ബൈബിൾ വെളിച്ചത്തിന്റെ കവചം
ബൈബിളിന്റെ സൗന്ദര്യത്തിന്റേയും ആദർശത്തിന്റേയും ആസ്വാദനമായി, മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ രചിച്ച പുസ്തകമാണ് ബൈബിൾ വെളിച്ചത്തിന്റെ കവചം. തന്റെ ചിന്തയുടേയും സാഹിത്യ സംസ്കാരത്തിന്റേയും മുഖ്യ സ്രോതസ്സുകളിലൊന്നെന്ന ബൈബിളിന്റെ സ്ഥാനം ഏറ്റുപറയുന്ന ഗ്രന്ഥകാരൻ, ഈ കൃതിയിൽ വേദപുസ്തകത്തെ സമീപിക്കുന്നത് മതേതരമായ കാഴ്ച്ചപ്പാടിലെന്നതിനു പകരം ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടർന്നാണ്. വായനക്കാർക്ക് "മതഭക്തിയുടെ അന്തരീക്ഷം" അനുഭവപ്പെടുന്ന കൃതി എന്നും[1] "രാത്രിയുടെ നിശ്ശബ്ദസൗന്ദര്യത്തിരുന്ന്" ഗ്രന്ഥകാരൻ "പ്രാർത്ഥിച്ചുണർത്തിയ വേദമന്ത്രങ്ങളെന്നും", ബൈബിളിന്റെ വെളിച്ചത്തിലേക്കു വായനക്കാരനെ ദത്തെടുക്കുന്ന "പുതിയ ജ്ഞാനസ്നാനം" എന്നും[2]ഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
കർത്താവ് | കെ.പി. അപ്പൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1994 |
ISBN | 81-7130-380-3 |
ഈ ലഘുഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1994-ലാണ്. 'ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ ' എന്ന പേരിൽ ഈ പുസ്തകം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.[3]
ഉള്ളടക്കം
തിരുത്തുകനൂറിൽ താഴെ പുറങ്ങളുള്ള ഈ കൃതി രണ്ടു ഭാഗങ്ങൾ അടങ്ങിയതാണ്. ഒന്നാം ഭാഗം 10 അദ്ധ്യായങ്ങളും രണ്ടാം ഭാഗം 4 അദ്ധ്യായങ്ങളും ചേർന്നതാണ്. ബൈബിളുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിക്കുന്ന ഒരദ്ധ്യായത്തിൽ തുടങ്ങുന്ന ഗ്രന്ഥം അതേവിധത്തിലുള്ള മറ്റൊരദ്ധ്യായത്തിൽ അവസാനിക്കുന്നു.[4]
ഒന്നാം ഭാഗം
തിരുത്തുകഈ ആദ്യഭാഗത്തെ അദ്ധ്യായങ്ങൾ താഴെപ്പറയുന്നവയാണ്.
- അലങ്കരിച്ച ദേവദാരു: ബൈബിളിന്റെ ലോകത്തിലേക്ക് താൻ എങ്ങനെ കടന്നുവന്നുവെന്നും വേദപുസ്തകത്തിന്റെ സംസ്കാരം തന്നിൽ എങ്ങനെ വളർന്നുവെന്നും ഇവിടെ ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
- എപ്പിഫെനി: ക്രൈസ്തവപാരമ്പര്യത്തിലെ ദൈവദർശനസങ്കല്പമായ "എപ്പിഫെനി"-യുടെ (Epiphany) വിശദീകരണവും ജെയിംസ് ജോയ്സ് ഉൾപ്പെടെയുള്ള മഹാപ്രതിഭകളുടെ ഭാവനാലോകത്തിൽ അതു ചെലുത്തിയ സ്വാധീനത്തിന്റെ ലഘുചരിത്രവും ആണ് ഇതിന്റെ ഉള്ളടക്കം.
- ഭൂമിയുടെ അതിരുകൾ സ്വന്തമാക്കിയവൻ: ഭൂമിയിലേക്ക് സ്നേഹത്തിന്റെ ദിവ്യാത്ഭുതമായി കടന്നു വന്ന യേശുവിനെ പിന്തുടരുന്ന ഗ്രന്ഥകാരൻ, കാലാകാലങ്ങളിലെ ചിന്തകന്മാരെയും കലാ-സാഹിത്യപ്രതിഭകളേയും ക്രിസ്തുവിന്റെ വ്യക്തിത്വവും ആദർശവും എങ്ങനെ സ്വാധീനിച്ചുവെന്നു പരിശോധിക്കുന്നു.
