ലുഡ്‌വിഗ് വിറ്റ്ജൻസ്റ്റൈൻ

(ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുക്തിശാസ്ത്രം, ഗണിതശാസ്ത്രദർശനം, മനസ്സിന്റെ ദർശനം, ഭാഷാദർശനം എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ നൽകിയ ഓസ്ട്രിയൻ‍-ബ്രിട്ടീഷ് ദാർശനികനായിരുന്നു ലുഡ്‌വിഗ് ജോസെഫ് ജൊഹാൻ വിറ്റ്ജൻ‌സ്റ്റൈൻ Ludwig Josef Johann Wittgenstein (/ˈvɪtɡənʃtn, -stn/ VIT-gən-s(h)tyne;[1] German: [ˈluːtvɪç joˈhan ˈjoːzɛf ˈvɪtɡn̩ʃtaɪn];(26 ഏപ്രിൽ 1889 – 29 ഏപ്രിൽ 1951).[2]

വിറ്റ്ജൻ‌സ്റ്റൈൻ യൗവനത്തിൽ

"ജീനിയസിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പപ്രകാരം, അത്യുത്സാഹം, അഗാധത, മൗലികത, തീക്ഷ്ണത, മേധാവിത്വം എന്നിവയുടെ ഒത്തുചേരലിന്റെ ഏറ്റവും തികവുള്ള മാതൃക" എന്ന് ബെർട്രാൻഡ് റസ്സൽ വിറ്റ്ജൻ‌സ്റ്റൈനെ വിശേഷിപ്പിച്ചു.[3] പലരും അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ദാർശനികൻ ആയിപ്പോലും വിലയിരുത്തുന്നു.[4] നൂറ്റാണ്ടിന്റെ പകർച്ചയിൽ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ, വിറ്റ്ജൻ‌സ്റ്റൈന്റെ യുക്തി-ദർശന നിബന്ധം, 'ദാർശനികാന്വേഷണങ്ങൾ എന്നീ കൃതികൾ ഇരുപതാം നൂറ്റാണ്ടിൽ തത്ത്വചിന്തയുടെ വിഷയത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച അഞ്ചുഗ്രന്ഥങ്ങളിൽ പെടുന്നവയായി വിലയിരുത്തപ്പെട്ടു. ഇവയിൽ, ദാർശനികാന്വേഷണങ്ങൾ വിശേഷമേഖലകളിലും ഭിന്നസരണികളിലും ഉള്ള തത്ത്വചിന്തകരിൽ താല്പര്യമുണർത്തിയാ പ്രകൃഷ്ടരചനയാണ്.[5] വിറ്റ്ജൻ‌സ്റ്റൈനിന്റെ ചിന്തയുടെ സ്വാധീനം മാനവീയ-സാമൂഹ്യ ശാസ്ത്രങ്ങളിലെ എല്ലാ മേഖലകളിലും പ്രകടമാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്.

 
വിറ്റ്ജൻ‌സ്റ്റൈനിന്റെ പിതാവ് കാൾ വിറ്റ്ജൻ‌സ്റ്റൈൻ, പത്തൊൻപതാം നൂറ്റാണ്ടിനൊടുവിൽ ലോകത്തിലെ ഏറ്റവും വലിയ ധനവാന്മാരിൽ ഒരാളായിത്തീർന്നു.[6]

കാൾ-ലിയോപോൾഡൈൻ വിറ്റ്ജൻ‌സ്റ്റൈന്മാരുടെ എട്ടുമക്കളിൽ ഏറ്റവും ഇളയവനായി 1889 ഏപ്രിൽ 26-ന് വിറ്റ്ജൻ‌സ്റ്റൈൻ വിയന്നായിൽ ജനിച്ചു. ഓസ്ത്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ധനസ്ഥിതിയുള്ള കുടുംബങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. കാൾ വിറ്റ്ജൻ‌സ്റ്റൈന്റെ മാതാപിതാക്കൾ ഇരുവരും[7] യഹൂദകുടുംബങ്ങളിൽ ജനിച്ച് പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് പരിവർത്തനം ചെയ്തവരായിരുന്നു. നേരത്തേ സാക്സണിയിൽ താമസിച്ചിരുന്ന പിതാമഹൻ വിയന്നായിലെത്തി വ്യാപാരത്തിൽ ഏർപ്പെട്ടു. പിതാവ് കാൾ, ഇരുമ്പ്-ഉരുക്ക് വ്യാപാരത്തിൽ ഏറെ ധനം സമ്പാദിച്ചു. 1880-ളുടെ അന്ത്യത്തിൽ ഓസ്ത്രോ-ഹങ്കേറിയൻ സാമ്രാജ്യത്തിൽ ഇരുമ്പ്-ഉരുക്ക് വ്യാപരത്തിന്റെ കുത്തക കയ്യാളിയിരുന്ന അദ്ദേഹം, ലോകത്തിലെ ഏറ്റവും ധനവാന്മാരായ വ്യക്തികളിൽ ഒരാളായിരുന്നു.[8] ലുഡ്‌വിഗിന്റെ അമ്മ ലിയോപോൾഡൈൻ കാൽമസിന്റെ പിതാവ് യഹൂദനും മാതാവ് കത്തോലിക്കയും ആയിരുന്നു. പിതൃവശത്തെ മുത്തച്ഛനും മുത്തച്ഛിയും പ്രൊട്ടസ്റ്റന്റ് മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നെങ്കിലും വിറ്റ്ജൻ‌സ്റ്റൈനും സഹോദരങ്ങളും വളർന്നത് മാതാമഹിയുടെ കത്തോലിക്കാ വിശ്വാസത്തിലാണ്. ലുഡ്‌വിഗ് മരിച്ചപ്പോൾ സംസ്കരിച്ചതും കത്തോലിക്കാ രീതിയിലാണ്.[9]

ആദ്യകാലം

തിരുത്തുക
 
ലുഡ്‌വിഗ് (താഴെ വലത്ത്), സഹോദരൻ പോൾ, സഹോദരിമാർ എന്നിവരോടൊത്ത് 1890-കളിൽ എന്നോ
 
വിറ്റ്ജൻ‌സ്റ്റൈൻ - ചെറുബാല്യത്തിലെ ഒരു ചിത്രം

കലാപരവും ബൗദ്ധികവുമായ നേട്ടങ്ങൾക്കു പറ്റിയ തീക്ഷ്ണസാഹചര്യങ്ങൾ ഒരുക്കിയ കുടുംബത്തിലാണ് വിറ്റ്ജൻ‌സ്റ്റൈൻ വളർന്നത്. മാതാപിതാക്കന്മാരിരുവരും സംഗീതപ്രേമികളായിരുന്നു. മക്കൾക്ക് അവർ കലാപരവും ബൗദ്ധികവുമായ പരിശീലനം നൽകി. അങ്ങേയറ്റം വിജയം വരിച്ച ഉരുക്കുവ്യാപാരിയായിരുന്ന കാൾ വിറ്റ്ജൻ‌സ്റ്റൈൻ കലാകാരന്മാരുടെ രക്ഷിതാവെന്ന നിലയിലും പേരെടുത്തിരുന്നു. അദ്ദേഹം അഗസ്തേ റോഡിന്റേയും ഗുസ്താവ് ക്ലിംന്റിന്റേയും മറ്റും കലാസൃഷ്ടികളുടെ ചെലവു വഹിച്ചു.[10] സാംസ്കാരിക രംഗത്തെ ഉന്നതന്മാരിൽ പലർക്കും, പ്രത്യേകിച്ച് സംഗീതജ്ഞന്മാർക്ക്, അവർ ആധിത്യം നൽകി. ജൊഹാൻ ബ്രാംസ്, ഗുസ്താവ് മാഹ്ലർ തുടങ്ങിയ സംഗീതജ്ഞന്മാർ അവരുടെ സന്ദർശകരായിരുന്നു. ലുഡ്‌വിഗിന്റെ സഹോദരിമാർക്ക് പിയാനോ പാഠങ്ങൾ നൽകിയ ബ്രാംസ്, തന്റെ പലരചനകളുടേയും ആദ്യാവതരണം നടത്തിയത് വിറ്റ്ജൻ‌സ്റ്റൈൻ വസതിയിലെ സംഗീതമുറികളിലാണ്.[11] ലുഡ്‌വിഗിന്റെ മൂത്തസഹോദരൻ പോൾ, ഒന്നാം ലോകമഹായുദ്ധത്തിൽ വലം‌കൈ നഷ്ടപ്പെട്ടതിനുശേഷവും കൺസർട്ട് പിയാനോ വാദകനെന്ന നിലയിൽ ലോകപ്രശസ്തനായി. ലുഡ്‌വിഗിനുതന്നെ നല്ല ലയബോധം ഉണ്ടായിരുന്നു.[12] സംഗീതതോപാസന ജീവിതകാലമത്രയും അദ്ദേഹത്തിന് പ്രധാനമായിരുന്നു: ദാർശനിക രചനകളിൽ സംഗീതവുമായി ബന്ധപ്പെട്ട ഉദാഹരണങ്ങളും മാതൃകകളും അവതരിപ്പിക്കുക അദ്ദേഹം പതിവാക്കി. ദീർഘമായ സംഗീതരചനകൾ ചൂളമടിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അദ്ദേഹം ക്ലാരിനെറ്റ് വായിച്ചിരുന്നു. ഓർക്കെസ്ട്രകളിൽ ഏറെ പ്രസക്തിയുള്ള സംഗീതോപകരണമായി കരുതിയ അതിനോട് വിറ്റ്ജൻ‌സ്റ്റൈന് പ്രത്യേക മമത ഉണ്ടായിരുന്നു.

 
വിയന്നയിലെ വിറ്റ്ജൻ‌സ്റ്റൈൻ വസതിയിലെ സഗീതമുറികളിലൊന്ന്

വിറ്റ്ജൻ‌സ്റ്റൈൻ കുടുംബത്തിന് കടുത്ത ആത്മവിമർശനത്തിന്റേയും ആത്മഹത്യയോളം എത്തുന്ന വിഷാദരോഗത്തിന്റേയും ചരിത്രമുണ്ട്. അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു. നാലുവയസ്സുള്ളപ്പോൾ തന്നെ സംഗീതരചന തുടങ്ങിയ ബാലപ്രതിഭയായ മൂത്തസഹോദരൻ ഹാൻസ്, ക്യൂബയിലെ ഹവാനായിലാണ് ആത്മഹത്യ ചെയ്തത്. രണ്ടുവർഷം കഴിഞ്ഞ്, മൂന്നാമത്തെ സഹോദരൻ റുഡോൾഫ് ബർളിനിൽ അതുതന്നെ ചെയ്തു. അവരുടെ സഹോദരൻ കുർട്ട് 1918 ഒക്ടോബറിൽ ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം നയിച്ചിരുന്ന ഓസ്ട്രിയൻ സൈന്യം കൂട്ടത്തോടെ കൂറുമാറിയപ്പോൾ, സ്വയം വെടിവച്ചു മരിച്ചു.

1903 വരെ ലുഡ്‌വിഗ് വീട്ടിൽ സ്വകാര്യ ട്യൂട്ടർമാരുടെ കീഴിൽ പഠിച്ചു. തുടർന്നദ്ദേഹം സാങ്കേതികവിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്തിരുന്ന ലിൻസിലെ റീയൽസ്കൂളിൽ മൂന്നു വർഷം പഠിച്ചു. അതിൽ ഒരുവർഷം, രണ്ടു ക്ലാസ്സുകൾ താഴെ അഡോൾഫ് ഹിറ്റ്ലർ അവിടെ പഠിച്ചിരുന്നു. അവർക്കിരുവർക്കും 14-15 വയസ്സുള്ളപ്പോഴായിരുന്നു അത്. വിറ്റ്ജൻ‌സ്റ്റൈനും ഹിറ്റ്ലറും പരസ്പരം പരിചയപ്പെട്ടിരുന്നോ, അങ്ങനെയെങ്കിൽ ആ പരിചയത്തിന്റെ സ്മരണ അവർ നിലനിർത്തിയോ എന്നതൊക്കെ തർക്കത്തിലാണ്.

സ്കൂളിൽ വിറ്റ്ജൻ‌സ്റ്റൈന് വിലയേറിയ വസ്ത്രങ്ങൾ ധരിക്കുകയും ചെറിയ വിക്കോടുകൂടി ഉപരിവർഗ്ഗഭാഷയിൽ സംസാരിക്കുകയും ചെയ്തു. എളുപ്പം പ്രകോപിതനാകുമായിരുന്ന അദ്ദേഹം മറ്റുള്ളവരുമായി കുറച്ചുമാത്രം ഇടപഴകി. സഹപാഠികളുമായി സംസാരിക്കുമ്പോൾ ഔപചാരികഭാഷ ഉപയോഗിക്കുകയും അവർ തന്നെ "സർ ലുഡ്‌വിഗ്" എന്ന് സംബോധന ചെയ്യണമെന്നു വാശിപിടിക്കുകയും ഒക്കെ അദ്ദേഹത്തിന്റെ രീതിവൈചിത്ര്യങ്ങളായിരുന്നു.[13]

കേബ്രിഡ്ജ്, റസ്സൽ

തിരുത്തുക

ഊർജ്ജതന്ത്രം ഇഷ്ടപ്പെട്ടിരുന്ന വിറ്റ്ജൻ‌സ്റ്റൈൻ, ലുഡ്‌വിഗ് ബോൾട്ട്സ്‌മാന്റെ കീഴിൽ പഠിക്കാൻ ആഗ്രഹിച്ചു. വ്യോമസഞ്ചാരത്തെക്കുറിച്ച് 1905-ൽ ബോൾട്ട്സ്‌മാൻ പ്രസിദ്ധീകരിച്ച ലേഖനസമാഹാരം അദ്ദേഹത്തെ ആകർഷിച്ചിരുന്നു.[14] എന്നാൽ ബോൾട്ട്സ്‌മാൻ 1906-ൽ ആത്മഹത്യ ചെയ്തു.[15]

1906-ൽ വിറ്റ്ജൻ‌സ്റ്റൈൻ ബെർളിനിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ തുടങ്ങി. 1908-ൽ തന്റെ വ്യോമയാനസ്വപ്നങ്ങൾക്ക് ഉപകരിക്കും വിധം എഞ്ചിനീയറിങ്ങിൽ ഗവേഷണബിരുദത്തിന് പഠിക്കാൻ അദ്ദേഹം വിക്ടോറിയ മാഞ്ചസ്റ്റർ സർവകലാശാലയിൽ ചേർന്നു. ഒരു എഞ്ചിനീയറിങ്ങ് പര്യവേഷണശാലയിൽ ഗവേഷണ വിദ്യാർത്ഥിയായി ചേർന്ന അദ്ദേഹം അന്തരീക്ഷോപരിയിൽ പട്ടങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാനും, ചിറകുകളുടെ അറ്റത്ത് ചെറിയ ജെറ്റ് എഞ്ചിനുകളുള്ള പറക്കും യന്ത്രം ആവിഷ്കരിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്കാലത്ത് ഏ.എൻ വൈറ്റ്‌ഹെഡും, ബെർട്രാൻഡ് റസ്സലും ചേർന്നെഴുതിയ "പ്രിൻ‍സിപ്പാ മാത്തമെറ്റിക്കാ" യും മറ്റും വായിച്ചതോടെ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിൽ അദ്ദേഹം തത്പരനായി.[16] ഘോട്ട്‌ലോബ് ഫ്രെജ്ജിന്റെ "ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങൾ" എന്ന കൃതിയും വിറ്റ്ജൻ‌സ്റ്റൈനെ ആകർഷിച്ചിരുന്നു. 1911-ലെ വേനൽക്കാലത്ത്, കുറേക്കാലം കത്തിടപാടുകൾ നടത്തിയശേഷം, വിറ്റ്ജൻ‌സ്റ്റൈൻ, ഫ്രെജ്ജിനെ സന്ദർശിച്ചു. ബെർട്രാൻഡ് റസ്സലിനു കീഴിൽ പഠിക്കാനായി കേംബ്രിഡ്ജ് സർവകലാശാലയി ചേരാൻ വിറ്റ്ജൻ‌സ്റ്റൈനെ ഉപദേശിക്കുകയാണ് ‍ഫ്രെജ്ജ് ചെയ്തത്.[17]

1911 ഒക്ടോബറിൽ നേരത്തേ പറയാതെ, വിറ്റ്ജൻ‌സ്റ്റൈൻ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിൽ റസ്സലിനെ സന്ദർശിച്ചു. താമസിയാതെ അദ്ദേഹം റസ്സലിന്റെ ക്ലാസ്സുകളിൽ ഇരിക്കാനും അദ്ദേഹവുമായി ദീർഘമായി തത്ത്വചിന്ത ചർച്ചചെയ്യാനും തുടങ്ങി. റസ്സലിനും ജി.ഇ. മൂറിനും അദ്ദേഹത്തിന്റെ പ്രതിഭ ബോദ്ധ്യമായി. താമസിയാതെ വിറ്റ്ജൻ‌സ്റ്റൈൻ യുക്തിശാസ്ത്രത്തിന്റേയും ഗണിതയുക്തിയുടേയും അടിസ്ഥാനങ്ങളെക്കുറിച്ചുള്ള ഗവേഷണം ആരംഭിച്ചു.

