ലിംഗം (വ്യാകരണം)

വ്യാകരണ നാമ വർഗ്ഗീകരണം

വ്യാകരണത്തിൽ നാമപദങ്ങളുടെ പ്രാതിസ്വികഭാവങ്ങളിൽ ഒന്നാണു് ലിംഗം. ലിംഗം എന്നാൽ അടയാളം, ചിഹ്നം എന്നൊക്കെ അർത്ഥം. വിവിധ ഭാഷകളിൽ പും, സ്ത്രീ, നപുംസകം, ഉഭയലിംഗം, ഭിന്നലിംഗം എന്നിങ്ങനെ ലിംഗഭേദങ്ങൾ വർഗ്ഗീകരിച്ചുകാണാം. നാമപദത്തിനു് സഹജമായോ അതിൽ ചേർക്കുന്ന പ്രത്യയങ്ങളിലൂടെയോ കൂടുതലായി മുന്നിലോ പിന്നിലോ ചേർക്കുന്ന പ്രത്യേകവാക്കുകളിലൂടെയോ ലിംഗഭേദം കൈവരാം.

സംസ്കൃതം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നാമരൂപങ്ങളുടെ ലിംഗഭേദം പ്രധാനപ്പെട്ട ഒരു വ്യാകരണകാര്യമാണു്. ഇത്തരം ഭാഷകളിൽ കർത്താവിന്റെയോ കർമ്മത്തിന്റെയോ പുംസ്ത്രീനപുംസകരൂപങ്ങൾക്കനുസരിച്ചു് ക്രിയകൾക്കോ വാചകത്തിനു മൊത്തമായോ രൂപഭേദം വന്നെന്നിരിക്കാം. പഴയ മലയാളം അടക്കം ദ്രാവിഡഭാഷകളിൽപ്പോലും നാമത്തിനും ക്രിയയ്ക്കും ഇടയിൽ ഇത്തരം ലിംഗവചനപ്പൊരുത്തം നിഷ്കർഷിക്കുന്നതു് സാധാരണമാണു്. പക്ഷേ, ആധുനികമലയാളത്തിൽ വാക്യഘടനകൾ ലിംഗവചനപ്പൊരുത്തങ്ങളിൽ നിന്നു് ഏറെക്കുറെ സ്വതന്ത്രമാണു്.

ലിംഗഭേദം മലയാളത്തിൽ

തിരുത്തുക

മലയാള ഭാഷയിൽ ലിംഗം പ്രധാനമായും മൂന്ന് വിധത്തിലാണ് ഉപയോഗിക്കുന്നത്. സംസ്കൃതാദിയായ ഭാഷകളിൽ നാമപദത്തിന്റെ രൂപാനുസാരിയായാണു് ലിംഗം നിർണ്ണയിക്കപ്പെടുന്നതെങ്കിൽ, മലയാളം അടക്കമുള്ള ദ്രാവിഡഭാഷകളിൽ അവ അർത്ഥാനുസാരിയാണു്. ആദ്യഗണത്തിൽ പെട്ട ഭാഷകളിൽ ലിംഗനിർണ്ണയം പദരൂപപ്രധാനമായതിനാൽ പലപ്പോഴും അവയുടെ വർഗ്ഗീകരണം അവ്യവസ്ഥിതമാണോ എന്നുവരെ ശങ്കിക്കത്തക്ക നിലയിൽ സങ്കീർണ്ണമോ ക്ലിഷ്ടമോ ആയിത്തീരാറുണ്ടു്. എന്നാൽ മലയാളത്തിൽ ലിംഗസ്വഭാവം നിർണ്ണയിക്കൽ പ്രായേണ ലളിതമാണു്.

സചേതനവും വ്യക്തമായ പുരുഷ-സ്ത്രീഭാവവുമുള്ളവ, ജഡമായതോ അചേതനമായതോ വിശേഷബുദ്ധിയോ വ്യക്തിത്വമോ ഇല്ലാത്തവ എന്നിങ്ങനെ തരം തിരിക്കാവുന്ന വാക്കുകൾ (അഥവാ അത്തരം സ്വഭാവമുള്ള അർത്ഥം പ്രതിനിധീകരിക്കുന്ന നാമപദങ്ങൾ) എന്ന പരിഗണനയിലൂടെയാണു് മലയാളത്തിൽ ലിംഗം നിർണ്ണയിക്കപ്പെടുന്നതു്.

  • പുല്ലിംഗം

ആൺജാതിയെ അല്ലെങ്കിൽ ആൺനാമത്തെ കുറിക്കുന്നതാണ്‌ പുല്ലിംഗം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഉദാ: പുരുഷൻ, രാമൻ, രാജാവ്, കാള, പോത്ത്, ആൺകിളി, പണിക്കാരൻ, തന്ത, മകൻ, കൊമ്പനാന...

  • സ്ത്രീലിംഗം

പെൺജാതിയെ അല്ലെങ്കിൽ പെൺനാമത്തെ അർത്ഥമാക്കുന്ന പദങ്ങളുടെ ലിംഗസ്വഭാവമാണു് സ്ത്രീലിംഗം. ഉദാ: സ്ത്രീ, രമ, രാജ്ഞി, പശു, എരുമ, വിവാഹിത, പെൺസിംഹം, സിംഹിണി, അമ്മായി, പിടിയാന തുടങ്ങിയവ.

