പതിനെട്ടു മഹാപുരാണങ്ങളുള്ളതിൽ പത്താമത്തെ പുരാണമാണ് ബ്രഹ്മവൈവർത്ത മഹാപുരാണം . ഇന്ന് ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണം, ഭഗവാൻ കൃഷ്ണന്റെ അതിശയകരമായ മഹിമാതിരേകങ്ങളെ വർണ്ണിക്കുന്നവയാണ് . ബ്രഹ്‌മാവിന്റെ പരിണാമത്തെ സൂചിപ്പിക്കുന്നതായ കാര്യങ്ങൾ ഇതിലുണ്ടെന്നു പറയപ്പെടുന്നെങ്കിലും വാസ്തവത്തിൽ ഭഗവാൻ കൃഷ്ണന്റെ വ്യത്യസ്തമായൊരു ഉജ്ജ്വലഭാവമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും . ബ്രഹ്മത്തിന്റെ വിവർത്തഭാവങ്ങളിൽ നിന്നുമായി ലോകവും ചരാചരങ്ങളുമുണ്ടായി എന്നാണു ഇതിൽ പറയപ്പെടുന്നത് . ബ്രഹ്‌മാവിന്റെ സൂക്ഷ്മമായ പരിണാമങ്ങളെക്കുറിച്ചു വർണ്ണിച്ചിട്ടുണ്ടെന്നു ഇതിലും മറ്റു പുരാണങ്ങളിലും സൂചനയുണ്ട് .

പുരാണ ഘടന

തിരുത്തുക

ഈ പുരാണത്തിനു നാല് ഭാഗങ്ങളുണ്ട് .

1. ബ്രഹ്മ ഖണ്ഡം - 30 അദ്ധ്യായങ്ങൾ .

2. പ്രകൃതി ഖണ്ഡം - 67 അദ്ധ്യായങ്ങൾ .

3. ഗണപതീ ഖണ്ഡം - 46 അദ്ധ്യായങ്ങൾ .

4. ശ്രീകൃഷ്ണജന്മ ഖണ്ഡം -133 അദ്ധ്യായങ്ങൾ .

ഇത്തരത്തിൽ ആകെ 276 അദ്ധ്യായങ്ങളും , 20500 ശ്ളോകങ്ങളുമുള്ളതാണ് ഈ പുരാണം .

ഒരു തർക്കവിഷയം

തിരുത്തുക

മൽസ്യ പുരാണത്തിൽ പറയപ്പെടുന്ന ബ്രഹ്മവൈവർത്ത പുരാണം ഇപ്പോൾ കിട്ടുന്ന ബ്രഹ്മവൈവർത്ത പുരാണത്തിൽ നിന്നും വളരെ വ്യത്യാസപ്പെട്ടതാണ് .

ബ്രഹ്മഖണ്ഡത്തിലെ പരബ്രഹ്മ നിരൂപണത്തിൽ ബ്രഹ്മത്തിന്റെ സഗുണവും നിർഗ്ഗുണവുമായ ഭാവവും , ബ്രഹ്മം ക്ഷോഭിച്ചു സൃഷ്ടി തുടങ്ങിയതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് പറയുന്നെങ്കിലും , ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിൽ അതൊന്നും കാണുന്നില്ല . പകരം കൃഷ്ണന്റെ ഗോലോകത്തെയും ജാതി ക്രമങ്ങളെക്കുറിച്ചും ഇതിൽ പറഞ്ഞിരിക്കുന്നു . രാധാമാധവന്മാരുടെ ക്രീഡയും മറ്റുമൊക്കെ ഇതിൽ വിശദീകരിച്ചിരിക്കുന്നു .