അപ്പോഴേക്ക് തത്ത്വചിന്തയിൽ മടുപ്പു തോന്നിത്തുടങ്ങിയിരുന്ന റസ്സൽ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കെല്പുള്ള പിൻഗാമിയായി വിറ്റ്ജൻ‌സ്റ്റൈനെ കണ്ടു.[18] വിറ്റ്ജൻ‌സ്റ്റൈന്റെ ശക്തമായ വ്യക്തിത്വവും വിമർശനവും പലപ്പോഴും റസ്സിനെ കീഴ്പ്പെടുത്തി. [ക] തന്റെ രചനകളുടെ വിമർശനത്തോടു പ്രതികരിച്ച് റസ്സൽ ഇങ്ങനെ എഴുതി: "അയാൾ പറയുന്നതാണ് ശരിയെന്നും ഇനിയൊരിക്കലും തത്ത്വചിന്തയിൽ മൗലികസൃഷ്ടികൾ നടത്താൻ എനിക്കാവില്ലെന്നും ഞാൻ മനസ്സിലാക്കി."[19] ഇക്കാലത്ത് വിറ്റ്ജൻ‌സ്റ്റൈന്റെ മറ്റു പ്രധാന താത്പര്യങ്ങൾ സംഗീതവും ദേശാടനവും ആയിരുന്നു. 1912-ൽ, ഉറ്റസുഹൃത്തായി മാറിയ ഡേവിഡ് പിൻസെന്റിനൊപ്പം അദ്ദേഹം ഐസ്‌ലാന്റ് സന്ദർശിച്ചു. സിനിമകൾ കാണുന്നതും ഇക്കാലത്തെ അദ്ദേഹത്തിന്റെ വിനോദങ്ങളിൽ പെട്ടിരുന്നു.[20]

1913-ൽ വിറ്റ്ജൻ‌സ്റ്റൈന്റെ പിതാവ് മരിച്ചു. പിതാവിന്റെ സ്വത്തിന് അവകാശിയായതോടെ അദ്ദേഹം യൂറോപ്പിലെ ഏറ്റവും ധനവാന്മാരായ വ്യക്തികളിൽ ഒരാളായിത്തീർന്നു.[21] സ്വത്തിൽ ഒരുഭാഗം അദ്ദേഹം സ്വയം വെളിപ്പെടുത്താതെ റെയ്നർ മരിയ റിൽക്കെ, ഗ്യോർഗ്ഗ് ട്രാക്ക് മുതലായ ഓസ്ട്രിയൻ കലാകാരന്മാർക്കും എഴുത്തുകാർക്കും കൊടുത്തു.

ഏകാന്തവാസം

തിരുത്തുക

കേംബ്രിഡ്ജിലെ പഠനവും റസ്സലുമായുള്ള ചർച്ചകളും വിറ്റ്ജൻ‌സ്റ്റൈന്റെ ഉത്സാഹം വർദ്ധിപ്പിച്ചെങ്കിലും അക്കാദമിക് ലോകത്തിന്റെ നടുവിലായിരിക്കെ തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന തത്ത്വചിന്തയിലെ മൗലികസമസ്യകൾക്ക് പരിഹാരം കണ്ടെത്തുക സാധ്യമല്ലെന്ന് അദ്ദേഹം കരുതി. 1913-ൽ അദ്ദേഹം നോർവേയിലെ ഒരു കുഗ്രാമമായ സ്ക്ജോൾഡെനിലേക്കുപോയി.[17] [ഖ]അവിടെ ഒരു വീടിന്റെ രണ്ടാം നില വാടകക്കെടുത്ത് അദ്ദേഹം ഒരു ശീതകാലം കഴിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും ഉത്സാഹഭരിതവും സർഗ്ഗസമൃദ്ധവുമായ കാലഘട്ടമായി ഇതിനെ അദ്ദേഹം പിന്നീട് വിലയിരുത്തി. അവിടെയായിരിക്കെ എഴുതിയ 'ലോജിക്ക്' എന്ന ഗ്രന്ഥം യുക്തിചിന്തയുടെ അടിസ്ഥാനങ്ങളെ സംബന്ധിച്ച ഒരു മൗലികരചനയായിരുന്നു. പിന്നീടെഴുതിയ "യുക്തിദർശനനിബന്ധം" എന്ന ഗ്രന്ഥത്തിന്റെ മുന്നോടിയും ഉറവിടവും ആയിരുന്നു അത്.

ഒന്നാം ലോകമഹായുദ്ധം

തിരുത്തുക
 
കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിറ്റ്ജൻ‌സ്റ്റൈന്റെ 1914-ലെ കുറിപ്പുകൾ

ഏകാന്തവാസത്തിലായിരുന്ന വിറ്റ്ജൻ‌സ്റ്റൈനെ രണ്ടാം ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം തീർത്തും അത്ഭുതപ്പെടുത്തി. ഓസ്ട്രോ-ഹംഗേറിയൻ സൈന്യത്തിൽ സന്നദ്ധസേവനത്തിനു ചേർന്ന അദ്ദേഹം ആദ്യം ഒരു കപ്പലിലും തുടർന്ന് പീരങ്കിപ്പടയുടെ ഒരു പണിശാലയിലും പ്രവർത്തിച്ചു. 1916-ൽ റഷ്യൻ മുന്നണിയിലേക്ക് നിയോഗിക്കപ്പെട്ട അദ്ദേഹം അവിടെ ധീരതക്കുള്ള ബഹുമതികൾ നേടി.

അക്കാലത്തെ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ സൈന്യത്തിലെ സഹപ്രവർത്തകരുടെ തരംതാണതെന്ന് തനിക്കു തോന്നിയ രീതികളെക്കുറിച്ചുള്ള വിറ്റ്ജൻ‌സ്റ്റൈന്റെ അവജ്ഞ പ്രകടമാണ്. യുദ്ധകാലമത്രയും വിറ്റ്ജൻ‌സ്റ്റൈൻ നോട്ടുപുസ്തകങ്ങൾ സൂക്ഷിച്ച് അതിൽ വ്യക്തിപരമായ നിരീക്ഷണങ്ങൾക്കൊപ്പം മതപരവും ദാർശനികവുമായ അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മതവീക്ഷണത്തിൽ വന്ന മൗലികമായ പരിവർത്തനം നോട്ടുപുസ്തകങ്ങളിൽ കാണാം: കേംബ്രിഡ്ജിൽ കഴിഞ്ഞ നാളുകളിൽ അജ്ഞേയവാദിയായിരുന്ന വിറ്റ്ജൻ‌സ്റ്റൈൻ ഗലീസിയയിലെ ഒരു പുസ്തകക്കടയിൽ ലിയോ ടോൾസ്റ്റോയിയുടെ "സുവിശേഷസംഗ്രഹം" എന്ന പുസ്തകം കണ്ടെത്തി. ആ ഗ്രന്ഥം അതീവശ്രദ്ധയോടെ വായിച്ച അദ്ദേഹം ഒരുതരം സുവിശേഷപ്രഘോഷകനായി:

ആ പുസ്തകം കൂടെ കൊണ്ടുനടന്ന്, വിഷമാവസ്ഥയിൽ കണ്ടവരോടൊക്കെ അതു വായിക്കാൻ പറഞ്ഞ അദ്ദേഹം "സുവിശേഷം പേറുന്ന മനുഷ്യൻ" ആയി അറിയപ്പെടാൻ തുടങ്ങി.[22] വിറ്റ്ജൻ‌സ്റ്റൈനെ മതപരമായി സ്വാധീനിച്ചവരിൽ ആഗസ്തീനോസ്, ദസ്തയേവ്സ്കി എന്നിവരും സോറൻ കീർക്കെഗാഡും ഉൾപ്പെടുന്നു. കീർക്കെഗാഡിനെ വിറ്റ്ജൻ‌സ്റ്റൈൻ വിശുദ്ധനെന്നു വിളിച്ചു.[23]

നിബന്ധത്തിന്റെ വികാസം

തിരുത്തുക
 
1920-ൽ കുടുംബം വക എസ്റ്റേറ്റിൽ -വിറ്റ്ജൻ‌സ്റ്റൈൻ സഹോദരി ഹെലെൻ സാൽസർ സ്വീഡൻകാരൻ സുഹൃത്ത് ആർവിഡ് ജോഗ്രെൻ എന്നിവർക്കിടയിൽ.

ലോജിക്ക് സംബന്ധിച്ച വിറ്റ്ജൻ‌സ്റ്റൈന്റെ അഭിപ്രായങ്ങൾ ക്രമേണ മത-ധാർമ്മിക മാനങ്ങൾ കൈവരിക്കാൻ തുടങ്ങി. ധാർമ്മികമായ ഈ വ്യഗ്രതയോട് യുക്തിപരമായ വിശകലനത്തിൽ അദ്ദേഹത്തിന് പണ്ടേയുണ്ടായിരുന്ന താത്പര്യവും "പ്രസ്താവനകളുടെ ചിത്രസിദ്ധാന്തം" (Picture theory of propositions) തുടങ്ങി യുദ്ധകാലത്തു ലഭിച്ച ഉൾക്കാഴ്ചകളും ചേർന്ന്, കേംബ്രിഡ്ജിലും നോർവേയിലും വിറ്റ്ജൻ‌സ്റ്റൈൻ നടത്തിയ കണ്ടെത്തലുകളെ രൂപാന്തരീകരിക്കുകയും പിന്നീട് "നിബന്ധം" ആയി മാറിയ രചനകളിൽ എത്തിക്കുകയും ചെയ്തു. 1918-ൽ യുദ്ധാവസാനത്തോടടുത്ത്, ലെഫ്റ്റനന്റ് സ്ഥാനത്തിൽ കരുതൽ അധികാരിയായി ഉദ്യോഗക്കയറ്റം കിട്ടിയ അദ്ദേഹം ഒരു പീരങ്കി വിഭാഗത്തിലെ അംഗമായി ഇറ്റലിയിലേയ്ക്ക് നിയോഗിക്കപ്പെട്ടു. 1918-ലെ വേനൽക്കാലത്ത് അവധിയിലായിരിക്കെ സുഹൃത്ത് ഡേവിഡ് പിൻസെന്റിന്റെ അമ്മ അവരുടെ മകൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ട വിവരം വിറ്റ്ജൻ‌സ്റ്റൈനെ എഴുതി അറിയിച്ചു. ആത്മഹത്യാപാരമ്പര്യത്തിന്റെ പശ്ചാത്തലമുള്ള വിറ്റ്ജൻ‌സ്റ്റൈൻ, അമ്മാവൻ പോളിന്റെ അടുത്തുപോയി താമസിച്ചു. ആ താമസത്തിനിടെ എഴുതിത്തീർന്ന "നിബന്ധം" സമർപ്പിച്ചത് പിൻസെന്റിനാണ്. എന്നാൽ ആ പുസ്തകം പ്രസാധകരുടെ അടുത്തേക്കയച്ചെങ്കിലും അപ്പോൾ അത് സ്വീകരിക്കപ്പെട്ടില്ല.

പിന്നീട് ഇറ്റലിയിലെ തെക്കൻ ടൈറോലിൽ സേവനമനുഷ്ടിക്കവേ 1918 നവംബറിൽ ഇറ്റാലിയൻ സൈന്യത്തിന്റെ പിടിയിൽ പെട്ടു.[17] തെക്കൽ ഇറ്റലിയിലെ കസ്സിനോയിൽ യുദ്ധത്തടവുകാരനായിരിക്കെ കേംബ്രിഡ്ജിലെ സുഹൃത്തുക്കളായ റസ്സലിന്റേയും, പ്രഖ്യാതസാമ്പത്തികശാസ്ത്രജ്ഞൻ കേയ്ൻസിന്റേയും (Keynes) മറ്റും ഇടപെടൽ മൂലം, തടവിൽ പുസ്തകങ്ങൾ ലഭിക്കുവാനും തന്റെ കൈയെഴുത്തുപ്രതിയുടെ പരിഷ്കരണം തുടരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇംഗ്ലണ്ടിലേക്കയച്ച കൈയെഴുത്തുപ്രതി കണ്ട റസ്സൽ അതിനെ തത്ത്വചിന്തയെ സംബന്ധിച്ച ഏറെ പ്രാധാന്യമുള്ള രചനയായി തിരിച്ചറിയുകയും 1919-ൽ വിറ്റ്ജൻ‌സ്റ്റൈന്റെ ജെയിൽമുക്തിക്കുശേഷം അതിന്റെ പ്രസിദ്ധീകരണത്തിൽ അദ്ദേഹത്തോട് സഹകരിക്കുകയും ചെയ്തു. ഫ്രാങ്ക് പി. റാംസിയും സി.കെ. ഓഗ്‌ഡനും ചേർന്നു വിറ്റ്ജൻ‌സ്റ്റൈന്റെ സഹായത്തോടെ ഇംഗ്ലീഷ് പരിഭാഷയും തയ്യാറാക്കി. ഗ്രന്ഥത്തിന്റെ പേര് "യുക്തി-ദർശന നിബന്ധം(Tractatus Logico-Philosophicus) എന്നാക്കിയത് സ്പിനോസയുടെ Tractatus Theologico-Politicus-നെ പിന്തുടർന്നാണ്. റസ്സൽ എഴുതിയ ആമുഖം [24] ഗ്രന്ഥത്തിന് അക്കാലത്തെ ഏറ്റവും പ്രധാന ചിന്തകന്മാരിൽ ഒരാളുടെ അംഗീകാരത്തിന്റെ ബലം പകർന്നു.

