പതിനാറാമത് ഫുട്ബോൾ ലോകകപ്പ് 1998 ജൂൺ 10 മുതൽ ജുലൈ 12 വരെ ഫ്രാൻസിൽ അരങ്ങേറി. ലോകകപ്പിന് രണ്ടു തവണ ആതിഥേയത്വം വഹിച്ച മൂന്നാമത്തെ രാജ്യമാണ് ഫ്രാൻസ്. മുൻപ് മെക്സിക്കോയ്ക്കുംഇറ്റലിക്കുമാണ് ഈ ഭാഗ്യം സിദ്ധിച്ചത്. അതുവരെ നടന്ന ലോകകപ്പുകളിൽ നിന്നും ടീമുകളുടെ എണ്ണംകൊണ്ട് ഫ്രാൻസ്ലോകകപ്പ് വ്യത്യസ്തമായിരുന്നു. 32 ടീമുകളാണ് 62 മത്സരങ്ങളിലായി കഴിവിന്റെയും ഭാഗ്യത്തിന്റെയും മാറ്റുരച്ചത്.
‘94ലെ ജേതാക്കളായ ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് ആതിഥേയരായ ഫ്രാൻസ് നടാടെ ലോകകപ്പ് കിരീടം ചൂടി. ഉറുഗ്വേ, ബ്രസീൽ, അർജന്റീന, ഇറ്റലി, ഇംഗ്ലണ്ട്, ജർമ്മനി എന്നിവർക്കൊപ്പം ഫ്രാൻസും അങ്ങനെ ലോകകപ്പ് ജേതാക്കളുടെ പട്ടികയിൽ ഇടം നേടി. ഏവരേയും അമ്പരിപ്പിച്ചുകൊണ്ട് ക്രൊയേഷ്യ മൂന്നാം സ്ഥാനത്ത് കുതിച്ചെത്തി. അവരുടെ ഡാവർ സൂക്കർ ഏറ്റവും കൂടുതൽ ഗോൾ നേടി(6) സുവർണ്ണ പാദുകവും കരസ്ഥമാക്കി. 1994 ലെ ലോകകപ്പിൽ മൂന്നാംസ്ഥാനക്കാരായ സ്വീഡന് യോഗ്യതാ മത്സരത്തിൽപോലും വിജയം കണ്ടെത്താനായിരുന്നില്ല.
സർഗ്ഗാത്മകതയ്ക്കാണ് ഈ ലോകകപ്പിന്റെ കളിക്കളങ്ങളിൽ പ്രാമുഖ്യം കണ്ടത്. പരുക്കൻകളിയുടെ ആശാന്മാരായ ജർമ്മനി പോലും കളിക്കളത്തിൽ സംയമനം പാലിച്ച് അസൂയയുളവാക്കുന്ന ചാരുത വിരിയിക്കുകയായിരുന്നു. ഏതാനും താരോദയങ്ങൾക്കും ഫ്രാൻസ് വേദിയായി ഏരിയൽ ഒർട്ടേഗ (അർജന്റീന), തിയറി ഹെൻറി (ഫ്രാൻസ്), മൈക്കേൽ ഓവൻ (ഇംഗ്ലണ്ട്) എന്നിവരായിരുന്നു ശ്രദ്ധനേടിയ താരങ്ങൾ.
ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രസീൽ ഈ ലോകകപ്പിന്റെ ഫൈനലിലെത്തിയത്. പെലെയെ സമ്മാനിച്ച ബ്രസീലിന് സെമിഫൈനലിൽ ഹോളണ്ടിനെ കീഴടക്കാൻ പെനാൽറ്റി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ കപ്പിൽ മുത്തമിടാനുള്ള ഫ്രാൻസിന്റെ യാത്ര സുഗമമായിരുന്നു. ലിലിയൻ തുറാം അടിച്ച രണ്ടു ഗോളുകളോടെ കറുത്ത കുതിരകളായ ക്രൊയേഷ്യയുടെ സ്വപ്‌നങ്ങൾ തകർത്ത് ഫ്രാൻസ് ഫൈനലിൽ പ്രവേശിച്ചു.
ജൂലൈ 12ന് കലാശക്കളിക്ക് അരങ്ങൊരുങ്ങി. കളിയാരംഭിച്ച് 27 ആം മിനിറ്റിൽ സിനദീൻ സിഡാന്റെ ഹെഡ്ഡറിൽ ബ്രസീലിന്റെ ഗോൾമുഖം കുലുങ്ങി. അതിന്റെ ആഘാതത്തിൽനിന്ന് ബ്രസീലിന് പിന്നീട് കരകയറാൻ ആയതുമില്ല. മൈക്കേൽ ഡിസെയിലി ചുവപ്പുകാർഡു കണ്ട് പുറത്തായി ഫ്രാൻസിന്റെ അംഗബലം കുറഞ്ഞപ്പോൾ ബ്രസീൽ തിരിച്ചുവരുമെന്നു കരുതിയവർ ഏറെയായിരുന്നു. പക്ഷേ ഫ്രാൻസിന്റെ പത്തംഗ നിര കൂടുതൽ ശക്തമായതേയുള്ളു. കളിയുടെ അവസാന നിമിഷത്തിൽ ഇമ്മാനുവൽ പെറ്റിറ്റിന്റെ കാലുകളുതിർത്ത സുന്ദരൻ ഗോൾ ബ്രസീലിന്റെ പതനം പൂർത്തിയായി. ലോകകപ്പു കണ്ട് ഏറ്റവും ഏകപക്ഷീയമായ ഫൈനൽ മത്സരമായിരുന്നു ഫ്രാൻസിലേത്.