ലേവ്യർ

(Book of Leviticus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും മൂന്നാമത്തെ പുസ്തകമാണ് ലേവ്യർ അല്ലെങ്കിൽ ലേവ്യപുസ്തകം (ഇംഗ്ലീഷ്: Book of Leviticus). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചു പുസ്തകങ്ങളിൽ മൂന്നാമത്തേതും ഇതാണ്. ആരാധനാവിധികളും പൗരോഹിത്യമുറകളുമാണ് ഇതിന്റെ ഉള്ളടക്കം. എങ്കിലും വിപുലമായ അർത്ഥത്തിൽ, ദൈവവും ഇസ്രായേലുമായി ഉള്ളതായി ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളിൽ പറയുന്ന ഉടമ്പടിബന്ധത്തിന്റെ പ്രയോഗവശമാണ് ഈ കൃതി വിവരിക്കുന്നത്. പഞ്ചഗ്രന്ഥിയുടെ സമഗ്രമായ ദർശനത്തിൽ, യഹോവയുമായി വിശേഷബന്ധത്തിൽ ഏർപ്പെടുന്നതു വഴി ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങളുടെ നിർവഹണത്തിനുള്ള മാർഗ്ഗരേഖകളായായി ഇതിലെ നിയമങ്ങളെ കാണാം. ഈ ഉത്തരവാദിത്തങ്ങളെ സാമൂഹ്യബന്ധങ്ങളുടേയും പെരുമാറ്റമര്യാദകളുടേയും രൂപത്തിലാണ് പുസ്തകം അവതരിപ്പിക്കുന്നത്.

ആദ്യത്തെ 16 അദ്ധ്യായങ്ങളും അവസാനത്തെ അദ്ധ്യായവും വിശുദ്ധീകരണച്ചടങ്ങുകളുടേയും, പരിഹാരക്കാഴ്ചകളുടേയും, പ്രായശ്ചിത്തദിനങ്ങളുടേയും നിയമങ്ങൾ ചേർന്ന പുരോഹിതനിഷ്ഠയാണ്. ഇതിന്റെ ഭാഗമായി 12-ആം ആദ്ധ്യായത്തിലാണ്, പുരുഷന്മാർക്ക് അഗ്രചർമ്മഛേദനം നിഷ്കർഷിച്ചിരിക്കുന്നത്. 17 മുതൽ 26 വരെ അദ്ധ്യായങ്ങളിലുള്ള വിശുദ്ധിനിയമങ്ങളിൽ "നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കുക" എന്ന "ഏറ്റവും വലിയ കല്പന"-യും ഉൾപ്പെടുന്നു. "മ്ലേച്ഛതകൾ"(abominations) എന്നു വിശേഷിക്കപ്പെട്ട ചില പെരുമാറ്റങ്ങൾക്കുള്ള വിലക്കുകളാണ് ഗ്രന്ഥത്തിന്റെ വലിയൊരു ഭാഗം. ഇവയിൽ മിക്കവയും പാന-ഭോജനങ്ങളും ലൈംഗികതയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഈ നിയമങ്ങൾ പൊതുവേ ഇസ്രായേൽക്കാരെ മാത്രം ലക്ഷ്യമാക്കുന്നവയാണെങ്കിലും ചിലതിന്റെയൊക്കെ പരിധിയിൽ "ഇസ്രായേലിൽ യാത്രചെയ്യുന്ന പരദേശികളേയും" ഉൾപ്പെടുത്തിയിട്ടുണ്ട്.

യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങൾ അനുസരിച്ച്, പഞ്ചഗ്രന്ഥിയിലെ ഇതര ഗ്രന്ഥങ്ങൾ എന്ന പോലെ ലേവ്യരുടെ പുസ്തകവും മോശ യഹോവയിൽ നിന്നു കേട്ടെഴുതിയതാണ്.[1] ലേവരുടെ പുസ്തകത്തിന്റെ കർതൃത്ത്വത്തെ സംബന്ധിച്ച് ആധുനിക പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്.[2]

  1. Babylonian Talmud, Tractate Megillah, p. 31B; see also Rashi on Deuteronomy, Ch. 28:23; see also the commentary of Ohr HaChaim at the beginning of Deuteronomy, where he states, "the first four books God dictated to Moses, letter by letter, and the fifth book, Moses said on his own." See also Rabbi Menachem M. Schneerson, Likkutei Sichot, Vol. 19, p. 9, f. 6, and see additional references there. See Catholic Encyclopedia. Vol. 11. New York: Robert Appleton Company, 1911.
  2. "Introduction to the Old Testament", chapter on Exodus, by T. Longman and R. Dillard, Zondervan Books (2006)
"https://ml.wikipedia.org/w/index.php?title=ലേവ്യർ&oldid=2285711" എന്ന താളിൽനിന്ന് ശേഖരിച്ചത്