കെ. എൻ. എഴുത്തച്ഛൻ
മലയാളഭാഷാപണ്ഡിതനും നിരൂപകനും ആയിരുന്നു ഡോ:കെ. എൻ. എഴുത്തച്ഛൻ എന്നറിയപ്പെടുന്ന കുടിയിരിക്കൽ നാരായണൻ എഴുത്തച്ഛൻ (1911 മേയ് 21 -1981 ഒക്ടോബർ 28). സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്തണമെന്ന ആശയഗതിയുടെ മുഖ്യവക്താക്കളിലൊരാളായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തോട് അദ്ദേഹം യോജിച്ചിരുന്നില്ല. മാർക്സിസ്റ്റ് നിരൂപണ ശൈലിയെ അദ്ദേഹം പിന്തുണച്ചിരുന്നു. ഭാരതീയ കാവ്യശാസ്ത്രഗ്രന്ഥങ്ങളെ മാർക്സിയൻ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിയ്ക്കുകയുണ്ടായി. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. സംസ്‌കൃത സാഹിത്യത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ മലയാളിയാണ് ഡോ:കെ. എൻ. എഴുത്തച്ഛൻ.[1][2]
കെ. എൻ. എഴുത്തച്ഛൻ | |
---|---|
ജനനം | |
മരണം | 28 ഒക്ടോബർ 1981 | (പ്രായം 70)
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | മലയാളത്തിൽ പി.എച്.ഡി, സംസ്കൃതം, മലയാളം, ഇംഗ്ലീഷ്പട്ടി പട്ടി ബിരുദാനന്തര ബിരുദം |
തൊഴിൽ | കവി, അധ്യാപകൻ(പ്രൊഫസ്സർ), നിരൂപകൻ, ഉപന്യാസകൻ, വിവർത്തകൻ |
ജീവിതപങ്കാളി(കൾ) | ജാനകി അമ്മ |
കുട്ടികൾ | മൂന്നു പെണ്മക്കളും, രണ്ട് ആണ്മക്കളും |
മാതാപിതാക്ക(ൾ) | കുടിയിരിക്കൽ കൃഷ്‌ണൻ എഴുത്തച്ഛൻ, ലക്ഷ്മി അമ്മ |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം |
ജീവിത രേഖ
തിരുത്തുകനേത്രരോഗവിദഗ്ദ്ധനും, സംസ്കൃതപണ്ഠിതനുമായിരുന്ന കുടിയിരിക്കൽ കൃഷ്ണനെഴുത്തച്ഛന്റെയും, ലക്ഷ്മി അമ്മയുടെയും മകനായി 1911 മേയ് 21-ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ ജനിച്ചു.[3] എഴുത്തച്ഛൻ സംസ്കൃതത്തിൽ ആദ്യപാഠങ്ങൾ പിതാവിന്റെ സംസ്കൃതപാഠശാലയിൽ നിന്ന് പഠിച്ചു. 1927-ൽ പത്താം ക്ലാസ് പാസ്സായി. ഷോർട് ഹാൻഡ്, ടൈപ്പ് റൈറ്റിംഗ് , ടീച്ചേഴ്സ് ട്രെയിനിങ് എന്നിവ കഴിഞ്ഞ് ചെറുകര ഹയർ എലിമെന്ററി സ്കൂളിൽ അധ്യാപകനായി. പ്രൈവറ്റായി പഠിച്ചു വിദ്വാൻ, ബി.എ എന്നീ പരീക്ഷകൾ പാസ്സായി. 1939-ൽ വിവാഹം. പട്ടാമ്പി ഹൈ സ്കൂളിൽ അധ്യാപകനായി. 1944 മുതൽ ഒൻപതു വർഷം ബോംബയിൽ സ്‌റ്റെനോഗ്രാഫർ ആയിരുന്നു അവിടെനിന്ന് ഹിന്ദിയും ഹോമിയോപ്പതിയും പഠിച്ചു. 1948 ൽ സംസ്കൃതം എം.എ പാസ്സായി. 1953-ൽ മദ്രാസ് സർവകലാശാലയിൽ മലയാളം അധ്യാപകനായി. 1954-ൽ മലയാളം എം.എ യും 1962-ൽ പി.എച്ച്.ഡി യും നേടി. ഭാഷാകൗടലീയത്തിന്റെ ഭാഷാപരമായ സവിശേഷതകൾ ആയിരുന്നു പി.എച്.ഡി പ്രബന്ധത്തിന്റെ വിഷയം. 1964 ൽ ഇംഗ്ലീഷ് എം.