1881ൽ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച മാസികയാണ് വിദ്യാവിലാസിനി. ഇത് മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായി കണക്കാക്കപ്പെടുന്നു.[1][2] അന്നത്തെ തിരുവിതാങ്കൂർ മഹാരാജാവ് ശ്രീ വിശാഖം തിരുനാൾ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ദിവാൻ രാമയ്യങ്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതാരംഭിച്ചത്. മാസികയുടെ പ്രവർത്തനത്തിന് പതിനാല് അംഗങ്ങളുള്ള ഒരു സഭ വിദ്യാവിലാസിനി സഭ എന്ന പേരിൽ സ്ഥാപിച്ചിരുന്നു. മലയാളം പള്ളിക്കൂടങ്ങളുടെ അധ്യക്ഷനായിരുന്ന എസ്. രാമരായർ, എ. ശ്രീനിവാസ അയ്യങ്കാർ, സി. വി രാമൻപിള്ള, പി. ഗോവിന്ദപ്പിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവർ സഭയിലെ അംഗങ്ങളായിരുന്നു.

തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ച ആദ്യ വിദ്യാവിലാസിനിയുടെ കവർ

തിരുവനന്തപുരത്തുള്ള കേരളോദയം അച്ചുക്കൂടത്തിലാണ് ഇത് അച്ചടിച്ചത്. ഡിമൈ 1/8 വലിപ്പത്തിലുള്ള 20 പുറങ്ങളിൽ 4പോയന്റ് അക്ഷരത്തോടും ചിത്രങ്ങളോടും കൂടിയാണ് മാസിക പുറത്തറങ്ങിയത്. ഇതിന്റെ ആദ്യ പതിപ്പ് ഏതാണ്ട് 1300 പ്രതികൾ അച്ചടിച്ചിരുന്നു. വളരെ ചുരുങ്ങിയ കാലം മാത്രമേ മാസിക പുറത്തിറങ്ങിയുള്ളുവെങ്കിലും മലയാള സാഹിത്യത്തിന് അത് നല്കിയ സംഭാവനകൾ സിസ്തുലമാണ്.

ശ്രീ വിശാഖം തിരുനാളും കേരളവർമ്മ വലിയകോയിത്തമ്പുരാനും പേരുവയ്ക്കാതെ ഒട്ടേറെ ലേഖനങ്ങൾ വിദ്യാവിലാസിനിയിൽ എഴുതിയിരുന്നു. ശ്രീ വലിയകോയിത്തമ്പുരാന്റെ ‘ശാകുന്തളം’ പരിഭാഷ ഖണ്ഡശ പ്രസിദ്ധീകരിച്ചത് വിദ്യാവിലാസിനിയിലാണ്. ഒരു കേരളീയൻ എന്ന തൂലികാനാമത്തിൽ മാസികയുടെ മൂന്നാം ലക്കം മുതലാണ് 14 ലക്കങ്ങളിലായി ശാകുന്തള പരിഭാഷ (കേരളീയഭാഷാശാകുന്തളം) പ്രസിദ്ധീകരിച്ചത്. വെളുത്തേരി കേശവൻ വൈദ്യരുടെകുവലയാനന്ദം’ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചതും നിലമ്പൂർ മാനവിക്രമൻ രാജയുടെ ‘ഉത്തരരാമായണം’ കേരളീയർക്ക് പരിചയപ്പെടുത്തിയതും വിദ്യാവിലാസിനിയാണ്. കൂടാതെ പി. ഗോവിന്ദപിള്ളയുടെ 'ഭാഷാചരിത്രം', വെളുത്തേരി കേശവൻ വൈദ്യരുടെതന്നെ ‘ഹിതോപദേശം തർജുമ’, 'അർത്ഥാലങ്കാര മണിപ്രവാളം' എന്നീ കൃതികളും പെരുന്നെല്ലി കൃഷ്ണൻ വൈദ്യരുടെ 'മഹിഷമംഗലം ഭാണം' (വിവർത്തനം) തുടങ്ങിയവയും വിദ്യാവിലാസിനിയിലൂടെ വെളിച്ചം കണ്ടവയാണ്. സി.വി രാമൻപിള്ളയുടെയും ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെയും രചനകൾ വിദ്യാവിലാസിനിയിൽ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യാവിലാസിനി എന്ന നാമത്തിൽ മൂന്നു പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേത് തിരുവനന്തപുരത്തു നിന്നും രണ്ടാമത്തേത് കൊല്ലം കരുവയിൽ നിന്നും പ്രസിദ്ധപ്പെടുത്തി. രണ്ടാം വിദ്യാവിലാസിനി അധികം നാൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. 1077കന്നി മാസം മുതൽ കൊല്ലത്തു നിന്നും മൂന്നാമതായി വിദ്യാവിലാസിനി പ്രസിദ്ധപ്പെടുത്തി. [3]

