മാത്തൻ കോനാട്ട്
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയും മലങ്കര മല്പാനും ആയിരുന്നു കോനാട്ട് കോര മാത്തൻ കോറെപിസ്കോപ്പ. 1901ൽ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1912ലെ സഭാപിളർപ്പിൽ യാക്കോബായ സഭയുടെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു. സുറിയാനി ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ഇദ്ദേഹം ആ ഭാഷയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ ആരാധനാക്രമ ഗ്രന്ഥങ്ങൾ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിൽ ഇദ്ദേഹം പ്രധാന പങ്കുവഹിച്ചു. കേരളത്തിലെ ഒട്ടുമിക്ക അന്ത്യോഖ്യൻ സുറിയാനി സഭകളും ഈ പരിഭാഷകളിൽ അധിഷ്ഠിതമായാണ് തങ്ങളുടെ ആരാധനാക്രമ ഗ്രന്ഥങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]
മലങ്കര മല്പാൻ കോരാ മാത്തൻ കോനാട്ട് കോറെപ്പിസ്കോപ്പ | |
---|---|
വൈദിക ട്രസ്റ്റി | |
സഭ | മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ |
സ്ഥാനാരോഹണം | 1901 |
ഭരണം അവസാനിച്ചത് | 1927 |
മുൻഗാമി | താഴത്ത് ചാക്കോ ചാണ്ടിപ്പിള്ള (നവീകരണ വിഭാഗം)[3] കോനാട്ട് കോരാ യൂഹാനോൻ (പാത്രിയർക്കീസ് വിഭാഗം) |
പിൻഗാമി | പാലപ്പള്ളിൽ മാണി പൗലോസ് (മെത്രാൻ കക്ഷി) |
എതിർപ്പ് | പാലപ്പള്ളിൽ മാണി പൗലോസ് |
വൈദിക പട്ടത്വം | 1883ൽ പുലിക്കോട്ടിൽ ദിവന്നാസിയോസ് 2ാമൻ |
പദവി | കോറെപ്പിസ്കോപ്പ |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | കോരാ മാത്തൻ |
ജനനം | 1860 മാർച്ച് 30 പാമ്പാക്കുട |
മരണം | 1927 നവംബർ 8 പാമ്പാക്കുട |
കബറിടം | പാമ്പാക്കുട സെന്റ് ജോൺസ് പള്ളി |
ദേശീയത | തിരുവിതാംകൂർ,[4] ഇന്ത്യൻ സാമ്രാജ്യം |
വിഭാഗം | സുറിയാനി ഓർത്തഡോക്സ് ക്രിസ്തുമതം |
മാതാപിതാക്കൾ | കോനാട്ട് യൂഹാനോൻ മല്പാൻ (പിതാവ്), അന്നം (മാതാവ്) |
പങ്കാളി | ഏലീശ്ബാ |
ഉദ്യോഗം | എഴുത്തുകാരൻ, അദ്ധ്യാപകൻ, വൈദികൻ[5] |
വിദ്യാകേന്ദ്രം | വെട്ടിക്കൽ മോർ ബെഹ്നാം ദയറ |
ഗുരു | ഗീവർഗീസ് യൂലിയോസ് കോനാട്ട്, ചാത്തുരുത്തിൽ ഗീവർഗീസ് ഗ്രിഗോറിയോസ് |
ജനനവും ബാല്യവും
തിരുത്തുകകൊച്ചിക്ക് അടുത്തുള്ള പാമ്പാക്കുടയിൽ പുരോഹിത പാരമ്പര്യം പിന്തുടരുന്ന കോനാട്ട് കുടുംബത്തിലാണ് കോര മാത്തൻ ജനിച്ചത്. 1860 മാർച്ച് 30ന് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. മലങ്കര യാക്കോബായ സഭയുടെ വൈദിക ട്രസ്റ്റിയും സുറിയാനി പണ്ഡിതനുമായ യോഹന്നാൻ മല്പാന്റെ മകനായാണ് അദ്ദേഹം ജനിച്ചത്. സ്വന്തം പിതാവിന്റെ കീഴിൽ സുറിയാനി ഭാഷയിൽ പരിചയവും മതപരിശീലനവും നേടിയ അദ്ദേഹം പിന്നീട് പരുമല തിരുമേനിയുടെ (ചാത്തുരുത്തിൽ ഗീവർഗീസ് ഗ്രിഗോറിയോസ്) കീഴിൽ ദൈവശാസ്ത്രത്തിലും, ആരാധനാക്രമത്തിലും സുറിയാനി ഭാഷയിലും വൈദഗ്ധ്യം നേടിയെടുത്തു.[1]
