ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരബ്രഹ്മസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ ശ്രീ പരമേശ്വരനാണ് ആണ് പ്രധാന പ്രതിഷ്ഠ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ വടക്കുമാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്തെ പ്രധാന ശിവക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്‌ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു. പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു.[1] പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രം[2] കൈതമുക്കിലാണ് സ്ഥിതിചെയ്യുന്നത്. പാർവ്വതിയെയും ഗംഗയെയും ഇരുപാർശ്വങ്ങളിൽ ഇരുത്തി ദർശനം നൽകുന്ന അപൂർവ്വസങ്കല്പത്തിലാണ് ഇവിടേ മഹാദേവപ്രതിഷ്ഠ. നടരാജസങ്കല്പത്തിലും ആരാധനയുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഭദ്രകാളി, ഹനുമാൻ, നാഗദൈവങ്ങൾ, ഭൂതത്താൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ കുംഭമാസത്തിൽ ശിവരാത്രിയും വിശേഷമാണ്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പ്രധാന ആരാധനാകേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം, ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.

ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം is located in Kerala
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:8°28′58″N 76°56′37″E / 8.48278°N 76.94361°E / 8.48278; 76.94361
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തിരുവനന്തപുരം
പ്രദേശം:തിരുവനന്തപുരം
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം (തിരുവാതിരയോടനുബന്ധിച്ച്)
ശിവരാത്രി
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഐതിഹ്യം തിരുത്തുക

വഞ്ചിയൂർ അത്തിയറ മഠത്തിലെ തപസ്വിയായ ഒരു പോറ്റി പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ജപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ക്ഷേത്രക്കുളത്തിൽ യുവാവും തേജസ്വിയുമായ ഒരു യാദവ രാജകുമാരൻ ഒരു ശൂദ്രതരുണിയുമായി ജലക്രീഡ ആരംഭിച്ചു. പിന്നീട് അവളുടെ ആഗ്രഹത്തിന് എതിരായി അവളെയും ചുമലിലേറ്റി രാജകുമാരൻ ക്ഷേത്രത്തിനുള്ളിൽ കടന്നു സംഭോഗത്തിന് മുതിർന്നു. തരുണിയുടെ ദീനരോദനം കേട്ട് അത്തിയറപ്പോറ്റി അവളുടെ സഹായത്തിന് എത്തുകയും രാജകുമാരനെ ശപിക്കുകയും ചെയ്തു. രാജകുമാരന്റെ അരയ്ക്കു കീഴ്‌പോട്ടു കുതിരയുടെ ഉടൽ ആകട്ടെ എന്നും അദ്ദേഹം അനവധി വർഷങ്ങൾ അടിമയായി പോകട്ടെ എന്നും ആയിരുന്നു പോറ്റിയുടെ ശാപം. രാജകുമാരൻ പോറ്റിയുടെ പാദങ്ങളിൽ വീണ് മാപ്പിരന്നു. രാജകുമാരൻ പുതിയ രൂപത്തിൽ പത്തു വർഷം ജീവിക്കുമെന്നും ആദ്യ ഒൻപതു വർഷം അടിമത്തം അനുഭവിച്ച ശേഷം പത്താമത്തെ വർഷം ശ്രീകണ്ഠേശ്വര കൃപയാൽ മോക്ഷം പ്രാപിക്കുമെന്നും മഹാബ്രാഹ്മണൻ അരുളിച്ചെയ്തു.

നാലു കാലുള്ള കുതിരയുടെ ഉടലും കുതിരയുടെ കഴുത്തിന്റെ സ്ഥാനത്ത് രാജകുമാരന്റെ അരയ്ക്കു മേലോട്ടുള്ള ശരീരവും - ഇതായിരുന്നു ശാപത്തിന് ശേഷമുള്ള രൂപം. ഈ രൂപവും അതിസുന്ദരം തന്നെ ആയിരുന്നു. എങ്കിലും ഹൃദയം തകർന്ന അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങില്ലെന്ന് ശപഥം ചെയ്തു. അദ്ദേഹത്തിന്റെ പുതിയ രൂപം കണ്ട മാത്രയിൽ തന്നെ തരുണി പ്രണയാതുരയായി.

