നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം

മലയാളത്തിലെ ആദ്യത്തെ അച്ചടിപ്പുസ്തകം
(ഹൂദായ കാനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറ്റയ്ക്കൊറ്റയ്ക്കു് പ്രത്യേകം തയ്യാറാക്കിയ 'ജംഗമാച്ചുകൾ'(movable type) ഉപയോഗിച്ച് മലയാള അക്ഷരങ്ങൾ ആദ്യമായി അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ മലയാളപുസ്തകമാണ് നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം.[1] ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്.[2]

നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ പുറം

ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിഷയവിവരം ഗ്രന്ഥാവസാനത്തിൽ വിശദമായി ചേർത്തിട്ടുണ്ട്. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റെ കുറിപ്പ് എന്ന ശീർഷകത്തിൽ വിഷയവിവരം നൽകിയിരിക്കുന്നു. കൂട്ടങ്ങൾ, പാഠങ്ങൾ, കാണ്ഡങ്ങൾ എന്നിങ്ങനെ വിഷയവിഭജനവും നിർവഹിച്ചിരിക്കുന്നു.[3]

ഗുരുശിഷ്യ സം‌വാദ രൂപത്തിലാണ്‌ ഗ്രന്ഥരചന.[4] ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയ കർമ്മങ്ങളുമാണ്‌ പ്രതിപാദ്യം. ക്രിസ്തീയ വേദസാരങ്ങളെ സമഗ്രമായും ലളിതമായും ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നു. ഒരു ദൈവശാസ്ത്രാധ്യാപകന്റെ വിശകലന പാടവം ഗ്രന്ഥത്തിലുടനീളം കാണാം. ചതുര വടിവിൽ ഐകരൂപ്യമുള്ള ലിപികൾ ഉപയോഗിച്ചാണ്‌ നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം അച്ചടിച്ചിരിക്കുന്നത്.

മൂലഗ്രന്ഥത്തിന്റെ ഡിജിറ്റൽ പതിപ്പ്

തിരുത്തുക

ബെങ്കളൂരു ധർമ്മാരാം സെമിനാരി ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥത്തിന്റെ ആദ്യപതിപ്പിന്റെ പ്രതിയുടെ ഡിജിറ്റൽ രൂപം ഇപ്പോൾ ഇന്റർനെറ്റ് ആർക്കൈവ് എന്ന വെബ് സൈറ്റിൽ https://archive.org/stream/Samkshepavedartham_1772/samkshepavedartham_1772 എന്ന ലിങ്കിൽ ലഭ്യമാണു്. ഇതിന്റെ ഡിജിറ്റൈസ് ചെയ്ത യൂണികോഡ് രൂപം വിക്കിഗ്രന്ഥശാലയിൽ "സംക്ഷെപവെദാൎത്ഥം" എന്ന താളിൽ ലഭ്യമാണ്.

  1. "First in Media". Press Club, Kottayam. Archived from the original on 2008-11-10. Retrieved ഒക്ടോബർ 18, 2008.
  2. "D C Bhashapadana Kendram". DC Books. Archived from the original on 2008-10-10. Retrieved ഒക്ടോബർ 18, 2008.
  3. സഭാ വിജ്ഞാനകോശം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ 175-ാം വർഷ ജൂബിലി പ്രസിദ്ധീകരണം.
  4. "A Dictionary of Indian Literature". Google Book Serach. Retrieved ഒക്ടോബർ 18, 2008.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം എന്ന താളിലുണ്ട്.