എ.സി. റോഡ്

കേരളത്തിലെ സംസ്ഥാനപാത
(സംസ്ഥാനപാത 11 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

website:- kuttanadpackage.in Archived 2021-09-13 at the Wayback Machine.

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ്

എ.സി. റോഡ്
ഇടതുവശത്തു റോഡും മറുവശത്ത് പുത്തനാറും
സംസ്ഥാനപാത നമ്പർ 11 (SH-11)
ആരംഭം ദേശീയപാത 544
ആലപ്പുഴ
അവസാനം എം.സി. റോഡ്
ചങ്ങനാശ്ശേരി
ദൂരം 24.2 കി.മി.
(15 മൈൽ) [1]
നിർമ്മിച്ചത് 1957[2]
കടന്നു പോകുന്ന
പ്രധാന നദികൾ
മണിമലയാർ
പമ്പാനദി
പ്രധാന പാലങ്ങൾ കിടങ്ങറ
നെടുമുടി
പള്ളാത്തുരുത്തി

കേരളത്തിലെ പ്രധാനപ്പെട്ട ഒരു പാതയാണ് എ.സി. റോഡ്. കുട്ടനാടിലൂടെ പ്രധാനമായും കടന്നു പോകുന്ന ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വരെ നീളമുള്ള റോഡാണിത്. കേരള സർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള എ.സി. റോഡിന് ആകെ 24.2 കി.മി. ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -11 (SH-11) എന്നും അറിയപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ കളർകോട്ടു നിന്നും ആരംഭിച്ച് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിൽ പെരുന്ന മന്നം സ്ക്വയറിൽ ഈ പാത അവസാനിക്കുന്നു. പ്രധാനമായും ദേശീയപാത 544-നെയും(പഴയ ദേശീയപാത 47) എം.സി. റോഡിനേയും ബന്ധിപ്പിക്കുന്ന ഈ റോഡ് കുട്ടനാട്ടിലെ ഏറ്റവും പ്രധാന റോഡാണ്.

