കംബോഡിയ

ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു രാജ്യം
(Cambodia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കംബോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്‌ഡം ഓഫ് കമ്പോഡിയ) ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഈ രാജ്യം ഖമർ,കംബോജദേശ, കംപൂച്ചിയ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു. ക്രി.പി. എട്ടാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്ന ഖമർ വംശജരുടെ സ്വദേശമാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്‌ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയൽ രാജ്യങ്ങൾ. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയിൽ. ഭരണഘടനാപരമായി നാമമാത്ര ചുമതലകൾ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവൻ. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം.

Kingdom of Cambodia

കിംഗ്‌ഡം ഓഫ് കമ്പോഡിയ
Preăh Réachéanachâk Kâmpŭchéa
Flag of കംബോഡിയ
Flag
Royal Arms of കംബോഡിയ
Royal Arms
ദേശീയ മുദ്രാവാക്യം: 
"രാജ്യം, മതം, രാജാവ്"
ദേശീയ ഗാനം: 

നൊക്കൊറീച്ച്
മജെസ്റ്റിക് കിംഗ്‌ഡം
Location of കംബോഡിയ
തലസ്ഥാനം
and largest city
നോം പെൻ
ഔദ്യോഗിക ഭാഷകൾഖമർ
Official scriptKhmer script
വംശീയ വിഭാഗങ്ങൾ
(2010)
വംശീയ വിഭാഗങ്ങൾ
നിവാസികളുടെ പേര്ഖമർ
ഭരണസമ്പ്രദായം
നരോദം ശിഹമണി
ഹുൻ സെൻ (സി.പി.പി.)
ചെ സിം (സി.പി.പി.)
ഹെങ് സാംറിൻ(സി.പി.പി.)
നിയമനിർമ്മാണസഭപാർലിമെന്റ്
സെനറ്റ്
നാഷണൽ അസംബ്ലി
രൂപീകരണം
എ.ഡി.68
എ.ഡി.550
എ.ഡി.802
എ.ഡി.1863
• സ്വാതന്ത്ര്യം
9 നവംബർ 1953
• രാജവാഴ്ച പുനസ്ഥാപനം
24 സപ്തംബർ 1993
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
181,035 km2 (69,898 sq mi) (88th)
•  ജലം (%)
2.5
ജനസംഖ്യ
• 2010 estimate
14,952,665 (65th)
• 2008 census
13,388,910[1]
•  ജനസാന്ദ്രത
81.8/km2 (211.9/sq mi) (118th)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$36.010 billion[2]
• പ്രതിശീർഷം
$2,361[2]
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$14.204 billion[2]
• Per capita
$931[2]
ജിനി (2007)43[3]
medium
എച്ച്.ഡി.ഐ. (2013)Increase 0.543[4]
low · 138th
നാണയവ്യവസ്ഥറീൽ (KHR)
സമയമേഖലUTC+7
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+855
ഇൻ്റർനെറ്റ് ഡൊമൈൻ.kh
കംബൂച്ചിയ എന്നും ഈ രാജ്യം അറിയപ്പെടുന്നു.

ജനങ്ങളിൽ 90 ശതമാനത്തിലേറെയും ഖമർ ഭാഷ സംസാരിക്കുന്ന ഖമർവംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്.

ചരിത്രം

തിരുത്തുക

പുരാവൃത്തം

തിരുത്തുക

കംബോജ വംശജനായിരുന്ന കൗണ്ഡിന്യ എന്ന ഇന്ത്യൻ ബ്രാഹ്മണൻ ഖമർ വംശജയായ ഒരു രാജകുമാരിയെ വിവാഹം ചെയ്തതോടെയാണ് കംബോജാ രാജ്യം സ്ഥാപിതമായതെന്ന് പഴങ്കഥ പറയുന്നു([5]. കാലക്രമേണ കംബോജാ, കംബൂച്ചിയയും കംബോഡിയയുമായി രൂപാന്തരപ്പെട്ടു. എന്തായാലും, ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനം കംബോഡിയയിൽ പ്രകടമാണ്. കംബോഡിയയുടെ ചരിത്രം അയൽരാജ്യങ്ങളായ തായ്‌ലാന്റ്, വിയറ്റ്നാം, ലാവോസ് എന്നിവയുടെ ചരിത്രവുമായി കെട്ടു പിണഞ്ഞു കിടക്കുന്നു.[6]

ആധുനിക കമ്പോഡിയയുടെ പ്രാചീന നാമമാണ് കമ്പൂച്ചിയ. കംബുജ എന്ന വാക്കിൽ നിന്നാണ് കമ്പോഡിയ എന്ന പേർ ഉരുത്തിരിഞ്ഞതെന്നു കരുതുന്നു.[7]