എന്നാൽ ഇത് പിന്നീട് പ്രശ്നങ്ങൾ ഉണ്ടാക്കി. വിറ്റ്ജൻ‌സ്റ്റൈന് റസ്സലിനോട് നീരസം തോന്നി. റസ്സലിന്റെ ആമുഖം അദ്ദേഹത്തിന് ഇഷ്ടമായില്ല. നിബന്ധത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരണയാണ് ആമുഖത്തിൽ പ്രകടമാകുന്നതെന്ന് വിറ്റ്ജൻ‌സ്റ്റൈൻ കരുതി. വിറ്റ്ജൻ‌സ്റ്റൈന് മനസ്സു മടുത്തു. വേറെ പ്രസാധകരെ കണ്ടെത്താൻ പ്രയാസമായിരുന്നു. പ്രസിദ്ധീകരിക്കാൻ മനസ്സുകാട്ടിയവരെ ആകർഷിച്ചത് റസ്സലിന്റെ ആമുഖമാണ് എന്നത് വിറ്റ്ജൻ‌സ്റ്റൈന് അപമാനകരമായി തോന്നി. ഒടുവിൽ നിബന്ധത്തിന്റെ ജർമ്മൻ പതിപ്പ് പുറത്തിറങ്ങിയത് 1921-ലാണ്. റസ്സലിന്റെ ആമുഖത്തോടുകൂടിയ ഒരു ജർമ്മൻ-ഇംഗ്ലീഷ് പതിപ്പ് 1922-ലും വെളിച്ചം കണ്ടു.

"നഷ്ടപ്പെട്ട" വർഷങ്ങൾ

തിരുത്തുക

യുദ്ധത്തിനുമുൻപും യുദ്ധത്തിനിടയിലും വിറ്റ്ജൻ‌സ്റ്റൈൻ കടന്നുപോയ ബുദ്ധിപരവും വൈകാരികവുമായ കോളിളക്കങ്ങളാണ് "നിബന്ധമായി" പരിണമിച്ചത്. ഏറെ പണിപ്പെട്ടെഴുതിയ ആ ഗ്രന്ഥത്തിൽ അദ്ദേഹത്തിന്റെ മുൻനിലപാടുകൾ പാടേ രൂപാന്തരീകരിച്ചിരുന്നു. തത്ത്വചിന്തയിലെ എല്ലാ പ്രശ്നങ്ങളേയും നിബന്ധം പരിഹരിച്ചുവെന്ന് വിറ്റ്ജൻ‌സ്റ്റൈൻ കരുതി. ഇടക്കാലത്ത് ക്രിസ്തുമതത്തോടു തോന്നിയ താത്പര്യം അദ്ദേഹത്തിന് താപസന്റെ മനോഭാവം നൽകി. പിതാവിൽ നിന്ന് കിട്ടിയ സ്വത്തിന്റെ അവശേഷിച്ച ഭാഗം കൂടി മറ്റുള്ളവർക്കു കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ മനോഭാവമാണ്. അതിനെ അദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു. അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു. പാവപ്പെട്ടവർക്ക് പണം കൊടുക്കുന്നത് അവരെ തിന്മയിലേക്കു നയിക്കുകയേയുള്ളു എന്നു കരുതിയതുകൊണ്ടാണ് ധനസ്ഥിതിയുള്ള തന്റെ ബന്ധുക്കൾക്കുതന്നെ അതു കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചത്.

സ്കൂൾ അദ്ധ്യാപകൻ

തിരുത്തുക

തന്റെ ഗ്രന്ഥം തത്ത്വചിന്തയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞതായി കരുതിയ വിറ്റ്ജൻ‌സ്റ്റൈൻ ഓസ്ട്രിയയിലെത്തി പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപകനായി പരിശീലനം നേടാൻ തീരുമാനിച്ചു.[25] കുട്ടികളെ വസ്തുതകൾ മന:പാഠമാക്കാൻ സഹായിക്കുന്നതിനു പകരം സ്വതന്ത്രചിന്തകരായി വളരാൻ സഹായിക്കുകയാണ് വേണ്ടതെന്നു വാദിച്ച ഓസ്ട്രിയൻ വിദ്യാലയ നവീകരണ പ്രസ്ഥാനത്തിന്റെ സിദ്ധാന്തങ്ങളിൽ അദ്ദേഹം തത്പരനായിരുന്നു. എന്നാൽ ഓസ്ട്രിയൻ ഗ്രാമങ്ങളായ ട്രാറ്റൻബാക്കിലും ഓട്ടർത്താലിലും പ്രാഥമികാദ്ധ്യാപകനായി നിയമിക്കപ്പെട്ട വിറ്റ്ജൻ‌സ്റ്റൈൻ പ്രശ്നങ്ങളിൽ ചെന്നുപെട്ടു. അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ്-ഉച്ചാരണ നിഘണ്ടു രചിച്ചു. അത് പ്രസിദ്ധീകരണത്തിനേല്പിച്ചപ്പോൾ പ്രസാധകർ വിറ്റ്ജ‌ൻ‌സ്റ്റൈൻ അതിനെഴുതിയ ആമുഖം, വ്യാകരണപ്പിശകുണ്ടെന്ന കാരണം പറഞ്ഞ്, മാറ്റാൻ ആവശ്യപ്പെട്ടു. അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടി വന്നു. ആ കൃതിക്ക് ഒരുവിധം നല്ല സ്വീകരണം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് അത് പിന്നീട് പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല.[26] നിബന്ധത്തിനു പുറമേ, വിറ്റ്ജ‌ൻ‌സ്റ്റൈന്റെ ജീവിതകാലത്തു പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ മറ്റൊരു കൃതിയെന്നു പറയാൻ ഈ നിഘണ്ടു മാത്രമാണുള്ളത്.

താൻ പഠിപ്പിച്ച ഗ്രാമീണവിദ്യാർത്ഥികളുടെ കാര്യത്തിൽ വലിയ പ്രതീക്ഷകൾ വച്ചുപുലർത്തിയ വിറ്റ്ജൻ‌സ്റ്റൈൻ കർക്കശമായ അദ്ധ്യാപനരീതികൾ സ്വീകരിച്ചു.ഗണിതശാസ്ത്രത്തിൽ രുചികാട്ടാതിരുന്ന വിദ്യാർത്ഥികളോട് അദ്ദേഹത്തിന് തീരെ ക്ഷമയില്ലായിരുന്നു. അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു. അതും, അദ്ദേഹം കിറുക്കനാണെന്ന് നാട്ടുകാരുടെ ഇടയിൽ പരന്ന ശൃതിയും, കുട്ടികളിൽ ചിലരുടെ രക്ഷിതാക്കളുമായി കഠിനമായ സംഘർഷത്തിനു കാരണമായി. 1926 ഏപ്രിലിൽ അദ്ദേഹം തലയ്ക്കടിച്ച ഒരു വിദ്യാർത്ഥിക്ക് ബോധക്ഷയം ഉണ്ടായതോടെ പ്രശ്നം ഗുരുതരമായി.[25] കുട്ടിയുടെ പിതാവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം കുറ്റകൃത്യമൊന്നും ചെയ്തില്ലെന്നാണ് തീരുമാനമായത്. ഇതിനൊടുവിൽ വിറ്റ്ജൻ‌സ്റ്റൈൻ, അദ്ധ്യാപകനെന്ന നിലയിൽ താൻ പരാജയപ്പെട്ടെന്ന് വിലയിരുത്തി വിയന്നായിലേക്കു മടങ്ങി. അവിടെ ഒരു സംന്യാസാശ്രമത്തിൽ തോട്ടക്കാരന്റെ സഹായിയായി അദ്ദേഹം കുറേക്കാലം ജോലിചെയ്തു. സംന്യാസിയാകുന്ന കാര്യവും ആലോചിച്ച വിറ്റ്ജൻ‌സ്റ്റൈൻ,[25] സംന്യാസസഭയിൽ ചേർന്നതിനാവശ്യമായ കാര്യങ്ങളെന്തൊക്കെയാണെന്ന് തിരക്കി. തന്റെ അഭിരുചിക്കൊത്തതൊന്നും സംന്യാസജീവിതത്തിൽ ഇല്ലെന്ന ഉപദേശമാണ് ഒടുവിൽ വിറ്റ്ജൻ‌സ്റ്റൈന് കിട്ടിയത്.

നിർമ്മാതാവ്

തിരുത്തുക
"എനിക്കു താത്പര്യം വീടുപണിയുന്നതിലല്ല, [...] സാധ്യമായ എല്ലാ വീടുകളുടേയും മാതൃക കണ്ടെത്തുന്നതിലാണ്."
— വിറ്റ്ജൻ‌സ്റ്റൈൻ[27]
 
1926-28-ൽ സഹോദരിക്കുവേണ്ടി വിറ്റ്ജൻ‌സ്റ്റൈൻ രൂപകല്പന ചെയ്തു നിർമ്മിച്ച സ്റ്റോൺബറോ വീട്

നിരാശകരമായ ഈ സ്ഥിതിയിൽ നിന്ന് വിറ്റ്ജൻ‌സ്റ്റൈനെ കരകയറ്റിയത് രണ്ടു സംഭവങ്ങളാണ്. ഒന്ന്, താൻ പണിയിക്കാനുദ്ദേശിക്കുന്ന വീടിന്റെ രൂപകല്പനയിലും നിർമ്മാണത്തിലും സഹായിക്കാൻ ആവശ്യപ്പെട്ട് സഹോദരി ഗ്രെറ്റൽ അയച്ച ക്ഷണമാണ്. വിറ്റ്ജൻ‌സ്റ്റൈൻ യുദ്ധകാലത്ത് തന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായിരുന്ന നിർമ്മാണവിദഗ്ദ്ധൻ പോൾ എംഗൽമാനോടുചേർന്ന്, ലളിതമായ ഒരു ആധുനിക വസതി നിർമ്മിച്ചു. ഈ ജോലി ബുദ്ധിയും അദ്ധ്വാനവും ആവശ്യപ്പെടുന്നതായി വിറ്റ്ജൻ‌സ്റ്റൈന് അനുഭവപ്പെട്ടു; കെട്ടിടത്തിന്റെ രൂപകല്പനയിൽ അദ്ദേഹം പൂർണ്ണമായും മുഴുകി. അംഗപ്പൊരുത്തത്തെ ബാധിക്കാതെ വാതിൽപ്പിടികൾ പിടിപ്പിക്കേണ്ടത് എങ്ങനെയന്നതിൽ വരെ അദ്ദേഹത്തിന്റെ ശ്രദ്ധ എത്തി.[25] പലരും ആ വസതിയെ പുകഴ്ത്തിയിട്ടുണ്ട്. ജി.എച്ച് വോൺ റൈറ്റ് പറഞ്ഞത് അതിന് വിറ്റ്ജൻ‌സ്റ്റൈന്റെ കൃതിയായ യുക്തിദർശനനിബന്ധത്തിന്റേതുപോലുള്ള നിശ്ചലസൗന്ദര്യം (static beauty) ഉണ്ടെന്നാണ്. ബുദ്ധിപരമായ ഈ അദ്ധ്വാനം വിറ്റ്ജൻ‌സ്റ്റൈനെ മനോവീര്യം വീണ്ടെടുക്കാൻ ഏറെ സഹായിച്ചു. എന്നാൽ വീടിനെക്കുറിച്ച് അദ്ദേഹത്തിന്റെ മൂത്ത സഹോദരി ഹെർമൈൻ പറഞ്ഞതിങ്ങനെയാണ്: "ആ വീടിനെ ഞാൻ ഏറെ മതിക്കുന്നെങ്കിലും അവിടെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിയുകയില്ലെന്നും ആദ്യം മുതലേ എനിക്കറിയാമായിരുന്നു. ദൈവങ്ങളുടെ വീടായാണ് അത് തോന്നിച്ചത്".[28]

തിരികെ തത്ത്വചിന്തയിൽ

തിരുത്തുക

വീടിന്റെ പണി തീരാറായപ്പോൾ, പുതുതായി രൂപവത്കരിക്കപ്പെട്ട "വിയന്നാ വൃത്തം" എന്ന ചർച്ചാസംഘത്തിന്റെ മുൻനിരപ്രവർത്തകരിൽ ഒരാളായ മോറിറ്റ്സ് ഷ്ലിക്ക് വിറ്റ്ജൻ‌സ്റ്റൈനെ സമീപിച്ചു. വിയന്നയിലെ നിഷ്കർഷവാദികൾക്കിടയിൽ (Positivists) നിബന്ധം കാര്യമായി പ്രചരിച്ചിരുന്നു. വൃത്തത്തിലെ ചർച്ചകളിലേക്ക് വിറ്റ്ജൻ‌സ്റ്റൈനെ ആകർഷിക്കാൻ ഷ്ലിക്കിന് കഴിഞ്ഞില്ലെങ്കിലും അദ്ദേഹവും മറ്റുചിലരും ഇടക്കിടെ വിറ്റ്ജൻ‌സ്റ്റൈനുമായി തത്ത്വചിന്ത ചർച്ചചെയ്തു.[29] ഈ കൂടിക്കാഴ്ചകൾ വിറ്റ്ജൻ‌സ്റ്റൈന് വിമ്മിട്ടമുണ്ടാക്കി. ഷ്ലിക്കും കൂട്ടരും നിബന്ധത്തെ മനസ്സിലാക്കിയിട്ടില്ലെന്നു കരുതിയ അദ്ദേഹം പലപ്പോഴും അതിനെക്കുറിച്ച് സംസാരിക്കാനേ വിസമ്മതിച്ചു. ഒരു കൂടിക്കാഴ്ചയിൽ നിബന്ധത്തെക്കുറിച്ച് സംസാരിക്കാൻ വിസമ്മതിച്ച് വിറ്റ്ജൻ‌സ്റ്റൈൻ അതിഥികൾക്ക് പുറം തിരിഞ്ഞിരുന്ന് രബീന്ദ്രനാഥ ടാഗോറിന്റെ കവിതകൾ ഉറക്കെ വായിക്കുകയാണ് ചെയ്തത്. ഇതൊക്കെയാണെങ്കിലും ഈ ചർച്ചകൾ വിറ്റ്ജൻ‌സ്റ്റൈനെ ബുദ്ധിപരമായി ഇളക്കിമറിക്കുകയും തത്ത്വചിന്തയിലുള്ള അദ്ദേഹത്തിന്റെ താത്പര്യത്തിന് പുതുജീവൻ നൽകുകയും ചെയ്തു. ഓസ്ട്രിയയിൽ വിറ്റ്ജൻ‌സ്റ്റൈനെ സന്ദർശിക്കാനായി കേംബ്രിഡ്ജിൽ നിന്ന് പലവട്ടം എത്തിയ യുവ ഗണിതദാർശനികൻ ഫ്രാങ്ക് റാംസേയുമായുള്ള ചർച്ചകളും സഹായകമായി. ഈ ചർച്ചകൾക്കിടയിൽ "നിബന്ധത്തിൽ" ഗുരുതരമായ തെറ്റുകൾ കടന്നുകൂടിയിരിക്കാമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. തത്ത്വചിന്തയിലെ രണ്ടാമൂഴത്തിന് അവശേഷിച്ച ജീവിതകാലമത്രയും ഉഴിഞ്ഞുവയ്ക്കാൻ വിറ്റ്ജൻ‌സ്റ്റൈനെ പ്രേരിപ്പിച്ചത് ഈ തോന്നലാണ്.