വൈദികവൃത്തിയും സാഹിത്യ സംഭാവനകളും
തിരുത്തുക1883ൽ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ദിവന്നാസിയോസ് 2ാമനിൽ നിന്ന് വൈദികനായി പട്ടമേറ്റ അദ്ദേഹം തുടർന്ന് കോട്ടയം പഴയ സെമിനാരിയിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. കുറച്ചുകാലത്തിനുശേഷം മലങ്കര മെത്രാപ്പോലീത്തയുടെ ഉപദേശപ്രകാരം യുവ വൈദികരെ പരിശീലിപ്പിക്കുന്നതിനായി അദ്ദേഹം സ്വന്തം ഗ്രാമത്തിൽ ഒരു ചെറിയ സെമിനാരി സ്ഥാപിച്ചു. അവിടെ സെമിനാരിയോട് ചേർന്ന് മാർ യൂലിയോസ് പ്രസ്സും എന്ന പേരിൽ ഒരു അച്ചടിശാലയും അദ്ദേഹം സ്ഥാപിച്ചു. അവിടെ വച്ച് യാക്കോബായ സഭയുടെ പ്രാർത്ഥനാക്രമങ്ങൾ മൂലഭാഷയായ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് അദ്ദേഹം തർജ്ജമ ചെയ്യുന്നതിൽ അദ്ദേഹം ഉത്സുകനായിരുന്നു. 'പാമ്പാക്കുട നമസ്കാരം' എന്ന പേരിൽ പ്രചാരം നേടിയ സഭയുടെ ആരാധനാക്രമ, സഭാസാഹിത്യ അടിത്തറ ബലപ്പെടുത്തിയ കോനാട്ട് മാത്തൻ മല്പാന് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് 3ാമൻ 'മലങ്കര മൽപ്പാൻ' എന്ന പദവി നൽകി ആദരിച്ചു. ഈ പദവി ആദ്യമായി നൽകപ്പെട്ടത് മാത്തൻ മല്പാനാണ്.[1]
ഈ പുസ്തകം 1910ൽ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല 2ാമന്റെ അംഗീകാരത്തോടെയാണ് ആദ്യമായി പ്രസിദ്ധീകരിച്ച പ്രസിദ്ധമായിത്തീർന്ന പാമ്പാക്കുട നമസ്കാരത്തിന് പുറമേ മറ്റ് പല സുറിയാനി പുസ്തകങ്ങളും കോനാട്ട് മല്പാൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദിവന്നാസിയോസ് ബർസാലിബിയുടെ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ വ്യാഖ്യാനം, ബാർ എബ്രായയുടെ ഹൂദായ കാനോൻ, ബൈബിൾ പുതിയ നിയമം (വെളിപാട് പുസ്തകം ഒഴികെ) എന്നിവയും ആചാരവിധികളുടെയും ഗാനങ്ങളുടെയും ഒരു ശേഖരവും അദ്ദേഹം വിവർത്തനം ചെയ്തു. കൂടാതെ ശീഹ്മോ നമസ്കാരം (ആഴ്ചയിലെ സാധാരണ ദിവസങ്ങൾക്കുള്ള യാമനമസ്കാരങ്ങൾ), ചില അനാഫൊറകൾ, ശെമ്മശന്മാരുടെ അഭിഷേകക്രമം, മാമ്മോദീസയ്ക്കും വിവാഹത്തിനും മൃതസംസ്കാര ശുശ്രൂഷയ്ക്കും ഉപയോഗിക്കുന്ന പ്രാർത്ഥാനക്രമങ്ങൾ, വലിയ ആഴ്ചയുടെ ശുശ്രൂഷാക്രമം തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഭംഗിയേറിയ പാശ്ചാത്യ സുറിയാനി സെർത്തോ കൈയ്യെഴുത്തിന് ഉടമയായിരുന്ന അദ്ദേഹം സിറിയായിലേക്ക് എഴുതി അയച്ച കത്തുകളുടെ ഒരു ശേഖരം അവിടെ സംരക്ഷിക്കപ്പെടുന്നു. ഇതിനുപുറമേ അദ്ദേഹം നാട്ടിലെ വിവിധ പള്ളികളിലേക്കും വ്യക്തികൾക്കും എഴുതിയ കത്തുകളും മലങ്കര യാക്കോബായ സഭയുടെ സഭാവീക്ഷണപരമായ ഒരു ലഘുചരിത്രവും നിലവിലുണ്ട്.[6][1]