ഖമർ: ദേശം, ജനത, ഭാഷ

തിരുത്തുക

ഖമർ എന്ന പദം കംബോഡിയ എന്ന ദേശത്തേയും, അവിടത്തെ ജനതയേയും അവരുടെ ഭാഷയേയും സന്ദർഭാനുസരണം സൂചിപ്പിക്കുന്നു. ചില പുരാതന ശിലാലിഖിതങ്ങളിൽ ദേശത്തിന്റെ പേര് കംബോജയെന്നും ഖമർ എന്നും മാറിമാറി ഉപയോഗിച്ചിട്ടുണ്ട്.[5]. അയൽ രാജ്യങ്ങളുമായുളള നിരന്തര യുദ്ധങ്ങൾ കാരണം അതിർത്തികൾ അസ്ഥിരങ്ങളായിരുന്നിരിക്കണം. എന്തായാലും പതിനെട്ടാം നൂറ്റാണ്ടു വരെ മെക്കോങ്ങ് ഡെൽറ്റ കംബോഡിയയുടെ ഭാഗമായിരുന്നു. മധ്യേന്ത്യയിലെ മുണ്ട, ഖാസി ഗോത്രങ്ങളോട് സാദൃശ്യമുളള ഒരു ഗോത്രമാണ് ഖമർ എന്നും ആര്യന്മാരുടെ വരവോടെ ഇന്തോചൈന ഭൂപ്രദേശത്തേക്ക് കുടിയേറിപ്പാർക്കാൻ നിർബന്ധിതരായവരാണെന്നും അഭിപ്രായമുണ്ട്. [8]. ദക്ഷിണപൂർവേഷ്യൻ ഭാഷാകുടുംബത്തിൽ പെടുന്ന ഖമർ ഭാഷയിൽ പാലിയുടേയും സംസ്കൃതത്തിന്റേയും സ്വാധീനം കാണാനുണ്ട്. [9]. പല പദങ്ങളുടേയും മൂല സംസ്കൃതധാതു എളുപ്പത്തിൽ കണ്ടെത്താനാവും. ഇന്ത്യയുമായി കരവഴിയായും കടൽവഴിയായും ഉളള സമ്പർക്കങ്ങളാവണം ഹിന്ദു-ബുദ്ധമതങ്ങളും ആചാരങ്ങളും പ്രചരിക്കാൻ കാരണമായത്. ഇന്ന് ജനങ്ങളിൽ സിംഹഭാഗവും ബുദ്ധമതവിശ്വാസികളാണ്.

ഫുനാൻ സാമ്രാജ്യം (എ.ഡി. 100-600)

തിരുത്തുക

ഇന്നത്തെ കംബോഡിയയും, തായ്‌ലാന്റ്, വിയറ്റ്നാമും ഭാഗികമായി മ്യാന്മറും അടങ്ങിയിരുന്ന ഫുനാൻ സാമ്രാജ്യം ഇന്തോചൈനയിലെ ആദ്യത്തെ സാമ്രാജ്യമാണത്രെ. ആറു നൂറ്റാണ്ടുകളോളം ദക്ഷിണപൂർവ്വ ഏഷ്യയിൽ നിലനിന്ന ഈ ഹിന്ദു-ബുദ്ധ സാമ്രാജ്യത്തെപ്പറ്റിയുളള വിവരങ്ങൾ ചൈനീസ് സ്രോതസ്സുകളിൽ നിന്നാണ് ലഭ്യമായിട്ടുളളത്.[8] അക്കാലത്തെ പ്രമുഖ തുറമുഖപട്ടണമായ ഫുനാൻ കാരണമാവും സാമ്രാജ്യത്തിനും ആ പേരുണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു.[5] മൂന്നു മുതൽ ഏഴു ശതകങ്ങൾ വരേയുളള ചൈനീസ് രേഖകളിൽ മാത്രമേ ഫുനാൻ സാമ്രാജ്യത്തെപ്പറ്റിയുളള സൂചനകളുളളു. ഫുനാൻ ചൈനീസു പേരാണ്, അത് ഏത് ഖമർ പദത്തിന്റെ തദ്ഭവമാണെന്ന് കൃത്യമായി തെളിയിക്കാനായിട്ടില്ല. ഫുനാൻ രാജാക്കന്മാരുടെ അധികാരം ക്ഷയിക്കാൻ തുടങ്ങിയപ്പോൾ ചെൻലാ വംശത്തിലെ സേനാനികൾ, ചിത്രസേനന്റെ നേതൃത്വത്തിൽ ഫുനാൻ തലസ്ഥാനത്തെ കൈയടക്കിയെന്നും അവസാനത്തെ ഫുനാൻ രാജാവ് രുദ്രവർമ്മൻ തെക്കോട്ടേക്ക് പാലായനം ചെയ്തെന്നും ചൈനീസ് രേഖകളിൽ കാണുന്നു.[8]