കേംബ്രിഡ്ജിൽ മടങ്ങിയെത്തുന്നു

തിരുത്തുക

1929-ൽ റാംസേയുടേയും മറ്റും പ്രേരണയിൽ, വിറ്റ്ജൻ‌സ്റ്റൈൻ കേംബ്രിഡ്ജിൽ മടങ്ങിയെത്തി. റെയിൽവേ സ്റ്റേഷനിൽ ഇംഗ്ലണ്ടിലെ മുൻനിരയിലെ തത്ത്വചിന്തകരുടെ ഒരു കൂട്ടം തന്നെ സ്വീകരിക്കാൻ വന്നിരിക്കുന്നത് കണ്ടപ്പോഴാണ് താൻ ലോകത്തിലെ ഒന്നാം കിട ദാർശനികന്മാരിൽ ഒരാളായി മാറിയിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കിയത്. അന്ന് വിറ്റ്ജൻ‌സ്റ്റൈന്റെ പഴയ സുഹൃത്ത് കേയ്ൻസ് തന്റെ പത്നിക്ക് ഇങ്ങനെ എഴുതി: "ദൈവം വന്നെത്തിയിരിക്കുന്നു. അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു."

പ്രശസ്തനായിരുന്നെങ്കിലും ബിരുദം ഇല്ലാതിരുന്നതുകൊണ്ട് കേംബ്രിഡ്ജിൽ ജോലിചെയ്യാൻ ആദ്യം വിറ്റ്ജൻ‌സ്റ്റൈന് സാധിച്ചില്ല. അവസാനവർഷബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു. നേരത്തേ കേംബ്രിഡ്ജിലെ വിദ്യാർത്ഥിയായിരുന്നത് ഗവേഷണബിരുദത്തിന് അദ്ദേഹത്തിന് യോഗ്യനാക്കുന്നെന്ന് അഭിപ്രായപ്പെട്ട റസ്സൽ, നിബന്ധം തന്നെ ഒരു ഗവേഷണബിരുദമായി സമർപ്പിക്കാൻ വിറ്റ്ജൻ‌സ്റ്റൈനെ ഉപദേശിച്ചു. അങ്ങനെ സമർപ്പിക്കപ്പെട്ട പ്രബന്ധത്തിന്റെ പരിശോധകർ റസ്സലും മൂറും ആയിരുന്നു; പ്രബന്ധത്തിന്റെ ഭാഗം വാദിക്കുന്നതിനൊടുവിൽ വിറ്റ്ജൻ‌സ്റ്റൈൻ പരിശോധകന്മാരുടെ തോളിൽ തട്ടി ഇങ്ങനെ പറഞ്ഞു: "വിഷമിക്കേണ്ട. നിങ്ങൾക്ക് ഇതൊരിക്കലും മനസ്സിലാകാൻ പോകുന്നില്ലെന്ന് എനിക്കറിയാം."[30] പരിശോധകന്മാരുടെ റിപ്പോർട്ടിൽ മൂർ ഇങ്ങനെ എഴുതി: "ഇത് ഒരു ജീനിയസിന്റെ സൃഷ്ടിയാണെന്ന് ഞാൻ കരുതുന്നു; ഒരു പക്ഷേ എന്റെ കരുതൽ ശരിയല്ലെന്നും കൃതി അത്ര മഹത്തരമൊന്നും അല്ലെന്നും വന്നാലും, ഗവേഷണബിരുദത്തിന് ആവശ്യമുള്ളതിൽ ഏറെ ഉന്നതമായ നിലവാരമുള്ളതാണ് അത്."[31] തുടർന്ന് വിറ്റ്ജൻ‌സ്റ്റൈൻ അദ്ധ്യാപകനും ട്രിനിറ്റി കോളജിലെ അംഗവും ആയി.

1934-ൽ സോവിയറ്റ് യൂണിയനിലെ ജീവിതത്തെക്കുറിച്ചുള്ള കെയ്ൻസിന്റെ വിവരണത്തിന്റെ ആകർഷണത്തിൽ, വിറ്റ്ജൻ‌സ്റ്റൈൻ അവിടേക്ക് കുടിയേറിപ്പാർക്കാൻ തീരുമാനിച്ചു. റഷ്യൻ ഭാഷാ പാഠങ്ങൾ എടുത്ത അദ്ദേഹം 1935-ൽ ലെനിഗ്രാഡും മോസ്ക്കോയും സന്ദർശിച്ചു. അവിടെ തൊഴിലാളിയായി പണികിട്ടാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപകന്റെ ജോലിയേ ലഭ്യമായിരുന്നുള്ളുവെന്നതിനാൽ അദ്ദേഹം മൂന്നാഴ്ചക്കകം മടങ്ങിപ്പോന്നു. 1936-37-ൽ വിറ്റ്ജൻ‌സ്റ്റൈൻ വീണ്ടും നോർവേയിൽ ജീവിച്ചു.[32] അദ്ദേഹം "ദാർശനികാന്വേഷണങ്ങൾ" എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഴുകി. 1938-ൽ വിറ്റ്ജൻ‌സ്റ്റൈൻ, വൈദ്യശാസ്ത്രം വിദ്യാർത്ഥിയായിരുന്ന സുഹൃത്ത് മൗറീസ് ഡ്രൂറിയെ കാണാനായി അയർലാൻഡ് സന്ദർശിച്ചു. സ്വയം വൈദ്യശാസ്ത്രം പഠിക്കുന്നകാര്യവും തത്ത്വചിന്ത ഉപേക്ഷിച്ച് മനശാസ്ത്രം പിന്തുടരുന്ന കാര്യവും ഒക്കെ അദ്ദേഹം പരിഗണിച്ചു. അയർലൻഡിലെ പ്രധാനമന്ത്രി ഡി വലേരയുടെ ക്ഷണവുത്തോടു പ്രതികരിച്ചുകൂടിയായിരുന്നു ഈ സന്ദർശനം.

ഇക്കാലമായപ്പോൾ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള വിറ്റ്ജൻ‌സ്റ്റൈന്റെ നിലപാടുകൾ ആകെ മാറിയിരുന്നു. നേരത്തേ യുക്തിയെ അദ്ദേഹം ഉറപ്പുള്ള ഒരടിത്തറയായി പരിഗണിക്കുകയും റസ്സലും വൈറ്റ്‌ഹെഡും ചേർന്നെഴുതിയ "പ്രിൻസിപ്പാ മാത്തമെറ്റിക്കാ" പുരോഗമിപ്പിക്കുന്ന കാര്യം അലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗണിതശാസ്ത്രത്തിൽ കണ്ടെത്താവുന്ന എന്തെങ്കിലും സത്യം ഉണ്ടെന്നതു തന്നെ ഇപ്പോൾ അദ്ദേഹം നിഷേധിക്കാൻ തുടങ്ങി. ഗണിതശാസ്ത്രത്തിലെ പ്രസ്താവനകൾ യഥാർത്ഥസത്യങ്ങളല്ലെന്നും, ചില പ്രതീകങ്ങളുടെ പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള അർത്ഥം പറയുക മാത്രമാണ് അവ ചെയ്യുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഗണീതശാസ്ത്രപരമായ ഒരു വ്യവസ്ഥയിൽ വൈരുദ്ധ്യത്തെ അപകടകരമായ ഒരു കുറവായി അദ്ദേഹം പരിഗണിച്ചില്ല. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ ഒരു പ്രഭാഷണപരമ്പരയിൽ ഇതുപോലുള്ള ആശയങ്ങൾ ചർച്ച ചെയ്ത അദ്ദേഹം അതിനെ പുസ്തകരൂപത്തിലാക്കുകയും ചെയ്തു.[33] വിറ്റ്ജൻ‌സ്റ്റൈന്റെ പ്രഭാഷണങ്ങളും അദ്ദേഹവും യുവസുഹൃത്ത് അലാൻ ടൂറിങ്ങും മറ്റുമായുള്ള ചർച്ചകളും ഒക്കെയാണ് ആ പുസ്തകത്തിന്റെ ഉള്ളടക്കം.

രണ്ടാം ലോകമഹായുദ്ധകാലത്ത് വിറ്റ്ജൻസ്റ്റൈൻ കേംബ്രിഡ്ജ് വിട്ട് ലണ്ടണിലെ ഒരാശുപത്രിയിൽ പോർട്ടർ ആയും ന്യൂ കാസിലിൽ അംഗവിഹീനത വന്നവർക്കുവേണ്ടിയുള്ള ഒരു സ്ഥാപനത്തിൽ ലബോറട്ടറി സഹായിയായും ജോലി ചെയ്തു. യുദ്ധത്തിന്റെ സമാപ്തിയിൽ കേംബ്രിഡ്ജിലേക്കു മടങ്ങിയെങ്കിലും അദ്ധ്യാപനം ഒരു ഭാരമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു: കേംബ്രിഡ്ജിലെ ബൗദ്ധികസാഹചര്യങ്ങൾ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ ശിഷ്യന്മാരിൽ പലരേയും അക്കാദമിക് തത്ത്വചിന്തക്കു പുറത്ത് തൊഴിൽ കണ്ടെത്താൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. തന്റെ ശിഷ്യന്മാരിൽ ആരെങ്കിലും തത്ത്വചിന്തയിൽ ഉറച്ചു നിൽക്കാൻ സാധ്യതയുള്ളതായി കണ്ടാൽ അവരെ തന്റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിൽ നിന്ന് വിറ്റ്ജൻസ്റ്റൈൻ വിലക്കുമായിരുന്നെന്ന് ഒരു കഥപോലും പ്രചരിച്ചു.

വിറ്റ്ജൻ‌സ്റ്റൈന്മാരും നാത്സികളും

തിരുത്തുക
 
ലുഡ്‌വിഗിന്റെ സഹോദരി ഗ്രെറ്റൽ - 1905-ൽ വിവാഹസമയത്ത് ഗുസ്താവ് ക്ലിംന്റ് വരച്ച ചിത്രം

1938-ൽ വിറ്റ്ജൻ‌സ്റ്റൈൻ അയർലൻഡിലായിരിക്കെ ജർമ്മനി ഓസ്ട്രിയ കീഴടക്കി. വിയന്നാക്കാരനായ അദ്ദേഹം അങ്ങനെ വിപുലീകരിച്ച ജർമ്മനിയിലെ പൗരനും നാത്സി വംശീയനിയങ്ങൾക്ക് വിധേയനായ യഹൂദവംശനനും ആയിത്തീർന്നു. കെയ്ൻസിനെപ്പോലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ബ്രിട്ടീഷ് പൗരത്വം നേടിയെടുക്കുന്ന കാര്യം അദ്ദേഹം പരിഗണിച്ചെങ്കിലും അപ്പോഴും ഓസ്ട്രിയയിൽ കഴിയുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങളെ അത് അപകടത്തിലാക്കുമായിരുന്നു. വിയന്നയിലേക്ക് പോകുന്ന കാര്യം അദ്ദേഹം പരിഗണിച്ചെങ്കിലും സുഹൃത്തുക്കൾ സമ്മതിച്ചില്ല. വിറ്റ്ജൻ‌സ്റ്റൈൻമാരെ യഹൂദരായി വർഗ്ഗീകരിച്ചിരുന്നെങ്കിൽ അവർക്കും നാസി ഭരണത്തിന്റെ ഇരകളായിത്തീർന്ന ഓസ്ട്രിയയിലെ മറ്റു യഹൂദരുടെ ഗതി ആകുമായിരുന്നു.[34] അര്യൻ-യഹൂദസങ്കരവർഗ്ഗക്കാരായി അംഗീകാരം നേടാൻ ശ്രമിക്കുകയെന്നതായിരുന്നു അവർക്കു മുൻപിലുണ്ടായിരുന്ന വഴി. അങ്ങനെ വർഗ്ഗീകരിച്ചവരെ മറ്റു യഹൂദരേക്കാൾ ഭേദമായാണ് നാസികൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ അത് എളുപ്പമല്ലായിരുന്നു. അതിന് ഹിറ്റ്ലറുടെ നേരിട്ടുള്ള അംഗീകാരവും വേണ്ടിയിരുന്നു. 1939 ജൂണിലെ കണക്കനുസരിച്ച് അത്തരം അംഗീകാരത്തിനു ശ്രമിച്ച 2100 അപേക്ഷകരിൽ പന്ത്രണ്ട് പേർക്കു മാത്രമാണ് അംഗീകാരം ലഭിച്ചത്.[35]

വിവാഹം വഴി അമേരിക്കൻ പൗരത്വം സമ്പാദിച്ചിരുന്ന സഹോദരി ഗ്രെറ്റൽ നാസി അധികാരികളുമായി ചർച്ച നടത്താൻ തുടങ്ങി. അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്. വിറ്റ്ജൻ‌സ്റ്റൈന്മാർക്ക് യൂറോപ്പിലെ ബാങ്കുകളിൽ ഉണ്ടായിരുന്ന വിപുലമായ നിക്ഷേപം കയ്യടക്കുന്നതിൽ ജർമ്മൻ ദേശീയ ബാങ്കിന് താത്പര്യമുണ്ടായിരുന്നത് വിലപേശലിൽ സഹായകമായി.

