വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഡിസംബർ 2020
<< | ഡിസംബർ 2020 | >> |
---|
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു കുഞ്ഞു പൂമ്പാറ്റയാണ് ഫ്രെയേറിയ പുത്ലി. ഈസ്റ്റേൺ ഗ്രാസ് ജുവൽ അല്ലെങ്കിൽ സ്മാൾ ഗ്രാസ് ജുവൽ എന്നും അറിയപ്പെടുന്നു. പെൺശലഭങ്ങൾ ആൺശലഭങ്ങളെക്കാൾ അല്പം വലുപ്പമേറിയവയാണ്. പിൻചിറകിൽ ഓരത്തായി കാണപ്പെടുന്ന വൃത്താകൃതിയിലുള്ള കറുത്ത പാടുകളുടെ നിരയാണ് ഇതിന്റെ ഏറ്റവും സവിശേഷമായ സവിശേഷത.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ
പീത-ശ്വേത ചിത്രശലഭകുടുംബത്തിൽപ്പെട്ട പൂമ്പാറ്റയാണ് ആൽബട്രോസ് ശലഭം. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യ ഇനമായ ഇത് പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ള ഇവയുടെ ലാർവകളുടെ തലയ്ക്ക് മഞ്ഞനിറമാണ്. മഞ്ഞ നിറമുള്ള പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്.
ഛായാഗ്രഹണം: ഷിനോ ജേക്കബ്
നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാട്. കേരളത്തിൽ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കിയുള്ളതാണ്. ഐ.യു.സി.എന്നിന്റെ റെഡ് ഡാറ്റാ ലിസ്റ്റിലും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഉൾപ്പെടുത്തിയിരിക്കുന്ന ഇവ വംശനാശം നേരിടുന്നു. ആട്ടിൻ കുടുംബത്തിൽ കേരളത്തിലെ കാടുകളിലുള്ള ഏക ഇനമായതിനാൽ വരയാടുകളെ കാട്ടാട് എന്നും വിളിക്കാറുണ്ട്.
ഛായാഗ്രഹണം: അഭിലാഷ് രാമൻ