ഫുനാനിൽ നിന്ന് ചെൻലയിലേക്കുളള അധികാരക്കൈമാറ്റം, രാജവംശത്തിലെ രണ്ടു തായ്വഴികൾ തമ്മിലുളള അധികാരവടംവലിയുടെ പരിണാമമാകാനും മതി.[8] ചെൻല എന്നതും ചൈനീസു പേരാണ്. ഈ സാമ്രാജ്യത്തിന്റെ അതിരുകളെപ്പറ്റിയും കൃത്യമായ അറിവുകളില്ല. ചൈനീസു രേഖകൾ പ്രകാരം ചിത്രസേനന്റെ സഹോദരൻ ഭവവർമ്മനാണ് ആദ്യത്തെ രാജാവായി സ്ഥാനാരോഹണം ചെയ്തത്. പല്ലവ ചാലൂക്യ രാജാക്കന്മാരുമായി ചെൻല ഭരണാധികാരികൾ നിരന്തര സമ്പർക്കത്തിലേർപ്പെട്ടിരുന്നു. വിയറ്റ്നാം, ലാവോസ്, തായ്‌ലാന്റ് എന്നീ അയൽരാജ്യങ്ങളിലേക്കും ചെൻല സാമ്രാജ്യം വ്യാപിച്ചു.[8] കുറച്ചുകാലത്തേക്ക് ചെൻലയുടെ തലസ്ഥാനമായിരുന്ന, ശ്രേസ്താപുരം ഇന്ന് ലാവോസിലെ ചമ്പാസക് പ്രവിശ്യയിൽ ഉൾപ്പെടുന്ന ലംഗ്-ക്യാ-പോപോ എന്ന മലക്കു സമീപമായിരുന്നെന്ന് ചൈനീസ് രേഖകളിൽ കാണുന്നു. ഈ പേര് ലിംഗപർവ്വതം എന്നതിന്റെ ചൈനീസ് രൂപാന്തരമാണെന്ന് അനുമാനിക്കപ്പെടുന്നു. ഈ മലയുടെ ഇന്നത്തെ പേര് വാറ്റ് ഫൂ.[8], [10],[11] പിന്നീട് ഇശാനവർമ്മനാണ് (ഭരണകാലം 616-635 AD.) പുതിയ തലസ്ഥാനം ഇശാനപുരത്തേക്ക് ( ഇന്നത്തെ സമ്പോർ പ്രെയ് കക്) മാറ്റിയത്.[8] ജയവർമ്മൻ ഒന്നാമൻ (ഭരണകാലം 657-681) ഈ വംശത്തിലെ ഏറ്റവും പ്രശസ്തനായ രാജാവായി അറിയപ്പെടുന്നു. ജയവർമ്മൻ ഒന്നാമനു ശേഷം സാമ്രാജ്യം ക്ഷയിച്ചു, പല ഭാഗങ്ങളും ജാവ കേന്ദ്രമാക്കി ഉയർന്നു വന്ന ശൈലേന്ദ്രരുടെ അധീനതയിലായി.[8]

ഖമർ സാമ്രാജ്യം (എ.ഡി 800–1600)

തിരുത്തുക
പ്രധാന ലേഖനം: ഖമർ സാമ്രാജ്യം

ഒമ്പതാം നൂറ്റാണ്ടോടെ പടിഞ്ഞാറൻ കംബോഡിയയിലെ അങ്കോർ തലസ്ഥാനമാക്കി ഖമർ സാമ്രാജ്യം രൂപം കൊണ്ടു. ജയവർമ്മൻ രണ്ടാമൻ ആണ് ഇതിനു തുടക്കമിട്ടത്. ദേവരാജ എന്ന സ്ഥാനപ്പേരോടെ ജയവർമ്മൻ രണ്ടാമൻ സിംഹാസനമേറി.[6], [8] ഇന്ദ്രവർമ്മൻ ഒന്നാമനും (877–89) പുത്രൻ യശോവർമ്മൻ ഒന്നാമനും (889910) ഈ രാജവംശത്തിലെ പ്രധാനപ്പെട്ട രാജക്കന്മാരായിരുന്നു. 1112-ൽ സ്ഥാനമേറ്റ സൂര്യവർമ്മൻ രണ്ടാമനാണ് അങ്കോർ വാട്ടിന് രൂപകല്പന നല്കിയത്. ജയവർമ്മൻ ഏഴാമന്റെ (ഭരണകാലം 1181- 1218) വാഴ്ചക്കാലം ഖമർ സാമ്രാജ്യത്തിന്റെ സുവർണകാലമായി കണക്കാക്കപ്പെടുന്നു[6],[8],[12]. അതിനു ശേഷം രാജവംശത്തിലെ അധികാര തർക്കങ്ങളും അയൽക്കാരായ ആയുത്തായ് ഗോത്രത്തിന്റെ ആക്രമണങ്ങളും നെൽകൃഷി നിലനിർത്തിയിരുന്ന ജലസേചന സംവിധാനത്തിന്റെ തകർച്ചയും കാരണം സാമ്രാജ്യം ശിഥിലമായി. കാംബുജവംശം പിടിച്ചു നിന്നുവെങ്കിലും 1431-ൽ തായ് ആക്രമണത്തെ തുടർന്ന് അംങ്കോർ കൈവിട്ടുപോയതോടെ ഖമർ പൗരപ്രമുഖർ തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്തു. ഈ സമയത്താവണം നോം പെന്നിൽ പുതിയ തലസ്ഥാനം സ്ഥാപിക്കപ്പെട്ടത്. 1596-ൽ സ്പാനിഷ്-പോർട്ടുഗീസ് സൈന്യങ്ങളുടെ സഹായത്തോടെ അധികാരം വീണ്ടെടുക്കാൻ അന്നത്തെ നാമമാത്ര ഖമർരാജാവ് സത്ത ശ്രമം നടത്തിയെങ്കിലും അതു വിജയിച്ചില്ല.[8]

ഇരുണ്ട കാലഘട്ടം (1600- 1860)

