മാക്സിമില്യൻ കോൾബെ

(Maximilian Kolbe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ. രണ്ടാം ലോകമഹായുദ്ധകാലത്ത് തടവറയിലടക്കപ്പെട്ട് രക്തസാക്ഷിത്വംവരിച്ച പോളണ്ടിലെ ഒരു വൈദികനായിരുന്നു മാക്സിമില്യൻ കോൾബെ. 1982 ഒക്ടോബർ 10നായിരുന്നു ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തത്. ലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ തുടങ്ങിയവരുടെ അറിയപ്പെടുന്ന വിശുദ്ധനാണ് മാക്സിമില്യൻ കോൾബെ[4].

വിശുദ്ധ മാക്സിമില്യൻ കോൾബെ
200 px
Martyr
ജനനം1894, ജനുവരി 8 [1]
Zduńska Wola, Russian Empire in what is now Poland
മരണം1941 ഓഗസ്റ്റ് 14 (aged 47)
Auschwitz concentration camp, Poland
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ , ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭ
വാഴ്ത്തപ്പെട്ടത്1971, ഒക്ടോബർ 17, സെന്റ് പീറ്റേഴ്സ് ബസലിക്ക, റോം, ഇറ്റലി[2] by പോൾ ആറാമൻ മാർപ്പാപ്പ
നാമകരണം1982, ഒക്ടോബർ 10, റോം, ഇറ്റലി by ജോൺ പോൾ രണ്ടാമൻ
പ്രധാന തീർത്ഥാടനകേന്ദ്രംBasilica of the Immaculate Mediatrix of Grace, Niepokalanów, Poland
ഓർമ്മത്തിരുന്നാൾഓഗസ്റ്റ് 14
മദ്ധ്യസ്ഥംലഹരി വസ്തുക്കളുടെ അടിമകൾ, സത്യത്തിനുവേണ്ടി രാഷ്ട്രീയമായും അല്ലാതെയും പോരാടുന്നവർ, ജേണലിസ്റ്റുകൾ[3]

ജീവിതരേഖ

തിരുത്തുക

പോളണ്ടിലെ ഒരു കൊച്ചു ഗ്രാമമായ ഡൂൺ സ്കാവോളയിൽ കോൾബെ കുടുംബത്തിൽ ജൂലിയസിന്റേയും ഭാര്യ മരിയന്നായുടേയും രണ്ടാമത്തെ പുത്രനായി 1894 ജനുവരി 8ന് മാക്സിമില്യൻ ജനിച്ചു. അന്നുതന്നെ കുഞ്ഞിനെ മാതാവിന്റെ നാമത്തിലുള്ള ഇടവകപ്പള്ളിയിൽ കൊണ്ടുപോയി മാമ്മോദീസ നൽകി. റെയ്മണ്ട് എന്ന പേരും നൽകി.

ബാല്യകാലം

തിരുത്തുക

മാതാവിനോട് കോൾബെ കുടുംബത്തിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു. റെയ്മണ്ടും മാതാവിന്റെ സ്വരൂപത്തിന്റെ മുന്നിൽനിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. താല്പര്യത്തോടെ അവൻ കുടുംബപ്രാർത്ഥനകളിൽ പങ്കെടുക്കുമായിരുന്നു. തുണിവില്പനക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ നെയ്ത്തുകാരായ കോൾബെ കുടുംബം 'പബിയാനിസ്' എന്ന സ്ഥലത്തേക്ക് താമസം മാറി. അവിടെയുള്ള സെന്റ് മാത്യൂസ് ദേവാലയത്തിൽ വച്ച് റെയ്മണ്ടിന്റെ ആദ്യകുർബാന സ്വീകരണം നടന്നു.

