തോബിത്തിന്റെ പുസ്തകം

(Book of Tobit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ കത്തോലിക്കാ, പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ പിന്തുടരുന്ന ബൈബിൾ സംഹിതകളിൽ ഉൾപ്പെട്ട ഒരു ഗ്രന്ഥമാണ് തോബിത്തിന്റെ പുസ്തകം. എബ്രായ ഭാഷയിൽ അതിന് തോബിയാസിന്റെ പുസ്തകം എന്നാണു പേര്. ക്രി.വ. 397-ലെ കാർത്തേജു സൂനഹദോസും, പ്രൊട്ടസ്റ്റന്റ് കലാപത്തെ തുടർന്നു നടന്ന കത്തോലിക്കാസഭയുടെ 1546-ലെ ത്രെന്തോസ് സൂനഹദോസും അതിനെ ബൈബിൾ സംഹിതയുടെ ഭാഗമായി അംഗീകരിച്ചു. ആംഗ്ലിക്കൻ സഭയുടെ 39 വിശ്വാസവകുപ്പുകളിൽ ആറാം വകുപ്പ് ഈ രചനയെ ബൈബിളിലെ സന്ദിഗ്ധരചനകളിൽ ഒന്നായി വേർതിരിച്ചിരിക്കുന്നു.[1] പ്രൊട്ടസ്റ്റന്റ് സഭകളും ഈ കൃതിയെ അപ്പോക്രിഫൽ രചനയായി കണക്കാക്കുന്നു. യഹൂദമതത്തിന്റെ കാനോനികസംഹിതയായ തനക്കിൽ ഇത് ഒരിക്കലും ഇടം കണ്ടില്ല.[2] എങ്കിലും എബ്രായബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ ഇതുൾപ്പെടുന്നു.

ഈ പുസ്തകത്തിന്റെ അരമായ, എബ്രായ ഭാഷകളിലുള്ള ശകലങ്ങൾ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിൽ ഉൾപ്പെട്ടിരുന്നു. അതോടെ ഇതിന്റെ മൂലഭാഷ ഗ്രീക്കോ, സെമറ്റിക് ഭാഷകളിൽ ഏതെങ്കിലുമോ എന്ന തർക്കത്തിന് മിക്കവാറും അവസാനമായി. ലഭ്യമായ ശകലങ്ങളുടെ ജീർണ്ണാവസ്ഥ മൂലം തീരുമാനം എളുപ്പമല്ലെങ്കിലും, ഇതിന്റെ മൂലഭാഷ അരമായ ആയിരിക്കാനാണിട. ഗ്രീക്ക് ഭാഷ്യത്തിനു പിന്നിൽ ഒരു എബ്രായ പരിഭാഷയും ആകാം. കുമ്രാനിലെ നാലാം ഗുഹയിൽ നിന്ന് 1952-ൽ ആണ് തോബിത്തിന്റെ നാലു അരമായ ശകലങ്ങളും ഒരു എബ്രായ ശകലവും കണ്ടുകിട്ടിയത്.[3] അവ പൊതുവേ, മുന്നേ ലഭ്യമായിരുന്ന പുരാതന ഗ്രീക്കു പാഠങ്ങളുമായി ഒത്തുപോകുന്നവയാണ്.

ക്രി.മു. 225-നും 175-നും ഇടയ്ക്ക് ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു.[3] തോബിത്തിന്റെയും തോബിയാസിന്റേയും ജീവിതകഥ തന്നെയായ ഈ രചന ബാബിലോണിലെ പ്രവാസത്തിന്റെ തുടക്കമായ ക്രി.മു. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ എഴുതപ്പെട്ടതാകാമെന്നും ആത്മകഥാരൂപത്തിലുള്ള ആദ്യത്തെ രണ്ടര അദ്ധ്യായങ്ങളുടെ മൂലം തോബിത്തും അവശേഷിച്ചതിൽ അവസാനാദ്ധ്യായമൊഴിച്ചുള്ളവ തോബിയാസും എഴുതിയതാകാമെന്നും ഉള്ള വാദം കത്തോലിക്കാ വിജ്ഞാനകോശം അവതരിപ്പിക്കുന്നുണ്ട്.[4]

