ജൊഹാൻ ബ്രാംസ് പത്തൊൻപതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രിൽ 3 1897), ഒരു ജർമ്മൻ സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു. കാല്പനികയുഗത്തിലെ ഒന്നാം‌കിട സംഗീതജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. ഹാംബർഗിൽ ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവർത്തനരംഗം ഓസ്ട്രിയയിലെ വിയന്ന ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊൻപതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകൻ ഹാൻസ് വോൺ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടർന്ന്, ബ്രാംസിനെ, ജോൺ സെബാസ്റ്റിൻ ബാക്ക്, ലുഡ്‌വിഗ് വാൻ ബീഥോവൻ എന്നിവരോടൊപ്പം സംഗീതലോകത്തെ മൂന്നു 'ബി'-കളിൽ ഒരുവനായി കണക്കാക്കാറുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ സംഗീതജ്ഞൻ, ജൊഹാൻ ബ്രാംസ്

പിയാനോ, സിംഫണി വാദ്യവൃന്ദങ്ങൾ , ശബ്ദസംഗീതം, പല്ലവി, ചേംബർ സമഷ്ടി എന്നിവയ്ക്കുവേണ്ടിയെല്ലാം ബ്രാംസ് സംഗീതരചന നടത്തി. കഴിവുറ്റ ഒരു പിയാനോവാദകൻ കൂടി ആയിരുന്ന അദ്ദേഹം, തന്റെ രചനകളിൽ പലതിന്റേയും ആദ്യത്തെ അവതരണം സ്വയം നടത്തി. നിപുണപിയാനോവാദക ക്ലാരാ ഷൂമാൻ, വയലിൻവാദകൻ ജോസഫ് ജോവാക്കീം എന്നിവരെപ്പോലെയുള്ള ഒന്നാംകിട കലാകാരന്മാരൊടൊപ്പം അദ്ദേഹം പ്രവർത്തിച്ചു. ബ്രാംസിന്റെ രചനകളിൽ പലതും ആധുനികകാലത്ത്, സംഗീതാവരണങ്ങളിലെ പതിവ് ഇനങ്ങളായിത്തീർന്നിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിപൂർണ്ണതാവാദി (perfectionist) ആയിരുന്ന ബ്രാംസ്, തന്റെ പല രചനകളും നശിപ്പിച്ചുകളയുകയോ പ്രസിദ്ധീകരിക്കാതെ വിട്ടുകളയുകയോ ചെയ്തു.


ബ്രാംസ് ഒരേസമയം പാരമ്പര്യവാദിയും നവീകർത്താവും ആയിരുന്നു. അദ്ദേഹത്തിന്റെ സംഗീതം വേരോടിച്ചിരുന്നത്, ബരോക്ക്, ക്ലാസിക്കൽ സംഗീതനായകന്മാർ വികസിപ്പിച്ച ഘടനകളിലും രചനാസങ്കേതങ്ങളിലുമാണ്. ബാച്ചിന്റെ സംഗീതം ആശ്രയിച്ച 'കൗണ്ടർപോയിന്റ്" എന്ന സങ്കീർണ്ണവും നിഷ്ഠാപൂർവകവുമായ രചനാരീതിയിലും, ബീഥോവൻ വികസിപ്പിച്ചെടുത്ത 'വൃദ്ധി' എന്ന രീതിയിലും ബ്രാംസ് വിദഗ്ദ്ധനായിരുന്നു. ജർമ്മൻ സംഗീതത്തിലെ 'അഭിവന്ദ്യമായ' ഘടകങ്ങളുടെ 'വിശുദ്ധിയെ' മാനിച്ചുകൊണ്ട് അവയെ കാല്പനികമായ ഒരു വാഗ്സംബ്രദായത്തിലേക്ക് പരിവർത്തനം ചെയ്യിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ആ ശ്രമത്തിൽ ബ്രാംസ് തന്ത്രീലയത്തിലേക്കും ഗാനമാധുരിയിലേക്കും പുതിയ വഴികൾ തുറന്നു. സമകാലീനരിൽ പലരും അദ്ദേഹത്തിന്റെ സംഗീതം ആവശ്യത്തിലധികം അക്കാദമിക് ആണെന്നു കരുതി. അതേസമയം ബ്രാംസിന്റെ സംഭാവനകളും നൈപുണ്യവും പുരോഗമനവാദിയായ ആർനോൾഡ് ഷോഅൻബർഗ്ഗ് മുതൽ യാഥാസ്ഥിതികനായ എഡ്‌വേഡ് എൽഗാർ വരേയുള്ളവർ അംഗീകരിച്ചിട്ടുണ്ട്. ബ്രാംസിന്റെ ഉദ്യുക്തവും സുഘടിതവുമായ രചനകൾ ‍, ഒരു തലമുറക്കാലം സംഗീതജ്ഞന്മാർക്കെല്ലാം തുടക്കവും പ്രചോദനവും ആയിരുന്നു.