വൈദിക ട്രസ്റ്റി (1901-27)
തിരുത്തുക1901ൽ മലങ്കര യാക്കോബായ സഭയുടെ വൈദിക ട്രസ്റ്റിയായി കോനാട്ട് മാത്തൻ മൽപ്പാൻ തിരഞ്ഞെടുക്കപ്പെട്ടു. 1876ൽ പത്രോസ് 3ാമൻ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ കൂടിയ മുളന്തുരുത്തി സുന്നഹദോസാണ് സഭാഭരണത്തിന്, മെത്രാപ്പോലീത്തൻ - വൈദിക - അത്മായ ട്രിസ്റ്റിമാർ അടങ്ങിയ, മൂന്ന് ട്രസ്റ്റി സംവിധാനം കൊണ്ടുവന്നത്. സഭയുടെ അധികാരം വിവിധ വ്യക്തികൾക്ക് പങ്കുവെക്കപ്പെടുന്നതിനും അതിലൂടെ മലങ്കര മെത്രാപ്പോലീത്തയിൽ അധികാരം കേന്ദ്രീകരിക്കുന്നത് തടയാനും ആണ് ഈ സംവിധാനം നിലവിൽ വന്നത്. കോനാട്ട് മാത്തൻ മല്പാന്റെ ഗുരുവായിരുന്ന പരുമല തിരുമേനിയാണ് അദ്ദേഹത്തെ സഭയുടെ വൈദിക-ട്രസ്റ്റി സ്ഥാനത്തേക്ക് ആദ്യമായി ശുപാർശ ചെയ്തത്. പുലിക്കോട്ടിൽ ദിവന്നാസിയോസ് 2ാമന്റെ കാലത്ത് ചുമതലയേറ്റ ഇദ്ദേഹം എട്ടുവർഷം അദ്ദേഹവുമായി സഹകരിച്ച് പ്രവർത്തിച്ചു. പുലിക്കോട്ടിൽ ദിവന്നാസിയോസിന്റെ മരണത്തെ തുടർന്ന് മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ട വട്ടശ്ശേരിൽ ദിവന്നാസിയോസിനെ 1909ൽ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല 2ാമൻ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്യുകയും സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.[1]
കോനാട്ട് മാത്തൻ മല്പാനും, സി. ജെ. കുര്യനും പുതിയ മലങ്കര മെത്രാപ്പോലീത്തയുടെ സഹഭാരവാഹികളായി വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി സ്ഥാനങ്ങളിൽ തുടർന്നു. എന്നാൽ ഒരു വർഷം തികയും മുമ്പേ സഭാഭരണത്തിൽ തർക്കങ്ങൾ ഉയർന്നുവരാൻ തുടങ്ങി. മാത്തൻ മല്പാനും അത്മായ ട്രസ്റ്റിയും വിവിധ വിഷയങ്ങളിൽ വട്ടശ്ശേരി ദിവന്നാസിയോസുമായി അഭിപ്രായഭിന്നതയിലായി. സഹട്രസ്റ്റിമാരെ അവഗണിച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതാണ് തർക്കത്തിലേക്ക് നയിച്ചത്. വട്ടശ്ശേരി ദിവന്നാസിയോസിന് എതിരായ പരാതികൾ പത്രിയർക്കീസ് അബ്ദുല്ല 2ാമന്റെ അടുക്കൽ എത്തി. സഭയുടെ ഭരണാധികാരം സംബന്ധിച്ച് നേരത്തേ തന്നെ പാത്രിയർക്കീസും വട്ടശ്ശേരി ദിവന്നാസിയോസും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പാത്രിയർക്കീസ് ആവശ്യപ്പെട്ട വിധേയത്വ പ്രഖ്യാപന രേഖകൾ അയച്ചു കൊടുക്കാൻ ദിവന്നാസിയോസ് തയ്യാറാകാതിരുന്നത് ആണ് ഇതിന് കാരണമായത്. 