 
തോബിയാസും ദൈവദൂതനും, 17-ആം നൂറ്റാണ്ടിലെ ചിത്രം

തുടക്കം

തിരുത്തുക

ഉത്തര ഇസ്രായേൽ രാഷ്ട്രം ക്രി.മു.721-ൽ സാർഗൺ രണ്ടാമന്റെ നേതൃത്വത്തിലുള്ള അസീറിയൻ സാമ്രാജ്യത്തിനു കീഴ്പെട്ടതിനെ തുടർന്ന് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനവേയിലേയ്ക്കു കൊണ്ടുവരപ്പെട്ട ഇസ്രായേൽക്കാരിൽ ഒരുവനായിരുന്ന നഫ്താലി ഗോത്രജനും നീതിമാനുമായ ഒരു തോബിത്തിന്റേയും അയാളുടെ മകൻ തോബിയാസിന്റേയും കഥയാണ് ഈ കൃതിയിലുള്ളത്. ആദ്യത്തെ രണ്ടര അദ്ധ്യായങ്ങൾ തോബിത്ത് നേരിട്ടു കഥ പറയുന്ന രൂപത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അസീറിയൻ സേനാധിപനായ സെന്നാക്കെരിബിന്റെ ആക്രമണത്തിൽ മരിച്ചുവീണ ഇസ്രായേൽക്കാർക്ക് വിധിപ്രകാരമുള്ള സംസ്കാരക്രിയകൾ നൽകുന്നതിൽ കാണിച്ച ശുഷ്കാന്തിയുടെ പേരിലാണ് തോബിത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത്. അതിൽ കുപിതനായ രാജാവിനെ ഭയന്ന് അയാൾക്കു നിനവേ വിട്ടുപോകേണ്ടി വന്നു. അയാളുടെ വസ്തുവകകളെല്ലാം പിടിച്ചെടുക്കപ്പെട്ടു. സെന്നാക്കെരിബിന്റെ മരണശേഷം നിനവേയിൽ തിരികെ വരാൻ അനുവാദം കിട്ടിയ തോബിത്ത്, മടങ്ങിവന്ന രാത്രിയിൽ തെരുവീഥിയിൽ കൊല്ലപ്പെട്ട ഒരാളെ സംസ്കരിച്ചു. തിരികെ വന്ന് തുറന്ന സ്ഥലത്ത് ഒരു മതിലിനോടു ചേർന്ന് കിടന്നുറങ്ങിയ തോബിത്തിന്റെ കണ്ണിൽ മീവൽ പക്ഷിയുടെ ചുടുകാഷ്ഠം പതിച്ചതോടെ അയാൾക്ക് കാഴ്ച നഷ്ടപ്പെട്ടു. അങ്ങനെ ജോലിയൊന്നും ചെയ്യാൻ കഴിയാതെ ദാരിദ്ര്യത്തിലായ അയാളുടെ കുടുംബജീവിതം ദുസ്സഹമാവുകയും അയാൾ മരണത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

മേദ്യാനിലേക്കുള്ള യാത്ര

തിരുത്തുക
 
പുറപ്പെടുന്നതിനു മുൻപ് തോബിയാസ് പിതാവിനോടു യാത്ര ചോദിക്കുന്നു

അതേസമയം, അകലെ മേദ്യാനിലെ എക്ബത്താനയിൽ, തോബിത്തിന്റെ ബന്ധുവായ റഗുവേലിന്റെ പുത്രി സാറാ എന്ന ഒരു യുവതിയും നിരാശയിൽ മരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. തുടർച്ചയായി ഏഴു വട്ടം വിവാഹിതയായ അവളുടെ ഓരോ ഭർത്താവും വിവാഹരാത്രിയിൽ ഒന്നിപ്പിനു മുൻപ് മരിച്ചിരുന്നു. അവരെ കൊന്നത് ഒരു അസ്മോദിയസ് (ആസക്തി) എന്ന ദുർഭൂതം ആയിരുന്നു. തോബിത്തിന് സൗഖ്യം നൽകാനും സാറായെ ഭൂതദോഷത്തിൽ നിന്നു മോചിപ്പിക്കാനുമായി യഹോവ തന്റെ ദൂതനായ റഫായേലിനെ മനുഷ്യരൂപത്തിൽ ഭൂമിയിലേക്കയക്കുന്നു.