നിർമ്മാണം

തിരുത്തുക

1955-ൽ തിരു-കൊച്ചി രാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മിക്കുന്നത്. പട്ടം താണുപിള്ളയായിരുന്നു തിരു-കൊച്ചി മുഖ്യമന്ത്രി. അന്നത്തെ പ്രധാന തുറമുഖപട്ടണമായ ആലപ്പുഴയെയും മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചങ്ങനാശ്ശേരിയേയും കരമാർഗ്ഗം കുട്ടനാട്ടിലൂടെ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടാവുന്ന പുരോഗതികൾ പഠന വിധേയമാക്കുകയുണ്ടായി (1954-ലെ കുട്ടനാട്‌ വികസന സമിതി [കുട്ടനാട്‌ ഡവലപ്പ്‌മെന്റ്‌ സ്‌കീം] പഠന റിപ്പോർട്ട്). പുതിയ റോഡു സംരംഭത്തെ അന്ന് കുട്ടനാട്ടിലെ സർവ്വജനങ്ങളും പിന്തുണച്ചു. പലരുടെ സ്ഥലങ്ങളും ഇതുമൂലം നഷ്ടപ്പെട്ടെങ്കിലും പൊതുവായി ആരും തന്നെ ഇതിനെ എതിർത്തില്ല. കുട്ടനാട്ടിലെ ആദ്യ റോഡായ എ.സി. റോഡിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത് ആലപ്പുഴയിലെ കൈതവനയിൽ നിന്നുമായിരുന്നു. ഇന്ന് ഈ പ്രദേശം കളർകോട് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് കുട്ടനാടിന്റെ ഉയരം. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടിൽ റോഡ് നിർമ്മാണം ദുഷ്കരമായിരുന്നു. കുട്ടനാട്ടിലെ ചതുപ്പു നിറഞ്ഞ മണ്ണ് (ചെളി) ഒരു വശത്തു നിന്നും എടുത്ത് മറുവശത്തിട്ട് സമാന്തരമായി റോഡ് വെട്ടി ചങ്ങനാശ്ശേരി ലക്ഷ്യമാക്കി പണി തുടങ്ങി. ആലപ്പുഴയിലെ കൈതവനയിൽ നിന്നും തുടങ്ങിയ റോഡുപണി മാമ്പുഴക്കരിക്ക് കിഴക്കുവശംവരെ എത്തി വലിയ കുഴപ്പമൊന്നും ഇല്ലാതെ എത്തി. ഈ ദിശയിൽ മുൻപോട്ട് റോഡുവെട്ടിയാൽ ചങ്ങനാശ്ശേരിക്കു പകരം തിരുവല്ലയ്ക്കടുത്തുള്ള മുത്തൂറ്റ് എം.സി. റോഡിലായിരിക്കും എത്തിച്ചേരുകയെന്ന് അപ്പോഴാണ് മനസ്സിലാക്കുന്നത്. തന്മൂലം മാമ്പുഴക്കരിയിൽനിന്നും റോഡിന്റെ ദിശ അല്പം വടക്കോട്ട് മാറ്റുകയും പെരുന്നയിൽ എം.സി. റോഡിൽ എത്തിചേർക്കുകയും ചെയ്തു. ഇതു മൂലം എ.സി. റോഡിലുണ്ടായ പ്രധാന വളവാണിത് (കോരവളവ്). ഒരു വശത്തു നിന്നും ചെളിയെടുത്ത് മറുവശത്ത് ഇട്ട് ഉണ്ടാക്കിയ റോഡിനു സമാന്തരമായി തെക്കുവശത്ത് ഒരു പുതിയ നദി രൂപാന്തരം കൊണ്ടു. ഇതിനു പുതിയ ആർ എന്നർത്ഥം വരുന്ന പുത്തനാർ എന്നു പേരിട്ടു. എ.സി. റോഡിൽ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറ മുതൽ ആലപ്പുഴയിലെ കൈതവന വരെ പുത്തനാർ റോഡിനു സമാന്തരമായിട്ടുണ്ട്.

1957-ൽ പതിനൊന്നു പാലങ്ങളുടെ പണിപൂർത്തിയാക്കി എ.സി. റോഡ് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നവകേരളത്തിലെ ആദ്യ റോഡുകളിൽ ഒന്നായിരുന്നു ഇത്. പക്ഷേ അപ്പോഴും മൂന്നു വലിയപാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.[3] അതിനും വളരെ വർഷങ്ങൾക്കു ശേഷം മണിമലയാറ്റിനു മുകളിലൂടെയുള്ള കിടങ്ങറ പാലം പൂർത്തിയാക്കി. വീണ്ടും വളരെ വർഷങ്ങൾക്കുശേഷം ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ പമ്പാനദിക്കു മുകളിലൂടെയുള്ള നെടുമുടിയിലേയും, പള്ളാത്തുരുത്തിയിലേയും പാലങ്ങൾ പൂർത്തിയാക്കി, ഒരേ ദിവസം തന്നെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. കുട്ടനാടിനെ നെടുകെ പിളർന്നുകൊണ്ട്‌ ആദ്യമായി നിർമ്മിച്ച റോഡാണ് ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡ്. എ.സി. റോഡിന്റെ വരവോടെ തുടക്കമിട്ട ഗതാഗത വിപ്ലവം കുട്ടനാടിനേയും ആലപ്പുഴയേയും ഒരുപോലെ പുരോഗതി കൈവരിക്കുന്നതിൽ സഹായിച്ചു.[4]

എ.സി. റോഡിലെ പാലങ്ങൾ

തിരുത്തുക

പള്ളാത്തുരുത്തി പാലം

തിരുത്തുക

എ.സി റോഡിലെ നീളം കൂടിയ മൂന്നു പാലങ്ങളിലൊന്നാണ് പള്ളാത്തുരുത്തി പാലം. ഇത് കൈനകരി പഞ്ചായത്തിനെ പരസ്പരം ബന്ധിപ്പിക്കുന്നു. പാലം സ്ഥാപിക്കുന്നതിനു മുൻപ് അക്കരെയെത്തുവാനായി വള്ളത്തിലാണ് യാത്രാസൗകര്യം ഒരുക്കിയിരുന്നത്.