തിരുത്തുക

15 മുതൽ 19 വരെയുള്ള നൂറ്റാണ്ടകൾ കംബോഡിയൻ ചരിത്രത്തിലെ ഇരുണ്ട ഘട്ടമാണ്. ഈ കാലഘട്ടത്തിൽ തായ്‌ലാന്റ്, വിയറ്റ്നാം എന്നിവടങ്ങളിലെ രാജാക്കന്മാരുടെ അധികാരമത്സരത്തിന്റെ വേദിയായി കംബോഡിയ. ഇക്കാലത്ത് സ്പാനിഷ്, പോർച്ചുഗീസ് പര്യവേക്ഷകരും ക്രിസ്തുമത പ്രചാരകരും കംബോഡിയയിലെത്തി. മെക്കോങ്ങ് ഡെൽറ്റ കയ്യടക്കിയ വിയറ്റ്നാംകാർ കംബോഡിയക്കാരെ വിയറ്റ്നാം സംസ്കാരം സ്വീകരിക്കാൻ നിർബന്ധിതരാക്കി. കൂടുതൽ പ്രദേശങ്ങൾ ഖമറുകൾക്ക് നഷ്ടമാകാൻ തുടങ്ങിയതോടെ ഖമർ രാജാവായ നൊരോദം (ഭരണകാലം 1860-1904) അയൽശക്തികളിൽ നിന്ന് രക്ഷനേടാൻ 1864-ൽ ഫ്രഞ്ചുകാരുമായി സംരക്ഷണക്കരാർ ഒപ്പുവെച്ചു. ഫ്രഞ്ചു കോളനി വാഴ്ചയിലേക്കാണ് ഇത് നയിച്ചത്.

ഇരുപതാം നൂറ്റാണ്ടിൽ

തിരുത്തുക

ഫ്രഞ്ച് അധിനിവേശം (1860–1954)

തിരുത്തുക

തായ്-വിയറ്റിനാമീസ് ആക്രമണങ്ങളിൽ നിന്ന് ഖമർ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനെത്തിയ ഫ്രഞ്ചുകാർ താമസിയാതെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താൻ തുടങ്ങി. 1884-ൽ പുതുക്കിയെഴുതിയ ഉടമ്പടിയനുസരിച്ച് കംബോഡിയ ഫ്രഞ്ചു കോളനിയായി പരിണമിച്ചു. നരോദമിന്റെ പിന്ഗാമികളായ ശിശോവത്തും (ഭരണകാലം 1904–27) മണിവോംഗും (ഭരണകാലം 1927–41) നാമമാത്ര രാജാക്കന്മാരായി ഭരണമേറ്റു. മണിവംഗന്റെ മരണശേഷം പത്തൊമ്പതുകാരനായ നരോദം സിഹാനുക് രാജകുമാരനെ [13]ഫ്രഞ്ചുഭരണാധികാരികൾ രാജാവാക്കി വാഴിച്ചു. നരോദം സിഹാനുക് ഫ്രഞ്ചുകാരുടെ ചൊല്പടിക്കു വഴങ്ങാത്തവനായിരുന്നു. രണ്ടാം ലോകമഹായുദ്ധവും വിയറ്റ്നാമിലേയും ലവോസിലേയും കലാപങ്ങളും ദക്ഷിണപൂർവ്വരാജ്യങ്ങളിലെ ഫ്രഞ്ചു ആധിപത്യത്തിന് വെല്ലുവിളിയായി ഭവിച്ചു.

കംബോഡിയ: സ്വാതന്ത്ര്യവും സിഹാനൂകിന്റെ ഭരണവും (1954–1970)

തിരുത്തുക

1954 മെയ് മാസത്തിൽ നടന്ന ജനീവ സമ്മേളനം കംബോഡിയയുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. പക്ഷെ ആഭ്യന്തര പ്രശ്നങ്ങൾ കംബോഡിയയെ വല്ലാതെ കുഴക്കി. പിതാവായ നരോദം സുരമരിതിന് സിംഹാസനം ഒഴിഞ്ഞുകൊടുത്ത് സിഹാനൂക് രാഷ്ട്രീയത്തിലിറങ്ങി. 1955-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിഹാനുകിന്റെ പാർട്ടി സകല സീറ്റുകളും കരസ്ഥമാക്കി. അടുത്ത 15 വർഷക്കാലം സിഹാനുക് കംബോഡിയയുടെ അനിഷേധ്യ നേതാവായി തുടർന്നെങ്കിലും, ആഭ്യന്തരപ്രശ്നങ്ങൾ വീണ്ടും തലപൊക്കി. അമേരിക്കയെ തീരെ വിശ്വാസമില്ലാതിരുന്നതിനാൽ സിഹാനൂക്കിന്റെ ചായ്‌വ് ചൈനയോടും ഉത്തര വിയറ്റ്നാമിനോടും വിയറ്റ്കോംഗുകളോടുമായിരുന്നു. ഈ ചായ്‌വ് കംബോഡിയയിൽ ഇടതുപക്ഷ പ്രസ്ഥാനം ഖമർ റൂഷ് (ചുവപ്പു ഖമർ) പുഷ്ടിപ്പെടുന്നതിന് സഹായകമായി. ഖമർ റൂഷ് എന്ന പേരു നല്കിയതുതന്നെ സിഹാനൂക്കാണ്.[5], [14] സമൂഹത്തിൽ പിളർപ്പുകളുണ്ടായി. സംഗതികളെ വഷളാക്കിയത് സിഹാനൂക്കിന്റെ സിനിമാക്കമ്പം കൂടിയായിരുന്നു. 1970-കളിൽ സിഹാനൂകിനെതിരെ വലതുപക്ഷ ശക്തികൾ സംഘടിക്കാൻ തുടങ്ങി. സൈന്യം മുഖ്യമായും വലതു പക്ഷത്തായിരുന്നു. 1970 മാർച്ച് 18-ന് സൈന്യാധിപൻ ലോൻ നോളും ശിശോവത് സിറിക് മാതക് രാജകുമാരനുും ചേർന്നു രാഷ്ട്രീയ അട്ടിമറി നടത്തി. സിഹാനൂക് സ്ഥാനഭൃഷ്ടനാക്കപ്പെട്ടു, മരണശിക്ഷയും വിധിക്കപ്പെട്ടു. ആ സമയത്ത് ഫ്രാൻസ് സന്ദർശിക്കുകയായിരുന്ന സിഹാനൂക് ബെയിജിംഗിൽ അഭയം തേടി. അവിടെ ഒളിവിൽ കഴിയവെ, ഖമർ റൂഷ് പ്രസ്ഥാനവുമായി സഖ്യത്തിലേർപ്പെട്ടു. കംബോഡിയയിലെ പൊതുജനം എന്നും രാജാവിനോട് അനുഭാവം ഉളളവരായിരുന്നു, അവർ കൂട്ടത്തോടെ ഖമർ റൂഷിലേക്ക് ആകർഷിതരായി. രാജാവിനെ സഹായിക്കാനാണത്രെ അവർ കമ്യുണിസ്റ്റുകാരായത്.[5]