എ പാസ്സായി തമിഴും, കന്നടയും പഠിച്ചു. മദ്രാസ് സർവകലാശാല മലയാളവിഭാഗം അധ്യക്ഷനായി പ്രവർത്തിച്ച ഇദ്ദേഹം 1971-ൽ മദ്രാസ് സർവകലാശാലയിൽ നിന്ന് വിരമിച്ച ശേഷം ഭാഷ ഇന്സ്ടിട്യൂട്ടിൽ സീനിയർ റിസർച്ച് ഓഫീസർ ആയി ഒരു വർഷം ജോലി ചെയ്തു. പിന്നീട് ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ ദ്രാവിഡ ഭാഷ വിജ്ഞാനീയ വിഭാഗത്തിൽ സീനിയർ ഫെലോ ആയിരുന്നു. 1974 - 1978 ൽ കോഴിക്കോട് സർവകലാശാലയിൽ യു.ജി.സി പ്രൊഫസ്സർ.1976ൽ മുത്തും പവിഴവും എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1979-ൽ കേരളോദയം മഹാകാവ്യം (സംസ്കൃതം മഹാകാവ്യം) എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1981 ഒക്ടോബർ 28-ന് കോഴിക്കോട് സർവ്വകലാശാലാ സെനറ്റ് ഹാളിൽ ചെറുകാട് സ്മാരക ശക്തി അവാർഡ് സമ്മാനിച്ച ശേഷം പ്രസംഗിക്കവേ ഹൃദയാഘാതത്തെത്തുടർന്ന് വേദിയിൽ വച്ച് അന്തരിച്ചു.[3][1]
1971 ൽ കാലിക്കറ്റ് യൂണിവേഴ്കിറ്റിയുടെ മലയാളം ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ തുടങ്ങിയ താളിയോല ഗ്രന്ഥ ലൈബ്രറി, 1977 ൽ വള്ളത്തോൾ നാരായണമേനോൻ സ്മരണാർത്ഥം തുടങ്ങിയ വള്ളത്തോൾ എജുക്കേഷനൽ ട്രസ്റ്റ് എന്നിവയുടെ രൂപീകരണത്തിനായി കെ. എൻ. എഴുത്തച്ഛൻ പ്രവർത്തിച്ചിട്ടുണ്ട്.[4][5]
കൃതികൾ
തിരുത്തുക- ഈശ്വരചന്ദ്ര വിദ്യാസാഗർ
കഥകൾ
തിരുത്തുക- കഥാഭൂഷണം
- കഥാസൗധം (കഥാസമാഹാരം)
- മഹിളാരാമം
- കഥാമാലിക
- കഥാമഞ്ജുഷ
- വീരാഹുതി (വേണീസംഹാരത്തിന്റെ വിവർത്തനം)
കവിതകൾ
തിരുത്തുക- പ്രതീക്ഷ (ഖണ്ഡകാവ്യം)
- കുസുമോപഹാരം (കവിതാസമാഹരം)
- പ്രതിജ്ഞ (ഖണ്ഡകാവ്യം)
- കേരളോദയം മഹാകാവ്യം. (സംസ്കൃതം മഹാകാവ്യം)
- കാലടിപ്പാതകൾ (7 ലേഖനങ്ങൾ)
- ഇലയും വേരും (6 ലേഖനങ്ങൾ)
- കതിർക്കുല (13 ലേഖനങ്ങൾ)
- ഉഴുത നിലങ്ങൾ (6 ലേഖനങ്ങൾ)
- ഏഴിലംപാല (7 ലേഖനങ്ങൾ)
- കിരണങ്ങൾ (21 ലേഖനങ്ങൾ)
- സമീക്ഷ (12 ലേഖനങ്ങൾ)
- ദീപമാല (13 ലേഖനങ്ങൾ)
- മുത്തും പവിഴവും (7 ലേഖനങ്ങൾ):1976 ൽ കേരള സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്മെന്റ് അവാർഡ് ഈ കൃതിക്ക് ലഭിച്ചു.[6]
- ഭാഷാകൗടില്യം (4 മുതൽ 7 വരെ അധികരണങ്ങൾ)
- ദി ഹിസ്റ്ററി ഓഫ് ദി ഗ്രാമാറ്റിക്കൽ തിയറീസ് ഓഫ് മലയാളം
- സാഹിതീ ചിന്തകൾ
- കെ. എൻ. എഴുത്തച്ഛന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ(രണ്ട് വാല്യങ്ങൾ)