ആദ്യ വിദ്യാ വിലാസിനി

തിരുത്തുക

പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം, വലിയകോയിത്തമ്പുരാന്റെ ശാകുന്തളവിവർത്തനം, വെളുത്തേരിയുടെ അലകാരമണിപ്രവാളം, മഹച്ചരിതസംഗ്രഹത്തിൽ വിശാഖം തിരുനാൾ എഴുതിയ ജീവചരിത്രങ്ങൾ, നിലമ്പൂർ മാനവവിക്രം ഇളയരാജാവിന്റെ ഉത്തരരാമചരിതം ഗദ്യനാടകം തുടങ്ങിയ കൃതികൾ ആദ്യം പ്രസിദ്ധീകൃതമായത് ആദ്യ വിദ്യാവിലാസിനീ ലക്കങ്ങളിലാണ്. മലയാളഭാഷയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ശക്തവും യുക്തവുമായ സേവനം നിർവ്വഹിച്ച ഈ പ്രസിദ്ധീകരണം അല്പകാലത്തിനകം നിലച്ചു.

രണ്ടാം വിദ്യാവിലാസിനി

തിരുത്തുക
 
കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ച രണ്ടാം വിദ്യവിലാസിനിയുടെ കവർ

കൊല്ലം കരുവ എം. കൃഷ്ണനാശാനായിരുന്നു രണ്ടാമത് പ്രസിദ്ധീകരിച്ച വിദ്യാ വിലാസിനിയുടെ പുറകിൽ പ്രവർത്തിച്ചത്. ഉള്ളൂരിനെ പത്രാധിപരായി ക്ഷണിച്ചുവെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. സ്വീകരിച്ചില്ലെങ്കിലും തിരുവനന്തപുരത്തിരുന്നുകൊണ്ട് കൃഷ്ണനാശാനു ലേഖനസഹായം ചെയ്തുകൊണ്ടിരുന്നു. ചന്തിരഴികത്തു എസ്. പത്മനാഭനാശാനായിരുന്നു രണ്ടാം വിദ്യാവിലാസിനിയുടെ മാനേജർ. മാസികയുടെ പ്രവർത്തനസ്വഭാവത്തെപ്പറ്റി ആദ്യ ലക്കത്തിലെ പ്രസ്താവനയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു. 'വിദ്യാവിലാസിനി മതസംബന്ധമായിട്ടു തന്നെ 'ഇരിക്കണമെന്നുദ്ദേശിക്കുന്നില്ല. അതിന്റെ നാമത്തെ യഥാർത്ഥീകരിക്കുവാൻ കഴിയുന്ന ശ്രമം ചെയ്യുന്നതാണു്. മുഖ്യമായും ആര്യമതത്തേയും വിദ്യാഭ്യാസത്തേയും പറി യുള്ള പ്രസംഗങ്ങളെ ഇതിൽ ചേർക്കുന്നതാകുന്നു.'

ഒന്നാം ലക്കത്തിൽ ഏഴു ലേഖനവും മൂന്നു കവിതയുമുണ്ട്. വേദം, അദ്വൈതസിദ്ധാന്തസംഗ്രഹം, ആത്മാവിന്റെ അസ്വതന്ത്രത, ന്യായമതശോധന എന്നിവയാണു ലേഖനങ്ങളിൽ മുഖ്യമായവ. വിളയത്തു കൃഷ്ണനാശാനാണ് ന്യായമതശോധന എന്ന പ്രബന്ധത്തിന്റെ രചയിതാവു്, നിജാനന്ദാനുഭൂതി, കുമാര കരുണാമൃതം ഇവയാണു കവിതകളിൽ പ്രധാനപ്പെട്ടത്. ആ രണ്ടു കവിതയും കാ യിക്കര എൻ. കുമാരു ആശാന്റേതാണു കുമാരനാശാന്റെ ആദ്യകാലകൃതികളായ കാമിനീ ഗ്രഹണം, നിജാനന്ദാനുഭൂതി, ശിവസുരഭി മുതലായവയെല്ലാം വിദ്യാവിലാസിനിയിലൂടെയാണ് ആദ്യം പ്രകാശനം ചെയ്തത്. ശ്രീ നാരായണ ഗുരുവിന്റെ ചില കവിതകളും ശ്ലോകങ്ങളും ആ മാസികയിലൂടെ പുറത്തു വന്നിട്ടുണ്ട്.

ശ്രീ നാരായണ ഗുരുവും ആശാനും മാത്രം പങ്കെടുത്ത ഒരു സമസ്യാപൂരണവും വിദ്യാവിലാസിനിയിൽ (1073 മേടം, പു: 1, ല: 8) വന്നു. ഉപദേശമോർക്കിലിതുപോലെയാം എന്നതാണ്‌ സമസ്യ. ഗുരുദേവന്റെ പൂരണം ഇതാണ്. [4]

കാലദേശകനകങ്ങൾ വിസ്മൃതി കരസ്ഥമാക്കുമതുപോലെയ-
പ്പാലെടുത്തു പരുകും ഖഗം ബകമെതിർത്തു ശുക്തിയതുപോലെ താൻ
വേല ചെയ്തുലയിൽ വച്ചുരുക്കിയൊരിരുമ്പിലൊറ്റിയ ജലം വിയ-
ജ്ജ്വാലയിൽ പണമറിഞ്ഞു കൊള്ളുമുപദേശമോർക്കിലിതുപോലെയാം.