രാജകുമാരൻ തരുണിയുടെ സഹോദരനെക്കണ്ട് അവളെ വിവാഹം ചെയ്യാനുള്ള അനുവാദം ചോദിച്ചു. എന്നാൽ രാജകുമാരൻ തന്റെ അടിമയാകുമെങ്കിൽ മാത്രം വിവാഹം അനുവദിക്കാമെന്നായി സഹോദരൻ. രാജകുമാരൻ അതു സമ്മതിച്ചു. വിവാഹം നടന്നു. അതോടെ അവളുടെയും അവളുടെ സഹോദരന്റെയും പൂർണ്ണ നിയന്ത്രണത്തിലായി രാജകുമാരൻ. അടിമയായ രാജകുമാരനെ നിരന്തരം ദ്രോഹിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു അദ്ദേഹത്തിന്റെ യജമാനൻ. ജീവിതത്തിൽ കൂടുതൽ കൂടുതൽ വിരക്തനായി തീർന്ന രാജകുമാരൻ ശിവ ഭക്‌തിയിൽ ദുഃഖങ്ങൾ മറന്നു. ഒടുവിൽ പത്താമാണ്ടായപ്പോൾ യജമാനന് മനംമാറ്റം ഉണ്ടാകുകയും രാജകുമാരനെ ദാസ്യത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.

രാജകുമാരൻ അത്തിയറപ്പോറ്റിയെ കണ്ടെത്തി അനുഗ്രഹം വാങ്ങി. അത്തിയറപ്പോറ്റി രാജകുമാരനെ ശിഷ്യനായി സ്വീകരിച്ചു. രാജകുമാരൻ ശ്രീകണ്ഠേശ്വരനെ കാമേശ്വര ഭാവത്തിൽ ഉപാസിച്ചു. അദ്ദേഹത്തിന്റെ ഭക്തിയിൽ പ്രസാദിച്ച ശ്രീകാമേശ്വരൻ ലളിതാദേവിയോടൊപ്പം അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷനായി മോക്ഷം നൽകി അനുഗ്രഹിച്ചു.

ഏകദേശം 700 വർഷങ്ങൾക്കുമുൻപ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാൻ ശ്രമിച്ചപ്പോൾ അത് എടുക്കാൻ കഴിഞ്ഞില്ല. വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ അടിയിലുണ്ടായിരുന്ന കല്ലിൽ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാൽ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠസ്ഥിതനായ ശിവന്റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.

ചരിത്രം തിരുത്തുക

പതിനെട്ടാം നൂറ്റാണ്ടിലാണു പഴയ ശ്രീകണ്ഠേശ്വരത്തിനു പ്രാധാന്യം നഷ്ടമായത്. 1729-ൽ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സിംഹാസനാരോഹണം ചെയ്തു. ഒരിക്കൽ അദ്ദേഹം കൊല്ലത്തു പോയ തക്കം നോക്കി നാടുനീങ്ങിയ രാമവർമ്മ മഹാരാജാവിന്റെ മകൻ ശ്രീ പദ്മനാഭൻ തമ്പി വേണാടിന്റെ തലസ്ഥാനമായ കൽക്കുളത്തിന്റെ ഭരണം പിടിച്ചെടുത്തു. എന്നിട്ടു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കാനായി തമ്പി കുതിരപ്പടയുമായി തിരുവനന്തപുരത്തേയ്ക്കു തിരിച്ചു. തമ്പി ശ്രീവരാഹത്തു താമസിച്ചപ്പോൾ കുതിരപ്പട പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപമുള്ള കുതിരവട്ടത്താണു നിലയുറപ്പിച്ചത്. ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിനു ലഭിക്കേണ്ട പാട്ടക്കുടിശ്ശിക പിരിച്ചെടുത്ത് ക്ഷേത്രം സ്വന്തമാക്കാൻ തമ്പി ശ്രമിച്ചെങ്കിലും പള്ളിച്ചൽ പിള്ളയുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പുമൂലം അതു നടന്നില്ല. രാജശത്രുവിന്റെ സൈന്യത്തിനു പഴയ ശ്രീകണ്ഠേശ്വരത്തിനു സമീപം നിലയുറപ്പിക്കാൻ സാധിച്ചതോടെയാണു പഴയ ശ്രീകണ്ഠേശ്വരത്തിന്റെ പ്രതാപം മങ്ങാൻ തുടങ്ങിയതത്രേ.