മരിയൻ തീർത്ഥാടന കേന്ദ്രമായിരുന്ന ചെസ്റ്റോഷോവയിൽ റെയ്മണ്ട് പോകുമായിരുന്നു. ഒരിക്കൽ അങ്ങോട്ടു പോകുമ്പോൾ ഒരു ബന്ധു കുറച്ച് പണം പോക്കറ്റ് മണിയായി അവന് നൽകി. റെയ്മണ്ട് ആ പണം കൊണ്ട് മിഠായിയും കളിക്കോപ്പുമൊന്നും വാങ്ങിയില്ല, പകരം അമലോത്ഭവ മാതാവിന്റെ മനോഹരമായ ഒരു രൂപമാണ് വാങ്ങിയത്. ബാല്യത്തിൽത്തന്നെ റെയ്മണ്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ദർശനമുണ്ടായി. മറിയത്തിന്റെ കൈകളിൽ ചുവപ്പും വെളുപ്പും നിറത്തിലുള്ള രണ്ട് കിരീടങ്ങളുണ്ടായിരുന്നു. ചുവപ്പു കിരീടം രക്തസാക്ഷിത്വത്തിന്റേയും വെളുത്തത് വിശുദ്ധിയുടേയും പ്രതീകങ്ങളായിരുന്നു. അവയിൽ ഏതുവേണമെന്ന ചോദ്യത്തിന് രണ്ടും വേണം എന്നായിരുന്നു റെയ്മണ്ടിന്റെ ഉത്തരം[5]. ശാസ്ത്ര വിഷയങ്ങളിൽ താൽപര്യമുണ്ടായിരുന്ന റെയ്മണ്ടിന് നല്ല വായനാശീലവുമുണ്ടായിരുന്നു. കളികളിലും അവൻ മിടുക്കനായിരുന്നു. അമ്മയോടൊപ്പം കടയിലിരുന്ന് തുണിവിൽക്കാനും അവൻ സഹായിച്ചിരുന്നു.

സന്യാസ ജീവിതം

തിരുത്തുക

റെയ്മണ്ടിന് പതിമൂന്ന് വയസ്സുള്ളപ്പോൾ ഫ്രാൻസിസ്കൻ സന്യാസിമാർ ഇടവകയിൽ ഒരു ധ്യാനം നടത്തി. അതിൽ പങ്കെടുത്ത റെയ്മണ്ടിനും ജ്യേഷ്ഠനായ ഫ്രാൻസിസിനും ഫ്രാൻസിസ്കൻ കൺവെഞ്ച്വൽ സഭയിൽ ചേരണം എന്ന ആഗ്രഹംതോന്നി. മാതാപിതാക്കളുടെ അനുവാദത്തോടെ അവർ അധികാരികളെ കണ്ട് വിവരം പറഞ്ഞു. പ്രായപൂർത്തിയായിട്ട് സഭയിൽ പ്രവേശിക്കാമെന്നും അതുവരെ ആശ്രമത്തോട് ചേർന്നുള്ള കോളേജിൽ ചേർന്ന് പഠിക്കാനും അധികാരികൾ നിർദ്ദേശിച്ചു. അങ്ങനെ സയൻസിൽ പ്രത്യേക സാമർത്ഥ്യത്തോടെ 1910ൽ റെയ്മണ്ട് പഠനം പൂർത്തിയാക്കി. തുടർന്ന് 1910 സെപ്റ്റംബർ 4ന് അവൻ സഭാവസ്ത്രം സ്വീകരിച്ചു. അന്ന് സ്വീകരിച്ച പേരാണ് മാക്സിമില്യൻ. സഹോദരനായ ഫ്രാൻസിസ്, അൽഫോൻസ് എന്ന പേരും സ്വീകരിച്ചു. 1911 സെപ്റ്റംബർ 5ന് റെയ്മണ്ടിന്റെ ആദ്യ വ്രതാനുഷ്ഠാനം നടന്നു.