അനവധി ഒറ്റ ശ്ലോകങ്ങളും ചില സമസ്യാപൂരണങ്ങളും ഈ മാസികയിൽ കുമാരനാശാൻ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ആശാന്റെ ഒറ്റപ്പദ്യമെങ്കിലും ഉൾപ്പെടാത്ത ഒരു ലക്കവും ഇറങ്ങിയുമില്ല. ആശാന്റെ കവിതകൾ ആദ്യമായി അവതരിപ്പിച്ചു അദ്ദേഹത്തെ പരിചയപ്പെടുത്തിയ ഒററക്കാരണത്താൽത്തന്നെ ഈ മാസിക നിത്യസ്മരണീയമായി വർത്തിക്കും, എന്ന് ജി. പ്രിയദർശൻ മാസികാ പഠനങ്ങൾ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒറ്റ വാല്യമായി ബയന്റ് ചെയ്ത് ശ്രീ ചിത്തിരത്തിരുന്നാൾ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് പ്രിയദർശൻ 1974 ൽ പറയുന്നുണ്ടെങ്കിലും നിലവിൽ പുസ്തകം ഗ്രന്ഥശാലയിൽ ലഭ്യമല്ല.

സി. വി. കുഞ്ഞുരാമനായിരുന്നു വിദ്യാവിലാസിനിയിലെ മറെറാരു പ്രധാന എഴുത്തുകാരൻ, ഭക്തി, സ്വാതന്ത്ര്യം എന്നീ ശീലങ്ങളിൽ സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളുടെ പരിഭാഷ ഇടവിടാ തെ സി. വി. എഴുതികൊണ്ടിരുന്നു.

വ്യത്യസ്ത വിദ്യാവിലാസിനി മാസികകൾ

തിരുത്തുക
വിദ്യാവിലാസിനി മാസികകൾ
മാസികയുടെ പേര് നേതൃത്ത്വം / പത്രാധിപർ പ്രസിദ്ധീകരണ വർഷവും അച്ചുകൂടവും സ്ഥലം മാസികയുമായി ബന്ധപ്പെട്ട പ്രമുഖർ
വിദ്യാവിലാസിനി തിരുവിതാങ്കൂർ മഹാരാജാവ് ശ്രീ വിശാഖം തിരുനാൾ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ദിവാൻ രാമയ്യങ്കാർ 1056 മീനം/കേരളോദയം തിരുവനന്തപുരം ഇലന്തൂർ രാമശാസ്ത്രികൾ, പി. രാമക്കുറുപ്പ്, ചിദംബരവാധ്യാർ, ടി. ഗണപതിശാസ്ത്രികൾ, വെളുത്തേരി, പെരുന്നെല്ലി, സി. കൃഷ്ണപിള്ള, സി. വി. രാമൻപിള്ള, എ. ആർ. രാജരാജവർമ്മ, പേട്ടയിൽ രാമൻ പിള്ള ആശാൻ, നിലമ്പൂർ മാനവിക്രമ ഇളയരാജാ, ജി. രാമൻ മേനോൻ
വിദ്യാവിലാസിനി വിളയത്തു കൃഷ്ണനാശാൻ 1071 /രാജരാജവിലാസം അച്ചുക്കൂടം കരുവ, കൊല്ലം കരുവ എം. കൃഷ്ണനാശാൻ, കുമാരനാശാൻ, ഉള്ളൂർ
വിദ്യാവിലാസിനി നന്ത്യാരു വീട്ടിൽ പരമേശ്വരൻ പിള്ള, കെ. രാമകൃഷ്ണപിള്ള 1073 കന്നി /രാജരാജവിലാസം അച്ചുക്കൂടം കരുവ, കൊല്ലം കരുവ എം. കൃഷ്ണനാശാൻ, കുമാരനാശാൻ
  1. വിശ്വസാഹിത്യവിജ്ഞാനകോശം. വിദ്യാവിലാസിനി. കേരളസംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. p. 668.
  2. പ്രൊഫസ്സർ, ജി.രാജശേഖരൻ നായർ (2014-09-21). "മലയാളഗദ്യത്തിന്റെ പിതാവ്". ദേശാഭിമാനി. Archived from the original on 2015-12-25. Retrieved 2015-12-25.{{cite news}}: CS1 maint: bot: original URL status unknown (link)
  3. ജി. പ്രിയദർശൻ (1974). മാസികാ പഠനങ്ങൾ. കോട്ടയം. pp. 23–34.{{cite book}}: CS1 maint: location missing publisher (link)
  4. https://ml.wikisource.org/w/index.php?title=%E0%B4%92%E0%B4%B0%E0%B5%81_%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B5%82%E0%B4%B0%E0%B4%A3%E0%B4%82&action=edit
"https://ml.wikipedia.org/w/index.php?title=വിദ്യാവിലാസിനി&oldid=4146314" എന്ന താളിൽനിന്ന് ശേഖരിച്ചത്