അയ്മനം കൃഷ്ണക്കൈമൾ

ഗ്രന്ഥകാരൻ ( 1924-2007 )

മലയാള സാഹിത്യകാരനായിരുന്ന അയ്മനം കൃഷ്ണക്കൈമൾ 1924 ജൂലൈ 27-ന് കോട്ടയം നഗരത്തിനടുത്തുളള അയ്‌മനം ഗ്രാമത്തിൽ ജനിച്ചു. സംസ്‌കൃതഭാഷയും കഥകളിയാസ്വാദനവും അച്‌ഛനിൽനിന്നു തന്നെ ഇദ്ദേഹം പഠിച്ചുതുടങ്ങി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം 1944-ൽ മലയാളം സാഹിത്യവിശാരദ്‌, 1950-ൽ ഹിന്ദി രാഷ്‌ട്രഭാഷാ വിശാരദ്‌, 1955-ൽ കേരള യൂനിവെഴ്‌സിറ്റിയിൽ നിന്ന്‌ മലയാളം ബി.എ., 1958-ൽ എം.എ., 1960-ൽ ബി.എഡ്‌. എന്നീ ബിരുദങ്ങൾ നേടി. നിരൂപണങ്ങൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ, വൈജ്ഞാനികസാഹിത്യം, ജീവചരിത്രങ്ങൾ, ഓർമ്മക്കുറിപ്പ്‌, ആട്ടക്കഥ എന്നീ വിവിധ മേഖലകളിൽ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007 ഡിസംബർ 29-ന് നിര്യാതനായി. [1]

Born1924 ജൂലൈ 27
കോട്ടയം
Died2007 ഡിസംബർ 29
Nationality India
Citizenshipഇന്ത്യൻ
Spouseബി. സരോജിനിയമ്മ

വ്യക്തിജീവിതംതിരുത്തുക

ഇടമനഇല്ലത്ത്‌ ശ്രീധരശർമ്മയുടെയും മാളിയേക്കലായ വടക്കേടത്തു ഭവനത്തിൽ പാർവ്വതിക്കുഞ്ഞമ്മയുടെയും മകനാണ്. ബി. സരോജിനിയമ്മയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്.

ഔദ്യോഗികജീവിതംതിരുത്തുക

1948-ൽ അയ്‌മനം പി.ജോൺ മെമ്മോറിയൽ സ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1960 മുതൽ കോട്ടയം സി.എൻ.ഐ. ട്രെയിനിംഗ്‌ സ്‌കൂൾ അസിസ്‌റ്റന്റായി സേവനമനുഷ്‌ഠിച്ചു. 1962-ൽ പന്തളം എൻ.എസ്‌.എസ്‌. കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1977 മുതൽ ചങ്ങനാശ്ശേരി എൻ.എസ്‌.എസ്‌. കോളേജിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ പ്രൊഫസറായി സേവനമനുഷ്‌ഠിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സാംസ്‌കാരിക വകുപ്പു ഡയറക്‌ടർ, ക്ഷേത്രകലാപീഠം ഡയറക്‌ടർ, കേരളാ യൂണിവേഴ്‌സിറ്റിയുടെ സംസ്‌കൃതം ബോർഡ്‌ ഓഫ്‌ സ്‌റ്റഡീസ്‌ മെമ്പർ, കേരളാ യുണിവേഴ്‌സിറ്റി ഓറിയന്റൽ ഫാക്കൽറ്റി മെമ്പർ എന്നി നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ചിന്മയാമിഷൻ, കുടമാളൂർ കലാകേന്ദ്രം, കോട്ടയം കളിയരങ്ങ്‌, രഞ്ജിനി സംഗീതസഭ, മന്നം മെമ്മോറിയൽ ഓഫീസേഴ്സ് കൾച്ചറൽ ക്ലബ്ബ്‌ എന്നിങ്ങനെ കോട്ടയത്തും സമീപപ്രദേശങ്ങളിലുമുളള സാംസ്‌ക്കാരികസ്‌ഥാപനങ്ങളിൽ സജീവാംഗമായിരുന്നു. 1988 മുതൽ ദൂരദർശന്റെ വിദഗ്‌ദ്ധസമിതി അംഗമായിരുന്നു. കേരളകലാമണ്ഡലം ജനറൽ കൗൺസിൽ അംഗം, കേരള സാഹിത്യ അക്കാഡമി അംഗം എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1986-ൽ മൂന്നാം ലോകമലയാളസമ്മേളനം ജർമ്മനിയിൽ വച്ചു നടന്നപ്പോൾ കേരള സാംസ്‌ക്കാരിക വകുപ്പിന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്‌.

കൃതികൾതിരുത്തുക

നിരൂപണങ്ങൾ, പഠനങ്ങൾ, വ്യാഖ്യാനങ്ങൾ, വൈജ്ഞാനിക സാഹിത്യം , ജീവചരിത്രങ്ങൾ, ഓർമ്മക്കുറിപ്പ്‌, ആട്ടക്കഥ എന്നിങ്ങനെ വിവിധ ശാഖകളിൽപെട്ട മുപ്പത്തിയൊന്ന്‌ കൃതികൾ രചിച്ചിട്ടുണ്ട്‌. ആനുകാലികങ്ങൾ, സ്‌മരണികകൾ, സുവനീറുകൾ, ദിനപത്രങ്ങൾ എന്നിവകളിൽ ധാരാളം ലേഖനങ്ങൾ വേറെയും പ്രസിദ്ധീകൃതമായിട്ടുണ്ട്.

 • സംസ്‌ക്കാരമഞ്ജരി (ലേഖനസമാഹാരം - 1971)
 • എം.കെ.കെ നായർ -ജീവചരിത്രം [2]
 • കഥകളി വിജ്ഞാനകോശം [3]
 • ആദർശദീപങ്ങൾ [4]
 • ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകൾ [4]
 • കഥകളിപ്രഭാവം സാഹിത്യകൃതികളിൽ [4]
 • നളചരിതസന്ദേശം (പoനം)
 • ആട്ടക്കഥാസാഹിത്യം
 • അഷ്ടദളം ( 1977 )
 • അഷ്ടകലാശം( 1977 )
 • തുള്ളൽ ദൃശ്യവേദിയിൽ
 • ഡോക്ടർ ഫൗസ്റ്റ് (ആട്ടക്കഥ)( 1978 )
 • കഥകളിപ്രകാശിക (നാട്യശാസ്തപഠനം)
 • മൂന്നു പ്രാചീനകൃതികൾ

പുരസ്കാരങ്ങൾതിരുത്തുക

കേന്ദ്ര സർക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്‌, എം.കെ.കെ. നായർ പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2003-ൽ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്[5]

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

 1. http://malayalam.webdunia.com/newsworld/news/keralanews/0712/30/1071230004_1.htm
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
 4. 4.0 4.1 4.2 "കൂനമേര പബ്ലിക് ലൈബ്രറി". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-13.
 5. "കേരള സാഹിത്യ അക്കാദമി അവാർഡുകൾ". ശേഖരിച്ചത് 2021-02-20.
"https://ml.wikipedia.org/w/index.php?title=അയ്മനം_കൃഷ്ണക്കൈമൾ&oldid=3623531" എന്ന താളിൽനിന്ന് ശേഖരിച്ചത്