എഫേസോസുകാർക്ക് എഴുതിയ ലേഖനം

(Epistle to the Ephesians എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതിയ നിയമം

ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പത്താമത്തെ പുസ്തകമാണ് എഫേസോസുകാർക്ക് എഴുതിയ ലേഖനം. 'എഫേസിയർ' എന്ന ചുരുക്കപ്പേരും ഈ കൃതിയ്ക്കുണ്ട്. ക്രിസ്തീയപാരമ്പര്യത്തിൽ തർശീശിലെ പൗലോസിന്റെ രചനയായി കണക്കാക്കപ്പെട്ടിരുന്ന ഈ കൃതി, പൗലോസിന്റെ ചിന്തയുടെ സ്വാധീനത്തിൽ പിൽക്കാലത്ത് ആരോ എഴുതിയ ഒരു ഉത്തരപൗലോസിയ (deutero-Pauline) രചനയാണെന്നാണ് ഭൂരിപക്ഷം ആധുനിക നിരൂപകന്മാരുടേയും അഭിപ്രായം.[1][2][3][4]പണ്ഡിതനിരൂപകരിൽ 80 ശതമാനവും ഇതിനെ പൗലോസിന്റെ രചനായി കണക്കാക്കുന്നില്ലെന്ന് റെയ്മണ്ട് ബ്രൗൺ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.[5] പുതിയനിയമപണ്ഡിതന്മാരായ നോർമൻ പെരിന്റേയും ഡെനിസ് ഡൂലിങ്ങിന്റേയും അഭിപ്രായത്തിൽ,[6]ആറ് ആധികാരിക പഠനങ്ങളിൽ നാലും ഇത് ഒരു വ്യാജരചനയെന്ന് ഉറപ്പു പറയുമ്പോൾ, അവശേഷിക്കുന്ന രണ്ടു പഠനങ്ങൾ പോലും ഇതിനെ പൗലോസിന്റെ രചനയായി കണക്കാക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ അംഗീകരിക്കുന്നു. ആ ബുദ്ധിമുട്ടുകളാവട്ടെ മറികടക്കാൻ അസാദ്ധ്യമായവയാണ്.

പൗലോസിയത

തിരുത്തുക

ക്രി.വ. 62-നടുത്ത് റോമിൽ തടവുകാരനായിരിക്കെ പൗലോസ് അപ്പസ്തോലൻ എഴുതിയതാണ് ഈ ലേഖനമെന്നാണ് ക്രിസ്തീയ പാരമ്പര്യം. ഈ ലേഖനത്തോട് പല വിധത്തിലും സാമ്യമുള്ള കൊളോസിയർക്കുള്ള ലേഖനത്തിന്റേയും ഫിലമോനുള്ള ലേഖനത്തിന്റേയും രചനാകാലത്തിനടുത്തണിത്. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ, മിക്കവാറും പണ്ഡിതനിരൂപകർ ഈ ലേഖനത്തെ പൗലോസിന്റെ രചനയായി കണക്കാക്കുന്നില്ല. അവരുടെ വീക്ഷണത്തിൽ ഇതിന്റെ രചനാകാലം ക്രി.വ. 80-നും 100-നും ഇടയ്ക്കാണ്. [1][2][3]

