പണ്ഢർപൂർ
മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിൽ, ഭീമാ നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു നഗരമാണ് പണ്ഢർപൂർ അഥവാ പണ്ഡരീപുരം. പ്രസിദ്ധമായ വിഠോബാക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 17°11' ഡിഗ്രി വടക്ക് അക്ഷാംശത്തിലും 75°11' കിഴക്കൻ രേഖാംശത്തിലുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. വൈഷ്ണവരുടെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് പണ്ഢർപൂർ. 'ദക്ഷിണ കാശി' എന്നൊരു അപരനാമവും പണ്ഡർപൂരിനുണ്ട്.
പണ്ഢർപൂർ പണ്ഡരീപുരം | |
---|---|
Town | |
പണ്ഡർപൂരിലെ വിഠോബാ ക്ഷേത്രത്തിന്റെ പ്രധാന കവാടം | |
Nickname(s): Pandhari, Pandaripuram | |
Coordinates: 17°40′40″N 75°19′40″E / 17.67778°N 75.32778°E | |
രാജ്യം | India |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | സോലാപൂർ |
• ആകെ | 25 ച.കി.മീ.(10 ച മൈ) |
•റാങ്ക് | 9 |
ഉയരം | 450 മീ(1,480 അടി) |
(2017) | |
• ആകെ | ഒന്നര ലക്ഷത്തിലധികം |
• ഔദ്യോഗികം | മറാഠി ഭാഷ (മറാഠി) |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | എം.എച്ച്.-13 |
വിഠോബാ ക്ഷേത്രം
തിരുത്തുകപണ്ഢർപൂരിലെ ഏറ്റവും വലിയ ആകർഷണമായ വിഠോബാ ക്ഷേത്രം 'ചന്ദ്രഭാഗ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീമാനദിയുടെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. എട്ട് പ്രവേശനകവാടങ്ങളുള്ള ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ വിഠോബാഭഗവാൻ വിഠലൻ, വിഠലനാഥൻ, പാണ്ഡുരംഗൻ, പണ്ഡരീനാഥൻ എന്നീ അപരനാമങ്ങളിലറിയപ്പെടുന്നു. ശ്രീകൃഷ്ണഭഗവാന്റെ ഒരു വകഭേദമാണ് വിഠോബ എന്ന് പറയപ്പെടുന്നു. അതേ സമയം, പ്രതിഷ്ഠ മഹാവിഷ്ണു തന്നെയാണെന്നും, അതല്ല ശിവനാണെന്നും ബുദ്ധനാണെന്നുമൊക്കെ വിവിധ അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. പത്നിയായ രുക്മിണിയോടൊപ്പമാണ് ഭഗവാൻ കുടികൊള്ളുന്നത്.
മറാഠി വൈഷ്ണവകവികളായ നാംദേവ്, ഏക്നാഥ്, തുക്കാറാം എന്നിവരുടെ കൃതികളിൽ പരാമർശിയ്ക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ ശബ്ദിച്ച ആദ്യകവികളായ ഇവർ ക്ഷേത്രവുമായി ബന്ധപ്പെട്ട് രൂപം കൊണ്ട വർക്കാരി പ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു. ആചാരങ്ങളിൽ നിന്നുമാറി ഭക്തിയിലും കീർത്തനങ്ങളിലും മുഴുകിയ പ്രസ്ഥാനമായിരുന്നു ഇത്. ഇന്നും ഈ പ്രസ്ഥാനത്തിന്റെ പിന്മുറക്കാർ ക്ഷേത്രത്തിലുണ്ട്. ആഷാഢമാസത്തിലെ ശയന ഏകാദശിയ്ക്കും കാർത്തികമാസത്തിലെ ഉത്ഥാന ഏകാദശിയ്ക്കും ഇവർ ക്ഷേത്രത്തിലെത്തുന്നു. 2014-ൽ ദളിത് സ്ത്രീകൾക്ക് പൂജാവകാശം നൽകുന്ന ആദ്യക്ഷേത്രമായി ഇത് മാറി.
