സംസ്കൃത പണ്ഡിതനും മികച്ച പ്രസംഗകനും ചികിത്സകനുമായിരുന്നു കരുവ എം. കൃഷ്ണനാശാൻ. പരമതഖണ്ഡനശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനും കോയമ്പത്തൂർ വെങ്കിടഗിരിശാസ്ത്രികളുടേയും ചട്ടമ്പിസ്വാമികളടേയും നാരായണഗുരുസ്വാമികളുടേയും അടുത്ത അനുയായിയായിരുന്നു. ശ്രീമൂലം പ്രജാ സഭയിൽ അംഗമായിരുന്നു.[1]

കരുവ എം കൃഷ്ണനാശാൻ

ജീവിതരേഖ തിരുത്തുക

1043-ാമാണ്ടു കുംഭമാസം 9-ാം൹ (17 ഫെബ്രുവരി 1863)കൊല്ലത്തു് ഏറത്തു വീട്ടിൽ ജനിച്ചു. മാധവനാശാനായിരുന്നു അച്ഛൻ. വെളുത്തേരിൽ കേശവൻവൈദ്യൻ, ആറ്റുപുറത്തു് ഇമ്പിച്ചൻ ഗുരുക്കൾ, കൊല്ലത്തു് അധ്യാപകന്മാരായിരുന്ന സുബ്രഹ്മണ്യശാസ്ത്രികൾ, ആപദുദ്ധാരണശാസ്ത്രികൾ ഇവരായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ. മതഖണ്ഡന ശാസ്ത്രികളിൽ നിന്ന് ഹിന്ദു മത തത്വങ്ങൾ പഠിച്ചു. ആശാന്റെ ആവശ്യ പ്രകാരമാണ് ചട്ടമ്പി സ്വാമികൾ ക്രിസ്തുമതനിരൂപണം എന്ന ഗ്രന്ഥം എഴുതുന്നത്. തുടർന്ന് കാളിയാങ്കൽ നീലകണ്ഠ പിള്ളയുമായി ചേർന്ന് കേരളമൊട്ടുക്ക് അതിലെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഹിന്ദു മതത്തെക്കുറിച്ച് കൃസ്ത്യൻ മിഷിണറിമാർ പുറപ്പെടുവിച്ചിരുന്ന ആശയങ്ങൾക്ക് ഉചിതമായ ഉത്തരങ്ങൾ നൽകി. മതപരിവർത്തനം തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചു.[2]

കേരളവർമ്മ വിദ്യാ മന്ദിരം എന്നൊരു സംസ്കൃതവിദ്യാലയവും രാജരാജവിലാസം അച്ചുക്കൂടവും കരുവായിൽ സ്ഥാപിച്ചു. വിദ്യാവിലാസിനി എന്ന പേരിൽ ഒരു മാസിക 1073-ാമാണ്ടു മേടമാസം മുതൽ കുറേക്കാലം സ്യാലനായ കൊല്ലം പെരിനാട്ടു ചന്തിരഴികത്തു് എസ്. പത്മനാഭനാശാന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സദസ്സുകളിൽ പ്രഭാഷകൻ എന്ന നിലയിൽ വിഖ്യാതി നേടി. 1111-ാമാണ്ടു വൃശ്ചികമാസം 17-ാം൹ (03 നവംബർ 1935) മരിച്ചു.

കൊല്ലം മുണ്ടയ്ക്കൽ വലിയവീട്ടിൽ കൊച്ചുണ്ണിയായിരുന്നു ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ മരണാനന്തരം 1083-ൽ ചവറ തെക്കുംഭാഗത്തു പൈന്തൊടി തെക്കേതിൽ പുത്തൻമഠത്തിൽ കെ. കൊച്ചുപെണ്ണിനെ വിവാഹം കഴിച്ചു


കൃതികൾ തിരുത്തുക

ആശാൻ സാഹിത്യസംബന്ധമായും മതപരമായും ആയുർവ്വേദവിഷയകമായും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ശാകുന്തളത്തിനു് അദ്ദേഹം രചിച്ചിട്ടുള്ള തർജ്ജമയിൽനിന്നു് ഒരു ശ്ലോകം ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ഉദ്ധരിക്കുന്നുണ്ട്.

“തണ്ടാരിന്നഴകല്ലയോ ചുഴലവും ചേരും കരിമ്പായലും?
കണ്ടാലെന്തു ഹിമാംശുവിന്നുമഴകാണല്ലോ കറുത്തങ്കവും?
വണ്ടാർവേണിയിവൾക്കുമേറ്റമഴകാണീ വല്ക്കലം പോലുമേ;
കൊണ്ടാടേണ്ടുമൊരാകൃതിക്കഴകിനായ്ത്തീരാത്തതെന്തോന്നുതാൻ?”

മതപരങ്ങളായ പുസ്തകങ്ങൾ ഉപന്യാസരൂപത്തിലുള്ളവയും അന്യമതസിദ്ധാന്തങ്ങളെ ഖണ്ഡിക്കുവാൻ ശ്രമിക്കുന്നവയുമായ ചെറിയ കൃതികളാണു്.[3]

  • ചാരുചര്യാശതകം
  • ക്രിസ്ത്യക്ഷകലാനലം
  • ക്രിസ്തുമതമർദ്ദനം
  • മുഖരമഉകമുദ്രണം
  • മതാഭാസദർശനം
  • വിജയധ്വജം (ഉപന്യാസം)
  • ആര്യജയഭേരി (ഉപന്യാസം)
  • ശാകുന്തളം തർജ്ജമ
  • അർക്കുപ്രകാശം (വൈദ്യഗ്രന്ഥ തർജ്ജമ)
  • ചികിത്സാക്രമകല്പവല്ലി (വൈദ്യഗ്രന്ഥ തർജ്ജമ)
  • വൈദ്യമനോരമ (വൈദ്യഗ്രന്ഥ തർജ്ജമ)[4]

അവലംബം തിരുത്തുക

  1. കരുവാ കൃഷ്ണനാശാൻ. വർക്കല: കലാപൂർണ്ണാ പബ്ളിക്കേഷൻസ്. 2019. p. 11. ISBN 9780000117823. {{cite book}}: |first= missing |last= (help)
  2. R. Raman Nair, L. Sulochana Devi (2016). Chattampi Swamikal: Oru Dhaishanika Jeevacharithram. Trivandrum: Centre for south Indian studies Trivandrum. p. 560. ISBN 978-93-83763-31-3.
  3. {{Cite book|title=കരുവാ കൃഷ്ണനാശാൻ|first=എ. ആനന്ദവല്ലി|publisher=കലാപൂർണ്ണാ പബ്ളിക്കേഷൻസ്|year=2019|isbn=9780000117823|location=വർക്കല|pages=150}
  4. http://ax.sayahna.org/ulloor/ulloor-5-57.html
"https://ml.wikipedia.org/w/index.php?title=കരുവ_എം._കൃഷ്ണനാശാൻ&oldid=4069122" എന്ന താളിൽനിന്ന് ശേഖരിച്ചത്