എതിർ വാദങ്ങൾ

തിരുത്തുക

പരക്കെ ഉപയോഗിക്കപ്പെടുന്ന ചില പിൽക്കാല കൈയെഴുത്തു പ്രതികളിൽ ഈ ലേഖനത്തിന്റെ ആദ്യവാക്യം ഇപ്രകാരമാണ്: "ദൈവതിരുമനസാൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വസിക്കുന്ന എഫേസോസിലുള്ള വിശുദ്ധർക്ക് എഴുതുന്നത്." ആദ്യവാക്യത്തിൽ തന്നെ ലേഖനം,പൗലോസിനെ അതിന്റെ കർത്താവായും എഫേസോസിലെ സഭാംഗങ്ങളെ അതിന്റെ സ്വീകർത്താക്കളും ആയി എടുത്തുപറയുന്നു. പുതിയനിയമത്തിന്റെ ആദ്യസംഹിതകളിൽ തന്നെ ഉൾപ്പെടുന്ന ഈ രചനയെ ആദ്യകാല സഭാപിതാക്കളായ റോമിലെ ക്ലെമെന്റ്, ഇഗ്നേഷ്യസ്, പോളിക്കാർപ്പ് എന്നിവർ പൗലോസിന്റെ രചനയായി അംഗീകരിക്കുന്നു. എന്നാൽ താഴെപ്പറയുന്ന പ്രശ്നങ്ങൾ ഈ പരമ്പരാഗതനിലപാടിനു വെല്ലുവിളിയായി നിൽക്കുന്നു.

  • ഏറ്റവും പഴയതും അംഗീകൃതവുമായ കൈയെഴുത്തുപ്രതികളിലെ ആദ്യവാക്യത്തിൽ "എഫേസോസിലെ" എന്നതിന്റെ സ്ഥാനത്ത് "വിശുദ്ധന്മാർക്കും.....യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കും" എന്നു മാത്രമാണുള്ളത്.
  • എഫേസോസിലെ സഭാംഗങ്ങളേയോ, അവിടെ പൗലോസിനുണ്ടായ അനുഭവങ്ങളേയോ സംബന്ധിച്ച പരാമർശങ്ങളൊന്നും ലേഖനത്തിലില്ല.
  • "നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു കേട്ടറിഞ്ഞതു മുതൽ" (1;15) എന്നും മറ്റുമുള്ള വരികൾ, സ്വീകർത്താക്കളുടെ സഭയെ നേരിട്ടു പരിചയമില്ലാതിരുന്ന ഒരാളുടെ രചനയാണിതെന്നു സൂചിപ്പിക്കുന്നു. അതേസമയം അപ്പസ്തോലനടപടികൾ അനുസരിച്ച് എഫേസോസിലെ സഭയിൽ ഏറെക്കാലം ചെലവഴിച്ച പൗലോസ് ആ സഭയുടെ സ്ഥാപകന്മാരിൽ ഒരാൾ തന്നെ ആയിരുന്നു.

നാലു നിലപാടുകൾ

തിരുത്തുക

ഈ ലേഖനത്തിന്റെ പൗലോസിയതയെ സംബന്ധിച്ച് ബൈബിൾ പണ്ഡിതന്മാർക്കിടയിൽ നാലു മുഖ്യ നിലപാടുകൾ ഉണ്ട്.[7]

  • ഇതു സമ്പൂർണ്ണമായും പൗലോസിന്റെ തന്നെ രചനയാണെന്ന പരമ്പരാഗതനിലപാടാണ് ആദ്യത്തേത്. ഹാരോൾഡ് ഹോനെറുടെ വ്യാഖ്യാനത്തിൽ ഈ നിലപാടിന്റെ സമഗ്രമായ ന്യായീകരണം കാണാം.[8]
  • പൗലോസിൽ നിന്നുള്ള കേട്ടെഴുത്തിൽ മറ്റൊരു ലേഖകന്റെ പ്രക്ഷിപ്തങ്ങൾ കലർന്നതാണ് ഈ ലേഖനമെന്നാണ് രണ്ടാമത്തെ നിലപാട്.
  • ഇതു പൗലോസിന്റെ രചനയേയല്ല എന്ന നിലപാടാണ് മൂന്നാമത്തേത്. മിക്കവാറും ആധുനിക വിമർശകന്മാർ ഇതു പിന്തുടരുന്നു.
  • ഈ വിഷയത്തിൽ തീർപ്പു പറയുക അസാദ്ധ്യമാണെന്ന നിലപാടാണ് മറ്റൊന്ന്.