സമർത്ഥരായ വൈദിക വിദ്യാർത്ഥികളെ റോമിലയച്ച് പഠിപ്പിക്കാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ മാക്സിമില്യനേയും ഉൾപ്പെടുത്തി. അസാധാരണമായ ബുദ്ധിശക്തിയുണ്ടായിരുന്ന അദ്ദേഹം തത്വശാസ്ത്രം പഠിക്കാൻ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ ചേർന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇറ്റാലിയൻ ഭാഷയിൽ എഴുതാനും വായിക്കാനും പ്രസംഗിക്കാനുമുള്ള കഴിവുനേടി. 1914 നവംബർ 1 ആം തിയതി റോമിലുള്ള സെമിനാരിയിൽ വച്ചാണ് നിത്യവ്രതാനുഷ്ഠാനം നടത്തിയത്. 1915 ഒക്ടോബർ 22ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. മാക്സിമില്യന് അന്ന് കേവലം ഇരുപത്തിയൊന്നു വയസ്സായിരുന്നു. അതിനിടയിൽ ശാസ്ത്രകുതുകിയായ അദ്ദേഹം പല പരീക്ഷണങ്ങളും നടത്തി. ശൂന്യാകാശ പേടകമുണ്ടാക്കി. അതിന് 'എതറോ പ്ലെയിൻ' എന്നു പേരിട്ടു. ചിത്രങ്ങളോടൊപ്പം ശബ്ദവും കേൾപ്പിക്കാനുള്ള പരീക്ഷണങ്ങളും അദ്ദേഹം നിർവ്വഹിച്ചു. ചലച്ചിത്രങ്ങളിലൂടെ എങ്ങനെ സുവിശേഷം പ്രഘോഷിക്കാം എന്നാലോചിച്ചു. അച്ചടിശാലകളിലൂടെ പ്രേഷിത പ്രവർത്തനം നടത്താൻ ഒരുങ്ങി. റോമിലെ പഠനകാലം മാക്സിമില്യന് കർമ്മനിരതമായിരുന്നു. അക്കാലത്ത് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചിരുന്നു. മാക്സിമില്യന്റെ പിതാവ് ജൂലിയസ് പോളിഷ് പട്ടാളത്തിൽ ചേർന്നു. റഷ്യൻ പട്ടാളത്തിന്റെ പിടിയിലായ അദ്ദേഹം വധിക്കപ്പെട്ടു. അമ്മയായ മരിയന്ന അതിനു മുമ്പുതന്നെ ബനഡിക്ടൻ സിസ്റ്റേർസിന്റെ മൂന്നാം സഭയിൽ അംഗത്വം സ്വീകരിച്ചിരുന്നു. 1917ലെ ഒരു വൈകുന്നേരം ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ മാക്സിമില്യൻ പെട്ടെന്ന് തളർന്നുവീണ് രക്തം ഛർദ്ദിക്കാൻ തുടങ്ങി. ഡോക്ടറുടെ പരിശോധനയിൽ മാക്സിമില്യന് ക്ഷയരോഗമാണെന്ന് മനസ്സിലായി. നല്ല ചികിത്സയും വിശ്രമവും പോഷകാഹാരവുമാണ് പ്രതിവിധി. അധികാരികളുടെ നിർദ്ദേശപ്രകാരം അദ്ദേഹം റോമിന് പുറത്തുള്ള ഒരു വിശ്രമകേന്ദ്രത്തിലേക്ക് പോയി.

അമലോത്ഭവ സൈന്യം

തിരുത്തുക

വിശ്രമം കഴിഞ്ഞ് റോമിൽ തിരിച്ചെത്തിയ മാക്സിമില്യൻ കന്യകാമറിയത്തിന് വേണ്ടി ഒരു സൈന്യം രൂപീകരിക്കണമെന്ന ആഗ്രഹം സഹപാഠികളോട് പങ്കുവെച്ചു. സഹപാഠികൾ അതിനനുകൂലമായിരുന്നു. അങ്ങനെ മറിയത്തിന്റെ ബഹുമാനാർത്ഥം ആരംഭിച്ച സംഘടനക്ക് 'അമലോത്ഭവ സൈന്യം' എന്നു പേരിട്ടു. 1917 ഒക്ടോബർ 16ന് ആദ്യയോഗം ചേർന്നു. ചെറിയൊരു മുറിയിൽ മറിയത്തിന്റെ രൂപം അലങ്കരിച്ച്, മെഴുക് തിരികൾ കത്തിച്ചുവെച്ച് അവർ പ്രാർത്ഥിച്ചു. മാക്സിമില്യൻ സൈന്യത്തിന്റെ ലക്ഷ്യങ്ങൾ വിവരിച്ചു. മറിയത്തിന്റെ ചിത്രമുള്ള അത്ഭുത മെഡൽ അംഗങ്ങൾ ധരിച്ചു. വലിയൊരു മുന്നേറ്റത്തിന്റെ എളിയ തുടക്കമായിരുന്നു അത്.