ഇതിനുപുറമെ സമാഹരിക്കപെടാത്തതായി ഇരുപതോളം ലേഖനങ്ങൾ എഴുത്തച്ഛന്റേതായി മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദേശാഭിമാനി തുടങ്ങിയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3]മൗലികമായ ചിന്ത, യുക്തി, ലാളിത്യം എന്നിവയാണ് കെ.എൻ.എഴുത്തച്ഛന്റെ ലേഖനങ്ങളുടെ സവിശേഷത. ഏറ്റവും കൂടുതൽ കാര്യങ്ങൾ, ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും സ്പഷ്ടമായി ആവിഷ്കരിക്കുന്നതിന്, ഏറ്റവും നല്ല തെളിവുകളാണ് ആ പ്രബന്ധങ്ങൾ.[1] 1975 ൽ പ്രസിദ്ധീകരിച്ച ദി ഹിസ്റ്ററി ഓഫ് ദി ഗ്രാമാറ്റിക്കൽ തിയറീസ് ഓഫ് മലയാളം, മലയാളം വ്യാകരണമേഖലയിൽ ഒരു മൗലിക കൃതിയായി പരിഗണിക്കപ്പെടുന്നു.[7] എഴുത്തച്ഛന്റെ അധ്യാത്മരാമായണം ഒരു പഠനം എന്ന പേരിൽ തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം ഇദ്ദേഹത്തിന്റേതായുണ്ട്, തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടുപ്രസ്ഥാനത്തെപറ്റി ലേഖനവും രചിച്ചിട്ടുണ്ട്.[1]
പ്രധാന വിവർത്തനങ്ങൾ
തിരുത്തുക- സാർഥവാഹൻ (ഹിന്ദിയിൽ നിന്ന് വിവർത്തനം)
- കുറുന്തുകൈ
- കവിതക്കൊരു സാധൂകരണം (സർ ഫിലിപ്പ് സിഡ്നിയുടെ An Apology for poetry യുടെ വിവർത്തനം)
- വാണീസമാഹാരം
- കലകളുടെ സാമൂഹ്യവേരുകൾ: ലൂയി ഹാരപ്പിന്റെ Social Roots of Arts എന്ന കൃതിയുടെ പരിഭാഷ
- Lilatilakam English translation (നാലു മുതൽ എട്ടുവരെയുള്ള ശില്പങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട് പ്രസിദ്ധപ്പെടുത്തിയിട്ടില്ല)
- തൊൽകാപ്പിയം (മലയാള വിവർത്തനം)
- പുറനാനൂറ്
- നറ്റിണൈ
- ഏഷ്യയും പാശ്ചാത്യമേധാവിത്വവും (ഇംഗ്ലീഷിൽ നിന്ന്)
- മനുഷ്യനും പ്രകൃതിയും (ഇംഗ്ലീഷിൽ നിന്ന്).[8][1]
മറ്റു ഗവേഷണപ്രബന്ധങ്ങൾ
തിരുത്തുക- കിളിപ്പാട്ടുപ്രസ്ഥാനം - ദീർഘപഠനം - സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തിൽ
- തരൂർ സ്വരൂപം (Annals of Oriental research, Madras University 1954)
- Ramacarita and its Metres (Annals of Oriental research, Madras University 1957)
- A study of Ramayana Themes in Malayalam: Ramayana seminar,S. V. University 1965
- The morphology of Lilatilakam: Linguistic seminar, Trivandrum 1965
- The problem of meaning: International symposium, Madras 1965
- Modern trends in poetry: International symposium, Madras 1965
- Nationalistic Trends in Indian Poetry: Vallathol - Bharathi Symposium, Madras 1965
- രണ്ടു ഭഗവദ്ഗീതകൾ - മാധവപ്പണിക്കരുടെ ഗീതയും പട്ടനാരുടെ തമിഴ് ഗീതയും തമ്മിലുള്ള താരതമ്യപഠനം, 1958.[3]
സർവവിജ്ഞാനകോശം മുതലായവയിൽ ചേർത്ത ചില പ്രബന്ധങ്ങൾ