1937--ൽ ജി.ഇ. മൂറിന്റെ രാജിയെ തുടർന്ന് കേംബ്രിഡ്ജിൽ തത്ത്വചിന്താവിഭാഗത്തിന്റെ തലവനായി നിയമിക്കപ്പെട്ടതിനെ തുടർന്ന് വിറ്റ്ജൻ‌സ്റ്റൈന് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു. 1939-ൽ ഗ്രെറ്റലിനേയും മറ്റു സഹോദരിമാരേയും സഹായിക്കാനായി വിറ്റ്ജൻ‌സ്റ്റൈൻ വിയന്നായും ബെർളിനും സന്ദർശിച്ചു. 1939 ആഗസ്റ്റിൽ അവർക്ക് യഹൂദ-ആര്യൻ സങ്കര സന്തതികളായി അംഗീകാരം ലഭിച്ചു. രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിന് ആഴ്ചകൾ മാത്രം മുൻപ് വിറ്റ്ജൻ‌സ്റ്റൈൻ കുടുംബം ഇതിലേക്കായി നാസികൾക്ക് എഴുതിക്കൊടുത്ത തുക എത്രയെന്ന് വ്യക്തമല്ല. എന്നാൽ പലതരം ആസ്തികൾക്കു പുറമേ അതിൽ 1700 കിലോ സ്വർണ്ണവും ഉൾപ്പെട്ടിരുന്നു.[36]

അന്തിമവർഷങ്ങൾ, മരണം

തിരുത്തുക
മരണം ജീവിതത്തിലെ ഒരു സംഭവമല്ല: മരണം അനുഭവിക്കാൻ നാം ജീവിച്ചിരിക്കുന്നില്ല. അനന്തതയെ സമയത്തിന്റെ അന്തമില്ലാത്ത ദൈർഘ്യമെന്നതിനു പകരം "സമയമില്ലായ്മ" ആയി കണക്കാക്കിയാൽ, നിത്യജീവിതത്തിനുടമകളാവുന്നത് വർത്തമാനത്തിൽ ജീവിക്കുന്നവരാണ്. നമ്മുടെ ദൃഷ്ടിപഥത്തിന് പരിധിയില്ലാത്തതുപോലെ നമ്മുടെ ജീവിതവും അവസാനമില്ലാത്തതാണ്."
— വിറ്റ്ജൻസ്റ്റൈൻ, നിബന്ധം, 6.431[37]
 
കേംബ്രിഡ്ജിലെ ഉയിർത്തെഴുന്നേല്പ്പിന്റെ ഇടവകപ്പള്ളിയിലെ സിമിത്തേരിയിലുള്ള വിറ്റ്ജൻസ്റ്റൈന്റെ സംസ്കാരസ്ഥാനം

വസ്തുക്കളെ സമയനിരപേക്ഷമായി നോക്കിക്കണ്ടാൽ അവയുടെ സൗന്ദര്യം വെളിവാകുമെന്ന് വിറ്റ്ജൻ‌സ്റ്റൈൻ കരുതി. അത് നമ്മെ സന്തുഷ്ടരുമാക്കുന്നു. ധാർമ്മികതയും സൗന്ദര്യബോധവും ഒന്നാണെന്ന് അദ്ദേഹം കരുതി. തന്റെ ധാർമ്മികതയെ അദ്ദേഹം "സന്തോഷവാനായിരിക്കുക" എന്ന പ്രമാണത്തിലൊതുക്കി.

എഴുത്തിൽ കൂടുതൽ ശ്രദ്ധചെലുത്താനായി വിറ്റ്ജൻസ്റ്റൈൻ കേംബ്രിഡ്ജിലെ തന്റെ പദവി 1947-ൽ രാജിവച്ചു. പിൽക്കാലരചനകളിൽ ഏറെയും അദ്ദേഹം നിർവഹിച്ചത് അയർലൻഡിന്റെ പടിഞ്ഞാറേ തീരത്ത്, ഐറിഷ് സാമ്പത്തിക ശാസ്ത്രജ്ഞൻ പാട്രിക് ലിഞ്ചുമായി പങ്കിട്ട ഏകാന്തതയിലാണ്. 1949-ൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അർബുദബാധ കണ്ടെത്തപ്പെടുന്നതിനു മുൻപു തന്നെ, മരണശേഷം "ദാർശനികാന്വേഷണങ്ങൾ" എന്ന പേരിൽ പ്രസിദ്ധീകരിച്ച രചനയുടെ മിക്കവാറും ഭാഗങ്ങൾ അദ്ദേഹം എഴുതിക്കഴിഞ്ഞിരുന്നു.

സുഹൃത്തും മുൻവിദ്യാർത്ഥിയുമായ നോർമൻ മാൽക്കവുമായി അയാളുടെ അമേരിക്കയിലെ വസതിയിൽ ഒരു വേനൽക്കാലത്ത് നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിറ്റ്ജൻസ്റ്റൈൻ രചന തുടർന്നുകൊണ്ടേയിരുന്നു. എഴുതിക്കൊണ്ടിരുന്ന ഒരു നിരീക്ഷണപരമ്പര അദ്ദേഹം മരിക്കുന്നതിന് രണ്ടു ദിവസം മുൻപുവരെ തുടർന്നു. "നിശ്ചിതത്ത്വത്തെക്കുറിച്ച്" എന്ന പേരിൽ അത് അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു.

പൂർണ്ണമായും ബോധം നശിക്കുന്നതിന് കഷ്ടിച്ച് ഒരു ദിവസം മുൻപാണ് അദ്ദേഹം അവസാനത്തെ ഈ കുറിപ്പെഴുതിയത്[38]:

തന്റെ ഡോക്ടർ എഡ്‌വേഡ് വൗഘൻ ബെവന്റെ കേംബ്രിഡ്ജിലുള്ള വസതിയിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ അർബുദത്തിന്റെ ഫലമായി വിറ്റ്ജൻ‌സ്റ്റൈൻ 1951-ൽ മരിച്ചു. അദ്ദേഹത്തിന്റെ അന്ത്യമൊഴികൾ: "ഞാൻ അത്ഭുതകരമായി ജീവിച്ചെന്ന് അവരോടു പറഞ്ഞേക്കുക" എന്നായിരുന്നു.[39] കേംബ്രിഡ്ജിലെ സ്വർഗ്ഗാരോഹണത്തിന്റെ ഇടവകപ്പള്ളിയിലെ സിമിത്തേരിയിൽ കത്തോലിക്കാ സംസ്കാരവിധികളോടെ അദ്ദേഹത്തെ അടക്കം ചെയ്തു.

ലൈംഗികത, രാഷ്ട്രീയ നിലപാടുകൾ

തിരുത്തുക

കുടുംബസുഹൃത്തെന്ന നിലയിൽ കണ്ടുമുട്ടിയ സ്വിറ്റ്സർലണ്ടുകാരി മാർഗരെറ്റ് റെസ്പിഞ്ഞറുമായി വിറ്റ്ജൻ‌സ്റ്റൈൻ അടുപ്പത്തിലായിരുന്നെങ്കിലും അവരെ വിവാഹം കഴിക്കാനുള്ള അദ്ദേഹത്തിന്റെ പരിപാടി നടപ്പായില്ല. അദ്ദേഹം ഒരിക്കലും വിവാഹിതനായില്ല. അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു. വിറ്റ്ജൻ‌സ്റ്റൈന്റെ സ്വവർഗ്ഗരതി എത്ര സക്രിയമായിരുന്നു എന്നതിനെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നിട്ടുണ്ട്. ഈ ചർച്ചകൾക്ക് അടിസ്ഥാനമായിരിക്കുന്നത് വിറ്റ്ജൻ‌സ്റ്റൈന്റെ സ്വവർഗ്ഗരതിക്കും വിയന്നയിലെ ഒരു പാർക്കിൽ ചില യുവാക്കളുമായി നടന്ന താത്ക്കാലിക സംഗമങ്ങൾക്കും പോലും തെളിവു കണ്ടുകിട്ടിയതായുള്ള ഡബ്ലിയൂ. ഡബ്ലിയൂ ബാർട്ട്‌ലിയുടെ അവകാശവാദമാണ്.

"സംഗീതത്തിന് എന്റെ ജീവിതത്തിൽ എന്തർത്ഥമാണുള്ളതെന്നതിനെക്കുറിച്ച് ഒരു വാക്കുപോലും പറയാൻ എനിക്കാവില്ല. പിന്നെ, മനുഷ്യർ എന്നെ മനസ്സിലാക്കുമെന്ന് എനിക്ക് എങ്ങനെ ആശിക്കാനാകും?"
— വിറ്റ്ജൻ‌സ്റ്റൈൻ, 1949[40]

രാഷ്ട്രനീതിയിൽ ഇടതുപക്ഷചായ്‌വുള്ളവനായി വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും,[41] പലനിലയ്ക്കും വിറ്റ്ജൻ‌സ്റ്റൈൻ ഒരു "പിന്തിരിപ്പൻ" ആയിരുന്നു. ശാസ്ത്രീയപുരോഗതി എന്ന ആശയത്തെ, ധാർമ്മികപുരോഗതിയുടെ അഭാവത്തിൽ അത് അർത്ഥരഹിതമാണെന്ന ന്യായം പറഞ്ഞ് അദ്ദേഹം തള്ളിക്കളഞ്ഞു. സംഗീതത്തിലെ അദ്ദേഹത്തിന്റെ രുചികൾ യാഥാസ്ഥിതികമായിരുന്നു. അണുബോംബിനെതിരായി ഭാഷണങ്ങൾ നടത്തുന്നവരെ അദ്ദേഹം "ബുദ്ധിജീവികൾക്കിടയിലെ പഴുപ്പ് (scum)" എന്നു വിശേഷിപ്പിച്ചു. അതേസമയം, "അവർ വിമർശിക്കുന്ന തിന്മയെ സ്വാഗതം ചെയ്യുന്നതിന് അത് ന്യായമാകുന്നില്ല" എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.[42] സ്വന്തം ലൈംഗികതയും വംശീയതയും ആയി അദ്ദേഹത്തിനുണ്ടായിരുന്നത് സങ്കീർണ്ണമായ ബന്ധമാണ്.[43] 1930-കളിൽ സൂക്ഷിച്ചിരുന്ന കുറിപ്പുകളിൽ തന്നെ അദ്ദേഹം കണ്ടത് സൃഷ്ടിക്ഷമതക്കുപകരം "പുനസൃഷ്ടിക്ഷമത" ഉള്ള ചിന്തകനായാണ്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് തന്റെ യഹൂദ-പ്രവാസി പശ്ചാത്തലങ്ങളാണ്. "യഹൂദന്മാർക്കിടയിൽ ആകെയുള്ള ജീനിയസ്സുകൾ വിശുദ്ധന്മാരാണ്; ഏറ്റവും മഹാനായ യഹൂദചിന്തകൻ പോലും (ഞാനുൾപ്പെടെ) പ്രതിഭാശാലികൾ മാത്രമാണ്" എന്ന് അദ്ദേഹം എഴുതി.[44] എന്നാൽ പിന്നീടദ്ദേഹം "എബ്രായ ചിന്തകൻ" എന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.[45]

ഭാഷയുടെ ദുരുപയോഗം ഉണ്ടാക്കിവച്ച കുരുക്കുകളിൽ നിന്ന് ബുദ്ധിയെ മോചിപ്പികാനുള്ള സമരമാണ് തത്ത്വചിന്ത എന്ന് വിറ്റ്ജൻ‌സ്റ്റൈൻ കരുതി.[46] അത് സങ്കീർണ്ണമായി അനുഭവപ്പെടുന്നതെന്ത് എന്നതിന് വിറ്റ്ജൻ‌സ്റ്റൈൻ പറഞ്ഞ മറുപടി ഇതായിരുന്നു:-

മരണശേഷം വിറ്റ്ജൻ‌സ്റ്റൈന്റെ ഒട്ടേറെ കുറിപ്പുകളും പ്രബന്ധങ്ങളും, പ്രഭാഷണങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും 1921-ൽ പ്രസിദ്ധീകരിച്ച "യുക്തിദർശന നിബന്ധം" മാത്രമാണ് ജീവിതകാലത്ത് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദാർശനികരചന. ആദ്യകാലരചനകളിൽ ആർതർ ഷോപ്പൻഹോവറുടേയും ബെർട്രാൻഡ് റസ്സലും ഗൊട്ട്‌ലോബ് ഫ്രെജ്ജും മുന്നോട്ടുവച്ച പുതിയ യുക്തിവ്യവസ്ഥയുടേയും സ്വാധീനം ഉണ്ടായിരുന്നു. ഇമ്മാനുവേൽ കാന്റും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. "നിബന്ധം" പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, വിയന്നയിലെ നിഷ്കർഷതാവാദികളുടെ കൂട്ടായ്മ അതിന് ഏറെ പ്രാധാന്യം കല്പിച്ചു. എന്നാൽ അദ്ദേഹം സ്വയം നിഷ്കർഷതാവാദികളുടെ വൃത്തത്തിൽ പെടുന്നവനായി കണക്കാക്കിയില്ല. യുക്തിനിഷ്കർഷതാവാദം "നിബന്ധത്തിലെ" ആശയങ്ങളെ തെറ്റിദ്ധരിച്ചതിൽ നിന്നു ജനിച്ചതാണെന്ന് അദ്ദേഹം കരുതി.

നിബന്ധത്തിന്റെ പൂർത്തീകരണത്തോടെ താൻ തത്ത്വചിന്തയിലെ സമസ്യകളെല്ലാം പരിഹരിച്ചതായി വിറ്റ്ജൻ‌സ്റ്റൈൻ കരുതി. എന്നാൽ പിന്നീടദ്ദേഹം തന്റെ ആദ്യരചനയുടെ ഗണ്യമായ ഭാഗത്തെ തള്ളിപ്പറയുകയോ പരിഷ്കരിക്കുകയോ ചെയ്തു. തത്ത്വചിന്തയിലെ വ്യവസ്ഥയെക്കുറിച്ചും ഭാഷാദർശനത്തെക്കുറിച്ചുമുള്ള വിറ്റ്ജൻ‌സ്റ്റൈന്റെ പുതിയ ആശയങ്ങളാണ്, മരണാനന്തരം പ്രസിദ്ധീകരിച്ച "ദാർശനികാന്വേഷണങ്ങൾ" എന്ന കൃതിയിൽ.

'നിബന്ധം'

തിരുത്തുക

1919-ൽ ബെർട്രാൻഡ് റസ്സലിനെഴുതിയ ഒരു കത്തിൽ തന്റെ യുക്തിദർശനിബന്ധത്തെക്കുറിച്ച് വിറ്റ്ജൻ‌സ്റ്റൈൻ ഇങ്ങനെ എഴുതി:

മറ്റു ന്യായവാദങ്ങളൊക്കെ എന്റെ മുഖ്യവാദത്തിന്റെ സഹായികൾ മാത്രമാണ്. അത് താങ്കൾക്ക് മനസ്സിലായില്ലെന്നാണ് എന്റെ സംശയം. പ്രസ്താവനകൾ കൊണ്ട്, അതായത് ഭാഷ കൊണ്ട്, എന്തു പ്രകടിപ്പിക്കാനാകും (എന്തു ചിന്തിക്കാനാകും), പ്രസ്താവനകൾ കൊണ്ടു പ്രകടിപ്പിക്കാനാകാതെ, പ്രകടമാവുക മാത്രം ചെയ്യുന്നവ എന്തൊക്കെ എന്നതാണ് തത്ത്വചിന്തയിലെ കേന്ദ്രസമസ്യയായിരിക്കുന്നതെന്ന് ഞാൻ കരുതുന്നു.[48]

ഇത് നിബന്ധത്തിന്റെ ആമുഖത്തിലെ താഴെക്കാണുന്ന വരികളുമായി ഒത്തുപോകുന്നതാണ്:

പുസ്തകത്തിലെ ആശയങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: പറയാൻ ആകുന്നവ, വ്യക്തമായി പറയാനാകും; പറയാനാകാത്തവയെ, നാം മൗനമായി കടന്നുപോകണം.

വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്തവ, സ്വയം വെളിവാക്കുന്നു; വിറ്റ്ജൻസ്റ്റൈൻ അവയെ "യോഗാത്മകങ്ങൾ"(the mystical) എന്നു വിളിച്ചു. പറയാനാകുന്നവ ഭൗതികശാസ്ത്രങ്ങളുടെ പരിധിയിൽ വരുന്നതിനാൽ തത്ത്വചിന്തയുടെ പരമ്പരാഗത വിഷയങ്ങളെല്ലാം പറയാനാകാത്തവയിൽ പെടുന്നു.

പ്രസ്താവനകൾ സൂചിപ്പിക്കുന്നത് സ്ഥിതിവിശേഷങ്ങളുടെ ഉണ്മയും ഇല്ലായ്മയും ആണ്.
യഥാർത്ഥ പ്രസ്താവനകളുടെ ആകെത്തുക ഭൗതികശാസ്ത്രങ്ങൾ ഒന്നാകെയാണ്.
തത്ത്വചിന്ത ഭൗതികശാസ്ത്രങ്ങളിൽ ഒന്നല്ല. (തത്ത്വചിന്തയുടെ സ്ഥാനം ഭൗതികശാസ്ത്രങ്ങൾക്കു മുകളിലോ താഴെയോ ആണ്, അതിനൊപ്പമല്ല.)

അതിനാൽ തത്ത്വചിന്തയുടെ ഭാഗമായ യുക്തിയെ സംബന്ധിച്ച റസ്സലിന്റേയും ഫ്രെജ്ജിന്റേയും ചിന്തകളോട് വിറ്റ്ജൻ‌സ്റ്റൈൻ ഇങ്ങനെ പ്രതികരിച്ചു:

പ്രസ്താവനകൾക്ക് യുക്തിരൂപത്തെ പ്രതിനിധീകരിക്കാനാവില്ല: അത് അവയിൽ പ്രതിബിംബിക്കുന്നേയുള്ളു. ഭാഷയ്ക്ക് അതിൽ പ്രതിഫലിക്കുന്നതിന്റെ പ്രതീകമാവുക വയ്യ. സ്വയം ഭാഷയിൽ പ്രകടമാകുന്നതിനെ നമുക്ക് ഭാഷകൊണ്ട് പ്രകടിപ്പിക്കുക വയ്യ. ഉണ്മയുടെ യുക്തിരൂപത്തെ പ്രസ്താവനകൾ "കാട്ടിത്തരുന്നു", അല്ലെങ്കിൽ "പ്രദർശിപ്പിക്കുന്നു".
'ക'-യെ പിന്തുടരുന്നത് 'ഖ' ആണെങ്കിൽ, എനിക്ക് 'ഖ'-യിൽ നിന്ന് 'ക'-യെ അനുമാനിക്കാനും 'ക'-യെ അടിസ്ഥാനമാക്കിയുള്ള നിഗമനത്തിൽ 'ഖ'-യിൽ എത്തിച്ചേരാനും കഴിയും. നിഗമനത്തിന്റെ സ്വഭാവം ആ രണ്ടു പ്രസ്താവനകളെ മാത്രം ആശ്രയിച്ചിരിക്കും. നിഗമനത്തിന്റെ ആകെ സാധ്യമായ നീതീകരണം അവ മാത്രമാണ്. നിഗമനങ്ങൾക്ക് ന്യായങ്ങളായി ഫ്രെജ്ജിന്റേയും റസ്സലിന്റേയും രചനകളിൽ കാണുന്ന 'നിഗമനനിയമങ്ങൾ' (Laws of Inference) അർത്ഥമില്ലാത്തവയും അപ്രസക്തവുമാണ്.

ഈ നിലപാടിനെ, അനുഭവാടിസ്ഥാനത്തിൽ തെളിയിക്കാവുന്ന വാക്യങ്ങൾക്കേ അർത്ഥമുള്ളു എന്നു വ്യാഖ്യാനിച്ച്, പരമ്പരാഗതമായ തത്ത്വമീമാംസയേയും സന്മാർഗ്ഗശാസ്ത്രത്തേയും അസംബന്ധമായി തള്ളിക്കളയുകയാണ് "വിയന്ന വൃത്തം"(Vienna Circle) ചെയ്തത്. അതിലെ അംഗമായിരുന്ന റുഡോൾഫ് കാർനാപ് നിബന്ധത്തോട് പ്രതികരിച്ചത് ഈ വിധമായിരുന്നു. ശാസ്ത്രീയമായ ജ്ഞാനസിദ്ധാന്തത്തിനുപകരിക്കുന്ന ബൃഹദ്‌യുക്തി സം‌രംഭമാണ് (Meta-logical task) തത്ത്വചിന്ത എന്ന പാഠമാണ് ഇതിൽ നിന്നു പഠിക്കേണ്ടതെന്ന് അദ്ദേഹം കരുതി. യഥാർത്ഥമായ ശാസ്ത്രീയ സമസ്യകളെ ഭാഷാപരം മാത്രമായ കപടസമസ്യകളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്ന യുക്തിപരമായ വാക്യരചനാസംബ്രദായം കണ്ടെത്താനുള്ള ഒരു പദ്ധതിക്കുപോലും അദ്ദേഹം മുന്നിട്ടിറങ്ങി. പരമ്പരാഗത തത്ത്വചിന്ത അസംബന്ധമാണെന്ന് തെളിഞ്ഞതിനാൽ, ഭാഷാപരമായ തർക്കങ്ങളെ അവയായി തിരിച്ചറിഞ്ഞ് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകായാണ്, തത്ത്വചിന്തകന്മാർക്ക് ആകെ ചെയ്യാനുള്ളതെന്നും കാർണാപ് വാദിച്ചു.

നിബന്ധത്തിലെ ആശയങ്ങൾ കാർണാപ്പിനേയും മറ്റും ഇത്തരം നിഗമനങ്ങളിലേക്കു നയിച്ചതെങ്ങനെയെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും വിറ്റ്ജൻ‌സ്റ്റൈൻ ഉദ്ദേശിച്ച അർത്ഥമാണ് ഇതെന്ന് കരുതുക വയ്യ. തത്ത്വചിന്തയോടുള്ള കാർണാപ്പിന്റെ സമീപനവും മനോഭാവവും വിറ്റ്ജൻ‌സ്റ്റൈന്റേതിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നതു കൊണ്ട് ഇതിൽ അത്ഭുതമൊന്നിമുല്ല. തന്റെ ആത്മകഥയിൽ കാർണാപ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "...തത്ത്വചിന്താസമസ്യകളോടുള്ള എന്റേയും വിറ്റ്ജൻ‌സ്റ്റൈന്റേയും മനോഭാവങ്ങളിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രീയസമസ്യകളോടുള്ള മനോഭാവമായിരുന്നു തത്ത്വചിന്താസമസ്യകളോട് ഞങ്ങൾക്ക്."

എന്നാൽ വിറ്റ്ജൻ‌സ്റ്റൈനാകട്ടെ:

മനുഷ്യരോടും സമസ്യകളോടും ശാസ്ത്രജ്ഞന്റെ സമീപനമല്ല സർഗ്ഗവാസനയുള്ള ഒരു കലാകാരന്റെ സമീപനമായിരുന്നു അദ്ദേഹത്തിന്; ഒരു പ്രവാചകനന്റെയോ ഋഷിയുടെയോ സമീപനമായിരുന്നു അത്... ദീർഘവും വിഷമകരവുമായ ശ്രമത്തിനൊടുവിൽ അദ്ദേഹത്തിന്റെ നിഗമനങ്ങൾ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അവയ്ക്ക് പുതുതായി രൂപപ്പെടുത്തിയ കലാസൃഷ്ടിയോടോ, ദൈവികവെളിപാടിനോടോ ആയിരുന്നു സാമ്യം....ദൈവപ്രചോദനത്തിൽ കിട്ടിയ ഉൾക്കാഴ്ചയെന്ന് തോന്നിച്ച അതിനെ സാമാന്യയുക്തിയുടെ പരിശോധനയ്ക്കോ വിശകലനത്തിനോ വിധേയമാക്കുക ദൈവനിന്ദയാകുമെന്ന് ഞങ്ങൾക്കു തോന്നി.

തത്ത്വചിന്തയെ ബൃഹദ്‌യുക്തിയാക്കി മാറ്റുകയെന്നതായിരുന്നില്ല നിബന്ധത്തിൽ വിറ്റ്ജൻ‌സ്റ്റൈൻ ലക്ഷ്യമിട്ടത്. ഭൗതികശാസ്തങ്ങളുടേയും ഭാഷയുടേയും പരിധിക്കു പുറത്തുള്ളതിനെയൊക്കെ തത്ത്വചിന്തക്കായി അവകാശപ്പെടുകയായിരുന്നു അദ്ദേഹം. ഫിക്കറിനെഴുതിയ ഒരു കത്തിൽ നിബന്ധത്തിന്റെ പരിധിയേയും ലക്ഷ്യത്തേയും സംബന്ധിച്ച തന്റെ തന്നെ ധാരണകൾ വിറ്റ്ജൻ‌സ്റ്റൈൻ വ്യക്തമാക്കുന്നു:

അതിന്റെ പ്രമേയം ധാർമ്മികമാണ്.... എന്റെ കൃതിയിൽ രണ്ടു ഭാഗങ്ങളുണ്ട്: ആദ്യത്തേത് ഞാൻ അതിൽ എഴുതിയിട്ടുള്ളതെല്ലാം; രണ്ടാമത്തേത് "എഴുതാതിരുന്നത്." കൃത്യമായി പറഞ്ഞാൽ, ഇതിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രധാനമായത്. ധാർമ്മികമായവയുടെ പരിധികൾ എന്റെ കൃതിയുടെ പരിധിയാണ്; അവയ്ക്ക് പരിധി നിശ്ചയിക്കാൻ മറ്റു വഴികളില്ലെന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു. ചുരുക്കത്തിൽ, ഞാൻ കരുതുന്നതിതാണ്: ഇന്ന് ഒട്ടേറെപ്പേരുടെ കലപിലകൂട്ടലിന് വിഷയമായിട്ടുള്ളതിനെയൊക്കെ ഞാൻ എന്റെ കൃതിയിൽ മൗനത്തിലുടെ നിർവചിച്ചിരിക്കുന്നു.[49]

ലോകത്തെക്കുറിച്ചുള്ള ആധുനികസങ്കല്പത്തിന്റെ അടിസ്ഥാനം, പ്രകൃതിനിയമങ്ങളായി കരുതപ്പെടുന്നവ പ്രതിഭാസങ്ങളെ വിശദീകരിക്കുന്നുവെന്ന മിഥ്യാധാരണയാണ്.

ഇക്കാലത്തെ മനുഷ്യർ പ്രകൃതിനിയമങ്ങളെ, പൂർവികർ ദൈവത്തേയും വിധിയേയും കണക്കാക്കിയിരുന്നതുപോലെ, അവസാനവാക്കായി കണക്കാക്കുന്നു. നേരുപറഞ്ഞാൽ രണ്ടു നിലപാടുകളും ശരിയും തെറ്റുമാണ്; എന്നാൽ പൂർവികർക്ക് എവിടെ നിർത്തണം എന്ന് അറിയാമായിരുന്നു എന്ന മെച്ചമുണ്ട്. ആധുനികരാകട്ടെ, എല്ലാം വിശദീകരിക്കാവുന്നതാണെന്ന് ഭാവിക്കുന്നു.

— വിറ്റ്ജൻ‌സ്റ്റൈൻ, നിബന്ധം 6.371-2

'നിബന്ധം' പ്രധാനമായും അറിയപ്പെടുന്നത് "യുക്തിയെ സംബന്ധിച്ച അണുസിദ്ധാന്തം" (Logical atomism)എന്ന അതിലെ ആശയത്തിന്റെ പേരിലാണ്. "പൊരുളിന്റെ ചിത്രസിദ്ധാന്തം"(Picture theory of meaning) എന്നും അറിയപ്പെടുന്ന അതിലെ വാദം ഇതാണ്:

  • ലോകത്തിലുള്ളത് സ്വതന്ത്രമായ അണുവസ്തുതകൾ അല്ലെങ്കിൽ അവസ്ഥാവിശേഷങ്ങൾ ആണ്. അണുവസ്തുതകളിൽ ചേർന്ന് വലിയ വസ്തുതകൾ രൂപം കൊള്ളുന്നു.
  • ഭാഷയിലുള്ളത് ചെറിയ "അണുപ്രസ്താവനകളും"(atomic propositions) അവ ചേർന്നുണ്ടാകുന്ന വലിയ പ്രസ്താവനകളുമായതു കൊണ്ട്, ഭാഷ വസ്തുതകൾ ചേർന്നുണ്ടായ ലോകത്തിന്റെ യുക്തിരൂപം പങ്കുപറ്റുന്നു.
  • വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ചിന്ത വസ്തുതകളെ ചിത്രീകരിക്കുന്നു.

ഈ സിദ്ധാന്തം അനുസരിച്ച്, ഏതെങ്കിലും വസ്തുതയെ പ്രതിഭലിപ്പിക്കാത്ത ഭാഷാശകലമൊന്നും പ്രസ്താവനയല്ലാത്തതിനാൽ അസംബന്ധമാണ്. നിബന്ധത്തിൽ തന്നെ, കപടപ്രസ്താവങ്ങളായ ഇത്തരം അസംബന്ധങ്ങൾ ഏറെയുണ്ടെന്ന് വിറ്റ്ജൻ‌സ്റ്റൈൻ മടിയില്ലാതെ സമ്മതിക്കുന്നുണ്ട്:

എന്റെ പ്രസ്താവനകളുടെ പ്രയോജനം താഴെ പറയുന്ന വിധമാണ്: അവയെ കടന്നു പോകാനാകും വിധം മനസ്സിലാക്കി കഴിയുന്നയാൾ, അവ അസംബന്ധമാണെന്ന് ക്രമേണ തിരിച്ചറിയും. (മറ്റൊരുവിധത്തിൽ പറഞ്ഞാൽ, മുകളിൽ എത്തിക്കഴിയുമ്പോൾ അയാൾ‍, ഗോവണി തള്ളിയിടണം.) അവൻ ഈ പ്രസ്താവനകളെ കടന്നുപോകണം. അപ്പോൾ അയാൾക്ക് ലോകത്തെ നന്നായി കാണാനാകും.