സിഹാനൂക് കംബോഡിയൻ രാഷ്ട്രീയ രംഗത്ത് വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. ഖമർ റൂഷിന്റെ വാഴ്ചക്കാലത്ത് അവരുടെ കൈപ്പാവയായും പിന്നീട് 1993-ൽ പൊതു തിരഞ്ഞെടുപ്പിനു ശേഷം രാജവാഴ്ച പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ രാജാവായും. ആരോഗ്യപ്രശ്നങ്ങൾ കാരണം 2004-ൽ സ്ഥാനത്യാഗം ചെയ്തു. അവസാന വർഷങ്ങൾ ബെയിജിംഗിലാണ് കഴിച്ചു കൂട്ടിയത്. 2012 ഒക്റ്റോബർ 15-ന് നിര്യാതനായി.[5]

ഖമർ റിപ്പബ്ലിക്: ലോൻ നോളിന്റെ വാഴ്ചക്കാലം (1970–1975)

തിരുത്തുക

അമേരിക്കൻ പിന്തുണയോടെയാണ് ലോൻ നോൾ രാഷ്ടീയ അട്ടിമറി നടത്തിയതെന്നു പറയപ്പെടുന്നു. കംബോഡിയയെ ആസ്പദമാക്കി ദക്ഷിണ വിയറ്റ്നാം സർക്കാറിനെതിരെ സംഘടിച്ചു നിന്ന വിയറ്റ്കോംഗുകളേയും ഉത്തരവിയറ്റ്നാം സൈനികരേയും കംബോഡിയയിൽ നിന്നു തുരത്തുകയായിരുന്നത്രെ നിഗൂഢ ലക്ഷ്യം. ഖമർ റൂഷ് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യണമെന്ന് ലോൻ നോളും ആഗ്രഹിച്ചു. ആ ഉദ്ദേശ്യം പൂർത്തീകരിക്കാനാവണം 1970 ഏപ്രിലിൽ അമേരിക്കയുടേയും ദക്ഷിണ വിയറ്റ്നാമിന്റേയും സൈന്യങ്ങൾ കംബോഡിയയിലെ ഉൾപ്രദേശങ്ങളിലേക്ക് തളളിക്കയറിയപ്പോൾ ലോൻ നോൾ തടസ്സം നിന്നില്ല. വിയറ്റ്നാം സൈന്യവും ഖമർ റൂഷ് സൈനികരും ചെറുത്തു നിന്നു. 197075 വരേയുളള അഞ്ചു കൊല്ലങ്ങളിൽ കംബോഡിയയിലെ ജനജീവിതം ആകെ താറുമാറായി. ഗ്രാമപ്രദേശങ്ങളിൽ ബോംബുവർഷവും യുദ്ധങ്ങളും നിത്യസാധാരണമായി. ലക്ഷോപലക്ഷം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു, അനേകം പേർക്ക് അംഗവൈകല്യം സംഭവിച്ചു. ലോൻ നോളിനെതിരെ വർദ്ധിച്ചു വന്ന ജനക്ഷോഭം ഖമർ റൂഷിന് സഹായകമായി ഭവിച്ചു. 1975 മേ ഒന്നിന് നോം പെൻ ഖമർ റൂഷിന്റെ അധീനതയിലായി. അതിന് ഏതാണ്ട് രണ്ടാഴ്ച മുമ്പുതന്നെ ലോൻ നോൾ കംബോഡിയയിൽ നിന്ന് ഒളിച്ചോടി, അമേരിക്കയിൽ അഭയം തേടിയിരുന്നു. 1985 നവംബർ 7ന് കാലിഫോർണിയയിൽ വെച്ച് ഹൃദ്രോഗം മൂലം മരണമടഞ്ഞു.[5]

ഡമോക്രാറ്റിക് കംപൂച്ചിയ: ഖമർ റൂഷ് അധികാരത്തിൽ (1975–79)