തിരുത്തുക- തുഞ്ചത്തെഴുത്തച്ഛൻ (കേരളസർക്കാർ സർവവിജ്ഞാനകോശം)
- The Artisan Classes of Kerala (Social history of Kerala).[3]
കെ. എൻ. എഴുത്തച്ഛൻ സ്മാരക പുരസ്കാരം
തിരുത്തുകകെ. എൻ. എഴുത്തച്ഛന്റെ സ്മരണാർത്ഥം 2014 ൽ സംസ്‌കാര പട്ടാമ്പി എന്ന സംഘടന കെ.എൻ. എഴുത്തച്ഛൻ സ്മാരക പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. സുനിൽ പി. ഇളയിടത്തിനാണ് പ്രഥമ കെ. എൻ. എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്.[9] 2016 ലെ പുരസ്കാരം ചെറുകഥാകൃത്ത് ടി.പി. വേണുഗോപാലന്റെ കുന്നുംപുറം കാർണിവൽ എന്ന കഥാ സമാഹാരത്തിന് ലഭിച്ചു.[10]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "ഡോ. കെ. എൻ. എഴുത്തച്ഛൻ". കേരള സാഹിത്യ അകാദമി. Archived from the original on 1 December 2017. Retrieved 21 June 2018.
- ↑ "Awards & fellowships - Akademi Awards". Sahitya Akademi, India's National Akademi of Letters. Archived from the original on March 31, 2009. Retrieved 29 June 2009.
- ↑ 3.0 3.1 3.2 3.3 3.4 പ്രൊഫ. ആനപ്പായ സേതുമാധവൻ (1999). ഡോ. കെ. എൻ. എഴുത്തച്ഛൻ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-86365-81-8.
- ↑ "കാലിക്കറ്റ് താളിയോല ഗ്രന്ഥ ലൈബ്രറി ഡിജിറ്റൽവൽക്കരണം". തേജസ് ന്യൂസ് ഓൺലൈൻ. 30 April 2016. Archived from the original on 21 June 2018. Retrieved 21 June 2018.
- ↑ "വള്ളത്തോൾ വിദ്യാപീഠം വെബ്സൈറ്റ്". Archived from the original on 23 October 2017. Retrieved 21 June 2018.
- ↑ "C.B.Kumar Endowment". കേരള സാഹിത്യ അക്കാദമി. Archived from the original on 4 November 2014. Retrieved 22 February 2018.
- ↑ The history of the grammatical theories in Malayalam
- ↑ മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ് ബുക്ക്സ്.2015 പു. 570,571.
- ↑ "കെ എൻ എഴുത്തച്ഛൻ പുരസ്കാരം സുനിൽ പി ഇളയിടത്തിന്". ദേശാഭിമാനി ഓൺലൈൻ. 8 November 2014. Archived from the original on 21 June 2018. Retrieved 21 June 2018.
- ↑ "കെ.എൻ. എഴുത്തച്ഛൻ സ്മാരക പുരസ്‌കാരം സമ്മാനിച്ചു". മാതൃഭൂമി ഓൺലൈൻ. 9 April 2016. Archived from the original on 9 April 2016. Retrieved 21 June 2018.
കൂടുതൽ വായനക്ക്
തിരുത്തുക- പ്രൊഫ. ആനപ്പായ സേതുമാധവൻ (August 1999). ഡോ. കെ. എൻ. എഴുത്തച്ഛൻ. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-86365-81-8.
{{cite book}}
: CS1 maint: year (link)