- കുരിശിൽ ചൊരിഞ്ഞ രക്തം: അപമാനത്തിന്റെ ചിഹ്നമായിരുന്ന "കുരിശിനു പുനർജ്ജന്മം നൽകിയ" ക്രിസ്തുവിന്റെ പീഡാസഹനമാണ് ഇതിന്റെ വിഷയം
- ക്രിസ്തുവിലേക്ക് എത്ര ദൂരം?: "കാരുണ്യത്തിന്റെ ഭവനത്തിലേക്ക് മനുഷ്യരെ ദത്തെടുത്ത" ക്രിസ്തുവിന്റെ മഹത്ത്വവും മനുഷ്യന്റെ പരിമിതികളും തമ്മിലുള്ള അകലത്തിന്റെ പ്രശ്നമാണ് ഈ അദ്ധ്യായത്തിൽ പരിഗണിക്കപ്പെടുന്നത്.
- വിശുദ്ധ കന്യക: പരിശുദ്ധമറിയത്തിന്റെ അപദാനകീർത്തനമായ ഈ അദ്ധ്യായത്തിനൊടുവിൽ ഗ്രന്ഥകാരൻ, കുഞ്ഞിനെ എടുത്തുകൊണ്ടു നിൽക്കുന്ന ഏത് അമ്മയിലും ഉണ്ണിയേശുവിനെ എടുത്തുനിൽക്കുന്ന വിശുദ്ധമാതാവിന്റെ വിദൂരച്ഛായകൾ വീണുകിടക്കുന്നു എന്നു പറയുന്നു. ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക എന്നതിനാൽ മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലും ഇതിലുണ്ട്.[൧]
- നിക്കോദേമൊസിന് സ്തുതിയുടെ മേലങ്കി: തന്റേതായ രീതിയിൽ യേശുവിനെ പിന്തുടർന്നിട്ടും പിൽക്കാലചരിത്രത്തിൽ തെറ്റിദ്ധരിക്കപ്പെടുകയും "സ്തുതിയുടെ മേലങ്കി" കിട്ടാതെ പോവുകയും ചെയ്ത യേശുശിഷ്യൻ നിക്കോദേമൊസിന്റെ കഥയാണിതിൽ.
- വിളിക്കപ്പെട്ടവരുടെ കുരിശ്: യേശുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ച സത്യസന്ധമായ സുവിശേഷാഖ്യാനങ്ങളും കുരിശിന്റെ വഴിയിൽ അവരുടെ പിൽക്കാലയാത്രയുടെ ചരിത്രവും ഐതിഹ്യങ്ങളും ഇവിടെ പരിശോധിക്കുന്നു.
- രണ്ടാം വരവിന്റെ അർഥധ്വനികൾ: യേശുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ സ്വപ്നമാണ് ഈ അദ്ധ്യായത്തിന്റെ വിഷയം. രണ്ടാമത്തെ ആഗമനം അക്ഷരാർത്ഥത്തിൽ നടക്കാതിരുന്നിട്ടും ഭൂമി യേശുവിന്റെ മഹത്ത്വത്താൽ നിറഞ്ഞു നിൽക്കുന്നെന്നും അതിനാൽ രണ്ടാം വരവെന്ന സങ്കല്പം യേശുവിന്റെ വ്യക്തിപരമായ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതാകണമെന്നില്ലെന്നും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.
- പുതിയ ജെറുസലേം: പുതിയ ആകാശത്തിന്റേയും പുതിയ ഭൂമിയുടേയും ചിത്രം അവതരിപ്പിക്കുന്ന വെളിപാടു പുസ്തകത്തെക്കുറിച്ചാണ് ഈ അദ്ധ്യായം. "വിശ്വസ്തസാക്ഷികളായ വാക്കുകൾ കൊണ്ട് രചിച്ചിരിക്കുന്ന" ആ ഗ്രന്ഥത്തിലെ പ്രവചനവാക്യങ്ങൾ ഗ്രന്ഥകാരനെ, "തിളങ്ങുന്ന പ്രഭാതനക്ഷത്രങ്ങളെ" ഓർമ്മിപ്പിക്കുന്നു.
രണ്ടാം ഭാഗം
തിരുത്തുകപുസ്തകത്തിന്റെ രണ്ടാം ഭാഗത്തെ നാലു ലേഖനങ്ങൾ താഴെപ്പറയുന്നവയാണ്.
