ജന്തുക്കളുടെ - പ്രത്യേകിച്ച് പക്ഷികളുടെ - വാസസ്ഥലത്തെയാണ്‌ കൂട് എന്നു സാധാരണ പറയുന്നത്. സഹിക്കാനാവാത്ത കാലാവസ്ഥയിൽ ചെറുത്തു നിൽക്കാനുള്ള വഴി, ശത്രുക്കളുടെ ആക്രമണത്തിൽനിന്നു രക്ഷ, സ്വന്തം കുഞ്ഞുങ്ങളെ വളർത്താൻ സുരക്ഷിതമായ ഒരു സ്ഥലം ഇതൊക്കെയാണ്‌ ജന്തുക്കൾ കൂടുണ്ടാക്കുന്നതിനുള്ള പ്രധാന ഉദ്ദേശ്യങ്ങൾ‌. എങ്കിലും ഈ ജീവികളെല്ലാം കൂടിനു പുറത്താണ്‌ കൂടുതൽ സമയവും ചെലവഴിക്കാറ്‌.

കൊങ്ങിണിപ്പൂക്കൾക്കിടയിലെ ഒരു കിളിക്കൂട്

പക്ഷികൾ

തിരുത്തുക

ഒട്ടുമിക്കയിനം പക്ഷികളും മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്ന ഘട്ടത്തിൽ മാത്രമാണ് കൂട് ഉപയോഗപ്പെടുത്താറ്. അവയിൽത്തന്നെ ഒരേ കൂട് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് വളരെ അപൂർവ്വമാണ്. കൂടുണ്ടാക്കുന്ന മിക്ക പക്ഷികളും ഓരോ പ്രജനനകാലത്തും പുതുതായി കൂടുണ്ടാക്കുന്നു. കാക്കയും മറ്റും അവയ്ക്ക് കാലാകാലങ്ങളിൽകിട്ടുന്നതെന്തും -ചുള്ളിക്കമ്പുകളോ, കമ്പിക്കഷണങ്ങളോ, തുടങ്ങി കൊത്തിയെടുത്തു പറക്കാവുന്ന എന്തും - ഉപയോഗിച്ച് കൂടുണ്ടാക്കുന്നു. അങ്ങനെ വളരെ അലക്ഷ്യമായി ഉണ്ടാക്കിയിരിക്കുന്നതെന്നു തോന്നുമെങ്കിലും എളുപ്പമൊന്നും കാക്കക്കൂടിനു കേടുപാട് സംഭവിക്കുകയില്ല. തലങ്ങും വിലങ്ങും വച്ചിട്ടുള്ള ചുളിക്കമ്പുകളുടെ പരസ്പരമുള്ള പിടിത്തമാണ് കാരണം. ഇത് നിർമ്മാണ വൈദഗ്ദ്ധ്യം ഏറെയൊന്നും ഇല്ലാത്ത കൂടിന് ഉദാഹരണമാണ്.

എന്നാൽ പല ഇനം കിളികൾക്കും കൃത്യമായ, ഏറെ വൈദഗ്ദ്ധ്യം ആവശ്യമുളള, നിർമ്മാണരീതിയാണുള്ളത്. ചകിരിനാരോ, ഉണങ്ങിയ പുൽക്കൊടിയോ ഉപയോഗിച്ച് തൂക്കണാം കുരുവി നിർമ്മിക്കുന്ന കൂടും വലിയ ഇലകൾ ചേർത്തുവച്ച് അവ നീളമുളള നാരുകൊണ്ട് തുന്നിച്ചേർത്ത് നിർമ്മിക്കുന്ന തുന്നാരൻ കുരുവിയുടെ കൂടുമൊക്കെ ഇത്തരം കൂടുകൾക്കുദാഹരണമാണ്. വസ്ത്രങ്ങളിൽ മനുഷ്യൻ ഉപയോഗിച്ച തുന്നൽ എന്ന വിദ്യ ഇതിൽ നിന്നു മനസ്സിലാക്കിയതാകാനേ സാദ്ധ്യതയുള്ളു.[അവലംബം ആവശ്യമാണ്] ചിലയിനം കിളികൾ അവയുടെ ഉമിനീരു കൂടി ഉപയോഗപ്പെടുത്തിയാണ് കൂടുണ്ടാക്കുന്നത്, ഇത്തരം കൂടുകൾ മനുഷ്യർ സൂപ്പ് ഉണ്ടാക്കി കഴിക്കാറുണ്ട്.[അവലംബം ആവശ്യമാണ്] അതീവ സൂക്ഷ്മതയോടെ കൂടു നിർമ്മിക്കാൻ അറിയാമെങ്കിൽപോലും കിളികൾക്ക് അവയുടെ കൂടിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ കഴിയാറില്ല. കേടു പറ്റിയാൽ പുതുതായി നിർമ്മിക്കാനേ കഴിയൂ.

 
കഷണ്ടിപ്പരുന്തിന്റെ കൂട്

പല ഇനം കിളികളിലും കൂടിന്റെ നിർമ്മാണച്ചുമതല ആൺകിളിയ്ക്കാണ്. ചിലയിനങ്ങളിൽ പ്രജനന കാലത്തിനു മുൻപായി ആൺകിളികൾ കൂടുണ്ടാക്കുകയും അത് കാണിച്ച് ബോദ്ധ്യപ്പെടുത്തി പെൺകിളിയെ ഇണയാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ചില കിളികൾ ഇണയെ ആകർഷിക്കാനായി അവയുണ്ടാക്കുന്ന കൂടുകൾ തിളങ്ങുന്ന വസ്തുക്കളോ, തൂവലോ, ചെറിയ കല്ലുകളോ, പൂക്കളോ ഒക്കെ കൊണ്ട് അലങ്കരിക്കുകപോലും ചെയ്യാറുണ്ട്.

