക്കാട് കിഴക്ക്
"https://ml.wikipedia.org/w/index.php?title=മൈലം_ഗ്രാമപഞ്ചായത്ത്&oldid=4063499" എന്ന താളിൽനിന്ന് ശേഖരിച്ചത്