ഗ്രന്ഥത്തിലെ തുടർന്നുള്ള ആഖ്യാനത്തിന്റെ മുഖ്യ കേന്ദ്രമായിരിക്കുന്നത് തോബിത്തിന്റെ മകൻ തോബിയാസ് ആണ്. വിദൂരസ്തമായ മേദ്യാനിലെ രാഗെസിൽ, ഗബായേലെന്നയാളെ പണ്ട് സൂക്ഷിക്കാനേല്പിച്ചിരുന്ന പത്തു താലന്ത് വെള്ളി തിരികെ വാങ്ങാനായി തോബിത്ത് തോബിയാസിനെ അവിടേക്കയക്കുന്നു. കൂടെപ്പോകാൻ ഒരു സഹായിയെ അന്വേഷിച്ചു പോയ തോബിയാസ് റഫായേലിനെ കണ്ടെത്തുന്നു. ബന്ധുവായ അസറിയായെന്നു സ്വയം പരിചയപ്പെടുത്തി തോബിത്തിന്റെ അടുത്തെത്തിയ റഫായേൽ, യാത്രയിൽ തോബിയാസിനു സാഹായസംരക്ഷണങ്ങൾ നൽകിക്കൊള്ളാമെന്ന ഉറപ്പിൽ അയാൾക്കൊപ്പം പോകുന്നു. റഫായേലിന്റെ സഹായത്തോടെ തോബിയാസ് മേദ്യാനിലേക്കു യാത്ര ചെയ്യുന്നു. അവർക്കൊപ്പം തോബിയാസിന്റെ നായും ഉണ്ടായിരുന്നു.

വഴിക്ക് നദിയിൽ കുളിക്കാനിറങ്ങിയ തോബിയാസിനെ ഒരു മത്സ്യം ആക്രമിക്കുന്നു. റഫായേലിന്റെ നിർദ്ദേശമനുസരിച്ച് തോബിയാസ് മത്സ്യത്തെ പിടിച്ച് കരയിലെറിഞ്ഞു. മത്സ്യത്തെ കൊന്നു തിന്ന അവർ, റഫായേലിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ ഹൃദയവും, കരളും പിത്താശയവും ഔഷധമായുപയോഗിക്കാൻ സൂക്ഷിച്ചുവയ്ക്കുന്നു.

മേദ്യാനിൽ എത്തിയപ്പോൾ റഫായേൽ തോബിയാസിനോട് സുന്ദരിയായ സാറായെപ്പറ്റി പറയുന്നു. തോബിയാസിന്റെ അടുത്ത ബന്ധു കൂടിയായ അവളെ വിവാഹം കഴിക്കാൻ അവകാശപ്പെട്ടവനാണ് അയാളെന്നു കൂടി റഫായേൽ അയാളെ അറിയിക്കുന്നു. വിവാഹരാത്രിയിൽ ദുർഭൂതത്തെ ഓടിക്കാനായി, നേരത്തെ സൂക്ഷിച്ചു വച്ചിട്ടുള്ള മത്സ്യത്തിന്റെ ഹൃദയവും കരളും ഹോമിച്ചാൽ മതിയെന്ന നിർദ്ദേശവും ദൈവദൂതൽ തോബിയാസിനു നൽകുന്നു.

സാറായും തോബിയാസും വിവാഹിതരാവുകയും വിവാഹരാത്രിയിൽ മത്സ്യഭാഗങ്ങളുടെ ധൂപം ഭൂതത്തെ ഉത്തര ഈജിപ്തിലേക്കു ഓടിച്ചുവിടുകയും ചെയ്യുന്നു. ഭൂതത്തെ പിന്തുടർന്നു ചെന്ന റഫായേൽ അതിനെ ബന്ധിക്കുന്നു. അതിനിടെ, പ്രഭാതത്തിൽ മകളുടെ എട്ടാം ഭർത്താവും മരിച്ചിരിക്കുമെന്നു കരുതിയ സാറായുടെ പിതാവ് രഹസ്യമായി അയാൾക്ക് ശവക്കുഴിയൊരുക്കുന്നു. സൂര്യോദയത്തിൽ മരുമകനെ ജീവനോടെ കണ്ടു സന്തോഷിച്ച അയാൾ, വലിയൊരു വിവാഹവിരുന്നൊരുക്കുകയും ശവക്കുഴി രഹസ്യമായി മൂടിക്കുകയും ചെയ്യുന്നു. വിരുന്നു മൂലം ഒഴിവില്ലാതിരുന്ന തോബിയാസ്, പിതാവിന്റെ കടക്കാരനിൽ നിന്നു പണം വാങ്ങാൺ റഫായേലിനെ അയക്കുന്നു.

