മുത്തയ്യാ ഭാഗവതർ

(ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ എന്ന് അറിയപ്പെട്ടിരുന്ന മുത്തയ്യാ ഭാഗവതർ (Muthiah Bhagavatar) (ജനനം 15 നവമ്പർ1877 – മരണം 30 ജൂൺ1945) ഇരുപതാം നൂറ്റാണ്ടിലെ കർണ്ണാടക സംഗീതരംഗത്തെ പ്രസിദ്ധനായ വാഗ്ഗേയകാരനായിരുന്നു. അദ്ദേഹം ഇരുപതോളം രാഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മുത്തയ്യാ ഭാഗവതർ
ജനനം
മുത്തയ്യാ

(1877-11-15)15 നവംബർ 1877
ഹരികേശനല്ലൂർ, Tirunelveli, Tamil Nadu, India
മരണം30 ജൂൺ 1945(1945-06-30) (പ്രായം 67)
ദേശീയതIndian
തൊഴിൽവാഗ്ഗേയകാരൻ

ആദ്യകാലജീവിതം

തിരുത്തുക

തിരുനെൽവേലിയിലെ ഹരികേശനല്ലൂർ എന്ന കൊച്ചുഗ്രാമത്തിൽ 1877- ൽ ജനിച്ച മുത്തയ്യാ ഭാഗവതർ ചെറുപ്പത്തിൽത്തന്നെ സംഗീതവുമായി ബന്ധപ്പെട്ടു. ആറാം വയസ്സിൽ സംഗീതപ്രേമിയായ അച്ഛനെ നഷ്ടമായ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം അമ്മാവൻ ഏറ്റെടുത്തെങ്കിലും പത്തുവയസ്സായപ്പോഴേക്കും സംഗീതത്തോടുള്ള അഭിനിവേശത്താൽ ഹരികേശനല്ലൂർ വിട്ട് തിരുവാരൂരിൽ എത്തുകയും തന്റെ കഴിവ് തിരിച്ചറിഞ്ഞ പതിനൈതുമണ്ഡപ സാംബശിവ അയ്യരുടെ അടുത്തെത്തുകയും തുടർന്ന് ഒമ്പതുവർഷം അദ്ദേഹത്തിനുകീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീടു സംഗീത കലാനിധി പുരസ്കാരം ലഭിച്ച ടി എസ്സ് ശബേശ അയ്യർ ഈ ഗുരുവിന്റെ പുത്രനായിരുന്നു. ഗുരുവിന്റെ കീഴിൽ സംഗീതം അഭ്യസിച്ച മുത്തയ്യാ ഭാഗവതർ പ്രസിദ്ധനായ ഒരു ഹരികഥാ വിദ്വാൻ ആയി മാറുകയും ചെയ്തു. ഗംഭീരസ്വരത്തിന്റെ ഉടമയായ മുത്തയ്യാ ഭാഗവതർ അക്കാലത്തെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു.

വാഗ്ഗേയകാരൻ

തിരുത്തുക

കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾക്കുശേഷം ഏറ്റവും കൂടുതൽ കൃതികൾ രചിച്ച വാഗ്ഗേയകാരണാണ് മുത്തയ്യാഭാഗവതർ. അവയിൽ പലരാഗങ്ങളിലുള്ള കൃതികളും തില്ലാനകളും വർണ്ണങ്ങളുമെല്ലാം ഉൾപ്പെടുന്നു. തെലുഗു, തമിഴ്, സംസ്കൃതം, കന്നഡ എന്നീ നാലുഭാഷകളിൽ അദ്ദേഹം കൃതികൾ രചിച്ചിട്ടുണ്ട്. വിജയസരസ്വതി, കർണ്ണരഞ്ജനി, ബുധമനോഹരി, നിരോഷ്ഠ, ഹംസാനന്ദി എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കിയ രാഗങ്ങളാണ്. ഷണ്മുഖപ്രിയയും മോഹനകല്യാണിയും ജനപ്രിയമാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

1934 -ൽ ലവകുശ എന്ന ഒരു ചലച്ചിത്രത്തിൽ നിർബന്ധത്തിനു വഴങ്ങി സംഗീതം നിർവ്വഹിക്കാൻ ബോംബെയിൽ പോയ അദ്ദേഹം ആ സിനിമയ്ക്കായി 63 ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും തുടർന്ന് ആ സിനിമയ്ക്ക് സംഗീത ലവകുശ എന്നു പേരു മാറ്റുകയുമുണ്ടായി.