പുണ്ഡലികൻ എന്ന ഭക്തനുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. മാതാപിതാക്കളോടുള്ള പുണ്ഡലികന്റെ ഭക്തിയിൽ സംപ്രീതനായ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിന്റെ വീട്ടിൽ വരികയും അദ്ദേഹത്തെ അനുഗ്രഹിയ്ക്കുകയും പുണ്ഡലികൻ ഭഗവാനോട് എന്നും കുടികൊള്ളണമെന്ന് അഭ്യർത്ഥിയ്ക്കുകയും അതനുസരിച്ച് പത്നിയായ രുക്മിണിയോടൊത്ത് ഭീമാനദിക്കരയിൽ കുടികൊള്ളുകയും ചെയ്തുവെന്നാണ് കഥ. ഭഗവാന് നിൽക്കാൻ ഒരു ഇഷ്ടിക പുണ്ഡലികൻ വച്ചുകൊടുത്തിരുന്നു. അതടക്കം സ്വയംഭൂവായാണ് വിഗ്രഹമുണ്ടായതത്രേ.
ക്ഷേത്രം ഇന്നുകാണുന്ന രീതിയിൽ നിർമ്മിച്ചത് പതിനേഴാം നൂറ്റാണ്ടിലാണ്. എട്ട് പ്രവേശനകവാടങ്ങളുള്ള ക്ഷേത്രത്തിൽ കിഴക്കുഭാഗത്തുള്ളതാണ് പ്രധാന കവാടം. ഇവിടെനിന്ന് പടിക്കെട്ടുകൾ കയറിച്ചെന്നാൽ ശ്രീകോവിലിലെത്താം. പ്രധാനമൂർത്തിയായ വിഠോബാ ഭഗവാൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ആറടി ഉയരമുള്ള രണ്ടുകൈകളോടുകൂടിയ വിഗ്രഹത്തിന്റെ ഇരുകൈകളും മടക്കി അരക്കെട്ടിൽ കുത്തിപ്പിടിച്ചിരിയ്ക്കുകയാണ്. വിഗ്രഹത്തിന്റെ മുഖം എല്ലാവർക്കും കാണാമെങ്കിലും പാദങ്ങൾ കാണാൻ പ്രത്യേക ടിക്കറ്റ് വേണ്ടിവരും. അടുത്ത് മറ്റൊരു ശ്രീകോവിലിലാണ് രുക്മിണീദേവിയുടെ പ്രതിഷ്ഠ. ഭഗവാന്റെ മറ്റുപത്നിമാരായ സത്യഭാമ, രാധ തുടങ്ങിയവർക്കും വാഹനമായ ഗരുഡന്നും ശിവൻ, പാർവ്വതി (അന്നപൂർണ്ണേശ്വരി സങ്കല്പത്തിൽ), ഗണപതി, ഹനുമാൻ, വെങ്കടേശ്വരൻ, നരസിംഹമൂർത്തി, മഹാലക്ഷ്മി, നാഗദൈവങ്ങൾ എന്നിവർക്കും ഉപക്ഷേത്രങ്ങളുണ്ട്. നാംദേവിന്റെ സമാധിയും ക്ഷേത്രത്തിനകത്താണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2011-ലെ സെൻസസ് അനുസരിച്ച് പണ്ഢർപൂരിൽ ഏകദേശം ഒരുലക്ഷത്തിനടുത്ത് ജനസംഖ്യയുണ്ട്. ഇവരിൽ 52% പുരുഷന്മാരും 48% സ്ത്രീകളുമാണ്. 71% ആണ് ശരാശരി സാക്ഷരത. പുരുഷ സാക്ഷരത 78%, സ്ത്രീ സാക്ഷരത 64%.
മറാഠിയാണ് പണ്ഢർപൂരിലെ പ്രധാന ഭാഷ. കർണാടക അതിർത്തിയോടടുത്തായതിനാൽ കന്നഡയും സംസാരിച്ചുവരുന്നുണ്ട്.