സംക്ഷേപണം
വലിയ ഒരു പ്രബന്ധത്തിന്റെയോ ഖണ്ഡികയുടേയോ സംക്ഷിപ്തരൂപം നിർമ്മിക്കലാണ് സംക്ഷേപണം(Precis) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിൽ സംക്ഷേപണം ചെയ്യുമ്പോൾ ലഭ്യമായ സാമഗ്രിയുടെ ആശയം ചോർന്നുപോവുകയോ പുതിയതായി കൂട്ടിച്ചേർക്കുകയോ ചെയ്യാറില്ല. തന്നിരിക്കുന്ന പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ ഉപയോഗിക്കാതെ ലളിതമായ ഭാഷയിലാണു സംക്ഷേപണം ചെയ്യുന്നത്. പല ഖണ്ഡികകളിൽ തന്നിരിക്കുന്ന ആശയങ്ങൾ സമാനമാണെങ്കിൽ അവയെ ഒരു ഖണ്ഡികയായി ചേർത്തെഴുതുന്നതാണ് ഉചിതം.
സംക്ഷേപണത്തിന് ശീർഷകം ആവാം.
സംക്ഷേപണത്തിലെ നാലു ഘട്ടങ്ങൾ
വായന, ഗ്രഹണം, സംഗ്രഹണം, പ്രകാശനം എന്നിവയാണ്. തന്നിരിക്കുന്ന ഭാഗം നല്ല പോലെ വായിച്ച് ഗ്രഹിക്കണം. അതിനുശേഷം അതു സംഗ്രഹിച്ച് ലളിതമായ വാചകങ്ങളിലൂടെ പ്രകാശിപ്പിക്കുകയാണ് ചെയ്യേണ്ടത്. സംഭാഷണവും മറ്റും കഥനരൂപത്തിലേക്ക് പരിവർത്തിപ്പിക്കേണ്ടതാണ്. സംക്ഷേപകൻ ആശയത്തിലേക്ക് തന്റേതായ വിമർശനങ്ങളും മറ്റും ചേർക്കരുത്.