പുറപ്പാട്

(Book of Exodus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലേയും രണ്ടാമത്തെ ഗ്രന്ഥമാണ് പുറപ്പാട്. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമഗ്രന്ഥമായ തോറയിലെ അഞ്ചുഗ്രന്ഥങ്ങളിൽ രണ്ടാമത്തേതും ഇതാണ്. ഈജിപ്തിലെ അടിമത്തത്തിൽ നിന്നുള്ള എബ്രായജനതയുടെ മോചനത്തിന്റേയും മരുഭൂമിയിലൂടെ ദൈവത്തിന്റെ പർവതമായ സീനായ് മലവരെ മോശെ അവരെ നയിക്കുന്നതിന്റെയും കഥയാണ് ഇതു പറയുന്നത്. സീനായ് പർവതത്തിൽ ദൈവമായ യഹോവ എബ്രായജനതയ്ക്ക് അവരുടെ നിയമസംഹിത നൽകുകയും അവരുമായി ഒരുടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. യഹോവയോടു ജനത വിശ്വസ്തരായിരുന്നാൽ കാനാൻ ദേശം അവർക്ക് അവകാശമായി കൊടുക്കുമെന്നായിരുന്നു ഉടമ്പടി. മരുഭൂമിയിൽ ജനതയുടെ സഞ്ചരിക്കുന്ന ആരാധനാലയമായിരുന്ന ദൈവകൂടാരത്തിന്റെ (Tabernacle) നിർമ്മിതിയിലാണ് പുറപ്പാട് പുസ്തകം സമാപിക്കുന്നത്.


പുറപ്പാട് ഉൾപ്പെടെയുള്ള പഞ്ചഗ്രന്ഥിയിലെ അഞ്ചു പുസ്തകങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് പാരമ്പര്യം. ഈ കൃതി എങ്ങനെ അതിന്റെ അന്തിമരൂപത്തിൽ എത്തിച്ചേർന്നു എന്നതിനെക്കുറിച്ച് ആധുനിക ബൈബിൾ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായൈക്യമില്ല.[1] പുറപ്പാട് ഒന്നിലേറെപ്പേരുടെ രചനയാണെന്നും ക്രി.മു. ആറും അഞ്ചും നൂറ്റാണ്ടുകളിലെ ബാബിലോണിയ പ്രവാസകാലത്തും പേർഷ്യൻ ഭരണകാലത്തുമാണ് അതു രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.[2]

  1. Pages 40-51, 65, 104-109 in Tremper Longman III and Raymond B. Dilland, An Introduction to the Old Testament, Grand Rapids, Michigan: Zondervan, 2nd edition: 2006 ISBN 978-0-310-26341-8.
  2. Rolf Rendtorff, "Directions in Pentateuchal Studies", Currents in Research: Biblical Studies volume 5 (1997), pp.43-65; and David M. Carr, "Controversy and Convergence in Recent Studies of the Formation of the Pentateuch", Religious Studies Review volume 23 number 1 (January, 1997), pp.22-29 doi:10.1111/j.1748-0922.1997.tb00321.x/pdf
"https://ml.wikipedia.org/w/index.php?title=പുറപ്പാട്&oldid=2592225" എന്ന താളിൽനിന്ന് ശേഖരിച്ചത്