 
ക്രാക്കോവിലെ ദേവാലയം.

1918 ഏപ്രിൽ 28ന് മാക്സിമില്യൻ റോമിലെ സാൻ ആന്തിയോ ദേവാലയത്തിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. 1919ൽ ദൈവശാസ്ത്രത്തിൽ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. ഒന്നാം ലോകമഹായുദ്ധം അവസാനിച്ച അവസരത്തിൽ ജന്മനാടായ പോളണ്ടിലെത്തുവാൻ മാക്സിമില്യൻ ആഗ്രഹിച്ചു. അവിടെയെത്തിയ അദ്ദേഹം ക്രാക്കോവിലുള്ള ഫ്രാൻസിസ്കൻ സെമിനാരിയിൽ അധ്യാപകനായി സേവനമാരംഭിച്ചു. മഠത്തിൽ കഴിഞ്ഞിരുന്ന അമ്മയേയും ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന സഹോദരൻ അൽഫോൻസിനെയും കണ്ടുമുട്ടി. ക്രാക്കോവിലും അദ്ദേഹം അമലോത്ഭവ സൈന്യം രൂപീകരിച്ചു. കഠിനാധ്വാനത്തിൽ മുഴുകിയ ആ യുവവൈദികനെ ക്ഷയരോഗം വീണ്ടും പിടികൂടി. അങ്ങനെ അദ്ദേഹം പത്തുമാസത്തോളം ഒരു സാനിറ്റോറിയത്തിൽ ചികിത്സയിലും വിശ്രമത്തിലും കഴിച്ചുകൂട്ടി. തുടർന്ന് മറ്റൊരു പട്ടണത്തിൽ ആറുമാസം വിശ്രമത്തിൽ ചിലവഴിച്ചു. അക്കാലത്ത് പഠനവും ചിന്തയുമായി അദ്ദേഹം കഴിഞ്ഞു.

അമലോത്ഭവ പടയാളി

തിരുത്തുക
 
പോളണ്ടിലെ വിശുദ്ധന്റെ ആദ്യ സ്മാരകം

1921 നവംബറിൽ ഉത്സാഹത്തോടെ മാക്സിമില്യൻ ക്രാക്കോവിൽ തിരിച്ചെത്തി. മരിയൻ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഒരു മാസിക തയ്യാറാക്കുന്നതിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ഒടുവിൽ 1922 ജനുവരിയിൽ 'അമലോത്ഭവ പടയാളി' എന്ന പേരിൽ മാസിക പ്രസിദ്ധീകരിച്ചു. 5000 കോപ്പികൾ അച്ചടിച്ചു. തുടർന്നുള്ള ഓരോ ലക്കങ്ങളും പുറത്തിറക്കാൻ അദ്ദേഹം വല്ലാതെ ക്ലേശിച്ചു. മാസികയുടെ പ്രചാരം നാൾതോറും വർദ്ധിച്ചുവന്നു. മരിയൻ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ശക്തമായ ഒരു ഉപാധിയായിത്തീർന്നു ആ മാസിക. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ജീവചരിത്രകുറിപ്പുകൾ, ചിത്രങ്ങൾ, കാർട്ടുണുകൾ, അനുഭവങ്ങൾ തുടങ്ങി വായനക്കാരെ ആകർഷിക്കുന്ന പലതും അതിൽ ഉണ്ടായിരുന്നു. പത്രാധിപനായിരുന്ന മാക്സിമില്യനാണ് കൂടുതൽ കഥകളും ലേഖനങ്ങളും എഴുതിയിരുന്നത്. മാസികയുടെ പ്രചാരം കൂടിവന്നതനുസരിച്ച് എല്ലാവർക്കും മാസികയെത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ സ്വന്തമായൊരു പ്രസ്സ് ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മാസികയുടെ നടത്തിപ്പിന്റെ സൗകര്യാർത്ഥം 'ഗ്രോഡ്നോ' എന്ന സ്ഥലത്തേക്ക് അദ്ദേഹം താമസം മാറ്റി. അവിടെയുള്ള ആശ്രമത്തിനടുത്ത് തന്നെ പ്രസ്സ് സ്ഥാപിച്ചു. ഒരു വർഷത്തേക്ക് മാസിക അച്ചടിക്കാനുള്ള സാമഗ്രികളും ശേഖരിച്ചു. പണത്തിന്റെ കുറവ് ഉണ്ടായിരുന്നെങ്കിലും സഹസന്യാസിമാരുടെ സഹായം അദ്ദേഹത്തിന് ലഭിച്ചു. ചുരുങ്ങിയ കാലംകൊണ്ട് അറുപതിനായിരത്തിൽപരം കോപ്പികളിലേക്ക് പ്രചാരമെത്തി. അപ്പോഴേക്കും ആധുനിക രീതിയിലുള്ള അച്ചടിയന്ത്രം അദ്ദേഹം കരസ്ഥമാക്കി. കഠിനാധ്വാനം മാക്സിമില്യനെ വീണ്ടും രോഗിയാക്കിത്തീർത്തു. മാസികയുടെ ചുമതല അൽഫോൻസിനെ ഏൽപിച്ച് അദ്ദേഹം സാനിറ്റോറിയത്തിലേക്ക് പോയി. ചികിത്സയുടെ ഫലമായി സുഖംപ്രാപിച്ചപ്പോൾ വീണ്ടും മടങ്ങിവന്ന് മാസികാ പ്രവർത്തനങ്ങളോടൊപ്പം പുതിയ പദ്ധതികളിലും ഏർപ്പെട്ടു.