എഫേസോസിനെക്കുറിച്ച് ലേഖനത്തിന്റെ ആദ്യകാല പ്രതികളിലൊന്നും സൂചനയില്ലാത്തതിനാൽ, പുതിയനിയമത്തിന്റെ ആദ്യകാലസംഹിതകളിലൊന്നിന്റെ സ്രഷ്ടാവായിരുന്ന വിമത ജ്ഞാനവാദി ക്രിസ്ത്യാനി മാർഷൻ ഇതിനെ ലാവോദീസിയയിലെ ക്രിസ്ത്യാനികൾക്കു വേണ്ടി എഴുതപ്പെട്ടതായി കരുതി. ലവോദീസിയൻ സഭയിലേതായി യോഹന്നാന്റെ വെളിപാടിൽ നിഴലിച്ചുകാണുന്ന സാമൂഹ്യസാഹചര്യങ്ങൾ ഈ ലേഖനത്തിൽ സൂചിതമാകുന്നതിനാൽ ഈ നിലപാടിന് ചില പിൽക്കാലപാരമ്പര്യങ്ങളുടെ പിന്തുണയും ലഭിച്ചു.

പ്രമേയം

തിരുത്തുക

"യേശുവിന്റെ ശരീരമായ സഭ" എന്നതാണ് ഈ ലേഖനത്തിന്റെ പ്രമേയം. നാലാമദ്ധ്യായത്തിന്റെ തുടക്കം ഇങ്ങനെയാണ്:

അതുകൊണ്ട്, കർത്താവിൽ തടവുകാരനായിരിക്കുന്ന ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങൾക്കു ലഭിച്ച് വിളിയ്ക്ക് അനുസൃതമായി ജീവിക്കുക. തികഞ്ഞ എളിമയോടും സൗമ്യതയോടും ക്ഷമയോടും സ്നേഹത്തിൽ പരസ്പരം സഹിച്ചു ജീവിക്കുക. സമാധാനബന്ധത്തിൽ ആത്മാവിന്റെ ഐക്യം പാലിക്കാൻ തല്പരരായിരിക്കുക.[9]

യേശു വഴി ലഭിച്ച വിശ്വാസപരമായ ഐക്യത്തെ അനുദിനജീവിതത്തിൽ പ്രായോഗികമാക്കാനുള്ള ആഹ്വാനമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പരസ്പരം സഹിക്കാൻ ക്രിസ്ത്യാനികളോടുള്ള ആഹ്വാനമായി ലേഖനത്തെ കാണുകയെന്നതാണ് അതിന്റെ സന്ദേശത്തിന്റെ ഏറ്റവും പ്രായോഗികമായ വിലയിരുത്തലെന്ന് പുതിയനിയമപണ്ഡിതനായ ദാനിയേൽ വാലസ് നിരീക്ഷിക്കുന്നു. തന്റെ മരണം വഴി യേശു നേടിയ ഒന്നിപ്പിനെ നിലനിർത്തുകയാണ് വിശ്വാസികളുടെ ധർമ്മം.[10]

ആറദ്ധ്യായങ്ങളുള്ള ഈ ലേഖനത്തിന്റെ ഏകദേശമായ രൂപരേഖ ഏതാണ്ട് ഈ വിധമാണ്:

