ലോനപ്പൻ നമ്പാടൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒരു രാഷ്ട്രീയ പ്രവർത്തകനും അധ്യാപകനുമായിരുന്നു ലോനപ്പൻ നമ്പാടൻ (13 നവംബർ 1935 - 5 ജൂൺ 2013). 1965 മുതൽ ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുതവണ സംസ്ഥാനമന്ത്രിയായിരുന്നു. 2004-ൽ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കർഷകൻ, നാടകനടൻ എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്.[2]

ലോനപ്പൻ നമ്പാടൻ
ലോനപ്പൻ നമ്പാടൻ
ഗതാഗതവകുപ്പ് മന്ത്രി, കേരളനിയമസഭ [1]
ഓഫീസിൽ
25-ജനുവരി-1980 [1] – 20-ഒക്ടോബർ-1981 [1]
ഹൗസിങ് മന്ത്രി, കേരളനിയമസഭ[1]
ഓഫീസിൽ
02-ഏപ്രിൽ-1987[1] – 17-ജൂൺ-1991[1]
വ്യക്തിഗത വിവരങ്ങൾ
ജനനം(1935-11-13)നവംബർ 13, 1935
മരണംജൂൺ 5, 2013(2013-06-05) (പ്രായം 77)
ദേശീയത ഇന്ത്യ
ജോലിരാഷ്ട്രീയ പ്രവർത്തകനും അധ്യാപകനും
അറിയപ്പെടുന്നത്രണ്ടുതവണ സംസ്ഥാന മന്ത്രിയും ആറുതവണ നിയമസഭാഗവും ഒരുതവണ എംപിയുമായിരുന്നു

ജീവിതരേഖ തിരുത്തുക

തൃശൂർ ജില്ലയിൽ ചാലക്കുടിക്കടുത്ത് പേരാമ്പ്ര മാളിയേക്കൽ നമ്പാടൻ വീട്ടിൽ കുരിയപ്പന്റെയും പ്ലമേനയുടെയും ഏകമകനായി ജനനം. രണ്ടാം വയസ്സിൽ പിതാവ് മരിച്ചു.[3] പേരാമ്പ്രയിലും കൊടകരയിലും സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം രാമവർമ്മപുരത്ത് നിന്ന് ടി.ടി.സി. പാസ്സായ ലോനപ്പൻ നമ്പാടൻ ആനന്ദപുരം ശ്രീകൃഷ്ണ യു.പി.എസ്സിലും തുടർന്ന് പേരാമ്പ്ര സെന്റ്.ആന്റണീസ് സ്കൂളിലും അധ്യാപകനായി.

രാഷ്ട്രീയജീവിതം തിരുത്തുക

5 മുതൽ 10 വരെയുള്ള കേരള നിയമസഭകളിൽ അംഗമായിരുന്നു ലോനപ്പൻ നമ്പാടൻ.[1]കൊടകര, ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങളിൽ നിന്നാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

1963-ൽ കൊടകര പഞ്ചായത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചു ജയിച്ചാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. തൊട്ടടുത്ത വർഷം കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ അതിൽ ചേർന്നു. 1965-ൽ കൊടകര നിയോജക മണ്ഡലത്തിൽനിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1977-ൽ കൊടകരയിൽ നിന്ന് തന്നെ ജയിച്ചു ആദ്യമായി നിയമസഭയിലെത്തി. 1980-ൽ രണ്ടാം തവണയും ജയിച്ചു. ഇത്തവണ ഇ.കെ. നായനാർ മന്ത്രിസഭയിലെ ഗതാഗത വകുപ്പു മന്ത്രിയായി. എന്നാൽ 1981-ൽ കേരള കോൺഗ്രസ് ഇടതു മുന്നണിയിൽ നിന്നു പിന്മാറിയതിനെ തുടർന്ന് നായനാർ സർക്കാർ നിലംപതിച്ചു. 1981 ഡിസംബറിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നു. ഭരണപ്രതിപക്ഷങ്ങൾക്കു തുല്യ അംഗബലമുണ്ടായിരുന്ന നിയമസഭയിൽ 1982 മാർച്ച് 15 ന് ലോനപ്പൻ നമ്പാടൻ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ നിലനിന്ന സർക്കാർ നിലം പൊത്താൻ ഇതു കാരണമായി.

