ദിനവൃത്താന്തപുസ്തകങ്ങൾ (ബൈബിൾ)

(Books of Chronicles എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായബൈബിളിന്റേയും ക്രിസ്ത്യനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ രണ്ടു ഗ്രന്ഥങ്ങളാണ് ദിനവൃത്താന്തപുസ്തകങ്ങൾ. എബ്രായ ബൈബിളിന്റെ മസോറട്ടിക് പാഠത്തിൽ, 'കെതുവിം' എന്ന അവസാനഖണ്ഡത്തിന്റെ തുടക്കത്തിലോ ഒടുവിലോ ആണ് അതിന്റെ സ്ഥാനം. ഒടുവിലായി ചേർക്കുമ്പോൾ, യഹൂദബൈബിളിലെ തന്നെ ഏറ്റവും അവസാനത്തെ പുസ്തകമാകുന്നു അത്. ശമുവേലിന്റെ പുസ്തകങ്ങളിലും രാജാക്കന്മാരുടെ പുസ്തകങ്ങളിലും കാണുന്ന ദാവീദിയ ക്ഥനങ്ങൾക്ക്(Davidic narratives) സമാന്തരമാണ് ഈ പുസ്തകങ്ങളിലെ ആഖ്യാനം.[1] ക്രിസ്ത്യാനികളുടെ പഴയനിയമത്തിൽ ഒന്നാം ദിനവൃത്താന്തം, രണ്ടാം ദിനവൃത്താന്തം എന്നീ പേരുകളിൽ, ശമുവേലിന്റേയും, രാജാക്കന്മാരുടേയും രണ്ടു വീതമുള്ള പുസ്തകങ്ങൾക്കു തൊട്ടുപിന്നാലെ ഇവയെ കാണാം. ചെറിയ വ്യത്യാസങ്ങളും കൂട്ടിച്ചേർക്കലുമായി ശമുവേലിന്റേയും രാജാക്കന്മാരുടേയും പുസ്തകങ്ങളുടെ സംഗ്രഹത്തിന്റെ സ്വഭാവമാണ് ദിനവൃത്താന്തങ്ങൾക്കുള്ളത്. ദിനവൃത്താന്തപുസ്തകങ്ങളുടെ മൂലം ഏകരചന ആയിരുന്നു. അതിന്റെ രണ്ടായുള്ള വിഭജനം ആദ്യം കാണുന്നത് യഹൂദലിഖിതങ്ങളുടെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിലാണ്. ഈ വിഭജനം പിന്നീട് ക്രി.വ. നാലാം നൂറ്റാണ്ടിൽ ബൈബിളിനുണ്ടായ ലത്തീൻ പരിഭാഷയായ വുൾഗാത്തയും പിന്തുടർന്നു. പതിനാറാം നൂറ്റാണ്ടിൽ യഹൂദബൈബിളിലും അത് കടന്നു കൂടി.


ദിനവൃത്താന്തം എന്ന പേര് രാജാക്കന്മാരുടെ നാളാഗമങ്ങളെ(chronicles) അനുസ്മരിപ്പിക്കുന്നതിനാൽ, ഇതിന്റെ ഉള്ളടക്കം ചരിത്രമാണ് എന്ന സൂചന തരുന്നു. എന്നാൽ, ചരിത്രമെന്ന വിശേഷണവുമായി ചേർന്നുപോകാത്ത പലതും ഈ രചനയുടെ ഭാഗമാണ്. ഗ്രീക്കു പരിഭാഷയിൽ ഇതിനു Paralipomenon എന്ന പേരാണുള്ളത്. "വിട്ടുപോയ കാര്യങ്ങൾ" എന്ന അർത്ഥമാണ് ആ പേരിന്. മറ്റു പുസ്തകങ്ങളിൽ ഇല്ലാത്ത വിവരങ്ങൾ എന്ന സൂചന ഈ പേരിനുള്ളതെന്നതിനാൽ അതും ഈ പുസ്തകങ്ങളുടെ ഉള്ളടക്കത്തെ ശരിയായി പ്രതിഭലിപ്പിക്കുന്നില്ല. മറ്റു ഗ്രന്ഥങ്ങളിലെ, പ്രത്യേകിച്ച് ശമുവേലിന്റേയും, രാജാക്കന്മാരുടേയും പുസ്തകങ്ങളിലെ ഭാഗങ്ങൾ ഇവയിൽ പലപ്പോഴും ആവർത്തിച്ചുകാണാം. അതേസമയം, തനതായ വ്യക്തിത്വവും ആഖ്യാനശൈലിയുമുള്ള ഗ്രന്ഥങ്ങളാണിവ.[2]

ദിനവൃത്താന്തപുസ്തകങ്ങളുടെ ഘടന ഏകദേശം ഈ വിധമാണ്:-

  • 1 ദിനവൃത്താന്തം 1.1-9.34 ആദം മുതൽ ബാബിലോണിലെ പ്രവാസത്തിൽ നിന്നു മടക്കം വരെയുള്ള വംശാവലി
  • 1 ദിനവൃത്താന്തം 9.35-29.30 ദാവീദിന്റെ രാജവാഴ്ച
  • 2 ദിനവൃത്താന്തം 1-9 സോളമന്റെ രാജവാഴ്ച
  • 2 ദിനവൃത്താന്തം 10-36 ബാബിലോണിനു കീഴടങ്ങുന്നതു വരെയുള്ള യൂദയാ രാജ്യത്തിന്റെ കഥ; പേർഷ്യയിലെ സൈറസ് രാജാവിന്റെ കീഴിലുള്ള പുനരധിവാസത്തിന്റെ തുടക്കം.
  1. Harris, Stephen L., Understanding the Bible: 2nd Edition. Mayfield: Palo Alto. 1985. p. 188.
  2. ദിനവൃത്താന്തപുസ്തകങ്ങൾ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 113-116