ഷഡ്കാലഗോവിന്ദമാരാർ
19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത കർണ്ണാടകസംഗീതജ്ഞനായിരുന്നു ഷഡ്കാലഗോവിന്ദമാരാർ. ഇദ്ദേഹത്തിന്റെ ജന്മഗൃഹം എറണാകുളം ജില്ലയിലെ രാമമംഗലം സ്ഥലം. ആറു കാലങ്ങളിൽ ആലാപനം നടത്താനുള്ള കഴിവായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാളിന്റെ സംഗീത സദസ്സിലെ ആസ്ഥാനവിദ്വാന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. [1]
ഗോവിന്ദമാരാർ ഷഡ്കാല ഗോവിന്ദമാരാരായതിനു പിന്നിൽ ഒരു കഥയുണ്ട്. ഏഴു തന്ത്രികളുള്ള സവിശേഷമായ തന്റെ തംബുരുവിൽ ശ്രുതിമീട്ടി അതിവിളംബരത്തിലാരംഭിച്ച് ആറാം കാലമായ അതിദ്രുതത്തിലേക്കു കടന്ന് പാടുവാനുള്ള കഴിവ് മാരാർക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ അസാധാരണ സിദ്ധിയത്രേ ഷഡ്കാല എന്ന വിശേഷണം കൂടി പേരിനു മുന്നിൽ വന്നു ചേരാൻ കാരണം. മാരാരുടെ കഴിവിൽ അൽഭുതം കൊണ്ടാണ് ത്യാഗരാജൻ തന്റെ പ്രസിദ്ധമായ എന്തരോ മഹാനുഭാവുലൂ എന്ന കീർത്തനം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.
ജീവിതം
തിരുത്തുക1798 ൽ കേരളത്തിലെ എറണാകുളം എറണാകുളം ജില്ലയിലെ രാമമംഗലത്താണ് ജനനം. സ്വാതി തിരുന്നാളിന്റേയും ത്യാഗരാജന്റേയും സമകാലികനായിരുന്നു ഗോവിന്ദമാരാർ. ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായുള്ള സോപാനസംഗീതം, കൊട്ടിപ്പാടി സേവ, ഇടക്ക, തിമില, പാണികൊട്ട് എന്നിവയൊക്കെയാണ് മാരാർ സമുദായത്തിന്റെ കുലത്തൊഴിലും. ഗോവിന്ദ മാരാരും ആ പാരമ്പര്യ സംഗീതത്തിന്റെ കണ്ണിയായിരുന്നു. ഹരിപ്പാട് രാമസ്വാമി ഭാഗവതരായിരുന്നു ഗോവിന്ദമാരാരുടെ ഗുരു. സംഗീതജ്ഞൻമാരിൽ അപൂർവ്വം മാത്രം കാണാനാകുന്ന ഒരു പ്രത്യേകത ഗോവിന്ദമാരാർക്കുണ്ടായിരുന്നു. ആറുകാലങ്ങളിൽ പല്ലവി പാടാനുള്ള കഴിവായിരുന്നു അത്. ഏറ്റവും മികച്ച പാട്ടുകാർ പോലും മൂന്നു കാലങ്ങളിൽമാത്രം പാടുമ്പോൾ ഗോവിന്ദമാരാർക്കു കൈമുതലായി ലഭിച്ച ഈ കഴിവ് അദ്ദേഹത്തെ 'ഷട്‌കാല ഗോവിന്ദമാരാർ' എന്ന വിളിപ്പേരിന് അർഹനാക്കി. നാലു തന്ത്രികളുള്ള സാധാരണ തംബുരുവിൽ നിന്നു വ്യത്യസ്‌തമായി ഏഴു തന്ത്രികളുള്ള തംബുരുവാദത്തിലെ പ്രാഗല്ഭ്യവും ഗോവിന്ദമാരാരെ പ്രശസ്‌തനാക്കി. തന്റെ സംഗീതസപര്യയുമായി നാടുചുറ്റുന്നതിനിടയിൽ കൊട്ടാരത്തിലെത്തിയ ഗോവിന്ദമാരാർക്ക്, സ്വാതിതിരുനാൾ നൽകിയ അഭിനന്ദനവും പ്രോത്സാഹനവും വളരെ വലുതായിരുന്നു. സ്വാതിസഭയിൽ ത്യാഗരാജസ്വാമികളുടെ അതുല്യമായ സംഗീതസംതുലനങ്ങൾ അനനുകരണീയമായ ശൈലിയിൽ അവതരിപ്പിച്ച് ഗോവിന്ദമാരാർ പ്രശംസ പിടിച്ചുപറ്റി.