  • 1:1-2 അഭിവാദനം
  • 1:3‌-2:10 സുവിശേഷവാഗ്ദാനങ്ങളുടെ സംക്ഷിപ്തവിവരണമാണ് തുടർന്നുള്ളത്. ആ വാഗ്ദാനങ്ങളുടെ ഉറവിടം, അവ പ്രാപിക്കുന്നതിനുള്ള വഴി, അവയുടെ ലക്ഷ്യം, ഫലങ്ങൾ എന്നിവ ഇതിന്റെ ആദ്യഭാഗത്ത് (1:3-23) വിശദീകരിക്കപ്പെടുന്നു. ഈ ഭാഗം ഗ്രീക്കു മൂലത്തിൽ ദീർഘവും സങ്കീർണ്ണവുമായ രണ്ടു വാചകങ്ങളിൽ ഒതുങ്ങുന്നു. സ്വീകർത്താക്കളുടെ തുടർന്നുള്ള ആത്മീയോന്നതിക്കുവേണ്ടിയുള്ള തീവ്രമായ പ്രാർത്ഥനയോടെയാണ് ഈ ഖണ്ഡം സമാപിക്കുന്നത്.
  • 2:11–3:21 യേശുവിന്റെ ദൗത്യത്തിലൂടെ യഹൂദേതരരുടെ ആത്മീയാവസ്ഥയിലുണ്ടായ മാറ്റത്തിന്റെ വിവരണമാണ് ഈ ഖണ്ഡം. പൗലോസ് യഹൂദേതർക്കു വേണ്ടിയുള്ള അപ്പസ്തോലനായുള്ള പൗലോസിന്റെ തെരഞ്ഞെടുപ്പിന്റെ കഥയിൽ ഈ ഖണ്ഡം സമാപിക്കുന്നു.
  • 4:1–16 വരങ്ങളുടെ വൈവിദ്ധ്യത്തിനുപരി വിശ്വാസികൾക്കിടയിലുള്ള ഐക്യത്തെക്കുറിച്ചാണ് നാലാം അദ്ധ്യായത്തിന്റെ ആദ്യപകുതി.
  • 4:17–6:9 സാധാരണജീവിതത്തെയും വിവിധതരം മനുഷ്യബന്ധങ്ങളേയും സംബന്ധിച്ച നിർദ്ദേശങ്ങളാണ് ഇവിടെ.
  • 6:10–24 ദൈവത്തിന്റെ പടച്ചട്ടയണിഞ്ഞ് വിശ്വാസികൾക്ക് ആത്മീയ പുരോഗതിയുടെ ശത്രുക്കളോടു നടത്തേണ്ടി വരുന്ന സമരത്തിന്റെ ചിത്രീകരണത്തിൽ തുടങ്ങുന്ന ഈ ഭാഗം, തന്റെ പ്രതിനിധിയായി വരുന്ന തുഖിക്കോസിന്റെ ദൗത്യത്തെക്കുറിച്ചു സൂചിപ്പിച്ചശേഷം സമാപനാശീർവാദത്തിൽ അവസാനിക്കുന്നു.

എഫെസ്യർക്കു എഴുതിയ ലേഖനം

  1. 1.0 1.1 Ehrman, Bart D. (2004). The New Testament: A Historical Introduction to the Early Christian Writings. New York: Oxford. pp. 381–384. ISBN 0-19-515462-2.
  2. 2.0 2.1 "USCCB - NAB - Ephesians - Introduction". Retrieved 2009-01-17.
  3. 3.0 3.1 See Markus Barth, Ephesians: Introduction, Translation, and Commentary on Chapters 1–3 (New York: Doubleday and Company Inc., 1974), 50-51
  4. Perrin, Norman (1982). The New Testament: An Introduction. Second Edition. New York: Harcourt Brace Jovanovich. pp. 218–222. ISBN 0155657267.
  5. Brown, Raymond E. The churches the apostles left behind Pauline Press, 1984. ISBN 978-0-8091-2611-8, p. 47.
  6. Perrin, Norman (1982). The New Testament: An Introduction. Second Edition. New York: Harcourt Brace Jovanovich. pp. 218. ISBN 0155657267.
  7. Markus Barth, Ephesians: Introduction, Translation, and Commentary on Chapters 1-3 (New York: Doubleday and Company Inc., 1974), 38
  8. Hoehner, Harold. Ephesians: An Exegetical Commentary. Baker Academic, 2002. ISBN 978-0-8010-2614-0
  9. എഫേസോസുകാർക്കെഴുതിയ ലേഖനം 4:1-3, ഓശാന മലയാളം ബൈബിൾ
  10. Wallace, Daniel B. "Ephesians:Introduction, Argument, and Outline." Web: [1] 1 January 2010