അമലോത്ഭവ നഗരം

തിരുത്തുക

പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സാ നഗരത്തിൽനിന്ന് കുറച്ചകലെയായി കുറേ സ്ഥലം ഒരു ഭൂവുടമയിൽനിന്ന് സ്വീകരിച്ചു. അവിടെ മറിയത്തിന്റെ ഒരു രൂപം സ്ഥാപിച്ചു. ആ സ്ഥലത്തിന് 'അമലോത്ഭവ നഗരം' എന്ന് പേരിട്ടു. അവിടെ പൂച്ചെടികൾ വച്ചു പിടിപ്പിച്ച് മനോഹരമാക്കി. 1921ലാണ് ഇത് രൂപം കൊണ്ടത്. പിന്നീട് അവിടെയെത്തിച്ചേർന്ന ഫ്രാൻസിസ്കൻ സന്യാസിമാർ തടികളും മരപ്പലകകളുംകൊണ്ട് കുറേ കുടിലുകൾ നിർമ്മിച്ചു. അച്ചടിശാല അങ്ങോട്ട് മാറ്റി. പുതിയൊരു ആശ്രമവും തുടങ്ങി. 1927 ഡിസംബർ 7ന് അമലോത്ഭവ നഗരം ഔദ്യോഗികമായി ആശീർവ്വദിച്ചു. 1929 കഴിയുമ്പോഴേക്കും നൂറിൽപരം സന്യാസസഭാംഗങ്ങൾ അവിടെയുണ്ടായിരുന്നു. മാക്സിമില്യനായിരുന്നു അതിന്റെ സുപ്പീരിയർ.

പ്രേഷിതയാത്ര

തിരുത്തുക

അമലോത്ഭവ സൈന്യം ലോകമെങ്ങും പടരണമെന്ന് മാക്സിമില്യൻ ആഗ്രഹിച്ചു. അതിനായി അമലോത്ഭവ നഗരത്തിന്റെ ചുമതലകൾ അൽഫോൻസിനെ ഏൽപ്പിച്ച് മാക്സിമില്യനും നാലു സഹോദരന്മാരും കൂടി 1930 മാർച്ച് 7ന് കപ്പൽ കയറി. മാക്സിമില്യന്റെ പ്രേഷിതയാത്രകളുടെ തുടക്കമായിരുന്നു അത്. ചൈനയിലെത്തിയ അവർ ഒരു ആശ്രമവും അച്ചടിശാലയും തുടങ്ങാൻ പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അവർ ജപ്പാനിലെ നാഗസാക്കിയിൽ എത്തിച്ചേർന്നു. അവർക്ക് അവിടെ നല്ല സ്വീകരണം ലഭിച്ചു. സ്ഥലത്തെ മെത്രാൻ തന്റെ സെമിനാരിയിൽ തത്ത്വശാസ്ത്രം പഠിപ്പിക്കാൻ മാക്സിമില്യനെ നിയമിച്ചു. അവർക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തു. ഒരു വാടക കെട്ടിടത്തിൽ സ്ഥാപിച്ച അച്ചടിശാലയിൽ നിന്ന് 'ജപ്പാനീസ് പടയാളി' എന്ന മാസിക അവർ പുറത്തിറക്കി. വളരെ പെട്ടെന്ന് അതിന്റെ പ്രചാരം വർദ്ധിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ സഹോദരൻ അൽഫോൻസ് രോഗബാധിതനായി മരണമടഞ്ഞ വാർത്തയെത്തി. ദുഃഖിതനായ അദ്ദേഹം അമലോത്ഭവയുടെ പ്രവർത്തനങ്ങളിൽ എല്ലാം മറന്ന് മുഴുകി.

