കുവലയാനന്ദം
അപ്പയ്യദീക്ഷിതർ രചിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് കുവലയാനന്ദം. വിജയനഗര സാമ്രാജ്യാധിപനായ വേങ്കടപതിയുടെ ആസ്ഥാനപണ്ഡിതനായിരുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ആജ്ഞാനുസരണമാണ് ദീക്ഷിതർ കുവലയാനന്ദം രചിച്ചത്. ആദ്യകാലം മുതല്ക്കുതന്നെ കേരളത്തിൽ കുവലയാനന്ദത്തിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു. സംസ്കൃത പഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠ്യഗ്രന്ഥമായിരുന്നു കുവലയാനന്ദം. ഭാഷാഭൂഷണത്തിൽ കുവലയാനന്ദത്തിൽ നിന്നുള്ള ഒട്ടേറെ ഉദാഹരണങ്ങൾ എ. ആർ രാജരാജവർമ തർജ്ജമചെയ്ത് ചേർത്തിട്ടുണ്ട്.
കുവലയാനന്ദത്തെ ഉപജീവിച്ചുകൊണ്ട് മലയാളത്തിൽ രചിക്കപ്പെട്ട കൃതിയാണ് അലങ്കാരകൗസ്തുഭം. കാർത്തിക തിരുനാൾ രാമവർമ മഹാരാജാവിന്റെ ആസ്ഥാന പണ്ഡിതന്മാരിൽ ഒരാളായ കല്യാണസുബ്രഹ്മണ്യസൂരിയാണ് ഇത് രചിച്ചത്. ഈ കൃതിയ്ക്ക് (വലിയ) രാമപ്പിഷാരടി ഒരു വ്യാഖ്യാനം നിർമ്മിച്ചിട്ടുണ്ട്.[1]
മലയാള വിവർത്തനങ്ങൾ
തിരുത്തുകകുവലയാനന്ദത്തിന് മലയാളത്തിൽ മികച്ച വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.
- വെളുത്തേരിൽ കേശവൻ വൈദ്യർ രചിച്ച അർത്ഥാലങ്കാരം എന്നകുവലയാനന്ദതർജമ 1881 ൽ വിദ്യാവിലാസിനിയിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ കൃതിയുടെ രചനാവൈശിഷ്ട്യത്തെ അഭിനന്ദിച്ചുകൊണ്ട് വിശാഖം തിരുനാൾ രാമവർമ മഹാരാജാവ് വെളുത്തേരിക്ക് വീരശൃംഖല സമ്മാനിക്കുകയുണ്ടായി.
- സി. വി വാസുദേവൻ ഭട്ടതിരി രചിച്ച കുവലയാന്ദതർജമ 1974ൽ ആണ് പ്രസിദ്ധീകരിച്ചത്.
അവലംബം
തിരുത്തുക- ↑ ചെങ്ങാരപ്പള്ളി നാരായണൻപോറ്റി (1987). മലയാളസാഹിത്യസർവസ്വം (1 ed.). കേരളസാഹിത്യ അക്കാദമി. p. 303.