കഥാന്ത്യം

തിരുത്തുക
 
തോബിത്തിനു കാഴ്ച തിരികെ കിട്ടുന്നു

ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ, തോബിയാസും സാറായും നിനവേയിലേക്കു മടങ്ങുന്നു. തോബിത്തിന്റെ അന്ധത മാറ്റാൻ മത്സ്യത്തിന്റെ പിത്തഗ്രന്ഥി ഉപയോഗിക്കാൻ റഫായേൽ തോബിയാസിനോടു പറയുന്നു. തോബിത്തിനു കാഴ്ച തിരികെ കിട്ടിക്കഴിഞ്ഞപ്പോൾ റഫായേൽ താൻ ആരാണെന്നു വെളിപ്പെടുത്തിയ ശേഷം സ്വർഗ്ഗത്തിലേക്കു മടങ്ങുന്നു. താൻ മരിച്ചു കഴിയുമ്പോൾ, ദൈവകോപത്താൽ വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന നിനവേ നഗരം വിട്ടു മേദ്യാനിലെ എക്ബത്താനയിലേക്കു പോകാൻ തോബിത്ത് മകനെ ഉപദേശിക്കുന്നു. ദീർഘായുസോളം ജീവിച്ച തോബിത്ത് പ്രാർത്ഥനകളോടെ മരിക്കുന്നു.[൧] പിതാവിനെ സംസ്കരിച്ച ശേഷം തോബിയാസ് സകുടുംബം മേദ്യാനിലേക്കു പോകുന്നു. അവിടെ അയാൾ പക്വ വാർദ്ധക്യത്തോളം വരെ ജീവിച്ചിരിക്കുന്നു.

വിലയിരുത്തൽ

തിരുത്തുക

ചരിത്രപ്രാധാന്യമുള്ള നിനവേ, എക്ബത്താന, രാഗെസ് തുടങ്ങിയ നഗരങ്ങളും ഷൽമനേസർ, സെന്നാക്കെരിബ് തുടങ്ങിയ ചരിത്രപുരുഷന്മാരും മറ്റും ഈ കഥയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെ ചരിത്രാഖ്യാനമായി കരുതുക വയ്യ. ഒരു ഹ്രസ്വകഥയെന്നോ (നോവെല്ല), പ്രവാസിക്കഥ (Diaspora Romance) എന്നോ ഉള്ള വിശേഷണമാണ് ഇതിനു ചേരുക. ഒന്നിലേറെ നാടോടിക്കഥകളെ യഹൂദപശ്ചാത്തലത്തിൽ കൂട്ടിയിണക്കി ഉണ്ടാക്കിയ രചനയാണിതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഥകളുടെ ആദിരൂപം ചിലയിടങ്ങളിൽ, അവയ്ക്കു നൽകപ്പെട്ട യഹൂദപശ്ചാത്തലത്തെ അതിലംഘിച്ചു പ്രകടമാകുന്നതു കാണാം. നായ് യഹൂദർക്ക് അശുദ്ധമൃഗമാണെന്നിരിക്കെയും, കഥയുടെ രണ്ടു സന്ദർഭങ്ങളിൽ[5], തോബിയാസിന്റെ വളർത്തു നായ് പരാമർശിക്കപ്പെടുന്നത് ഇതിനുദാഹരണമാണ്.[3]

കുറിപ്പുകൾ

തിരുത്തുക

^ മരിക്കുമ്പോൾ തോബിത്തിന്റെ പ്രായം വ്യത്യസ്തപാഠങ്ങളിൽ വ്യത്യസ്തമാണ്. ഗ്രീക്കു പാഠങ്ങളിലൊന്നിൽ അദ്ദേഹത്തിനു 127 വയസ്സും മറ്റൊന്നിൽ 117 വയസ്സും ലത്തീൻ പാഠങ്ങളിലൊന്നിൽ 102 വയസ്സും മറ്റൊന്നിൽ 112 വയസ്സുമാണ്.

  1. Anglicans online, Articles of Religion
  2. "A late Jewish work, never received into the Jewish canon...." തോബിത്തിന്റെ പുസ്തകത്തെക്കുറിച്ചു, യഹൂദവിജ്ഞാനകോശത്തിലുള്ള ലേഖനം
  3. 3.0 3.1 3.2 Tobit, The Book of, Oxford Companion to the Bible(പുറങ്ങൾ 745-47)
  4. തോബിയാസിന്റെ പുസ്തകം, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
  5. തോബിത്തിന്റെ പുസ്തകം 5:16, 11:4
"https://ml.wikipedia.org/w/index.php?title=തോബിത്തിന്റെ_പുസ്തകം&oldid=3101396" എന്ന താളിൽനിന്ന് ശേഖരിച്ചത്