വീരകേരളവർമ്മ

(വീരകേരള വർമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കഥകളിയുടെ പരിഷ്കർത്താവായ വീരകേരളവർമ്മ (1766-1828) 1809 മുതൽ 1828 വരെ കൊച്ചിയുടെ രാജാവായിരുന്നു. ജ്യേഷ്ഠനായ രാമവർമ്മമഹാരാജാവിന്റെ മരണശേഷമാണ്‌ വീരകേരളവർമ്മ അധികാരത്തിലെത്തുന്നത്. വാതരോഗിയായിരുന്ന ഇദ്ദേഹം രാജ്യഭാരം സമർഥരായ മന്ത്രിമാരെ ഏൽപ്പിച്ച് ഗ്രന്ഥപാരായണത്തിനും കാവ്യരചനയ്ക്കും മറ്റുമായി സമയം ചെലവിടുകയായിരുന്നു. മധ്വന്റെ ദർശനത്തെയായിരുന്നു ഇദ്ദേഹം അവലംബിച്ചിരുന്നത്.[1]

Kearala Varma III
Maharaja

King of Cochin
ഭരണകാലം January 1809 — August 1828
കിരീടധാരണം 6 May 1809
മുൻഗാമി Rama Varma X
Rama Varma XI
രാജവംശം Cochin royal family
മതം Hinduism

ആട്ടക്കഥകൾ

തിരുത്തുക

നൂറോളം ആട്ടക്കഥകൾ വീരകേരളവർമ്മ രചിച്ചിട്ടുള്ളതായി പറയപ്പെടുന്നുണ്ടെങ്കിലും അമ്പതോളം കൃതികളേ തൃപ്പൂണിത്തുറ ഈടുവെപ്പിലുള്ളൂ എന്ന് ഉള്ളൂർ പറയുന്നു. കാവ്യഗുണം തീരെക്കുറവായതിനാൽ കേരളവർമ്മയുടെ ആട്ടക്കഥകൾ രംഗത്ത് അവതരിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പിൽക്കാലത്ത് ആരും മുതിർന്നില്ല. അദ്ദേഹത്തിന്റെ ആട്ടക്കഥകളിൽ ഒന്നുപോലും പ്രചാരത്തിലില്ല. ആട്ടക്കഥാരചന കേരളവർമ്മയുടെ ദിനചര്യയുടെ അനുപേക്ഷണീയഭാഗമായിരുന്നു.താൻ എഴുതിയ കഥ തന്റെ കളിയോഗത്തിലെ നടന്മാരെക്കൊണ്ട് ഉച്ചയ്ക്കുശേഷം ചൊല്ലിയാടിച്ച് രാത്രിയിൽ അഭിനയിച്ചുകണ്ടതിനുശേഷമേ രാജാവ് ഉറങ്ങിയിരുന്നുള്ളൂ. ഇതിനെക്കുറിച്ച് കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ ഇങ്ങനെയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത് :

വീരകേരളവർമ്മയുടെ ആട്ടക്കഥകൾ താഴെ കൊടുക്കുന്നു

കല്യാണസൌഗന്ധികം, ധ്രുവചരിതം, ഗജേന്ദ്രമോക്ഷം, സന്താനഗോപാലം, രാവണപരാജയം, ജരാസന്ധപരാജയം, നീലാസ്വയംവരം, സുദക്ഷിണവധം, രുക്മിണീസ്വയംവരം, പാരിജാതാപഹരണം, മിത്രവിന്ദാസ്വയംവരം, രേവതീസ്വയംവരം, ഭദ്രാസ്വയംവരം, കാളീസ്വയംവരം, ദുശ്ശാസനവധം, ദൂതവാക്യം, സുന്ദോപസുന്ദോപാഖ്യാനം, കിർമ്മീരവധം, ഭീമസേനദിഗ്വിജയം, ശ്രീകൃഷ്ണാവതാരം, അഷ്ടാക്ഷരമാഹാത്മ്യം, സാല്വവധം, രാസക്രീഡ, സീതാസ്വയംവരം, സുഗ്രീവാഭിഷേകം, സഗരോപാഖ്യാനം, നിവാതകവചവധം, അജാമിളമോക്ഷം, ഭാർഗ്ഗവാവതാരം, ബലരാമതീർഥയാത്ര, വാമനമാഹാത്മ്യം, താടകവധം, ശാകുന്തളകഥ, ദക്ഷയാഗം, കിരാതം, സുന്ദരീസ്വയംവരം, അംബരീഷചരിതം, വ്യാസാവതാരം, യാഗരക്ഷ, അഹല്യാമോക്ഷം, മുചുകുന്ദമോക്ഷം, പാഞ്ചാലീസ്വയംവരം, ദേവയാനീചരിതം, അമൃതമഥനം, സുഭദ്രാഹരണം, മധ്വവിജയം.