  • നപുംസകലിംഗം

വ്യക്തമായ സചേതനഭാവം ഇല്ലാത്ത വസ്തുക്കളെയെല്ലാം മലയാളത്തിൽ നപുംസകമായാണു് കണക്കാക്കുന്നതു് (ന പും സ,കം - പുരുഷൻ എന്നോ സ്ത്രീയെന്നോ ഗണിക്കാൻ പറ്റാത്തതു്). ഉദാ: മേശ, ഭാരതം, കാക്ക, കന്നുകാലി, പൂച്ച, ആന

സാഹിത്യത്തിലും ആഖ്യാനത്തിലും മറ്റും ചില സാഹചര്യങ്ങളിൽ ജന്തുജീവികളിൽ തനതായ വ്യക്തിത്വമുള്ള ഒന്നിനെയോ അതിൽ കൂടുതലോ എണ്ണങ്ങളെ ലിംഗഭാവത്തിൽ പരിഗണിച്ചെന്നു വരും. ഇത്തരം പ്രയോഗങ്ങളിൽ അവയുടെ വ്യക്തിത്വമാണു് അവയ്ക്കു് ആ ലിംഗഭാവം കൈവരുത്തുന്നതു്. (ഉദാ: ജൂഡി എന്നായിരുന്നു എന്റെ പൂച്ചയുടെ പേരു്. തൂവെള്ളനിറമായിരുന്നു അവൾക്കു്.)

ആംഗലേയഭാഷകളിലും മറ്റും ചില ജാതി നാമരൂപങ്ങളെ ( ഉദാ: രാഷ്ട്രനാമങ്ങൾ, കപ്പലുകൾ തുടങ്ങിയവ സ്ത്രീലിംഗം) പ്രത്യേക ലിംഗരൂപത്തിൽ വിവക്ഷിക്കാറുണ്ടു്. എന്നാൽ മലയാളത്തിൽ അത്തരം ഇനങ്ങളെപ്പോലും നപുംസകമായാണു് പരിഗണിക്കുന്നതു്.

  • ഉഭയലിംഗം

മുകളിൽ സൂചിപ്പിച്ചതു കൂടാതെ, തനതായി പ്രത്യേക ലിംഗസ്വഭാവമുൺറ്റെങ്കിൽപ്പോലും അതു് പ്രയോഗത്തിൽ വ്യക്തമാകാത്ത അവസ്ഥ ചിലപ്പോൽ ഉണ്ടാകാം. ഇത്തരം വാക്കുകളാണു് ഉഭയലിംഗത്തിൽ പെടുന്നതു്. മലയാളത്തിലെ ഒട്ടേറെ സർവ്വനാമങ്ങളും (പ്രത്യേകിച്ച് മദ്ധ്യമ-ഉത്തമപുരുഷസർവ്വനാമങ്ങൾ) ഉഭയലിംഗികളാണു്. (ഉദാ: അവർ, ഞാൻ, നീ, ഞങ്ങൾ, നിങ്ങൾ...)


ലിംഗപരിവർത്തനം

തിരുത്തുക

പല വാക്കുകളുടേയും അന്ത്യമോ അന്ത്യപ്രത്യയമോ അവയുടെ ലിംഗസ്വഭാവം വെളിവാക്കും. ഇവയിൽ പ്രയോഗിക്കാവുന്ന നേരിയ രൂപഭേദത്തിലൂടെ ആ വാക്കുകളുടെ ലിംഗവും മാറ്റാവുന്നതാണു്. (ഉദാ: ച്ചി, ട്ടി, ഇ, ത്തി തുടങ്ങിയ പ്രത്യയങ്ങൾ ഉപയോഗിച്ച് ചില പുല്ലിംഗശബ്ദങ്ങളെ സ്ത്രീലിംഗമാക്കി മാറ്റാൻ കഴിയും.)

(ഉദാ: മടിയൻ - മടിച്ചി, ആശാൻ - ആശാട്ടി, കേമൻ - കേമി, പണിക്കൻ - പണിക്കത്തി.... തുടങ്ങിയവ)

കൂടാതെ പദങ്ങളുടെ ആദ്യം ആൺ, പെൺ തുടങ്ങിയ ലിംഗസ്വഭാവമുള്ള അധികപദങ്ങൾ ചേർത്തും ലിംഗഭേദം വരുത്താൻ കഴിയും.

(ഉദാ: ആൺകുട്ടി - പെൺകുട്ടി. ആൺകിളി - പെൺകിളി, കൊമ്പനാന - പിടിയാന... തുടങ്ങിയവ)

ഇതു രണ്ടും കൂടാതെ രണ്ടു ലിംഗങ്ങൾ പ്രത്യേകം പദങ്ങൾ ഉപയോഗിച്ച് പുല്ലിംഗവും സ്ത്രീലിംഗവുമാക്കിമാറ്റാൻ കഴിയും. പൂവൻ - പിട, പോത്ത് - എരുമ, രാജാവ് - രാജ്ഞി, കൊമ്പൻ - പിടി, നമ്പൂതിരി - അന്തർജ്ജനം എന്നിവ ഇത്തരത്തിൽ ഉപയോഗിക്കുന്ന പദങ്ങളാണ്‌.


"https://ml.wikipedia.org/w/index.php?title=ലിംഗം_(വ്യാകരണം)&oldid=2828705" എന്ന താളിൽനിന്ന് ശേഖരിച്ചത്