തുടർന്ന് അദ്ദേഹം പുസ്തകത്തിലെ പ്രധാന വാദം ആവർത്തിക്കുന്നു:

"നമുക്ക് വിവരിക്കാനാവാത്തതിനെ നാം മൗനമായി കടന്നുപോകണം." [ഗ]

ധാർമ്മികതയുടെ അതിരുകൾ പരിമിതപ്പെടുത്തിക്കൊണ്ട്, അതിനെ ശാസ്ത്രത്തിന്റേയും സൈദ്ധാന്തികയുക്തിയുടേയും കടന്നാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഇമ്മാനുവേൽ കാന്റിനോട് വിറ്റ്ജൻ‌സ്റ്റൈനെ താരതമ്യപ്പെടുത്താനാകും. വിറ്റ്ജൻ‌സ്റ്റൈനെപ്പോലെ കാന്റും ഭാഷയുടേയും മനുഷ്യചിന്തയുടേയും പരിമിതികൾ ചൂണ്ടിക്കാട്ടി. ‍

കേംബ്രിഡ്ജിലെ മടങ്ങിയെത്തിയ വിറ്റ്ജൻ‌സ്റ്റൈൻ ഏറെ എഴുതുകയും രചനകളെ അപൂർണ്ണമായ ഒരു പറ്റം കൈയെഴുത്തുപ്രതികളായി ക്രമപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണസമയത്ത് അവ ഏതാണ്ട് മുപ്പതിനായിരം പുറങ്ങൾ ഉണ്ടായിരുന്നു. അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.[50] 1920-30-കളിലെ തന്റെ ഈ 'മദ്ധ്യകാലത്ത്', നിബന്ധത്തിൽ സൂചിതമായ ദാർശനികപൂർണ്ണതാവാദത്തെ (Philosophical perfectionism) പുന:പരിശോധിക്കുകയാണ് അദ്ദേഹം ചെയ്തത്. വിറ്റ്ജൻ‌സ്റ്റൈൻ പുതിയതായി എന്തെങ്കിലും പ്രസിദ്ധീകരിക്കാൻ തയ്യാറായിട്ടില്ലെങ്കിലും അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളെ ആശ്രയിച്ച്, അദ്ദേഹത്തിന്റെ നിലപാടുകൾ തെറ്റായി ചിത്രീകരിക്കുന്ന രചനകൾ മറ്റുള്ളവർ പ്രസിദ്ധീകരിച്ചിരുന്നത് വിറ്റ്ജൻ‌സ്റ്റൈന് അമർഷം ഉണ്ടാക്കി. അതിനാൽ ആർ. ബി. ബ്രെയ്ത്ത്‌വെയ്‌റ്റ് ആയിടെ എഴുതിയ ഒരു ലേഖനത്തെ പരാമർശിച്ച്, താൻ സ്വയം അവ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് തന്റെ "കണ്ടെത്തലുകളെക്കുറിച്ച്" എഴുതുന്നത് നിർത്താൻ തത്ത്വചിന്തകന്മാരോട് ആവശ്യപ്പെട്ട് അദ്ദേഹം "മനസ്സ്" എന്ന ആനുകാലികത്തിൽ ഒരു കത്തെഴുതുക പോലും ചെയ്തു.

1933-34-ൽ കേംബ്രിഡ്ജിലെ തന്റെ ക്ലാസ്സിൽ വിറ്റ്ജൻ‌സ്റ്റൈൻ പറഞ്ഞുകൊടുത്ത ഒരുപറ്റം നോട്ടുകളുടെ സമാഹാരമായ 'നീലപ്പുസ്തകം', ഭാഷയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പിൽക്കാലചിന്തകളുടെ ബീജരൂപമാണ്. ആ നിലപാടുകൾ ദാർശനികാന്വേഷണങ്ങളിൽ വികസിതമായി. വിറ്റ്ജൻ‌സ്റ്റൈന്റെ ഭാഷാദർശനത്തിലെ വഴിത്തിരിവെന്ന നിലയിൽ ഈ കൃതി ഇന്ന് പരക്കെ വായിക്കപ്പെടുന്നു.

'ദാർശനികാന്വേഷണങ്ങൾ'

തിരുത്തുക

നിബന്ധത്തിനൊപ്പം വിറ്റ്ജൻ‌സ്റ്റൈന്റെ മറ്റൊരു മുഖ്യരചനായാണ് ദാർശനികാന്വേഷണങ്ങൾ. ഏറെക്കാലം കാത്തിരുന്ന ഈ ഗ്രന്ഥം വിറ്റ്ജൻ‌സ്റ്റൈൻ മരിച്ച് രണ്ടു വർഷം കഴിഞ്ഞ് 1953-ൽ രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ ഒന്നാം ഭാഗത്തിൽ എണ്ണം കൊടുത്തിട്ടുള്ള 693 ഖണ്ഡികകളിൽ മിക്കവയും 1946-ൽ തന്നെ പ്രസിദ്ധീകരണത്തിന് ഒരുങ്ങിയിരുന്നു.എന്നാൽ വിറ്റ്ജൻ‌സ്റ്റൈൻ അതിനെ പ്രസാധകന്റെ കയ്യിൽ നിന്ന് തിരികെ പിൻവലിച്ചു. ഹ്രസ്വമായ രണ്ടാം ഭാഗം സംശോധകന്മാരായ ജി.ഇ.എം.ആൻ‌സ്കോംബും റഷ് റീസും ചേർത്തതാണ്.

 
ദാർശനികാന്വേഷണങ്ങളുടെ പതിനൊന്നാം അദ്ധ്യായം രണ്ടാം ഭാഗത്ത് പരാമർശിക്കപ്പെടുന്ന "താറാമുയൽ"(Duckrabbit

വിറ്റ്ജൻ‌സ്റ്റൈന്റെ സംഭാവനയെക്കുറിച്ച് വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായസമന്വയം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നത് ദാർശനികാന്വേഷണങ്ങളുടെ കാര്യത്തിൽ ഏറെ ശരിയാണ്. ഭാഷയേയും അതിന്റെ പ്രയോഗത്തേയും ബഹുതരമായ ഭാഷാകേളികളായി (language games)[51] കാണാൻ വിറ്റ്ജൻ‌സ്റ്റൈൻ വായനക്കാരോടാവശ്യപ്പെട്ടു. ആ കേളിയിൽ ഭാഷയുടെ ഘടകങ്ങൾ പങ്കെടുക്കുകയും അവയ്ക്ക് അർത്ഥമുണ്ടായിരിക്കുകയും ചെയ്യുന്നു. വാക്കുകളെ അദ്ദേഹം ഒരുപകരണപ്പെട്ടിയിലെ(tool box) ഉപകരണങ്ങളോടുപമിച്ചു. ഉപകരണങ്ങൾക്ക് സന്ദർഭമനുസരിച്ചുള്ള ഉപയോഗമല്ലാതെ പ്രത്യേകമായ അർത്ഥമൊന്നുമില്ല.[52] വാക്കുകളുടെ മറ്റൊരു സാമ്യം, ചതുരംഗക്കളിയിലെ കരുക്കളോടാണ്. കരുക്കളുടെ പങ്ക് നിശ്ചയിക്കുന്നത് അവയുടെ രൂപമല്ല, കളിയിലെ നിയമങ്ങളാണ്. വാക്കുകളുടെ അർത്ഥം നിശ്ചയിക്കുന്നത് സമൂഹത്തിലെ പൊതുസമ്മതമാണ്.[53] bഈ നിലപാടിൽ നിന്നു നോക്കുമ്പോൾ, തത്ത്വചിന്തയിലെ പരമ്പരാഗതമായ ചോദ്യങ്ങൾ പലതും (ഉദാഹരണമായി, "എന്താണ് സത്യം?" എന്ന ചോദ്യം) അർത്ഥരഹിതമായ വായാടിത്തമായി മാറുന്നു.

 
ശലഭഭരണികൾ - ഭാഷയുടെ വിഭ്രാമകത തീർത്ത കപടസമസ്യകൾ തത്ത്വചിന്തകന്മാരെ ഭരണിയിലെ ശലഭങ്ങളാക്കി - ഭരണിയുടെ ഭിത്തിയിൽ തുടർച്ചയായി പറന്നിടിക്കുകയല്ല, അതിനു മുകളിലുള്ള വായിലൂടെ രക്ഷപെടുകയാണ് അവർ ചെയ്യേണ്ടത്.

യുക്തിപരമായ വിശകലനത്തിലൂടെ "മനസ്സിന്റെ സ്വാതന്ത്ര്യം", "മന-പദാർത്ഥ ബന്ധം", "നന്മ-സൗന്ദര്യങ്ങളുടെ സ്വരൂപം" തുടങ്ങിയ തത്ത്വചിന്തയിലെ സങ്കീർണ്ണസമസ്യകൾക്ക് പരിഹാരം കണ്ടെത്തുകയാണ് തത്ത്വചിന്തകന്റെ ധർമ്മമായി കരുതപ്പെട്ടിരുന്നത്. എന്നാൽ ഇവയൊക്കെ തത്ത്വചിന്തകൻ ഭാഷയെ ദുരുപയോഗം ചെയ്തതിൽ നിന്നുദിച്ച 'ഇല്ലാപ്രശ്നങ്ങൾ' ആണെന്ന് വിറ്റ്ജൻ‌സ്റ്റൈൻ കരുതി.

വിറ്റ്ജൻ‌സ്റ്റൈന്റെ അഭിപ്രായത്തിൽ, ജീവിതപ്പാവിനോട്, ഇഴപിരിച്ചുമാറ്റാനാകാത്തവിധം നെയ്തുചേർക്കപ്പെട്ടിരിക്കുന്നതാണ് ഭാഷ. ആ നെയ്ത്തിന്റെ ഭാഗമായിരിക്കുമ്പോൾ അത് പ്രശ്നമില്ലാതെ പ്രവർത്തിക്കുന്നു. ദാർശനികസമസ്യകൾ ജനിക്കുന്നത് ഭാഷയെ അതിന്റെ വീട്ടിൽ നിന്നിറക്കി തത്ത്വമീമാംസയുടെ ലോകത്തിലേയ്ക്ക് തള്ളിവിടുമ്പോഴാണ്. ഭാഷയെ അതിനു പരിചയമുള്ള സന്ദർഭസൂചകങ്ങളും, വഴിയടയാളങ്ങളും ഇല്ലാത്ത ലോകത്തിലേയ്ക്ക് തള്ളിവിടുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. തത്ത്വമീമാംസയുടെ ഈ ചുറ്റുപാടിനെ വിറ്റ്ജൻ‌സ്റ്റൈൻ ഘർഷണമില്ലാത്ത മഞ്ഞുകട്ടയിലെ അനുഭവത്തോട് താരതമ്യപ്പെടുത്തി:[54] ദാർശനികവും യുക്തിപൂർണ്ണവുമായ ഭാഷയ്ക്ക് ഏറ്റവും പറ്റിയ ചുറ്റുപാടാണതെന്നും, നിത്യജീവിതസന്ദർഭങ്ങൾ സൃഷ്ടിക്കുന്ന ദിഗ്‌ഭ്രമത്തിൽ നിന്ന് മുക്തമായി ദാർശനികസമസ്യകൾ പരിഹരിഹാക്കാൻ അവിടെ കഴിയുമെന്നും തോന്നിയേക്കാമെങ്കിലും, ഘർഷണത്തിന്റെ അഭാവം മൂലം ഭാഷക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയുന്നില്ല്ല. തത്ത്വചിന്തകന്മാർ ഘർഷണമില്ലാത്ത മഞ്ഞുകട്ടയിൽ നിന്ന്, സാധാരണഭാഷയുടെ പരുക്കൻ നിലത്തേയ്ക്കിറങ്ങണമെന്ന് വിറ്റ്ജൻ‌സ്റ്റൈൻ നിർദ്ദേശിച്ചു. ഭാഷയെ തത്ത്വമീമാസയുടെ സേവനത്തിൽ നിന്ന് മുക്തമാക്കി, ദൈനംജീവിതത്തിൽ ഉപയോഗിക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

ഭാഷയുടെ ദുരുപയോഗം തത്ത്വചിന്തകന്മാരെ വഴിതെറ്റിക്കുന്നുവെന്ന് സ്ഥാപിക്കാൻ വിറ്റ്ജൻ‌സ്റ്റൈൻ മിഥ്യ, മന്ത്രബലം, ആഭിചാരം എന്നീ വാക്കുകൾ ആവർത്തിച്ചുപയോഗിക്കുന്നു. ഇവയുടെ സ്വാധീനത്തിൽ പെട്ട് തത്ത്വചിന്തകന്മാർ ഇല്ലാത്ത ദാർശനികസമസ്യകളുമായി മല്ലിട്ടതിന് തത്ത്വചിന്തയുടെ ചരിത്രത്തിൽ നിന്ന് അദ്ദേഹം ഉദാഹരണങ്ങൾ നിരത്തുന്നു. ഈ അന്വേഷണങ്ങളിലൊക്കെ വിറ്റ്ജൻ‌സ്റ്റൈൻ പിന്തുടരുന്നത് സംഭാഷണ ശൈലിയാണ്. വഴിതെറ്റി വിഷമിക്കുന്ന തത്ത്വചിന്തകന്റേയും അയാളെ കപടസമസ്യകളുടെ ശലഭഭരണിയിൽ(fly bottle) നിന്ന് പറന്നു പോകാൻ സഹായിക്കുന്ന വഴികാട്ടിയുടേയും ഭാഗം അദ്ദേഹം മാറിമാറി ഏറ്റെടുക്കുന്നു. തത്ത്വചിന്താസമസ്യകളായി കരുതപ്പെടുന്നവ പരിഹരിക്കപ്പെടുകയല്ല അവ അപ്രത്യക്ഷമാവുകയാണ് (dissolved rather than solved) വേണ്ടത്. നിത്യജീവിതത്തിലെ ഭാഷയുടെ ശ്രദ്ധാപൂർവമായ പരിശോധനയിലൂടെ തത്ത്വചിന്തയുടെ ലോകത്തിലെ വഴിതെറ്റലിലെ ആദ്യപടികൾ തന്നെ ഒഴിവാക്കാനാവുമെന്ന് വിറ്റ്ജൻ‌സ്റ്റൈൻ കരുതി.

സ്വാധീനങ്ങൾ

തിരുത്തുക

ഭാഷയുടേയും മനുഷ്യചിന്തയുടെ തന്നെയും പരിമിതിയെക്കുറിച്ചുള്ള ബോധ്യത്തിൽ വിറ്റ്ജൻ‌സ്റ്റൈൻ ഇമ്മാനുവേൽ കാന്റിനെ അനുസ്മരിപ്പിക്കുന്നു.[55] അനുഭങ്ങളിൽ വേരൂന്നിയ സങ്കല്പങ്ങളെ അനുഭവസാധ്യതയ്ക്ക് പുറത്തുള്ള ലോകത്തിൽ പ്രയോഗിയ്ക്കുമ്പോൾ, വൈരുദ്ധ്യങ്ങളും ചിന്താക്കുഴപ്പങ്ങളും ജനിക്കുമെന്ന് ശുദ്ധയുക്തിയുടെ വിമർശനത്തിൽ കാന്റ് വാദിച്ചു. അതിനാൽ ആ കൃതിയുടെ രണ്ടാം ഭാഗം അദ്ദേഹം ആത്മാവ്, ദൈവം മുതലായ സങ്കല്പങ്ങളെ യുക്തി ഉപയോഗിച്ച് തെളിയിക്കാൻ സാധാരണ ഉന്നയിയ്ക്കാറുള്ള വാദങ്ങളുടെ വിമർശനത്തിന് മാറ്റിവയ്ക്കുന്നു. അങ്ങനെ, വാക്കുകളെ അവയുടെ അംഗീകൃതമായ അർത്ഥത്തിന്റെ ലോകത്തിനു പുറത്ത് ഉപയോഗിക്കുന്നതിനെതിരായുള്ള വിറ്റ്ജൻ‌സ്റ്റൈന്റെ വിമർശനത്തിൽ, അനുഭവയുക്തിയുടെ അനുഭവേതരമായ ഉപയോഗത്തെ സംബന്ധിച്ചുള്ള കാന്റിന്റെ വിമർശനം പ്രതിഭലിക്കുന്നു.