പമ്പാനദിയുടെ മുകളിലൂടെയുള്ള പള്ളാത്തുരുത്തിപാലം -- പനോരമിക് ദൃശ്യം

എ.സി. റോഡിൽ മുൻപ് 14 പാലങ്ങളും നിരവധി കലുങ്കുകളും ഉണ്ടായിരുന്നു. ഇതിൽ മൂന്നു പാലങ്ങൾ നീളംകൂടിയവയാണ്, അവ പമ്പാനദിയുടെ രണ്ടു കൈവഴികൾക്കും മണിമലയാറിനും മുകളിലൂടെയുള്ളവയാകുന്നു. ഈ പാലങ്ങൾ വന്നിട്ട് അധിക കാലം ആയിട്ടില്ല, മുൻപ് ചങ്ങനാശ്ശേരിയിൽ നിന്നും കിടങ്ങറവരെയും അവിടെ നിന്നും വീണ്ടും നെടുമുടിവരെയും വീണ്ടും നെടുമുടിയിൽ നിന്നും പള്ളാത്തുരുത്തിവരെയും അതിനുശേഷം പള്ളാത്തുരുത്തിയിൽ നിന്നും ആലപ്പുഴയ്ക്കും കയറി ഇറങ്ങി യാത്ര ചെയ്യണമായിരുന്നു.

 
എ.സി. റോഡ് കിടങ്ങറയിൽ, പുത്തനാർ സമീപം
 
പമ്പയാറിനു മുകളിലൂടെയുള്ള നെടുമുടിപ്പാലവും, ബോട്ടുജെട്ടിയും
 
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ രൂപരേഖ (റോഡിനു സമാന്തരമായുള്ള പുത്തനാറും കാണാം)
  • ചങ്ങനാശ്ശേരിയിൽനിന്നും തുടങ്ങുന്ന രീതിയിൽ
  1. മനയ്ക്കച്ചിറ പാലം (ഒന്നാം പാലം)
  2. കോട്ടയം തോട് പാലം (ആലപ്പുഴ, കോട്ടയം ജില്ലകളെ തിരിക്കുന്ന തോടാണിത്)
  3. കിടങ്ങറ ബസാർ പാലം (ഇന്ന് ഇത് കലുങ്കായി മാറി)
  4. കിടങ്ങറ പാലം (മണിമലയാർ)
  5. മാമ്പുഴക്കരി പാലം
  6. രാമങ്കരി പാലം
  7. പള്ളികൂട്ടുമ്മ പാലം (ഇന്ന് ഇത് കലുങ്കായി മാറി)
  8. ഒന്നാംകര പാലം
  9. മങ്കൊമ്പ് പാലം
  10. നെടുമുടി പാലം (പമ്പാനദി)
  11. പൊങ്ങ പാലം
  12. പണ്ടാരക്കളം പാലം
  13. പള്ളാത്തുരുത്തി പാലം (പമ്പാനദി)
  14. കൈതവന പാലം (ഒന്നാം പാലം)

എ.സി. റോഡിനടുത്തുള്ള പ്രധാന സ്ഥലങ്ങൾ

തിരുത്തുക

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-01. Retrieved 2011-09-01.
  2. http://www.kuttanadpackage.in/index.php?option=com_content&view=article&id=77&Itemid=71
  3. കുട്ടനാട് പാക്കേജ് -- ചരിത്രം
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-23. Retrieved 2011-09-01.
"https://ml.wikipedia.org/w/index.php?title=എ.സി._റോഡ്&oldid=3838804" എന്ന താളിൽനിന്ന് ശേഖരിച്ചത്