1911 ആയപ്പോഴേക്കും ആഭ്യന്തര ഭിന്നത സഭയിൽ വലിയ പിളർപ്പിന് കാരണമായി. വട്ടശ്ശേരിൽ ദിവന്നാസിയോസിനെ പാത്രിയർക്കീസ് മുടക്കുകയും പുതിയ മലങ്കര മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുന്നതിന് മലങ്കര അസോസിയേഷൻ വിളിച്ചു ചേർക്കുകയും ചെയ്തു. ദിവന്നാസിയോസിനൊപ്പം മെത്രാപ്പോലീത്തയായി അഭിഷിക്തനായ കൊച്ചുപറമ്പിൽ കൂറിലോസ് പൗലോസിനെ പുതിയ മലങ്കര മെത്രാപ്പോലീത്തയായി പാത്രിയർക്കീസ് നിയമിച്ചു. പാത്രിയർക്കീസിന്റെ ഈ നടപടികൾ കോനാട്ട് മാത്തൻ മല്പാന്റെയും സി. ജെ. കുര്യന്റെയും പൂർണ്ണ പിന്തുണയോടെ ആയിരുന്നു.[2]
പാത്രിയർക്കീസിന്റെ ഈ നടപടികൾ അംഗീകരിക്കാൻ ദിവന്നാസിയോസ് തയ്യാറായില്ല. സിറിയയിലെ വിമത യാക്കോബായ പാത്രിയർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് അബ്ദുൽമിശിഹ 2ാമനെ ക്ഷണിച്ചു വരുത്തിയ ദിവന്നാസിയോസ് പൗരസ്ത്യ കാതോലിക്കാ പദവി ഇന്ത്യയിൽ സ്ഥാപിക്കാനും മുതിർന്ന മെത്രാന്മാരിൽ ഒരാളായ മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസിനെ ആ സ്ഥാനത്തേക്ക് ഉയർത്താനും അദ്ദേഹം അഭ്യർഥിച്ചു. ദിവന്നാസിയോസിന്റെ അസാന്നിധ്യത്തിൽ നിരണത്ത് വച്ച് അബ്ദുൽമശിഹ ഈ ആവശ്യങ്ങൾ നിറവേറ്റി. ബസേലിയോസ് പൗലോസ് 1ാമൻ എന്ന പേരിൽ ആദ്യ കാതോലിക്കയായി അവരോധിതനായ മുറിമറ്റത്തിൽ പൗലോസ് ഇവാനിയോസും സഭ മാറിവന്ന് മെത്രാഭിഷിക്തനായ ഗോവയിലെ മുൻ റോമൻ കത്തോലിക്കാ പുരോഹിതൻ അൽവാറീസ് യൂലിയോസും വട്ടശ്ശേരി ദിവന്നാസിയോസിനൊപ്പം ചേർന്നു.[2]
ഈ കാലയളവിൽ കോനാട്ട് മാത്തൻ മൽപ്പാൻ നേരിട്ട മാനസിക പിരിമുറുക്കം കഠിനമായിരുന്നു. ഒരു തരത്തിലുള്ള സമ്മർദങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങാത്ത വ്യക്തിയായിരുന്നു അദ്ദേഹം. കോട്ടയം പഴയ സെമിനാരിയിൽ വച്ച് അദ്ദേഹത്തിന് വട്ടശ്ശേരിൽ ദിവന്നാസിയോസിൽ നിന്ന് മർദ്ദനം നേരിടേണ്ടി വന്നതായി പറയപ്പെടുന്നു.[7] വട്ടശ്ശേരിൽ ദിവന്നാസിയോസിന്റെ നേതൃത്വത്തിൽ ഉള്ള മെത്രാൻ കക്ഷി വിഭാഗം (ഓർത്തഡോക്സ് സഭ) മാത്തൻ മല്പാനെ വൈദിക ട്രസ്റ്റി സ്ഥാനത്ത് നിന്നും സി. ജെ. കുര്യനെ അത്മായ ട്രസ്റ്റി സ്ഥാനത്ത് നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ച് പകരം ദിവന്നാസിയോസിന്റെ അനുകൂലികളെ നിയമിച്ചു. എന്നാൽ ബാവാ കക്ഷി വിഭാഗം (യാക്കോബായ സഭ) ഈ നീക്കം തള്ളിക്കളഞ്ഞു.[1] "കോട്ടയത്തിന് വടക്കുള്ളവർ ബാവാപക്ഷത്തേക്കു ചേരാനുള്ള പ്രധാന കാരണം കോനാട്ട് മൽപ്പാനച്ചൻറെ അസാധാരണമായ വ്യക്തി മാഹാത്മ്യവും സ്വാധീനശക്തിയുമായിരുന്നു." എന്നാണ് ഓർത്തഡോക്സ് പക്ഷത്തെ പ്രധാനികളിൽ ഒരാളും മനോരമ പത്രാധിപനും ആയിരുന്ന കെ. സി. മാമ്മൻ മാപ്പിള കോനാട്ട് മല്പാനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.[8]