ഭാരതസന്ദർശനം

തിരുത്തുക

ജപ്പാനിൽ പ്രവർത്തിക്കുമ്പോൾ ഇന്ത്യ സന്ദർശിക്കണമെന്ന് മാക്സിമില്യൻ ആഗ്രഹിച്ചിരുന്നു. രണ്ടാമത്തെ 'അമലോത്ഭവ നഗർ' ഇന്ത്യയിൽ സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ മോഹം. 1932-ൽ അദ്ദേഹം കൊളംബോ വഴി കേരളത്തിലെ കൊച്ചിയിലെത്തി. എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാർ അഗസ്റ്റിൻ കണ്ടത്തിലിനെ സന്ദർശിച്ചു. അമലോത്ഭവ നഗറിനു വേണ്ടി ആലുവയിൽ സ്ഥലം നൽകാമെന്ന് മെത്രാപ്പോലീത്ത സമ്മതിച്ചു. 'സത്യദീപം' പത്രാധിപനായിരുന്ന ഫാദർ ജോസഫ് നടുവത്തുശ്ശേരിയേയും അദ്ദേഹം സന്ദർശിച്ചു. 'അമലോത്ഭവയുടെ പടയാളി' എന്ന മാസിക മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന കാര്യം അദ്ദേഹവുമായി ചർച്ച ചെയ്തു. എങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആഗ്രഹങ്ങളൊന്നും സഫലമാകാതെ അദ്ദേഹം ജപ്പാനിലേക്ക് തിരിച്ചു പോയി. (പിന്നീട് 1980-ൽ കാഞ്ഞിരപ്പള്ളി രൂപതയിലെ 'ചോറ്റി' എന്ന സ്ഥലത്ത് 'നിർമ്മലാരം' എന്ന ആശ്രമവും[6], 1983-ൽ ആലുവയിലെ യു.സി. കോളേജിനടുത്ത് 'കോൾബെ' ആശ്രമവും സ്ഥാപിതമായി[7].)

അമലോത്ഭവയുടെ പൂന്തോട്ടം

തിരുത്തുക

നാഗസാക്കിയിലെത്തിയ മാക്സിമില്യൻ നഗരത്തിൽ നിന്ന് കുറച്ചകലെയായി കുറേ സ്ഥലം വാങ്ങി. ആ സ്ഥലത്തിന് 'അമലോത്ഭവയുടെ പൂന്തോട്ടം' എന്നു പേരിട്ടു. പോളണ്ടിലെ സഹോദരങ്ങൾ അയച്ചുകൊടുത്ത പണം കൊണ്ട് അവിടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു. പുതിയ അച്ചടിയന്ത്രങ്ങൾ വാങ്ങി. ആറ് വർഷങ്ങൾ കൊണ്ട് അവിടെ ഒരു ദേവാലയവും മൈനർ സെമിനാരിയും രൂപംകൊണ്ടു.