കലാകാരൻ

തിരുത്തുക

ചിത്രവീണയും മൃദംഗവും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമായിരുന്നു. സംഗീതത്തിന്റെ എല്ലാ മേഖലകളിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം സംഗീതകൽപ്പദ്രുമം എന്ന ലേഖനസമാഹാരം രചിക്കുകയും ചെന്നൈ മദ്രാസ് മ്യൂസിൿ അകാദമിയിൽ സ്ഥിരമായി സംഗീതത്തെപ്പറ്റി പ്രസംഗങ്ങൾ നടത്തുകയും ചെയ്തു. 1943 -ൽ കേരള സർവ്വകലാശാല അദ്ദെഹത്തിനു നൽകിയ ഡി ലിറ്റ് സംഗീത മേഖലയിൽ ഇന്ത്യയിൽ ആദ്യമായി നൽകപ്പെട്ട ഡോക്ടറേറ്റ് ആയിരുന്നു. 1939 -ൽ തിരുവനന്തപുരത്ത് ആരംഭിച്ച സ്വാതി തിരുനാൾ സംഗീത അകാദമിയുടെ ആദ്യ പ്രിൻസിപ്പാളും മുത്തയ്യാ ഭാഗവതരാണ്. ത്യാഗരാജ വിജയ കാവ്യം എന്ന പേരിൽ അദ്ദേഹം ഒരു സംസ്കൃതകാവ്യവും രചിക്കുകയുണ്ടായി. മധുരൈ ടി എൻ ശേഷഗോപാലന്റെ ഗുരുവായിരുന്ന രാമനാഥപുരം ശങ്കരശിവം മുത്തയ്യാ ഭാഗവതരുടെ ശിഷ്യനായിരുന്നു. തിരുവനന്തപുരത്തെ ക്ഷേത്രത്തിനു മുന്നിൽ പൂജാസമയത്ത് നാഗസ്വരം വായിക്കുന്ന പതിവ് കൊണ്ടുവന്നത് മുത്തയ്യാ ഭാഗവതാരാണ്. അദ്ദേഹത്തിന്റെ സംഗീതകൃതികൾ പ്രചരിപ്പിക്കാൻ ഹരികേശാഞ്ജലി എന്നൊരു ട്രസ്റ്റിനു രൂപം നൽകിയിട്ടുണ്ട്.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

തിരുത്തുക

മൈസൂർ മഹാരാജാവ് ക്ഷണിച്ച പ്രകാരം മൈസൂരിലെത്തിയ മുത്തയ്യാ ഭാഗവതർ അവിടുത്തെ ആസ്ഥാനവിദ്വാനായി നിയമിക്കപ്പെട്ടു. മൈസൂരിൽ വച്ച് അദ്ദേഹം മൈസൂർ രാജവംശത്തിന്റെ പരദേവതയായ ചാമുണ്ഡിദേവിയെക്കുറിച്ച് കനഡഭാഷയിൽ 115 കൃതികൾ രചിക്കുകയുണ്ടായി. മൂലം തിരുനാൾ മഹാരാജാവ് അദ്ദേഹത്തെ തിരുവിതാംകൂറിലേക്ക് ക്ഷണിച്ചു വരുത്തുകയും അവിടെ അദ്ദേഹം സ്വാതി തിരുനാൾ കൃതികളെപ്പറ്റി പഠനം നടത്തുകയും സംഗീതകൽപ്പദ്രുമ എന്ന ഗ്രന്ഥം രചിക്കുകയും അതിന് അദ്ദേഹത്തിന് ബഹുമാനാർത്ഥം ഡി ലിറ്റ് നൽകുകയും ചെയ്തു.[1] മദ്രാസ് മ്യൂസിൿ അകാഡമിയുടെ വാർഷിക കോൺഫറൻസിന്റെ പ്രാഥമിക അധ്യക്ഷൻ അദ്ദേഹമായിരുന്നു. 1930 -ൽ സംഗീത കലാനിധി പുരസ്കാരം മുത്തയ്യാ ഭാഗവർക്ക് ലഭിച്ചു.

പിന്തുടർച്ച

തിരുത്തുക

1945 -ൽ മരണമടയുമ്പോൾ 400 -ലേറെ കൃതികളും ഹിന്ദുസ്താനിയിൽ നിന്നും കൊണ്ടുവന്ന രാഗങ്ങളും സ്വന്തമായി ഉണ്ടാക്കിയ 20 രാഗങ്ങളും എല്ലാമായി കർണാടകസംഗീതത്തിന്റെ രീതികൾ ആകെ മുത്തയ്യാ ഭാഗവതർ മാറ്റിമറിച്ചിരുന്നു. ഭുവനേശ്വരിയാ തുടങ്ങിയ കൃതികൾ തന്റെ ഏറ്റവും പ്രമുഖശിഷ്യനായ മധുരൈ മണി അയ്യർ അടക്കം നിരവധിപേർ ആലപിച്ച് ജനകീയമാക്കി. അദ്ദേഹത്തിന്റെ കൊച്ചുമകളാണ് പ്രമുഖ വീണാവിദുഷി രുക്മിണി ഗോപാലകൃഷ്ണൻ

  1. "D.Litt for Yesudas after Muthia and Semmangudi from Kerala University". The Hindu. Chennai, India. 29 March 2003. Archived from the original on 2012-10-04. Retrieved 2016-02-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുത്തയ്യാ_ഭാഗവതർ&oldid=3799171" എന്ന താളിൽനിന്ന് ശേഖരിച്ചത്