അമേരിക്കയുടെ ദേശീയപക്ഷിയായ കഷണ്ടിപ്പരുന്താണ്‌ മരത്തിൽ ഏറ്റവും വലിയ കൂട്‌ കെട്ടുന്നത്‌.

മാളങ്ങൾ

തിരുത്തുക

കംഗാരു എലികൾ, ഉറുമ്പുതീനികൾ എന്നിവ സ്വന്തമായി മാളമുണ്ടാക്കി ഒറ്റക്കു താമസിക്കുന്നവരാണ്‌. പലയിനം ഞണ്ടുകളും മണലിൽ മാളങ്ങൾ നിർമിച്ചു താമസിക്കുന്നവരാണ്‌. മറ്റുള്ളവർ ഉപേക്ഷിച്ചുപോയ മാളങ്ങളിൽ കയറി താമസിക്കുന്ന ധാരാളം ജീവികളുണ്ട്‌. അർഡ്വാർക്സ്‌ എന്ന ഒരിനം ജീവി ഉപേക്ഷിച്ചു പോകുന്ന മാളങ്ങളിലാണ്‌ വാർട്ട്‌ഹോഗ്‌ എന്നയിനം പന്നി താമസിക്കാറ്‌.

മണ്ണിൽ മാളമുണ്ടാക്കി താമസിക്കുന്ന കൂട്ടരിൽ പ്രെയറി നായ്ക്കൾ ആണ്‌ ഏറ്റവും മുന്നിൽ. ഈ മാളത്തിൽ പലയിടത്തായി കീരി, മുയൽ, മൂങ്ങ എന്നിവയും താമസിക്കാറുണ്ട്‌.

പലതരം കൂടുകൾ

തിരുത്തുക
  • മരപ്പൊത്തുകളിൽ വസിക്കുന്ന ജീവികളിൽ പ്രധാനികളാണ്‌ മരംകൊത്തി, പലയിനം മൂങ്ങകൾ, അണ്ണാൻവർഗത്തിൽപ്പെട്ട ചില ജീവികൾ.
  • വീടുകൾ കലവറയാക്കുന്നതിൽ വിരുതന്മാരാണ്‌ ഉറുമ്പുകളും തേനീച്ചകളും.
 
ബീവറിന്റെ ലോഡ്ജ്
  • ലോഡ്ജ്‌ എന്നാണ്‌ ബീവറിന്റെ വീട്‌ അറിയപ്പെടുന്നത്‌. അണക്കെട്ടു പോലെ കാണപ്പെടുന്ന ഈ വീടിന്റെ വാതിൽ വെള്ളത്തിനടിയിലാണ്‌.
  • തുറസ്സായ സ്ഥലത്ത്‌ കൊച്ചുകുന്നുകൾ പോലെയുള്ള കൂടുകൾ അടുപ്പിച്ചടുപ്പിച്ചു മണ്ണിൽ പണിയുന്നവരാണ്‌ ഫ്ലെമിങ്ഗോ എന്ന പക്ഷികൾ.
  • കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ്‌, കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയാണ്‌. ഇലകളും മറ്റും ഉപയോഗിച്ചു നിർമിച്ച കൂട്ടിലാണ്‌ തള്ളപ്പാമ്പ്‌ മുട്ടയിടുന്നത്‌.
  • എപ്പോഴും നനഞ്ഞിരിക്കുന്ന കൂടുകളാണ്‌ മുങ്ങാങ്കോഴിയുടേത്‌. ചീഞ്ഞ ഇലകളും പുല്ലുമൊക്കെ ഉപയോഗിച്ച്‌ ശത്രുക്കളുടെ കണ്ണിൽ പെടാത്ത തരത്തിലാണ്‌ ഇവ കൂട്‌ നിർമ്മിക്കുന്നത്‌.
  • മണ്ണ്, ഉമിനീര്‌ എന്നിവ കൊണ്ട്‌ ശത്രുക്കൾക്കൊന്നും എളുപ്പത്തിൽ കടക്കനാവാത്ത ശക്തമായ കോട്ടയുണ്ടാക്കുന്ന് ഒരുതരം ചിതലുകളുണ്ട്‌ ആഫ്രിക്കയിൽ. വർഷങ്ങൾകൊണ്ട്‌ പതിനെട്ടടിയിലേറെ ഉയരമുള്ള കോട്ടകളായിമാറും ഇവ.
  • ആഫ്രിക്കൻ വനാന്തരങ്ങളിൽ ചെറുകൂട്ടങ്ങളായി കറങ്ങി നടക്കുന്ന ആൾക്കുരങ്ങുകൾ ഒരു രാത്രി ഉറങ്ങാൻവേണ്ടി മാത്രം ഓരോ കൂടുകെട്ടും.

കൃത്രിമക്കൂടുകൾ

തിരുത്തുക

മനുഷ്യൻ വളർത്തുമൃഗങ്ങളെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുവാനായി കൃത്രിമമായ കൂടുകൾ നിർമ്മിക്കാറുണ്ട്. അതോടൊപ്പം പ്രതികൂല കാലാവസ്ഥയിൽ മൃഗങ്ങൾക്ക് ഇതൊരു രക്ഷാമാർഗ്ഗമാണ്. ഇത്തരം കൂടുകൾ തടി, ഇരുമ്പ്, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിച്ച് നിർമ്മിക്കുന്നു. പരിശീലനം കിട്ടിയ മൃഗങ്ങൾ തനിയെ കൂട്ടിൽ പ്രവേശിക്കും.

‍ചിത്രങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂട്&oldid=3771879" എന്ന താളിൽനിന്ന് ശേഖരിച്ചത്