പോളണ്ടിലേക്കുള്ള മടക്കയാത്ര

തിരുത്തുക

1936-ൽ മാക്സിമില്യൻ പോളണ്ടിൽ തിരിച്ചെത്തി. കൺവെഞ്ച്വൽ സഭയുടെ സമ്മേളനത്തൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം പോളണ്ടിലെത്തിയത്. മാക്സിമില്യൽ ഈ സമയം ഒരു പടുവൃദ്ധനെപ്പോലെ ആയിക്കഴിഞ്ഞിരുന്നു. സഹവൈദികർ അദ്ദേഹത്തെ കണ്ട് സഹതപിച്ചു. അവശനായിക്കഴിഞ്ഞ വിദേശയാത്രകൾ അവസാനിപ്പിച്ച് പോളണ്ടിൽ തന്നെ കഴിഞ്ഞുകൂടാൻ അധികാരികൾ നിർദ്ദേശിച്ചു. അമലോത്ഭവ നഗറിന്റെ ഭരണചുമതല അദ്ദേഹത്തിന് വിട്ടുകൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വരവോടുകൂടി അമലോത്ഭവ നഗരം ഉത്സാഹപൂർണ്ണമായി. മാസികയുടെ പ്രചാരം വർധിച്ചു. 'ദി ലിറ്റിൽ ഡെയ്ലി' എന്നൊരു പത്രവും അവിടെനിന്ന് പ്രസിദ്ധീകരിച്ചു. കൂടാതെ മരിയൻ സന്ദേശമടങ്ങുന്ന ലഘുലേഖകളും പുസ്തകങ്ങളും പുറത്തിറങ്ങി. ശാസ്ത്രീയമായ കാഴ്ചപ്പാടിൽ സുവിശേഷ പ്രഘോഷണത്തിന് പരിശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വിമാനമാർഗ്ഗം കൂടുതൽ സ്ഥലങ്ങളിൽ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 1939-ൽ സ്വന്തമായി ഒരു റേഡിയോ നിലയമുണ്ടാക്കി പ്രവർത്തിപ്പിക്കാനുള്ള സാമർത്ഥ്യവും അദ്ദേഹം പ്രകടിപ്പിച്ചു.

അധ്വാനത്തിലെ ആത്മീയത

തിരുത്തുക

അറിവിന്റേയും അധ്വാനത്തിന്റേയും ഇടയിൽ ആത്മീയത പരിശീലിച്ച വിശുദ്ധനാണ് മാക്സിമില്യൻ. അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അമലോത്ഭവ നഗറിലെ അന്തേവാസികൾ താല്പര്യപൂർവ്വം പങ്കുചേർന്നു. പ്രവർത്തനക്ഷമവും ശബ്ദമുഖരിതവുമായിരുന്നു അവിടത്തെ അന്തരീക്ഷം. അടുക്കും ചിട്ടയും എല്ലായ്പ്പോഴും ദൃശ്യമായിരുന്നു. പ്രധാന ജോലികൾ നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു. ജോലിക്കുമുമ്പ് മാതാവിനോട് പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. എത്ര തിരക്കായാലും പ്രാർത്ഥന ഒഴിവാക്കില്ല. മണി മുഴങ്ങുമ്പോൾ അവിടെയുള്ള എല്ലാ ജോലിക്കാരും ചാപ്പലിൽ ഒത്തുചേരും. ഒരാൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. മറ്റുള്ളവർ ഏറ്റു ചൊല്ലും.