ശ്രീകൃഷ്ണജന്മഖണ്ഡം വാസ്തവത്തിൽ ഈ പുരാണത്തിൽ ഇല്ലാത്തതാണ് . അതിലാകട്ടെ കൃഷ്ണന്റെ ജനനം മുതൽ ഗോലോകാരോഹണം വരെയുള്ളവ വിശദീകരിക്കുന്നത് കൂടാതെ , കൃഷ്ണന്റെ പല അമാനുഷിക ഭാവങ്ങളും അതിന്റെയൊക്കെ തത്ത്വങ്ങളും വിശദീകരിക്കുന്നു . മത്സ്യപുരാണത്തിലെയും മറ്റു ഗ്രന്ഥങ്ങളിലെയും വർണ്ണന പ്രകാരം ഈ പുരാണം ബ്രഹ്മഖണ്ഡം , പ്രകൃതീ ഖണ്ഡം , ഗണപതീഖണ്ഡം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളും , 18000 ശ്ളോകങ്ങളുമുള്ളതാണ് . എന്നാൽ ഇപ്പോൾ ലഭ്യമായവയിൽ 20500 ശ്ളോകങ്ങളുണ്ട് . ഈ പുരാണത്തിൽ വർണ്ണിക്കപ്പെട്ടിട്ടുണ്ടെന്നു ഇതര ഗ്രന്ഥങ്ങളിൽ പറയുന്ന ബ്രഹ്മത്തിന്റെ "സർവ്വേശ്വര" ഭാവവും , തന്നിൽ നിന്നും തന്നെപോലെ ബഹുവായി പലതായി മാറുവാനുള്ള ബ്രഹ്മത്തിന്റെ ഇച്ഛയും , അതിനെത്തുടർന്ന് ബ്രഹ്മത്തിൽ നിന്നും പ്രകൃതി വേർപിടുന്നതുമൊന്നും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്തത്തിൽ കാണാനാകുന്നില്ല . അപ്പോൾ; ഇക്കാലത്തു ലഭ്യമായ ബ്രഹ്മവൈവർത്തമെന്ന "കൃഷ്ണ"പുരാണത്തെ കൂടാതെ , ഇതിനു മുൻപൊരു "യഥാർത്ഥമായ" ബ്രഹ്മവൈവർത്ത പുരാണമുണ്ടായിരുന്നുവെന്നും , അതാണ് ശെരിക്കുള്ള ബ്രഹ്മവൈവർത്ത പുരാണമെന്നും ഒരു കൂട്ടർ വാദിക്കുന്നു . എന്നാൽ ചിലരുടെ അഭിപ്രായം പുരാണങ്ങളിൽ ഉൾപ്പെട്ട രണ്ടു ബ്രഹ്മവൈവർത്ത പുരാണങ്ങളുണ്ടായിരുന്നു എന്നാണു . ഇപ്പോൾ ലഭ്യമായത് ശെരിക്കുള്ളതല്ലെന്നും ചിലർ വാദിക്കുന്നുണ്ട് .മൂലപുരാണം നഷ്ടപ്പെട്ടു പോയതാകാനാണ് സാധ്യത .

മൂലപുരാണത്തിന്റെ അവസ്ഥ പൂർണ്ണമായും നമുക്കറിയാത്തതുകൊണ്ട് ദേശകാലങ്ങളെപ്പറ്റി ഉറപ്പിച്ചൊന്നും പറയുവാൻ സാധിക്കുകയില്ല .മൂലരൂപം അഞ്ചാം നൂറ്റാണ്ടിനു മുൻപ് രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ട് . ഇപ്പോൾ കിട്ടുന്ന പുരാണത്തിലെ മുഖ്യദേവത കൃഷ്ണയും രാധയുമാണ് . ഗ്രാമദേവത എന്ന നിലയിൽ ഒരു സങ്കല്പം രാധയ്ക്കുണ്ട് . ഗൗഡീയ സംസ്കാരങ്ങളിലെ പല ഉപദേശങ്ങളും രീതികളും ഈ പുരാണത്തിലുണ്ട് .അതിലുള്ള ഒരു വിശ്വദേവതയാണ് രാധ . ഭക്തിയെ സൂചിപ്പിക്കുന്നു . ഗൗഡീയ വൈഷ്ണവ സമ്പ്രദായവും, ഗീതാഗോവിന്ദവും, രാധയും വളരെയേറെ സ്വാധീനം ചെലുത്തപ്പെട്ടിരിക്കുന്നതിനാൽ , ഈ പുരാണത്തിന്റെ ഇപ്പോഴുള്ള രൂപം 12 ആം നൂറ്റാണ്ടിനു ശേഷം വന്നതാകാനാണ് സാധ്യത . ഗീതാഗോവിന്ദവും ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണവും വളരെയേറെ സാദൃശ്യം പുലർത്തുന്നു . ഗീതാഗോവിന്ദവും ഇപ്പോഴത്തെ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും നാട് ബംഗാളാണ് . അതുകൊണ്ടു ഗീതാഗോവിന്ദത്തിന്റെ കാലഘട്ടമായ 12 ആം നൂറ്റാണ്ടു തന്നെയാണ് ഇപ്പോൾ ലഭ്യമായ ബ്രഹ്മവൈവർത്ത പുരാണത്തിന്റെയും കാലഘട്ടമെന്നു വാദിച്ചാൽ തെറ്റ് പറയാനാകില്ല .[1]പുരാണങ്ങൾ
ബ്രഹ്മപുരാണം | ബ്രഹ്മാണ്ഡപുരാണം | ബ്രഹ്മ വൈവർത്ത പുരാണം | മാർക്കണ്ഡേയപുരാണം | ഭവിഷ്യപുരാണം | വാമനപുരാണം | വിഷ്ണുപുരാണം | ഭാഗവതപുരാണം | നാരദേയപുരാണം | ഗരുഡപുരാണം | പദ്മപുരാണം | വരാഹപുരാണം | വായുപുരാണം | ലിംഗപുരാണം | സ്കന്ദപുരാണം | അഗ്നിപുരാണം | മത്സ്യപുരാണം | കൂർമ്മപുരാണം | ശിവപുരാണം | നാഗപുരാണം
  1. [പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series]
"https://ml.wikipedia.org/w/index.php?title=ബ്രഹ്മ_വൈവർത്ത_പുരാണം&oldid=2925091" എന്ന താളിൽനിന്ന് ശേഖരിച്ചത്