കോവിലുവിള എന്ന പുരാതനമായ നായർ കുടുംബത്തിൻറെ കാരണവരായിരുന്നു പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ ഊരാളൻ. പിന്നീടു ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ശിവനും ശ്രീകൃഷ്ണനുമാണ് പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ പ്രധാനമൂർത്തികൾ. ഇരുവരും അടുത്തടുത്തുള്ള ശ്രീകോവിലുകളിൽ കിഴക്കോട്ട് ദർശനം നൽകി വാഴുന്നു. ഉപദേവതകളായി ഗണപതിയും നാഗദൈവങ്ങളുമുണ്ട്.

ക്ഷേത്രനിർമ്മിതി തിരുത്തുക

ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത്‌ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. ഈ കുളം "ജാതകുണ്ഡതീർത്ഥം" എന്നപേരിൽ അറിയപ്പെടുന്നു. മതിൽക്കെട്ടിന്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്‌.

വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനമായി ശിവലിംഗപ്രതിഷ്ഠ. ഇരുപാർശ്വങ്ങളിലും പാർവ്വതിയെയും ഗംഗയെയും ഇരുത്തിയ അപൂർവ്വസങ്കല്പത്തിലുള്ള ഭഗവാനാണ് ശ്രീകണ്ഠേശ്വരൻ. അതിനാൽ പ്രതിഷ്ഠ അമ്മയപ്പൻ എന്ന പേരിലും അറിയപ്പെടുന്നു. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആ ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. പടിഞ്ഞാറുവശത്ത് മതിൽക്കെട്ടിനു പുറത്തും അകത്തുമായി രണ്ട് ആനക്കൊട്ടിലുകൾ വേറെയും പണിതീർത്തിരിക്കുന്നു. മാറി മാറി വന്ന രാജാക്കന്മാരുടെ ആശയങ്ങൾ ഇങ്ങനെ പലതും ഇവിടെ നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ കിഴക്കും പടിഞ്ഞാറുമായി വിവിധ പൂജാസ്റ്റാളുകളും കാണാം.

പൂജാവിധികൾ തിരുത്തുക

പൂജാവിധികൾ മറ്റ് ക്ഷേത്രങ്ങളിലേതുപോലെയാണെങ്കിലും ഇവിടെ പൂജകളിൽ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തിൽ നെയ്യ് കൊണ്ട് ധാര നടത്തുന്നത്. ശിവരാത്രി പുലർച്ചെ മുതൽ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ് ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുൻപ് ചെയ്യാറുള്ള ക്രിയകൾ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തിൽ വീണുകൊണ്ടിരിക്കുന്നതാണ് ധാര.

നിത്യപൂജകൾ തിരുത്തുക

നിത്യേന അഞ്ചുപൂജകൾ നടത്താറുണ്ടിവിടെ;

 • ഉഷഃപൂജ
 • എതൃത്തപൂജ
 • പന്തീരടിപുജ
 • ഉച്ചപൂജ

എട്ടുകൂട്ടം വിഭവങ്ങളോടുകൂടിയതാണ് ഇവിടുത്തെ ഉച്ചപൂജാനേദ്യം

 • അത്താഴപ്പൂജ

ഇവ കൂടാതെ മൂന്ന് ശീവേലികളും പതിവുണ്ട്.