ഗോവിന്ദമാരാരുടെ പ്രതിഭയിൽ ആകൃഷ്‌ടനായ സ്വാതിതിരുനാൾ വടിവേലുവിനേയും കൂട്ടി അദ്ദേഹത്തെ തിരുവയ്യാറിൽ ത്യാഗരാജസന്നിധിയിലേക്കയച്ചു. ത്യാഗരാജസ്വാമികളെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. അവിടെവച്ച് ത്യാഗരാജസ്വാമികൾ ഗോവിന്ദമാരാരെക്കൊണ്ട് ജയദേവന്റെ ഗീതാഗോവിന്ദത്തിലെ ചന്ദനചർച്ചിത നീലകളേബര എന്ന കൃഷ്‌ണസ്തുതി തംബുരുവിന്റെ ശ്രുതിലയത്തിൽ ആലപിപ്പിക്കുകയും ചെയ്‌തു. തുടർന്നാണ് എന്തരോ മഹാനുഭാവലു എന്നാരംഭിക്കുന്ന അതിപ്രശസ്‌തമായ കീർത്തനം പിറക്കുന്നത്. ഇത്രയൊക്കെ സംഭവിച്ചെങ്കിലും മാരാരും വടിവേലുവും സ്വാതിതിരുനാൾ ഏൽപിച്ച ദൗത്യത്തിൽ പരാജയപ്പെട്ടു. തന്റെ ആശംസകൾ സ്വാതിതിരുനാളിനെ അറിയിക്കാൻ പറഞ്ഞ് ത്യാഗരാജസ്വാമികൾ അവരെ തിരിച്ചയച്ചു. സ്വാതി ഏൽപിച്ച ദൗത്യം നടക്കാതെ വന്നതിലെ മനോവിഷമത്തെ തുടർന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാരാർ മഹാരാഷ്‌ട്രയിലെ പണ്ഡർപൂരിലേക്കു പോകുകയും ശിഷ്‌ടകാലം അവിടെ കഴിച്ചുകൂട്ടുകയുമായിരുന്നു.
ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി
തിരുത്തുകഷഡ്കാല ഗോവിന്ദമാരാർ എന്ന സംഗീതജ്ഞന്റെ സ്മരണ നിലനിർത്തുന്നതിനായി എറണാകുളം ജില്ലയിലെ രാമമംഗലത്ത് ഇന്നൊരു സ്മാരക മന്ദിരമുണ്ട് - ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി. പ്രമുഖ ഗാന്ധിയനും, സാമൂഹ്യ പരിഷ്കർത്താവുമായ പ്രൊഫ, എം.പി. മന്മഥന്റെ നേത്യത്വത്തിൽ 1980 ൽ സ്ഥാപിതമായതാണ് ഈ സമിതി.
ക്ഷേത്രകലകളുൾപ്പെടെയുള്ള എല്ലാ കലകളുടെയും സമുദ്ധാരണത്തിനു വേണ്ടിയുള്ള പ്രവർത്തങ്ങൾ സമിതിയുടെ ചുമതലയിൽപ്പെടുന്നു. 1993 ൽ തുടക്കം കുറിച്ച ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവം കേരള സംസ്ഥാന സംഗീത നാടക അക്കാദമിയുടെയും കൂടി മേൽനോട്ടത്തിൽ എല്ലാ വർഷവും നടത്തുന്നുണ്ട്. കേരളത്തിന്റെ അതിർത്തിക്കപ്പുറമുള്ള കലാകാരന്മാരുടെയും സാന്നിദ്ധ്യം ഉണ്ടാവാറുള്ളതാണ് ഈ സംഗീതോത്സവം. [2][3]
ഷഡ്‌കാലഗോവിന്ദമാരാർ സ്മാരക മന്ദിരം വെന്നിമല
തിരുത്തുക-
ഷഡ്കാലഗോവിന്ദമാരാർ സ്മാരക മന്ദിരം, വെന്നിമല
-
ഷഡ്കാലഗോവിന്ദമാരാരുടെ ജന്മഗൃഹം, വെന്നിമല
ഷഡ്കാലഗോവിന്ദമാരാരുടെ ജന്മഗൃഹം കോട്ടയം ജില്ലയിലെ പുതുപ്പള്ളിഗ്രാമത്തിലെ വെണ്ണിമലയിലായിരുന്നു. ഇവിടുത്തെ, വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം അങ്കണത്തിലുള്ള ഈഴച്ചെമ്പകച്ചുവച്ചുവട്ടിലിരുന്ന് ഇദ്ദേഹം കൃതികൾ ആലപിക്കാറുണ്ടായിരുന്നുമെന്നും അവിടെ നിന്നുള്ള ഗന്ധർവ്വാനുഗ്രഹത്താലാണ് ആറുകാലത്തിൽ കീർത്തനമാലപിക്കുന്നതിന് സാധിച്ചത് എന്നുമാണ് പറയപ്പെടുന്നത്. ഗോവിന്ദമാരാരുടെ സ്മരണ നിലനിർത്തുന്നതിനായി വെണ്ണിമലയിൽ, സർക്കാർ വക ഒരു സ്മാരക മന്ദിരമുണ്ട്.
അവലംബം
തിരുത്തുക- ↑ ., . "Gems of scholars of the royal court" (PDF). https://web.archive.org/web/20070927201448/http://www.kerala.gov.in/music/music6.pdf. kerala.gov.in. Archived from the original (PDF) on 2007-09-27. Retrieved 22 നവംബർ 2020.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=
- ↑ സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
- ↑ Kala Samithy, Shatkala Govinda Marar Smaraka. "Shatkala Govinda Marar Smaraka Kala Samithy". shatkalasamithy.org. Archived from the original on 2019-09-08. Retrieved 22 നവംബർ 2020.
പുറം കണ്ണികൾ
തിരുത്തുകhttp://shatkalasamithy.org/biography.html Archived 2013-10-30 at the Wayback Machine.