അന്ത്യം
തിരുത്തുകയാക്കോബായ സഭയിൽ തന്റെ മരണം വരെ മാത്തൻ മല്പാൻ വൈദിക ട്രസ്റ്റിയായി പ്രവർത്തിച്ചു. 1926-ൽ കോനാട്ട് മല്പാനെ സഭ വിവാഹിതനായ ഒരു പുരോഹിതന് നൽകുന്ന സഭയിലെ പരമോന്നത പദവിയായി 'കോറെപ്പിസ്കോപ്പ' സ്ഥാനം നൽകി ആദരിച്ചു. 1927 നവംബർ 8ന്, തൻ്റെ 68ാം വയസ്സിൽ ആയിരുന്നു കോനാട്ട് കോര മാത്തൻ മല്പാന്റെ അന്ത്യം. പാമ്പാക്കുടയിലുള്ള അദ്ദേഹത്തിൻ്റെ കുടുംബ കുടുംബസ്വത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ആണ് അദ്ദേഹം സംസ്കരിക്കപ്പെട്ടത്. യാക്കോബായ സഭയുടെ അന്നത്തെ മലങ്കര മെത്രാപ്പോലീത്ത അത്തനാസിയോസ് പൗലോസ്, പാത്രിയർക്കാ പ്രതിനിധി ഒസ്താത്തിയോസ് സ്ലീബാ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്.[1]
അവലംബം
തിരുത്തുകസൂചിക
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Konatt Mathen Corepiscopo". syriacchristianity.in. Retrieved 2024-10-25.
- ↑ 2.0 2.1 2.2 Varghese, Jacob P. (2021-11-07). "Konatt Korah Mathen Malpan – Nov 8" (in ഇംഗ്ലീഷ്). Retrieved 2024-10-25.
- ↑ പി. തോമസ് പിറവം. മലങ്കര മല്പാൻ കോനാട്ട് മാത്തൻ കോറെപ്പിസ്ക്കോപ്പാ.
- ↑ "നമ്മുടെ നിയമനിർമാണ സഭകളിൽ അംഗങ്ങളായവരിൽ ബിഷപ്പുമാരും വൈദികരും". manoramaonline.com. 2021.
- ↑ "Konat Geevarghese Mar Julios".
- ↑ Kiraz (2011).
- ↑ എബ്രഹാം പി. എ. പുലിക്കോട്ടിൽ. "സ്വന്തം മാന്യതയ്ക്ക് സ്വന്തം നിർവചനം" (PDF).
- ↑ K. C. Mammen Mappillai. ജീവിത സ്മരണകൾ. p. 71.
പുസ്തകങ്ങൾ
തിരുത്തുക- Abūna, Ab Albīr (1970). Adab al-lugha al-ārāmiyya (in അറബിക്). pp. 542–3.
- Barsoum, Ignatius Aphram I (2003). Moosa, Matti (ed.). al-Luʼluʼ al-manthūr fī tārīkh al-ʻulūm wa-al-ādāb al-Suryāniyyah (Syriac: Berule bdire d-ʿal yulpone suryoye hdire). The Scattered pearls. A History of Syriac Literature and Sciences (in ഇംഗ്ലീഷ്) (2nd ed.). pp. 522–3.
- Macuch, R. (1976). Geschichte der spät- und neusyrischen Literatur. pp. 481–2.
- Barṣūm, Ūkīn Munūfar (1991). Aḍwāʾ ʿalā adabinā al-suryānī al-ḥadīth. pp. 17–20.
- Kiraz, G. A. (2011). Sebastian P. Brock; G. A. Kiraz; Lucas Van Rompay (eds.). Konat, Matta. Gorgias Encyclopaedia of the Syriac Heritage. Piscataway, NJ: Gorgias Press. p. 244.