പരമ്പരാഗതമായി സ്വീകരിക്കപ്പെട്ട മൗലികസങ്കല്പങ്ങളുടേയും വിശ്വാസങ്ങളുടേയും അപനിർമ്മിതിയിൽ (deconstruction) ഊന്നിയ വിറ്റ്ജൻ‌സ്റ്റൈന്റെ ദർശനത്തെ പൗരാണികഭാരതത്തിലെ മഹായാനചിന്തകൻ നാഗാർജുനന്റെ ചിന്തയുമായും താരതമ്യപ്പെടുത്താറുണ്ട്.[56]

കുറിപ്പുകൾ

തിരുത്തുക

ക. ^ വിറ്റ്ജൻ‌സ്റ്റൈനുമായുള്ള സംഭാഷണങ്ങളെക്കുറിച്ച് റസ്സൽ ഇങ്ങനെ എഴുതി: "എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ ബൗദ്ധിക സാഹസങ്ങളിലൊന്ന്....വിറ്റ്ജൻ‌സ്റ്റൈനിൽ അഗ്നിയും കൂർമ്മബുദ്ധിയും ബുദ്ധി നൈർമ്മല്യവും അതിശയകരമായ അളവിൽ ഉണ്ടായിരുന്നു. ഏനിക്ക് പഠിപ്പിക്കാനുണ്ടായിരുന്നതെല്ലാം അയാൾ താമസിയാതെ പഠിച്ചു. അയാളുടെ മാനസിക നില ഒരു കലാകാരന്റേതായിരുന്നു: ധ്യാനാത്മകവും ഭാവപ്പകർച്ചകൾ നിർഞ്ഞതും. താൻ എല്ലാ പ്രഭാതത്തിലും പ്രതീക്ഷയോടെ തുടങ്ങി സായാഹ്നത്തിൽ നിരാശയിൽ എത്തിനിൽക്കുന്നുവെന്ന് അയാൾ പറഞ്ഞു." [47]

ഖ. ^ നോർവേയിലേക്കു പോകുന്നതിൽ നിന്ന് വിറ്റ്ജൻ‌സ്റ്റൈനെ തടയാൻ ശ്രമിച്ച തനിക്കു കിട്ടിയ പ്രതികരണത്തെക്കുറിച്ച് ബെർട്രൻഡ് റസ്സൽ ഇങ്ങനെ എഴുതിയിട്ടുണ്ട്: "അവിടെ ആകെ ഇരുട്ടായിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ താൻ ദിനവെളിച്ചത്തെ വെറുക്കുന്നെന്ന് അയാൾ മറുപടി പറഞ്ഞു. അയാൾ ഏകാകിയായിരിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ, ബുദ്ധിമാന്മാരുമായുള്ള സംസർഗ്ഗത്തിൽ മനസ്സിനെ വ്യഭിചരിപ്പിച്ച് താൻ മടുത്തെന്ന് അയാൾ പറഞ്ഞു. അയാൾക്ക് വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ, സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു." [47]

ഗ. ^ ഇതിനോട്, "വാക്കുകൾ കൊണ്ടു വിവരിക്കാനാകാത്തതിനെ ചൂളമടിച്ചിട്ടും കാര്യമില്ല" എന്ന് വിറ്റ്ജൻ‌സ്റ്റൈന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ഫ്രാങ്ക് റാംസേ കൂട്ടിച്ചേർത്തു.[57]

  1. "Wittgenstein". Random House Webster's Unabridged Dictionary. Retrieved 6 April 2020.
  2. "റ്റൈം 100: ശാസ്ത്രജ്ഞന്മാരും ചിന്തകന്മാരും". റ്റൈം മാഗസിൻ ഓൻലൈൻ. Archived from the original on 2009-05-08. Retrieved 2009-09-14. {{cite web}}: Unknown parameter |dateformat= ignored (help)
  3. ബെർട്രാൻഡ് റസ്സലിന്റെ ആത്മകഥ, പുറം 329.
  4. Edmonds, Eidinow, "വിറ്റ്ജൻ‌സ്റ്റൈനിന്റെ തീയിളക്കി(Poker)"
  5. Lackey, Douglas. 1999. "ഏതൊക്കെയാണ് ആധുനിക ക്ലാസിക്കുകൾ? ഇരുപതാം നൂറ്റാണ്ടിലെ മികച്ച തത്ത്വചിന്തയെ സംബന്ധിച്ച ബാരൂക്ക് വോട്ടെടുപ്പ്. തത്ത്വചിന്താവേദി. 30 (4): 329-46
  6. "Karl Wittgenstein, Business Tycoon and Art Patron". Archived from the original on 2018-06-25. Retrieved 12 December 2008.
  7. Monk, Ludwig Wittgenstein: The Duty of Genius: p.5
  8. "കാൾ വിറ്റ്ജൻ‌സ്റ്റൈൻ - കോടീശ്വരനും കലാപ്രേമിയും". Archived from the original on 2018-06-25. Retrieved 2009-09-15.
  9. ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ, ഇന്റർനെറ്റ് ദർശന വിജ്ഞാനകോശം
  10. മങ്ക്, ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: ജീനിയസിന്റെ കടമ: പുറം.8
  11. മങ്ക്, ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: ജീനിയസിന്റെ കടമ: പുറം.6
  12. Edmonds, Eidinow, "വിറ്റ്ജൻ‌സ്റ്റൈന്റെ തീയിളക്കി"
  13. Hamann, pp.15-16.
  14. p 75 Sterrett
  15. ലുഡ്‌വിഗ് ബോൾട്ട്സ്‌മാന്റെ ജീവചരിത്രം, Corrosion Doctors
  16. ആൽഫ്രെഡ് നോർത്ത് വൈറ്റ്‌ഹെഡ്, ബെർട്രാൻഡ് റസ്സൽ - പ്രിൻ‍സിപ്പാ മാത്തമെറ്റിക്കാ to *56, കേംബ്രിഡ്ജ് സർവകലാശാല പ്രെസ്സ്, 1997 ISBN 0-521-62606-4; 3 vol. (1950) ASIN: BOOOWWCRCA; 1st ed. 1910
  17. 17.0 17.1 17.2 ലുഡ് വിഗ് ജോഹാൻ ജോസെഫ് വിറ്റ്ജൻ‌സ്റ്റൈൻ Archived 2010-10-27 at the Wayback Machine., ജെ. ജെ. ഓക്കോണറും ഇ.എഫ്. റോബർട്ട്സണും ചേർന്നെഴുതിയ ജീവചരിത്രം
  18. റസ്സലും വിറ്റ്ജൻ‌സ്റ്റൈനും: മര്യാദയുടേയും താൻപോരിമയുടേയും പഠനം Archived 2009-01-13 at the Wayback Machine., ജസ്റ്റിൻ ലീബറുടെ ലേഖനം
  19. ബെർട്രാൻഡ് റസ്സലിന്റെ ജീവചരിത്രംl, പുറം. 282.
  20. Malcolm, Norman (1958). "A Memoir". Ludwig Wittgenstein: A Memoir. G. H. von Wright. U.S.: Oxford University Press. p. 26. ISBN 0199247595. പലപ്പോഴും അദ്ദേഹം ക്ലാസ്സ് തീർന്നാലുടനേ സിനിമാ കാണാൻ ഓടി. തിയേറ്ററിലേക്കുള്ള വഴിയിൽ ഒരു ബണ്ണോ മറ്റോ വാങ്ങിയിട്ട് സിനിമ കാണുന്നതിനിടയിൽ അത് തിന്നു.
  21. മങ്ക്, ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: ജീനിയസിന്റെ കടമ: പുറം.71
  22. മങ്ക്, ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: ജീനിയസിന്റെ കടമ, പുറങ്ങൾ. 44, 116, 382–84
  23. Creegan, Charles. "Wittgenstein and Kierkegaard". Routledge. Archived from the original on 2010-08-22. Retrieved 23 April 2006. {{cite web}}: Unknown parameter |dateformat= ignored (help)
  24. ബെർട്രാൻഡ് റസ്സലിന്റെ ആമുഖം
  25. 25.0 25.1 25.2 25.3 "A dwelling for the gods". Guardian Unlimited. 2002-01-05. Retrieved 2008-01-19. {{cite news}}: Check date values in: |date= (help)
  26. "തത്ത്വചിന്തകന്റെ ദുർല്ലഭമായ 'ഇതരഗ്രന്ഥം' വില്പനക്ക്". Guardian. Retrieved 29 April 2006. {{cite web}}: Unknown parameter |dateformat= ignored (help)
  27. Lewis Hyde, Making It, ന്യൂ യോർക്ക് ടൈംസ്, ഏപ്രിൽ 6, 2008.
  28. സ്റ്റ്യൂവാർട്ട് ജെഫ്രീസ്, ദൈവങ്ങൾക്ക് ഒരു വീട്, ഗാർഡിയൻ പത്രം, ജനുവരി 5, 2002.
  29. Vienna Circle, സ്റ്റാൻഫോർഡ് ദർശന വിജ്ഞാനകോശം
  30. മങ്ക്, ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: ജീനിയസിന്റെ കടമ, പുറം. 271
  31. ആർ.ബി.ബ്രെയിത്ത്‌വെയ്റ്റ് ജോർജ്ജ് എഡ്‌വേഡ് മൂർ 1873 - 1958, in Ambrose, Alice. G.E. Moore: Essays in Retrospect (Muirhead Library of Philosophy). Routledge. ISBN 978-0-415-29537-6. {{cite book}}: Cite has empty unknown parameter: |coauthors= (help)
  32. ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: കേംബ്രിഡ്ജിലേക്കുള്ള മടക്കം Archived 2007-11-03 at the Wayback Machine. കേംബ്രിഡ്ജ് വിറ്റ്ജൻ‌സ്റ്റൈൻ ശേഖരത്തിൽ നിന്ന്
  33. Wittgenstein, Ludwig (1989-10-15), Diamond, Cora (ed.), ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചുള്ള വിറ്റ്ജൻ‌സ്റ്റൈന്റെ പ്രഭാഷണങ്ങൾ, ചിക്കാഗോ സർവകലാശാല പ്രസ്, ISBN 0226904261 {{citation}}: Check date values in: |date= (help)
  34. "Jews in Linz".
  35. Edmonds and Eidinow, pp. 98, 105
  36. ഡേവിഡ് എഡ്മണ്ട് & ജോൺ എഡിനൗ. "വിറ്റ്ജൻ‌സ്റ്റൈന്റെ തീയുന്തി", ഫേബർ & ഫേബർ, ലണ്ടൻ 2001, പുറം.98.
  37. ജീവിതത്തിന്റെ അർത്ഥം തേടി, യുവാൽ ലൂറി, മിസോറി സർവകലാശാല പ്രെസ്, 2006, പുറം 111
  38. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-05. Retrieved 2009-09-18.
  39. John, Peter C. (July - Sep., 1988). "വിറ്റ്ജൻ‌സ്റ്റൈന്റെ "അത്ഭുതകരമായ ജീവിതം"". Journal of the History of Ideas. 49 (3): 510. Retrieved 2007-12-11. {{cite journal}}: Check date values in: |date= (help)
  40. ഡ്രൂറി, അനുസ്മരണങ്ങൾ പുറം. 160; cf. വാക്കുകളുടെ അപകടം (1973) p. ix, xiv)
  41. Monk, Ludwig Wittgenstein: The Duty of Genius, p. 343
  42. വിറ്റ്ജൻ‌സ്റ്റൈൻ, സംസ്കാരവും മൂല്യവും, പുറങ്ങൾ 48-9, 1946
  43. മങ്ക്, ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ: ജീനിയസിന്റെ കടമ, പുറങ്ങൾ 23-5
  44. സംസ്കാരവും മൂല്യവും, വിറ്റ്ജൻ‌സ്റ്റൈൻ, (ഓക്സ്ഫോർഡ് 1998), പുറങ്ങൾ 16e 15e-19e)
  45. M.O’C. Drury, “വിറ്റ്ജൻ‌സ്റ്റൈനുമായുള്ള സംഭാഷണങ്ങൾ,” വിറ്റ്ജൻ‌സ്റ്റൈനെക്കുറിച്ചുള്ള അനുസ്മരണങ്ങൾ, ed. R. Rhees, New York: Oxford University Press, revised edition, 1984,p. 161.
  46. "ലുഡ്‌വിൽ വിറ്റ്ജൻ‌സ്റ്റൈൻ - Philosopher of the Month, June 2002 -". Archived from the original on 2009-07-19. Retrieved 2009-09-20.
  47. 47.0 47.1 47.2 "Wittgenstein Biography -". Archived from the original on 2008-11-22. Retrieved 2009-09-20.
  48. വിറ്റ്ജൻ‌സ്റ്റൈൻ റസ്സലിനെഴുതിയ കത്ത്, ജെയിംസ് എഡ്വേർഡ്സ് ഉദ്ധരിച്ചിരിക്കുന്നത് C. 1982. ദർശനരഹിതമായ സന്മാർഗ്ഗശാസ്ത്രം: വിറ്റ്ജൻ‌സ്റ്റൈനും സദാചാരവും, University Presses of Florida
  49. വിറ്റ്ജൻ‌സ്റ്റൈൻ ലുഡ്‌വിഗ് ഫിക്കറിനെഴുതിയ കത്ത്, Bad Modernisms, ഡഗ്ലസ് മാവോയും റെബേക്കാ വാൽക്കോവിറ്റ്സും 1919 നവംബറിൽ എഴുതിയ ഗ്രന്ഥം, റേ മങ്കിന്റെ പരിഭാഷ.
  50. "കേംബ്രിഡ്ജിലെ വിറ്റ്ജൻ‌സ്റ്റൈൻ ശേഖരത്തിലെ കൈയെഴുത്തുപ്രതികൾ". Archived from the original on 2008-12-19. Retrieved 2009-09-19.
  51. ദാർശനികാന്വേഷണങ്ങൾ, §23.
  52. Wittgenstein's philosophical investivations -
  53. A History of Philosophy. Ludwig Wittgenstein: biography, summary, theory [1]
  54. ദാർശനികാന്വേഷണങ്ങൾ, §107.
  55. വിറ്റ്ജൻ‌സ്റ്റൈന്റെ ദാർശനികാന്വേഷണങ്ങൾ: മെറഡിത്ത് വില്യംസിന്റെ നിരൂപണപ്രബന്ധം
  56. ലുഡ്‌വിഗ് വിറ്റ്ജൻ‌സ്റ്റൈൻ - Non-duality Salon
  57. Wittgenstein[പ്രവർത്തിക്കാത്ത കണ്ണി]