തിരുത്തുക
പ്രധാന ലേഖനം: ഖമർ റൂഷ്

ഖമർ റൂഷ് പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പോൾ പോട്ട് പ്രധാനമന്ത്രി പദമേറ്റു. രാഷ്ട്രത്തിന് പുതിയ പേരു കിട്ട് ഡമോക്രാറ്റിക് കംപൂച്ചിയ. കംബോഡിയൻ സമൂഹത്തെ മാവോയിസ്റ്റ് മാതൃകയിൽ കാർഷിക സഹകരണ സമൂഹമാക്കികയായിരുന്നു പോൾ പോട്ടിന്റെ ലക്ഷ്യം. അതിനായി ആബാലവൃദ്ധം ജനങ്ങളെ പട്ടണങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റി. പൂജ്യത്തിൽ നിന്നു തുടങ്ങി ( സീറോ ഇയർ) പുതിയ കൊല്ല വർഷമാരംഭിച്ചു. കറൻസിയും തപാൽ സർവീസും റദ്ദാക്കി. രണ്ടാഴ്ചയിലൊരിക്കൽ ബെയിജിംഗിലേക്കുളള വിമാനസർവീസൊഴികെ മറ്റു വിദേശസമ്പർക്കങ്ങളൊക്കെ മുറിച്ചു മാറ്റി. കംബോഡിയ പുറംലോകത്തിന് അപ്രാപ്യയായി. രാജ്യത്തിനകത്തെ എതിർപ്പുകളെ അടിച്ചമർത്താനായി പോൾ പോട്ട് ശുദ്ധീകരണ പ്രവർത്തനമാരംഭിച്ചു. ഇത് ലോകത്തെയാകമാനം അന്ധാളിപ്പിക്കുന്ന രക്തച്ചൊരിച്ചിലിലും നരഹത്യയിലും കലാശിച്ചത്. ഇതിന് അന്ത്യം കുറിച്ചത് 1979-ലെ വിയറ്റ്നാമീസ് ആക്രമണമാണ്. പോൾ പോട്ടിന്റെ സൈന്യം വിയറ്റ്നാമീസ് വംശജരുടെ നേരേയും ആക്രമണം തുടങ്ങിയതാണ് വിയറ്റ്നാമിനെ അരിശം കൊളളിച്ചത്. [15] ഈ ആക്രമണത്തെത്തുടർന്ന് ഖമർ റൂഷ് പ്രസ്ഥാനം കംബോഡിയൻ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. അവിടെ താവളമടിച്ച് രണ്ടു ദശാബ്ദക്കാലത്തോളം കംബോഡിയയുടെ രാഷ്ട്രീയസാമൂഹ്യ മേഖലകളിൽ ഹിംസാപ്രവർത്തനം നടത്തിക്കൊണ്ടേയിരുന്നു.

പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ: വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ (1979–1989)

തിരുത്തുക
 
കംബോഡിയൻ അതിർത്തിയിലെ ശത്രു താവളങ്ങൾ ; 1979-1984

വിയറ്റ്നാമിന്റെ മേൽനോട്ടത്തിൽ കംബോഡിയക്ക് പുതിയ പേരും ( പീപ്പിൾസ് റിപ്പബ്ളിക് ഓഫ് കംപൂച്ചിയ, PRK) പുതിയൊരു പാർട്ടിയും (കംബോഡിയ പീപ്പിസ് പാർട്ടി, CPP) ഭരണകൂടവും ലഭിച്ചു. വിയറ്റ്നാമിനോടു കൂറുപുലർത്തിയിരുന്ന പഴയ ഖമർറൂഷ് പ്രവർത്തകരായിരുന്ന, ഹുൺ സെന്നും ഹെങ് സമ്രിനും ആയിരുന്നു പാർട്ടിയുടേയും ഭരണത്തിന്റേയും തലപ്പത്ത്[5]. തുടർന്നുണ്ടായ ആഭ്യന്തരകലാപങ്ങൾ കംബോഡിയയുടെ കൃഷിയേയും വിളവെടുപ്പിനേയും കാര്യമായി ബാധിച്ചു. എതിരാളികൾക്ക് ഉപയോഗപ്പെടരുതെന്ന് ദുരുദ്ദേശത്തോടെ ഓരോ ഗ്രൂപ്പും നെൽശേഖരങ്ങളും വിളഞ്ഞുനിന്ന പാടങ്ങളും കത്തിച്ചു ചാമ്പലാക്കി. വിളയിറക്കൽ തടസ്സപ്പെട്ടു. അരിയടക്കമുളള അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങി. ഐക്യരാഷ്ട്രസഭ ഭക്ഷണമെത്തിക്കാൻ മുൻകൈയെടുത്തു. പക്ഷേ വിതരണസമ്പ്രദായത്തിലെ ചോർച്ചകൾ ഒളിപ്പോരുകാരായ ഖമർറൂഷിനും അനുകൂലമായി ഭവിച്ചു.[16]. അവരുടെ ചെറുത്തുനില്പ് കൂടുതൽ ശക്തമായി. ഗറില്ലകളെ പുറത്തു ചാടിക്കാനായി വിയറ്റ്നാം സുദീർഘവും വ്യാപകവുമായ കുഴിബോംബുകെണി വിരിച്ചു. K-5 എന്നറിയപ്പെട്ട ഈ കെണി കംബോഡിയ തായ് അതിർത്തി അടച്ചുകെട്ടാനുളള ഉദ്യമമായിരുന്നു. [5]. വിയറ്റ്നാം അധിനിവേശത്തിനെതിരായി നരോദം സിഹാനൂക്കിന്റെ നേതൃത്വത്തിൽ സ്വതന്ത്ര നിഷ്പക്ഷ ദേശീയ മുന്നണി (Front Uni National pour un Cambodge Indépendant, Neutre, Pacifique, et Coopératif), സംഘടിച്ചു. FUCINPEC എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഈ മുന്നണിയിലെ മുഖ്യ ഘടക കക്ഷി ഖമർ റൂഷിന്റെ കംബോഡിയൻ ഡെമോക്രാറ്റിക് പാർട്ടി (DK) യാണെന്ന വസ്തുത എല്ലാവരും സൗകര്യപൂർവ്വം വിസ്മരിച്ചു. വിയറ്റിനാമിനെതിരെ പൊരുതാനായി അമേരിക്ക FUCINPEC മുന്നണിക്ക് പ്രതിവർഷം 150 ലക്ഷം ഡോളർ നല്കിയിരുന്നത്രെ[5]. ഏറിവരുന്ന അന്താരാഷ്ട്രീയ സമ്മർദ്ദം മൂലം 1989-ൽ വിയറ്റനാം കംബോഡിയയിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി. FUCINPEC ദുർബലമായ CPP സർക്കാറിനുനേരെ നേരെ ആക്രമണം അഴിച്ചു വിട്ടു.