അതിനുശേഷം കേരളാ കോൺഗ്രസ്സിൽ നിന്ന് പിണങ്ങിപ്പിരിഞ്ഞ ഇദ്ദേഹം ഇടത് സ്വതന്ത്രനായി ഇരിങ്ങാലക്കുടയിൽ നിന്ന് നാല് തവണ ജയിച്ച് നിയമസഭയിലെത്തി. 1982-ൽ കോൺഗ്രസിലെ ജോസ് താന്നിക്കലിനെയും 1987-ൽ എ.സി.പോളിനെയും 1991-ൽ എ.എൽ. സെബാസ്റ്റ്യനെയും 1996-ൽ കേരളാ കോൺഗ്രസ് (എം)​ലെ തോമസ് ഉണ്ണിയാടനെയുമാണ് പരാജയപ്പെടുത്തിയത്. ഇതിൽ 1987 മുതൽ 1991 വരെയുള്ള കാലത്ത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭവന നിർമ്മാണ വകുപ്പു മന്ത്രിയായി പ്രവർത്തിച്ചു. 2001-ൽ കൊടകരയിൽ മത്സരിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. വിശ്വനാഥനോടു പരാജയപ്പെട്ടു. 2004-ൽ മുകുന്ദപുരത്തു നിന്ന് സി.പി.ഐ.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഇദ്ദേഹം പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി.

രാഷ്ട്രീയത്തിനൊപ്പം കലാപ്രവർത്തനങ്ങളിലും തത്പരനായിരുന്ന നമ്പാടൻ 25-ഓളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അശ്വത്ഥാമാവ് ഉൾപ്പെടെ മൂന്നു സിനിമകളിലും നാരായണീയം എന്ന ടെലിഫിലിമിലും അഭിനയിച്ചു.

ദീർഘകാലമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന നമ്പാടൻ 2013 ജൂൺ 5-ആം തിയതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 മുകുന്ദപുരം ലോകസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സി.പി.എം., എൽ.ഡി.എഫ്. പത്മജ വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 കൊടകര നിയമസഭാമണ്ഡലം കെ.പി. വിശ്വനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ലോനപ്പൻ നമ്പാടൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1991 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എ.എൽ. സെബാസ്റ്റ്യൻ കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1987 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് എം.സി. പോൾ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1982 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് ജോസ് താനിക്കൽ സ്വതന്ത്ര സ്ഥാനാർത്ഥി
1980 കൊടകര നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ കേരള കോൺഗ്രസ് വി.എൽ. ലോനപ്പൻ കോൺഗ്രസ് (ഐ.)
1977 കൊടകര നിയമസഭാമണ്ഡലം ലോനപ്പൻ നമ്പാടൻ കേരള കോൺഗ്രസ് ടി.പി. സീതരാമൻ ബി.എൽ.ഡി

കുടുംബം തിരുത്തുക

സ്കൂൾ അധ്യാപികയായിരുന്ന ആനിയാണ് ഭാര്യ. സ്റ്റീഫൻ, ഷേർലി, ഷീല എന്നിവരാണ് മക്കൾ.

കൃതികൾ തിരുത്തുക

  • സഞ്ചരിക്കുന്ന വിശ്വാസി (2011), ആത്മകഥ
  • നമ്പാടന്റെ നമ്പരുകൾ

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Lonappan Nambadan". niyamasabha.org. Archived from the original on 2013-06-05. Retrieved 2013 ജൂൺ 5. {{cite web}}: Check date values in: |accessdate= (help)
  2. "ലോനപ്പൻ നമ്പാടൻ അന്തരിച്ചു". മാതൃഭൂമി. ജൂൺ 5, 2013. Archived from the original on 2013-06-06. Retrieved ജൂൺ 5, 2013.
  3. "അപൂർവ്വതകളുടെ നമ്പാടചരിത്രം". ദീപിക. ജൂൺ 6, 2013. Retrieved ജൂൺ 6, 2013.
  4. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ലോനപ്പൻ_നമ്പാടൻ&oldid=4071370" എന്ന താളിൽനിന്ന് ശേഖരിച്ചത്