കോട്ടയത്തു തമ്പുരാന്റെ കിർമ്മീരവധം, നിവാതകവചവധം; അശ്വതിതിരുനാളിന്റെ രുക്മിണീസ്വയംവരം, അംബരീഷചരിതം ഇവ നിൽക്കെയായിരുന്നു വീരകേരളവർമ്മ ആ ഇതിവൃത്തങ്ങളെ ഉപജീവിച്ച് ആട്ടക്കഥകൾ എഴുതുന്നത്. നളകഥയെയും അഞ്ചുദിവസത്തെ കഥയാക്കി എഴുതിയിട്ടുണ്ട് ഇദ്ദേഹം.

സംസ്കൃതകാവ്യങ്ങൾ

തിരുത്തുക
  • പൂർണ്ണത്രയീശശതകം - കൊച്ചി രാജകുടുംബത്തിന്റെ കുലദൈവമായ പൂർണ്ണത്രയീശനെ സ്തുതിക്കുന്നു.
  • ദശാവതാരശ്ലോകമാല - മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ കീർത്തിക്കുന്നു. ഭാർഗവാവതാരം,ശ്രീരാമാവതാരം, ശ്രീകൃഷ്ണാവതാരം എന്നീ ഭാഗങ്ങളേ കിട്ടിയിട്ടുള്ളൂ.

മറ്റു രചനകൾ

തിരുത്തുക
  • കാശി സഞ്ചാരക്കുറിപ്പ് (ആംഗലേയം) [2]

കഥകളിയുടെ പരിഷ്കർത്താവ്

തിരുത്തുക

വളരെക്കാലം കഥകളിയുടെ പോഷകരായി വർത്തിച്ചവരാണ് കൊച്ചിരാജാക്കന്മാർ. രാമനാട്ടത്തിന്റെ അവതരണകാലം മുതൽ കൊച്ചിയിൽ കളരിയും കളിയോഗവുമുണ്ടായിരുന്നു.[3] ആട്ടക്കഥാരചനയിൽ പിമ്പിലാണെങ്കിലും കഥകളിയുടെ പുരസ്കർത്താവ് എന്ന നിലയിൽ കേരളവർമ്മയുടെ പ്രവർത്തനങ്ങൾ വിലപ്പെട്ടതാണ്. അരൂർ മാധവനടിരിതി, കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മുതുകുറിശ്ശി ഉണ്ണി, ഇടവട്ടിക്കാട്ട് അനുജൻ നമ്പൂതിരി, ആമ്പല്ലൂർ ഇലയിടത്ത് നാരായണൻ നമ്പൂതിരിപ്പാട്, ചേരനല്ലൂർ കൃഷ്ണൻ കർത്താവ് തുടങ്ങിയ കവികൾ അദ്ദേഹത്തിന്റെ ആശ്രിതന്മാരായിരുന്നു[1]. പണ്ഡിതനായ കപ്ലിങ്ങാട്ട് നമ്പൂതിരിയെ ക്ഷണിച്ചുവരുത്തി രാഘവപ്പിഷാരടിയുടെ രാവണോദ്ഭവത്തിനും കല്ലൂർ നമ്പൂതിരിപ്പാടിന്റെ ബാലിവിജയത്തിനും ആട്ടക്രമങ്ങൾ ഏർപ്പെടുത്തിയത് വീരകേരളവർമ്മയാണ്.[3] പണ്ഡിതന്മാരെ മുക്തഹസ്തമായുള്ള അഭീഷ്ടദാനംകൊണ്ട് അദ്ദേഹം അനുഗ്രഹിച്ചിരുന്നു.

  1. 1.0 1.1 ഉള്ളൂർ - കേരളസാഹിത്യചരിത്രം,വാല്യം 3
  2. വീരകേരളവർമ, കൊച്ചിമഹാരാജാവ്. കൊച്ചിരാജാവിന്റെ കപ്പൽയാത്ര. മാതൃഭൂമി. ISBN 978-81-8265-731-1. Archived from the original (യാത്രാ വിവരണം) on 2013 നവംബർ 22. Retrieved 2013 നവംബർ 22. {{cite book}}: Check date values in: |accessdate= and |archivedate= (help)
  3. 3.0 3.1 പ്രൊഫ.അയ്മനം കൃഷ്ണക്കൈമൾ - കഥകളിവിജ്ഞാനകോശം,സാ.പ്ര.സ.സ,1986;പു.738
"https://ml.wikipedia.org/w/index.php?title=വീരകേരളവർമ്മ&oldid=2414203" എന്ന താളിൽനിന്ന് ശേഖരിച്ചത്