ഐക്യരാഷ്ട്ര സഭയുടെ അനുരഞ്ജനശ്രമങ്ങൾ, പാരീസ് ഉടമ്പടി, UNTAC, (19891993)

തിരുത്തുക

കംബോഡിയയിലെ ആഭ്യന്തരസമരങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ വീണ്ടും മുന്നോട്ടു വന്നു. അമേരിക്ക, ഫ്രാൻസ്, റഷ്യ, ചൈന, ബ്രിട്ടൻ എന്നിവരുടെ അനുരഞ്ജനശ്രമങ്ങളാൽ കംബോഡിയയിലെ സർക്കാരും വിപക്ഷ കൂട്ടുകെട്ടും ഒത്തുതീർപ്പിലെത്തി.[17], [18] പക്ഷെ ഖമർറൂഷ് അവസാന നിമിഷത്തിൽ, FUCINPEC – ൽ നിന്ന് തെറ്റിപ്പിരിഞ്ഞു. UNTAC (United Nations Transitional Authority in Cambodia) ഭരണനിർവഹണത്തിന്റെ മേൽനോട്ടം വഹിച്ചു, കംബോഡിയയിൽ സമാധാനപൂർണമായ തെരഞ്ഞെടുപ്പിനുളള അന്തരീക്ഷം സൃഷ്ടിക്കാനുളള ചുമതലയും ഏറ്റെടുത്തു.

കിംഗ്ഡം ഓഫ് കംബോഡിയ (19931998)

തിരുത്തുക

രാജവാഴ്ച, രാഷ്ട്രീയ അട്ടിമറികൾ, പോൾ പോട്ടിന്റെ നിര്യാണം

തിരുത്തുക

ഖമർ റൂഷ് വിട്ടു നിന്നെങ്കിലും 1993 മേയ് 25-ന് കംബോഡിയയിൽ തെരഞ്ഞെടുപ്പു നടന്നു. 90% ജനങ്ങൾ വോട്ടു രേഖപ്പെടുത്തി. പക്ഷെ നിർണ്ണായക ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിച്ചില്ല. നരോദം സിഹാനൂക് വീണ്ടും രാജപദവിയേറ്റു. FUCINPEC ഉം CPP യും ഒത്തു ചേർന്ന് രണ്ടു പ്രധാനമന്ത്രിമാരുളള കൂട്ടുമന്ത്രിസഭ നിലവിൽ വന്നു. FUCINPEC – ൻറെ നേതാവ് നരോദം രണരിദ്ധ് ഒന്നാമനും, CPP-യുടെ നേതാവ് ഹുൺ സെൻ രണ്ടാമനും. കൂട്ടു മന്ത്രിസഭയിൽ താമസിയാതെ വിളളലുകൾ വീണു. 1997 ജൂലൈയിൽ, ഹുൺ സെൻ നൊരോദം രണരിദ്ധിനെ സ്ഥാനഭൃഷ്ടനാക്കി, ഖമർ റൂഷുമായി രഹസ്യസഖ്യത്തിലേർപ്പെട്ടു എന്നതായിരുന്നു ആരോപണം[19]. ലോകസമൂഹത്തിൽ കംബോഡിയ വീണ്ടും ഒറ്റപ്പെട്ടു. ഐക്യരാഷ്ട്രസഭ കംബോഡിയയുടെ അംഗത്വം മരവിപ്പിച്ചു. എല്ലാ വിധ സാമ്പത്തിക സഹായങ്ങളും നിർത്തലാക്കി[5]. ഹുൺ സെന്നിന്റെ ഭരണകൂടം ഖമർ റൂഷ് താവളങ്ങളെ ഒന്നടങ്കം നശിപ്പിക്കാനുളള ഉദ്യമത്തിലേർപ്പെട്ടു. ഖമർ റൂഷ് പ്രസ്ഥാനവും കോളിളക്കങ്ങളിലൂടെ കടന്നു പോകുന്ന കാലഘട്ടമായിരുന്നു. 1998 ഏപ്രിൽ 15-ന് പോൾ പോട്ട് നിര്യാതനായി.