- സൃഷ്ടിയുടെ പ്രഹേളികാ സൗന്ദര്യം: "ദൈവത്തിന്റെ അനീതിയെക്കുറിച്ച്" ഉഗ്രമായ സംശയങ്ങൾ ഉന്നയിച്ച ശേഷം ഭൂമി നടുങ്ങാതിരിക്കാൻ, അവിശ്വസനീയമായ ശുഭസമാപ്തിയുടെ സൗന്ദര്യതന്ത്രം കൊണ്ട് അവയെ ബോധപൂർവം മറയ്ക്കുന്ന ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ചാണ് ഈ അദ്ധ്യായം. "മോഹിപ്പിച്ചു നിരാശപ്പെടുത്തുന്ന" ഇയ്യോബിന്റെ കഥയെ ഗ്രന്ഥകാരൻ "ആപൽക്കരമായ പുസ്തകം" എന്നു വിളിക്കുന്നു. "ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് മലയാളത്തിലെ ഏറ്റവും നല്ല ലേഖനം" എന്ന് ഈ അദ്ധ്യായം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]
- പാറയെ തകർക്കുന്ന ചുറ്റിക: തോമസ് അക്കെമ്പിസിന്റെ ക്രിസ്ത്വനുകരണം എന്ന ധ്യാനാത്മകഗ്രന്ഥത്തിന്റെ ഹ്രസ്വമായ ആസ്വാദനമാണ് ഈ അദ്ധ്യായം. ബൈബിളിന്റെ ചൈതന്യത്തിൽ എഴുതപ്പെട്ട ആ കൃതി തനിക്കു മറ്റൊരു ബൈബിളായി അനുഭവപ്പെട്ടതും തന്റെ വായനയുടെ പല്ലവിയായതും ഗ്രന്ഥകാരൻ വിവരിക്കുന്നു. പാപങ്ങളെ കഴുകിക്കളയുന്ന ആകാശജലമെന്ന് ക്രിസ്ത്വനുകരണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നു.
- വെളിച്ചത്തിന്റെ കവചം: സഭയെ നിരാകരിച്ചപ്പോഴും, "സംശയിക്കുന്ന മനസ്സിനെ വിശുദ്ധീകരണത്തിനു വിളിക്കുന്ന" ക്രിസ്തുവിനോട് "ബുദ്ധിയുള്ള ആരാധന" പ്രകടിപ്പിച്ച സാഹിത്യപ്രതിഭകളെപ്പറ്റിയാണ് ഈ അദ്ധ്യായം. ക്രിസ്തുമതത്തിനെതിരെ ചിന്തയെ കഠിനമാക്കിയ നീത്ഷ പോലും ക്രിസ്തുവുമായി അബോധപരമായ ഐക്യത്തിലായിരുന്നെന്ന് അപ്പൻ പറയുന്നു.
- വേദപുസ്തകവും ഞാനും: ബൈബിളുമായുള്ള ഗ്രന്ഥകാരന്റെ പരിചയത്തിന്റെ അയവിറക്കലാണ് ഈ അദ്ധ്യായം. കലാസൃഷ്ടികളെ ആദ്ധ്യാത്മികമായ തലത്തിൽ സ്വീകരിക്കാൻ പഠിപ്പിക്കുകയും ശൈലിയെ നിരന്തരം നവീകരിക്കാൻ സൗന്ദര്യശിക്ഷണം നൽകുകയും മതകർമ്മത്തിന്റെ പരിശുദ്ധിയോടെ ഖണ്ഡനവിമർശനത്തിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുകയും ചെയ്ത സ്വാധീനമായും അതിനൊക്കെയുപരി 'നിത്യരക്ഷയുടെ' തന്നെ സ്രോതസ്സയും വേദപുസ്തകത്തെ അദ്ദേഹം ഈ അദ്ധ്യായത്തിൽ തിരിച്ചറിയുന്നു.
കുറിപ്പുകൾ
തിരുത്തുക൧ ^ അപ്പൻ പിന്നീടെഴുതിയ "മധുരം നിന്റെ ജീവിതം" എന്ന കൃതി, മലയാളത്തിലെ ആദ്യത്തെ മേരിവിജ്ഞാനീയ രചന എന്നു വിശേഷിപ്പിക്കപെട്ടിട്ടുണ്ട്.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 വി.വിജയകുമാർ, ബൈബിളും സാഹിത്യവിമർശനവും, 2009 ഡിസംബറിൽ, കെ.പി. അപ്പന്റെ ഒന്നാം ചരമവാർഷികത്തിൽ സമകാലീനമലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം
- ↑ കെ.പി. അപ്പൻ, "ബൈബിൾ വെളിച്ചത്തിന്റെ കവചം", പ്രസാധനം, ഡി.സി.ബുക്ക്സ്, കോട്ടയം, പ്രസാധകക്കുറിപ്പ്
- ↑ വൺ ഇന്ത്യ മലയാളം - 2003 ഓഗസ്റ്റ് 2-നു പ്രസിദ്ധീകരിച്ച വാർത്ത: അപ്പന്റെ കൃതി ഫ്രഞ്ചിലേക്ക്
- ↑ ബൈബിൾ വെളിച്ചത്തിന്റെ കവചം: "അലങ്കരിച്ച ദേവദാരു", "വേദപുസ്തകവും ഞാനും" എന്നീ അദ്ധ്യായങ്ങൾ
- ↑ കത്തോലിക്കാ വാരികയായ സത്യദീപത്തിൽ ഡോ.ഇ.എം തോമസ് എഴുതിയ ലേഖനം "മധുരം നിന്റെ ജീവിതം: കെ.പി. അപ്പന്റെ വാക്കുകളിൽ വരച്ച 'അമ്മ'യുടെ ചിത്രം[പ്രവർത്തിക്കാത്ത കണ്ണി]