ഹിറ്റ്ലറുടെ ആക്രമണം

തിരുത്തുക

അമലോത്ഭവ നഗരം അതിന്റെ സുവർണ്ണദശയിൽ നിൽക്കുമ്പോൾ 1939-ല് ഹിറ്റ്ലർ പോളണ്ടിനെ ആക്രമിച്ചു.അമലോത്ഭവ നഗരത്തിനുനേരെ ആക്രമമുണ്ടാവും എന്ന് മനസ്സിലാക്കി മാക്സിമില്യൻ രോഗികളെ ശുശ്രൂഷിക്കാൻ മാത്രമായി കുറച്ചാളുകളെ മാത്രം അവിടെ നിറുത്തി ബാക്കി ആശ്രമവാസികളെ വീടുകളിലേക്ക് പറഞ്ഞയച്ചു.സെപ്തംബർ 19-ന് നാസിപട്ടാളം അവിടെയെത്തി. മാക്സിമില്യനും മറ്റുള്ളവരും തടവിലായി. അസൌകര്യങ്ങൾ നിറഞ്ഞ തടങ്കല്പാളങ്ങൾ അമലോത്ഭവനഗറാക്കി മാറ്റാൻ മാക്സിമില്യന് കഴിഞ്ഞു.പ്രാർഥനയും പാട്ടുംകൊണ്ട് അവിടം മുഖരിതമായി. ഡിസംബർ 8-ന് അവരെ മോചിപ്പിച്ചു.ഇതിനിടയിൽ പോളണ്ടിലെ നേതാക്കളേയും സഭാധികാരികളേയും കൊന്നൊടുക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു. ആ ലിസ്റ്റിൽ ഫാ.മാക്സിമില്യൻ കോൾബെയും ഉണ്ടായിരുന്നു. 1941 ഫെബ്രുവരി 17-‍ാം തിയതി ഹിറ്റ്ലറിന്റെ രഹസ്യപോലീസ് അമലോത്ഭവനഗരിയിലെത്തി.മാക്സിമില്യൻ ഉൾപ്പെടെ അഞ്ചു വൈദികരേയും പോലീസ് ബലമായി പാവിയാക് ജയിലിലേക്ക് കൊണ്ടുപോയി.അവിടെവെച്ച് ക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടിവന്നു. മെയ് 28-ന് ഫാ.മാക്സിമില്യനെ ഔഷ്‍വിറ്റ്സ് എന്ന തടവറയിലേക്ക് കൊണ്ടുപോയി. നാസികളുടെ വലിയ ഒരു ശിക്ഷാകേന്ദ്രമായിരുന്നു അത്.

1941 ജൂലയ് 28-ന് തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടു. പകരം പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ തീരുമാനിച്ചു. ആ ലിസ്റ്റില്പെട്ട ഗയോണിഷെക് എന്നയാൾക്കു പകരം മാക്സിമില്യൻ മരിക്കാൻ തയ്യാറായി. അങ്ങനെ ഫാ.മാക്സിമില്യൻ കോൾബെ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പതിനഞ്ചു ദിവസംകൊണ്ട് അഞ്ചുപേർ മരിച്ചു. ബാക്കിയുള്ളവരെ വിഷം കുത്തിവെച്ച് കൊല്ലാൻ ഉത്തരവായി. 1941 ആഗസ്റ്റ് 14-ന് ഉച്ചകഴിഞ്ഞ് പട്ടാളക്കാൻ ഫാ.മാക്സിമില്യൻ കോൾബെയെ വിഷം കുത്തിവെച്ച് കൊന്നു. പിറ്റേന്ന് മൃതുദേഹം തീച്ചൂളയിൽ ദഹിപ്പിച്ചു.

നാമകരണം

തിരുത്തുക

1971 ഒക്ടോബർ 17-ന് പോൾ ആറാമൻ മാർപ്പാപ്പ ഫാ.മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടൊബർ 10-‍ാം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ രക്തസാക്ഷിയായ വിശുദ്ധനായി പ്രഖ്യാപിച്ചു

  1. Different sources provide different date of birth for St Maximilian Kolbe: The Militia of the Immaculata reports 8 January while Saints Index reports 7 January.
  2. Consecration.com:Biographical Data Summary at the Militia of Immaculata website; Retrieved on 19 November 2006.
  3. Saints Index; Catholic Forum.com, Saint Maximilian Kolbe
  4. Saint Maximilian Kolbe
  5. Saints on Earth: A Biographical Companion to Common Worship, By John H. Darch, Stuart K. Burns, Published by Church House Publishing, 2004, ISBN 0715140361, 9780715140369 [1]
  6. Nirmalaram Ashram http://conventualsindia.org/friaries/kerala/nirmalaram-franciscan-ashram/ Archived 2012-07-23 at the Wayback Machine.
  7. Kolbe ashram aluva http://conventualsindia.org/friaries/kerala/kolbe-franciscan-ashram/ Archived 2012-07-23 at the Wayback Machine.

ഗ്രന്ഥസൂചിക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാക്സിമില്യൻ_കോൾബെ&oldid=3973913" എന്ന താളിൽനിന്ന് ശേഖരിച്ചത്