1998-ലെ തെരഞ്ഞെടുപ്പ്

തിരുത്തുക

ഹുൺ സെന്നിന്റെ സി.പി.പിക്ക് എതിരായി ഒരു മുന്നണി രൂപം കൊണ്ടു, ദേശീയ ഐക്യമുന്നണി, NUF (National United Front) രണരിദ്ധിന്റെ FUCINPEC ഉം സാം റെയ്ൻസിയുടെ സാം റെയിൻസി പാർട്ടിയുമായിരുന്ന മുന്നണിയിലെ മുഖ്യ ഘടകകക്ഷികൾ. ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.പിക്ക് 64 സീറ്റുകൾ കിട്ടിയെങ്കിലും തനിച്ച് സർക്കാർ രൂപികരിക്കാനുളള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അനുനയ ചർച്ചകൾ നവമ്പർ വരെ നീണ്ടു. വീണ്ടും കൂട്ടു മന്ത്രിസഭ നിലവിൽ വന്നു. ഡിസമ്പറിൽ ഖമർറൂഷിലെ മുതിർന്ന നേതാക്കന്മാർ ഖിയു സംഫൻ, നുവോൺ ചീയുമടക്കം ഭൂരിഭാഗം അംഗങ്ങളും, സർക്കാറിനു കീഴടങ്ങിയതോടെ ഖമർ റൂഷ് നാമാവശേഷമായി.

കംബോഡിയ: ഇരുപത്തൊന്നാം നൂറ്റാണ്ടിൽ

തിരുത്തുക

2003, 2008, എന്നീ വർഷങ്ങളിൽ നടന്ന പൊതു തിരഞ്ഞെടുപ്പുകളി സി.പി.പി സ്വന്തം നിലക്ക് സർക്കാർ രൂപികരിക്കാനുളള ഭൂരിപക്ഷം നേടി. ഓരോ തവണയും ഹുൺ സെൻ തന്നെ പ്രധാമന്ത്രി പദമേറ്റു. 2004-ൽ ആരോഗ്യപരമായ കാരണങ്ങളാൽ നരോദം സിഹാനൂക് സ്ഥാനത്യഗം ചെയ്തു. നൊരോദം സിഹാമൊണി രാജപദവിയേറ്റു.

2013-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹുൺസെന്നിന്റെ പാട്ടിക്ക് കാര്യമായ ക്ഷീണം സംഭവിച്ചുവെങ്കിലും സർക്കാർ രൂപകരിക്കാനുളള ഭൂരിപക്ഷം കിട്ടി[20]അങ്ങനെ 1985-മുതൽ ഹുൺ സെൻ പ്രധാനമന്ത്രിയായി തുടരുന്നു.

ലോകപൈതൃകസ്മാരകം

തിരുത്തുക

ലോകപൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം കംബോഡിയയിലാണ് സ്ഥിതി ചെയ്യുന്നത്.

  1. Cambodian National Institute of Statistics, accessed 6 June 2012.
  2. 2.0 2.1 2.2 2.3 "Cambodia". International Monetary Fund. Retrieved 18 April 2012.
  3. "Distribution of family income – Gini index". The World Factbook. CIA. Archived from the original on 2014-06-25. Retrieved 1 September 2009.
  4. "International Human Development Indicators – UNDP". Hdrstats.undp.org. Retrieved 16 March 2013.
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 Nick Ray (2002). Cambodia. Australia: Lonely Planet. ISBN 9781743213070.
  6. 6.0 6.1 6.2 David Chandler (2007). A History of Cambodia (4 ed.). Westview Press. ISBN 978-1578566969.
  7. Chandler, David P. (1992) History of Cambodia. Boulder, CO: Westview Press, ISBN 0813335116
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 Kambuja Desa An Ancient Hindu Colony in Cambodia by R.C. Majumdar
  9. David A. Smyth, Judith Margaret Jacob (1993). Cambodian Linguistics, Literature and History: Collected Articles. Routledge (UK). ISBN 978-0-7286-0218-2.
  10. വാറ്റ് ഫൂ
  11. Shrestapura
  12. "കംബോഡിയ" (PDF). Archived from the original (PDF) on 2010-06-10. Retrieved 2014-06-16.
  13. സിഹാനൂക്
  14. ഖമർ റൂഷ്
  15. ഖമർറൂഷിന്റെ പതനം
  16. "ഖമർറൂഷ് 1978-നു ശേഷം" (PDF). Archived from the original (PDF) on 2016-02-16. Retrieved 2014-06-16.
  17. പാരിസ് ഉടമ്പടി
  18. സമാധാന കരാറുകൾ
  19. 1997 ജൂലൈ സംഭവങ്ങൾ
  20. Cambodian Elections 2013, New York Tinesaccessed 18 June 2014


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"https://ml.wikipedia.org/w/index.php?title=കംബോഡിയ&oldid=4106129" എന്ന താളിൽനിന്ന് ശേഖരിച്ചത്