തുടക്കം

തിരുത്തുക
 
ഹാംബർഗ്ഗിൽ ബ്രാംസ് ജനിച്ച വീടിരുന്ന കെട്ടിടത്തിന്റെ 1891-ലെ ചിത്രം.

പട്ടണത്തിൽ സംഗീതരംഗത്ത് ഉപജീവനമാർഗ്ഗം തേടിയാണ് ബ്രാംസിന്റെ പിതാവ് ജൊഹാൻ ജേക്കബ് ബ്രാംസ് ഹാംബർഗ്ഗിലെത്തിയത്. പല സംഗീതോപകരണങ്ങളിലും വൈദഗ്ദ്ധ്യമുണ്ടായിരുന്ന അദ്ദേഹം, കുഴൽ ഇരട്ട ബാസ് എന്നിവയുടെ വാദകനായിട്ടണ് ഏറെയും തൊഴിൽ കിട്ടിയത്. അവിവാഹിതയായിരുന്നെങ്കിലും തന്നേക്കാൾ 17 വയസ്സ് മൂപ്പുണ്ടായിരുന്ന ഹെൻ‌റീക്കാൻ ക്രിസ്റ്റേൻ നിസ്സനെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യം പട്ടണത്തിലെ തുറമുഖത്തിനടുത്ത് താമസിച്ച അവർ ആറുമാസത്തിനു ശേഷം ഹാംബർഗ്ഗിന്റെ വടക്കൻ അതിർത്തിയിലുള്ള ഡാംടോർവാളിലേക്ക് താമസം മാറ്റി.

മകന് ആദ്യത്തെ സംഗീതപരിശീലനം നൽകിയത് ജൊഹാൻ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സിൽ അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വിൽബാൾഡ് കോസ്സലിനു കീഴിൽ പിയാനോ അഭ്യസിക്കാൻ തുടങ്ങി. വേശ്യാലയങ്ങൾ കൂടി ആയി പ്രവർത്തിച്ചിരുന്ന മദ്യശാലകളിൽ പിയാനോ വായിക്കാൻ കൗമാരപ്രായത്തിന്റെ തുടക്കത്തിൽ ബ്രാംസ് നിർബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതൻ കുർട്ട് ഹോഫ്മാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കഥ ബ്രാംസിൽ നിന്നുതന്നെ ഉടലെടുത്തതായതിരിക്കണമെന്ന ന്യായത്തിൽ ‍, ചിലർ ഹോഫ്മാന്റെ അഭിപ്രായം തള്ളിക്കളയുന്നു.[1][2] അതേസമയം അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബ്രാംസിന്റെ കത്തുകളും ഈ കഥയുടെ വിശ്വസനീയത കളഞ്ഞു. അദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനങ്ങൾ ഹാംബർഗ്ഗിൽ തൊഴിലാളികൾ താമസിച്ചിരുന്ന മാന്യമായ സ്ഥലങ്ങളിലായിരുന്നു. ആ പ്രദേശങ്ങൾ ചേരികളായി മാറിയത് പിന്നീടാണ്. [3]

  1. കുർട്ട് ഹോഫ്മാൻ, ജോഹാൻ ബ്രാംസും ഹാംബർഗും (Reinbek, 1986) (ജർമ്മൻ ഭാഷയിലാണിത്: വേശ്യാലയങ്ങളിലെ പിയാനോവാദനത്തെക്കുറിച്ചുള്ള പഴയകഥയുടെ വിസ്തരിച്ചുള്ള തിരസ്കാരം ഇതിലുണ്ട്. ബാലനായിരുന്ന ബ്രാംസിനെ അറിഞ്ഞിരുന്നവരുടെ രചനകളും അത്തരം സ്ഥാപനങ്ങളിൽ കുട്ടികളെ ജോലിക്കുനിയോഗിക്കുന്നതിനെതിരെ ഹാംബർഗ്ഗിലുണ്ടായിരുന്ന കർശനമായ നിയമങ്ങളും ഒക്കെ ഹോഫ്മാൻ ഉദ്ധരിക്കുന്നുണ്ട്.
  2. Swafford, Jan (2001). "Did the Young Brahms Play Piano in Waterfront Bars?". 19th-century Music. Vol. 24 (No. 3): 268–275. doi:10.1525/ncm.2001.24.3.268. Archived from the original on 2010-08-28. Retrieved 2007-10-30. {{cite journal}}: |issue= has extra text (help); |volume= has extra text (help); Cite has empty unknown parameters: |coauthors= and |month= (help)
  3. "Unearthing Johannes, Robert Kameczura". Archived from the original on 2012-02-16. Retrieved 2009-08-25.
"https://ml.wikipedia.org/w/index.php?title=ജൊഹാൻ_ബ്രാംസ്&oldid=3797285" എന്ന താളിൽനിന്ന് ശേഖരിച്ചത്