ശിവഭജനം തിരുത്തുക

ക്ഷേത്രത്തിൽ നിത്യേന ഭജനം നടത്താറുണ്ട്. ക്ഷേത്രത്തിലെ ഈ ശിവഭജനവും, ഹരിനാമകീർത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിർമാല്യം തൊഴുത് ഭജനമിരിക്കുന്നവർക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം. ഇവിടെ 41 ദിവസം നിർമാല്യം തൊഴുത ടി. ശങ്കരൻ തമ്പി ആദ്യം വിശാഖം തിരുനാൾ മഹാരാജാവിന്റെ സേവകനാവുകയും പിന്നീട് ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ ദിവാനെക്കാൾ ശക്തനായ കൊട്ടാരം മാനേജർ ആകുകയും ചെയ്തു. വളരെ ദൂരെ നിന്ന് പോലും അനേകം പേർ വന്ന് ഇവിടെ ഭജനമിരിക്കാറുണ്ട്.

വിശേഷങ്ങൾ തിരുത്തുക

ഉത്സവം തിരുത്തുക

ധനുമാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നത്. പത്താം ദിവസമായ തിരുവാതിര ദിവസമാണ് ആറാട്ട്. ധനുവിലെ പൂത്തിരുവാതിര മഹോത്സവം ചേർന്നുള്ളതാണ് ഉത്സവം.

ശിവരാത്രി തിരുത്തുക

കുംഭമാസത്തിലെ കറുത്ത ചതുർദ്ദശിദിവസമായ ശിവരാത്രി നാളിൽ 24 മണിക്കൂറും ക്ഷീരധാരയുണ്ട്. ഉച്ചയ്ക്ക് തോരൻ, പരിപ്പ്, മോര്, ശർക്കരപായസം, പുളിശ്ശേരി, കണ്ണിമാങ്ങ, മെഴുക്കുപുരട്ടി, എന്നിവയാണ് നിവേദ്യങ്ങൾ. ഇത് എട്ടു കുഴിയുളള കിണ്ണത്തിലാണ് നിവേദിക്കുന്നത്.

ധനുമാസ തിരുവാതിര തിരുത്തുക

പ്രധാന ദിവസങ്ങൾ തിരുത്തുക

ശിവ പ്രധാനമായ എല്ലാ ആഴ്ചയിലെയും ഞായർ, തിങ്കൾ, പ്രദോഷ വ്രതം, ശനി തുടങ്ങിയവ പ്രധാന ദിവസങ്ങൾ.

ഉപദേവതകൾ തിരുത്തുക

 • അയ്യപ്പൻ
 • ഗണപതി
 • ശ്രീകൃഷ്ണൻ
 • നാഗരാജാവ്
 • ഹനുമാൻ
 • സുബ്രഹ്മണ്യൻ
 • ഭദ്രകാളി
 • ഭൂതത്താൻ (യക്ഷിയാണെന്ന് മറ്റൊരു പക്ഷം)

ക്ഷേത്ര തന്ത്രി പരമ്പര തിരുത്തുക

വഞ്ചിയൂർ അത്തിയറമഠത്തിലെ പോറ്റിമാർക്കാണ് ഇവിടെ തന്ത്രം. തുളു ബ്രാഹ്മണരാണ് ഇപ്പോൾ ഇവിടെ നിത്യ ശാന്തികർമ്മങ്ങൾ ചെയ്യുന്നത്. മലയാള തന്ത്രവിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെപ്പോലെ നമ്പി എന്നാണ് ഇവിടെയും ശാന്തിക്കാർ അറിയപ്പെടുന്നത്.

ക്ഷേത്രഭരണം തിരുത്തുക

ദേവസ്വം ബോർഡ് ഏറ്റെടുക്കുന്നതിനു മുൻപ് ഈ ക്ഷേത്രം തിരുവിതാംകൂർ മഹാരാജാവിന്റെ മേൽനോട്ടത്തിലായിരുന്നു. രാജഭരണക്കാലത്ത് വൈക്കത്തഷ്ടമി, ധനു മാസത്തിലെ തിരുവാതിര, ശിവരാത്രി എന്നീ ദിവസങ്ങളിൽ തിരുവിതാംകൂർ മഹാരാജാവ്  ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമായിരുന്നു. വിശ്വവിശ്രുതനായ സ്വാതി തിരുനാൾ മഹാരാജാവ് ശ്രീകണ്ഠേശ്വരന്റെ മഹാഭക്തനായിരുന്നു.

അവലംബം തിരുത്തുക

 1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
 2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